2017-05-17 12:40:00

മഗ്ദലന മറിയം പ്രത്യാശയുടെ പ്രേഷിത - പാപ്പാ


വസന്തകാലാദിത്യകിരണങ്ങളാല്‍ പ്രദീപ്തമായിരുന്ന വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണം ആയിരുന്നു ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ വേദി ഈ ബുധനാഴ്ചയും(17/05/17). ഭാരതീയരുള്‍പ്പടെ വിവിധ രാജ്യക്കാരായിരുന്ന അനേകായിരങ്ങള്‍ ഇതില്‍ പങ്കുകൊണ്ടു. കൂടിക്കാഴ്ചയ്ക്കായി വെളുത്ത തുറന്ന വാഹനത്തില്‍ അങ്കണത്തിലേക്കാഗതനായ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടെയും ആനന്ദാരവങ്ങളോടെയും വരവേല്ക്കുകയും പാപ്പാദര്‍ശനം ലഭിച്ചതിലുള്ള അവരുടെ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. വാഹനത്തില്‍ ജനങ്ങള്‍ക്കിടയിലൂടെ നീങ്ങിയ പാപ്പാ എല്ലാവരേയും അഭിവാദ്യം ചെയ്യുകയും, പതിവുപോലെ, അംഗരക്ഷകര്‍ തന്‍റെ  പക്കലേക്കു ഇടയ്ക്കിടെ കൊണ്ടുവന്നുകൊണ്ടിരുന്ന  കുഞ്ഞുങ്ങളെ വണ്ടി നിറുത്തി തലോടുകയും ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും ചെയ്തു. മന്ദസ്മിതത്താലും ആംഗ്യങ്ങളാലും ചിലപ്പോള്‍ വാക്കുകളാലും ജനങ്ങളുമായി സംവദിച്ച പാപ്പാ പ്രസംഗവേദിയിലേക്കു നയിക്കുന്ന പടവുകള്‍ക്കടുത്തു വാഹനം നിന്നപ്പോള്‍ അതില്‍നിന്ന് ഇറങ്ങി സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ഓടെ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു

യേശു അവളോടു ചോദിച്ചു: സ്ത്രീയേ, എന്തിനാണ് നീ കരയുന്നത്? നീ ആരെയാണ് അന്വേഷിക്കുന്നത്? അതു തോട്ടക്കാരനാണെന്നു വിചാരിച്ച് അവള്‍ പറഞ്ഞു: പ്രഭോ, അങ്ങ് അവനെ എടുത്തുകൊണ്ടു പോയെങ്കില്‍ എവിടെ വച്ചു എന്ന് എന്നോടു പറയുക. ഞാന്‍ അവനെ എടുത്തുകൊണ്ടു പൊയ്ക്കൊള്ളാം.16 യേശു അവളെ വിളിച്ചു: മറിയം! അവള്‍ തിരിഞ്ഞ് റബ്ബോനി എന്ന് ഹെബ്രായ ഭാഷയില്‍ വിളിച്ചു. ഗുരു എന്നര്‍ത്ഥം.17 യേശു പറഞ്ഞു: നീ എന്നെ തടഞ്ഞുനിര്‍ത്താതിരിക്കുക. എന്തെന്നാല്‍, ഞാന്‍ പിതാവിന്‍റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല. നീ എന്‍റെ  സഹോദരന്മാരുടെ അടുത്തുചെന്ന് അവരോട് ഞാന്‍ എന്‍റെ പിതാവിന്‍റെയും നിങ്ങളുടെ പിതാവിന്‍റെയും എന്‍റെ ദൈവത്തിന്‍റെയും നിങ്ങളുടെ ദൈവത്തിന്‍റെയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു എന്നു പറയുക.18 മഗ്ദലനമറിയം ചെന്ന് “ഞാന്‍ കര്‍ത്താവിനെ കണ്ടു എന്ന് ശിഷ്യന്മാരെ അറിയിച്ചു.” (യോഹന്നാന്‍ 20,15-18a)

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനു ശേഷം പാപ്പാ, താന്‍ ക്രിസ്തീയ പ്രത്യാശയെ അധികരിച്ച് പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നു. മഗ്ദലന മറിയം പ്രത്യാശയുടെ പ്രേഷിത എന്ന ആശയം ആയിരുന്നു പാപ്പാ പങ്കുവച്ചത്.

പ്രഭാഷണ സംഗ്രഹം:

ഈ ആഴ്ചകളില്‍ നമ്മുടെ ചിന്തകള്‍ പെസാഹാരഹസ്യത്തെ ചൂഴ്ന്നു നില്ക്കുന്നു. ഇന്നു നാം കണ്ടുമുട്ടുക, സുവിശേഷങ്ങളില്‍ വിവരിക്കപ്പെട്ടരിക്കുന്നതനുസരിച്ച്, ഉത്ഥിതനായ യേശുവിനെ ആദ്യം കണ്ട മഗ്ദലന മറിയത്തെയാണ്. സാബത്തുദിന വിശ്രമം കഴിഞ്ഞിട്ട് അധികനേരം ആയിട്ടില്ല. പീഢാനുഭവദിനത്തില്‍ കബറടക്ക ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കുന്നതിന് സമയം ലഭിച്ചിരുന്നില്ല; അതിനാല്‍ ദുഃഖം തളംകെട്ടിനിന്നിരുന്ന ആ പ്രഭാതത്തില്‍ സ്ത്രീകള്‍ സുഗന്ധതൈലങ്ങളുമായി യേശുവിന്‍റെ  കല്ലറയിങ്കലേക്കു പോയി. ആദ്യം അവിടെ എത്തിയത് മഗ്ദലനമറിയമായിരുന്നു. ജന്മം കൊള്ളുന്ന സഭയെ സേവിച്ചുകൊണ്ട് ഗലീലിയ മുതല്‍ യേശുവിനെ അനുഗമിച്ച ശിഷ്യകളില്‍ ഒരുവളായിരുന്നു മഗ്ദലന മറിയം. യഥാര്‍ത്ഥ ബന്ധങ്ങളെ തകര്‍ക്കാന്‍ മരണത്തിനു പോലും കഴിയില്ല. പ്രിയപ്പെട്ടയാള്‍ എന്നന്നേക്കുമായി വിട്ടുപോയാല്‍ തന്നെയും അയാള്‍ക്ക് നന്മ കാംക്ഷിക്കുന്നവര്‍ ഉണ്ട്.

അത്ര എളുപ്പത്തില്‍ തോറ്റു പിന്മാറുന്ന ഒരു സ്ത്രീ അല്ല മഗ്ദലനമറിയം എന്ന് സുവിശേഷം വ്യക്തമാക്കുന്നുണ്ട്. വാസ്തവത്തില്‍ ആദ്യത്തെ പ്രാവശ്യം കല്ലറയിലെത്തിയ അവള്‍ നിരാശയോടെയാണ് ശിഷ്യര്‍ ഒളിച്ചു പാര്‍ത്തിരുന്നവിടെ എത്തുന്നത്. കല്ലറയുടെ പ്രവേശനകവാടത്തിന്‍റെ കല്ല് മാറ്റിയിരിക്കുന്നതായി അവള്‍ ശിഷ്യരെ അറിയിക്കുന്നു. യേശുവിന്‍റെ ശരീരരം ആരെങ്കിലും എടുത്തുകൊണ്ടു പോയിരിക്കാമെന്ന സാമാന്യചിന്തയാണ് അവളില്‍ ഉണ്ടായത്. അങ്ങനെ മറിയം നടത്തുന്ന ആദ്യ വിളംബരം ഉത്ഥാനത്തിന്‍റെയല്ല, പ്രത്യുത, ജറുസലേം മുഴുവന്‍ ഉറക്കത്തിലായിരിക്കെ അജ്ഞാതാര്‍ നടത്തിയ മോഷണത്തെക്കുറിച്ചാണ്.

പിന്നീട് സുവിശേഷങ്ങള്‍ മഗ്ദലന മറിയം യേശുവിന്‍റെ കല്ലറയിങ്കലേക്കു നടത്തുന്ന രണ്ടാമത്തെ യാത്രയെക്കുറിച്ചു വിവരിക്കുന്നു. ഇത്തവണ വളരെ സാവധാനമായിരുന്നു ചുവടുകള്‍, ഏറെ ഭാരം അനുഭവപ്പെട്ടിരുന്നു. രണ്ടുതരത്തില്‍ ദുഃഖിതയായിരുന്നു മറിയം, സര്‍വ്വോപരി, യേശുവിന്‍റെ മരണത്തില്‍ ആകുലയായിരുന്നു അവള്‍. മറ്റൊന്നാകട്ടെ യേശുവിന്‍റെ ശരീരം അപ്രത്യക്ഷമായതിലുള്ള ദുരൂഹതയും അവളില്‍ വേദനയുളവാക്കി.

മഗ്ദലന മറിയം കണ്ണുനിറയെ അശ്രുകണങ്ങളുമായി കല്ലറയിലേക്കു കുനിഞ്ഞു നോക്കവെ അപ്രതീക്ഷിതമായി ദൈവം അവളില്‍ വിസ്മയം ഉളവാക്കുന്നു. അവളോടു സംവദിക്കുന്നവര്‍ ദൈവദൂതരാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം അന്ധത മഗ്ദലന മറിയത്തിന് ബാധിച്ചിരുന്നു എന്നത് യോഹന്നാന്‍ സുവിശേഷകന്‍റെ   വിവരണത്തില്‍ തെളിഞ്ഞുവരുന്നു. തന്‍റെ പിന്നില്‍ നില്ക്കുന്നയാള്‍ തോട്ടക്കാരനാണെന്ന് അവള്‍ കരുതുന്നു. എന്നാല്‍ അയാള്‍ മറിയം എന്നു പേരു പറഞ്ഞ് അവളെ വിളിക്കുമ്പോള്‍ മാനവചരിത്രത്തത്തെത്തന്നെ ഇളക്കിമറിക്കുന്ന സംഭവത്തിന് അവള്‍ സാക്ഷിയാകുന്നു.

ഇത്ര വൈക്തികമായ ഒരു രീതിയിലായിരുന്നു ഉത്ഥിതന്‍റെ പ്രഥമ ദര്‍ശനം നടന്നതെന്ന് ചിന്തിക്കുക എത്ര മനോഹരമാണ്. നമ്മെ തിരിച്ചറിയുന്ന, നമ്മുടെ സഹനങ്ങളും നിരാശകളും അറിയുന്ന ഒരാള്‍ ഉണ്ട്, നമ്മോട് അലിവുള്ള നമ്മെ പേരെടുത്തു വിളിക്കുന്ന ഒരാള്‍ ഉണ്ട്. ദൈവം നമ്മുടെ ജീവിതത്തെക്കുറിച്ച് ഔത്സുക്യം പുലര്‍ത്തുന്നു, നമ്മുടെ ജീവിതത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അവിടന്നാഗ്രിഹിക്കുന്നു. ഓരോ മനുഷ്യനും ദൈവം ഈ മണ്ണില്‍ രചിച്ച പ്രണയകഥയാണ്. നമോരോരുത്തരും ദൈവത്തിന്‍റെ പ്രണയകഥയാണ്.

എല്ലാ സ്ത്രീപുരുഷന്മാരുടെയും അസ്തിത്വത്തെ രൂപാന്തരപ്പെടുത്തുന്നതിനുദ്ദേശിക്കപ്പെട്ട ഒരു വിപ്ലമാണ് മഗ്ദലന മറിയത്തിന്‍റെ ജീവിതത്തില്‍ ഉണ്ടായത്. മറിയത്തിന്‍റെ ആനന്ദം സുവിശേഷങ്ങള്‍ വിവരിക്കുന്നുണ്ട്. യേശുവിന്‍റെ ഉത്ഥാനം തുള്ളിതുള്ളിയായി നല്കപ്പെടുന്ന ഒരാനന്ദമല്ല, മറിച്ച്, ജീവിതത്തെ മാറ്റി മറിക്കുന്നു ഒരു ജലപാതമാണ്. ക്രൈസ്തവാസ്തിത്വം ആനന്ദത്തിന്‍റെ പടലങ്ങളാല്‍ തീര്‍ത്തതല്ല മറിച്ച് സകലത്തെയും കീഴ്മേല്‍ മറിക്കുന്ന തിരകളാല്‍ നെയ്യപ്പെട്ടതാണ്. നമ്മുടെ ചാരെ നമ്മെ പേരെടുത്തു വിളിക്കുന്ന, കരയേണ്ട എഴുന്നേല്ക്കു, ഞാന്‍ നിന്നെ സ്വതന്ത്രനനാക്കാനാണ് വന്നിരിക്കുന്നത് എന്നു പറയുന്ന ഒരു ദൈവം ഉണ്ടെന്ന് നിങ്ങള്‍ ഹൃദയത്തില്‍ പേറുന്ന നിരാശകളുടെയും പരാജയങ്ങളുടെയും ഭാണ്ഡങ്ങളോടുകുടെ ഈ നിമിഷം ഒന്നു ചിന്തിച്ചുനോക്കൂ.   

മഗ്ദനലന മറിയം കര്‍ത്താവിനെ ആശ്ലേഷിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അവിടന്നാകട്ടെ പിതാവിന്‍റെ പക്കലേക്കു പോകാന്‍ ഒരുങ്ങുകയാണ്. അപ്പോള്‍ മറിയമാകട്ടെ കര്‍ത്താവിന്‍റെ ഉത്ഥാനം സഹോദരങ്ങളെ അറിയിക്കാന്‍ അയക്കപ്പെടുന്നു. യേശുവുമായി കണ്ടുമുട്ടുന്നതിനു മുമ്പ് അശുദ്ധാത്മാക്കളുടെ പിടിയിലായിരുന്നുവെന്ന് ലൂക്കാ സുവിശേഷകന്‍ വെളിപ്പെടുത്തുന്ന മഗ്ദലന മറിയം ഇപ്പോള്‍ നൂതനവും ഏറ്റം വലിയതുമായ പ്രത്യാശയുടെ പ്രേഷിതയായി ഭവിക്കുന്നു. അവളുടെ മാദ്ധ്യസ്ഥ്യം ഈ അനുഭവം ജീവിക്കാന്‍, നമ്മെ പേരെടുത്തു വിളിക്കുന്ന ഉത്ഥിതനായ യേശുവിനെ കണ്ണീരിന്‍റെയും പരിത്യജിക്കപ്പെടലിന്‍റെയും വേളയില്‍ ശ്രവിക്കാന്‍, ഞാന്‍ കര്‍ത്താവിനെ കണ്ടു എന്ന് ആനന്ദഭരിതമായ ഹൃദയത്തോടുകൂടി പ്രഘോഷിക്കാന്‍ നമ്മെ സഹായിക്കട്ടെ. കര്‍ത്താവുമായി കണ്ടുമുട്ടിയതിനാല്‍ ഞാന്‍ എന്‍റെ ജീവിതം പരിവര്‍ത്തനം ചെയ്തു. ഞാനിപ്പോള്‍ പഴയ മനുഷ്യനല്ല, മറ്റൊരു വ്യക്തിയാണ്. ഞാന്‍ മാറിയിരിക്കുന്നു, കാരണം ഞാന്‍ കര്‍ത്താവിനെ കണ്ടു. ഇതാണ് നമ്മുടെ കരുത്ത്, ഇതാണ് നമ്മുടെ പ്രത്യാശ. നന്ദി.  

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.പതിവുപോലെ, പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ, ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ട കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.