2017-05-16 13:44:00

സൗന്ദര്യം: സത്യത്തിന്‍റെയും നന്മയുടെയും അതിസമൃദ്ധി


നമ്മുടെ ഹൃദയത്തിന്‍റെ അഗാധതമ തീവ്രാഭിലാഷങ്ങളെ സ്വതന്ത്രമാക്കാനും നമുക്കു ചുറ്റുമുള്ള വ്യക്തികളെയും ലോകത്തെയും സംബന്ധിച്ച യാഥാര്‍ത്ഥ്യത്തിന്‍റെ   സത്ത എന്തെന്ന് ഗ്രഹിക്കുന്നതിന് നമ്മുടെ നയനങ്ങളെ തുറക്കാനും സൗന്ദര്യത്തിന് കഴിവുണ്ടെന്ന് ആര്‍ച്ച്ബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ.

ഐക്യരാഷ്ട്രസഭയില്‍ (യു എന്‍ ഒ) പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം അമേരിക്കന്‍ ഐക്യനാടുകളിലെ ന്യുയോര്‍ക്കില്‍, യുഎന്‍ഒയുടെ ആസ്ഥാനത്ത് അടുത്തയിടെ, 1483 മുതല്‍ 1520 വരെ മാത്രം ജീവിച്ചിരുന്ന, 37-Ͻ൦ വയസ്സില്‍ മരണമടഞ്ഞ ഇറ്റലിസ്വദേശിയും വിശ്വവിഖ്യാത ചിത്രകാരനുമായ “റഫായേല്ലൊ സാന്‍ത്സിയൊ”യെ അനുസ്മരിച്ചുകൊണ്ട് “റഫായേലിനോടൊത്ത് ഒരു സായാഹ്നം” എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കപ്പെട്ട ഒരു പരിപാടി ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു.

പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരംനിരീക്ഷകസംഘത്തിന്‍റെയും വത്തിക്കാന്‍ മ്യൂസിയത്തിലെ കലാരൂപങ്ങളുടെ രക്ഷാധികാരികളുടെ ന്യുയോര്‍ക്ക്  വിഭാഗത്തിന്‍റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു  ഈ പരിപാടി.

സമാധാനം, സുരക്ഷ, മനുഷ്യാവകാശങ്ങള്‍, വികസനം എന്നിവയെക്കുറിച്ചാണ് സാധാരണ ഐക്യരാഷ്ട്രസഭയില്‍ സംസാരിക്കാറുള്ളതെന്നും എന്നാല്‍ യു എന്നിന്‍റെ  ദൗത്യവും ദര്‍ശനങ്ങളും ഫലപ്രാപ്തിയിലെത്തിക്കാന്‍ കലയ്ക്കും സൗന്ദര്യത്തിനുമുള്ള നിര്‍ണ്ണായക പങ്കിനെക്കുറിച്ചു ഒരിക്കലും പരാമര്‍ശിക്കാറില്ലെന്നുമുള്ള വസ്തുത അനുസ്മരിച്ച ആര്‍ച്ച്ബിഷപ്പ് ഔത്സ ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യപ്രാപ്തിക്ക് അന്യമല്ല കലാസൗന്ദര്യമെന്ന ബോധ്യം പ്രകടിപ്പിച്ചു.

സത്യത്തിന്‍റെയും നന്മയുടെയും അതിസമൃദ്ധിയാണ് സൗന്ദര്യമെന്ന ആശയം അദ്ദഹം അവതരിപ്പിക്കുകയും സൗന്ദര്യതലത്തിലുള്ള ഉചിതമായ പരിശീലനവും ആരോഗ്യകരമായ പരിസ്ഥിതിയും തമ്മിലുള്ള ബന്ധം അവഗണിക്കരുതെന്നും സൗന്ദര്യം കാണാനും ആസ്വദിക്കാനും പഠിക്കുകവഴി സ്വാര്‍ത്ഥപരമായ പ്രായോഗികതാവാദത്തെ തള്ളിക്കളയാന്‍ നാം പഠിക്കുന്നുവെന്നുമുള്ള ഫ്രാന്‍സീസ് പാപ്പായുടെ വാക്കുകള്‍ അനുസ്മരിക്കുകയും ചെയ്തു.

ഭിന്ന തലമുറകളിലെയും ഭിന്നഭൂഖണ്ഡങ്ങളിലെയും ജനതകളെ ഒന്നിപ്പിക്കാനുള്ള കഴിവ് സൗന്ദര്യത്തിനുണ്ടെന്നും ആര്‍ച്ച്ബിഷപ്പ് ഔത്സ പറഞ്ഞു.








All the contents on this site are copyrighted ©.