2017-05-16 11:54:00

മത്സരക്കളികള്‍ ആത്മനിയന്ത്രണത്തിന്‍റെ പരീക്ഷണം


വിശ്വസ്തതയുടെയും സത്യസന്ധതയുടെയും ഐക്യത്തിന്‍റെയും മാനിവികതയുടെയും സാക്ഷികളായിരിക്കാന്‍ മാര്‍പ്പാപ്പാ കാല്‍പ്പന്തുകളിക്കാരെ ആഹ്വാനം ചെയ്യുന്നു.

ഇറ്റാലിയന്‍ കപ്പിനുവേണ്ടിയുള്ള അന്തിമ മത്സരം റോമില്‍ ബുധനാഴ്ച(17/05/17) അരങ്ങേറാനിരിക്കെ ഈ മത്സരത്തില്‍ കളിക്കാന്‍ പോകുന്ന യുവെന്തൂസ്, ലാത്സിയൊ എന്നീ ടീമുകളിലെ അംഗങ്ങളും ഈ ടീമുകളുടെ ഉത്തരവാദിത്വം പേറുന്നവരുമുള്‍പ്പെട്ട 180 പേരുടെ സംഘത്തെ ചൊവ്വാഴ്ച(16/05/17) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഓരോ മത്സരക്കളിയും സന്തുലനാവസ്ഥയുടെയും, ആത്മനിയന്ത്രണത്തിന്‍റെയും നിയമപാലനത്തിന്‍റെയും പരീക്ഷണമാണെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ സ്വന്തം പെരുമാറ്റത്താല്‍ ഇവയ്ക്കൊക്കെ സാക്ഷ്യമേകുന്നവന്‍ സ്വന്തം ആരാധകര്‍ക്ക് മാതൃകയായിത്തീരുന്നുവെന്ന് പ്രസ്താവിച്ചു.

കളിക്കളങ്ങളില്‍ പലപ്പോഴും അരങ്ങേറുന്ന അക്രമങ്ങളെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ കായികമത്സരങ്ങള്‍ കളിക്കാര്‍ക്കിടയിലും സമൂഹം മുഴുവനിലും സംസക്തിക്ക് നിമിത്തമായിത്തീരുന്നതിനുവേണ്ടി കഴിയുംവിധം പരിശ്രമിക്കാന്‍ പ്രചോദനം പകരുകയും ചെയ്തു.

യുവെന്തൂസ്, ലാത്സിയൊ എന്നീ ഫുഡ്ബോള്‍ ടീമുകള്‍ക്ക് ഏറെ ആരാധകരുള്ളതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ ഇത് കായികവിനോദങ്ങളുടെ അധികൃതമൂല്യങ്ങള്‍ക്ക് കൂടുതല്‍ സാക്ഷ്യമേകുന്നതിന് ഉപരിബാദ്ധ്യതയേകുന്നുവെന്ന് അവരെ ഓര്‍മ്മപ്പെടുത്തി.








All the contents on this site are copyrighted ©.