2017-05-14 14:31:00

ഫാത്തിമയിലെ ദീപക്കാഴ്ചയുടെ പ്രാര്‍ത്ഥനയും പ്രഭണിതങ്ങളും


2017 മെയ് 12-Ɔ൦ തിയതി വെള്ളായാഴ്ച സായാഹ്നത്തില്‍ ഫാത്തിമമാതാവിന്‍റെ ദര്‍ശനക്കപ്പേളയില്‍ നിന്നുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥിച്ചു. 6 ലക്ഷത്തില്‍ അധികം തീര്‍ത്ഥാടകര്‍ സന്നിഹിതരായിരുന്നു. ഫാത്തിമാനാഥയെ സ്തുതിച്ചു പ്രാര്‍ത്ഥിക്കുന്ന പ്രഭണിതം ആലപിച്ച് ജനങ്ങള്‍ ഭക്തിനിര്‍ഭരമായി ‍പ്രത്യുത്തരിച്ചു. പ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ പതിവുള്ള ദീപക്കാഴ്ചയ്ക്കും പ്രദിക്ഷിണത്തിനുമുള്ള തിരികള്‍ പാപ്പാ ആശീര്‍വ്വദിച്ചു. മെയ് 12, 13 വെള്ളി ശനി ദിവസങ്ങളായിരുന്നു  അപ്പസ്തോലിക തീര്‍ത്ഥാടനം. ഫാത്തിമ ദര്‍ശനത്തിന്‍റെ ശതാബ്ദിവര്‍ഷമാണിത്.

1. ആമുഖപ്രാര്‍ത്ഥന:  പരിശുദ്ധ രാജ്ഞിയേ, വാഴ്ക! ഫാത്തിമാനാഥേ, അമലോത്ഭവേ, ഞങ്ങളുടെ അഭയകേന്ദ്രമേ, ദൈവത്തിലേയ്ക്കുള്ള വാതിലേ! ദീപം ഏന്തിവരുന്ന ഈ എളിയ തീര്‍ത്ഥാടകന്‍ മനുഷ്യചരിത്രത്തിലെ സനാതന സാന്നിദ്ധ്യമായ സ്വര്‍ഗ്ഗീയ പിതാവിന് നന്ദിപറയുന്നു.  സമാധാനത്തിന്‍റെ തീര്‍ത്ഥാടകനായ ഞാന്‍ സമാധാനമായ ക്രിസ്തുവിനെ ഇവിടെ പ്രകീര്‍ത്തിക്കുകയും, ലോകത്ത് സമാധാനവും ജനതകളില്‍ കൂട്ടായ്മയും വളര്‍ത്തണമേ എന്നു പ്രാര്‍ത്ഥിക്കുകയുംചെയ്യുന്നു. പരിശുദ്ധാത്മാവ് വിളിച്ച പ്രത്യാശയുടെ പ്രേഷിതനായ ഞാന്‍ സകലരുടെയും എളിയ സേവകനും ശുശ്രൂഷകനുമായ പ്രവാചകനും ദൂതനുമായി അങ്ങേ സന്നിധിയില്‍ നില്ക്കുന്നു.   

പ്രഭണിതം:  കാരുണ്യമേ, വാഴ്ക! പരിശുദ്ധയേ, വാഴ്ക!  മധുര്യമേറുന്ന കന്യകേ, വാഴ്ക!

2. പ്രാര്‍ത്ഥന:   കാരുണ്യത്തിന്‍റെ അമ്മേ, ശുഭ്രവസ്ത്ര ധാരിണീ, ഒരുനൂറ്റാണ്ടു മുന്‍പ് ഈ സന്നിധാനത്തില്‍ ദൈവിക കാരുണ്യത്തിന്‍റെ ദൗത്യങ്ങള്‍ അങ്ങ് നല്‍കിയല്ലോ!  ജ്ഞാനസ്നാനത്തിന്‍റെ വെള്ളവസ്ത്രമണിഞ്ഞ് അങ്ങേ ദൈവികജീവനില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്ന സകലരെയും. വെള്ളയുടുത്തു നില്ക്കുന്ന അജപാലകനായ ഞാന്‍ സമര്‍പ്പിക്കുന്നു. അങ്ങേ സമാധാനം ലഭിക്കാന്‍ ക്രിസ്തുവിന്‍റെ ദിവ്യരഹസ്യങ്ങള്‍ ഞങ്ങള്‍ക്ക് വെളിപ്പെടുത്തി തരണമേ!

3. പ്രഭണിതാലാപനം കഴിഞ്ഞ് പ്രാര്‍ത്ഥന:    ഞങ്ങളുടെ ജീവനും മാധുര്യവുമായ അമ്മേ! ഞങ്ങളുടെ പ്രത്യാശയേ, സ്വസ്തീ! തീര്‍ത്ഥാടകയായ കന്യകേ, ഞങ്ങളുടെ രാജ്ഞിയേ, സ്വസ്തീ! സ്വര്‍ഗ്ഗീയ ഗേഹത്തിലേയ്ക്കുള്ള തീര്‍ത്ഥാടനത്തില്‍ ഞങ്ങളുടെ സന്തോഷങ്ങളെ അങ്ങേ വിമലഹൃദയത്തില്‍ കാത്തുകൊള്ളണേ. കണ്ണീരിന്‍റയും വിലാപത്തിന്‍റെയും ഈ താഴ്വാരത്ത് മാനവകുടുംബത്തിന്‍റെ വ്യഥകളും അങ്ങ് സംരക്ഷിക്കണമേ. ഭൗമിക ജീവിതത്തില്‍ തീര്‍ത്ഥാടകയായിരുന്ന അമ്മേ, ഈ ഭൂമിയിലെ യാത്രികരായ ഞങ്ങളെ അങ്ങേ കിരീടത്തിലെ തിളക്കമുള്ള രത്നങ്ങളെപ്പോലെ വിമലഹൃദയത്തില്‍ കാത്തുകൊള്ളണമേ!

ചാരിത്ര്യശുദ്ധിയുള്ള അങ്ങേ നറുപുഞ്ചിരിയാലെ ക്രിസ്തുവിന്‍റെ സഭയുടെ സന്തോഷത്തെ ഉത്തേജപ്പിക്കണമേ! വാത്സല്യമുള്ള അങ്ങേ കടാക്ഷത്താല്‍ മക്കളുടെ പ്രത്യാശയെ ബലപ്പെടുത്തണമേ. അങ്ങേ മാതൃകരങ്ങള്‍ കൂപ്പി മാനവകുടുംബത്തിലെ സകലരുടെയും ഐക്യത്തിനായി ദൈവത്തോടു പ്രാര്‍ത്ഥിക്കണമേ.

4. പ്രഭണിതാലാപനവും പ്രാര്‍ത്ഥനയും:    കാരുണ്യമേ, സ്നേഹമേ, മാധുര്യമുള്ള കന്യകാ മറിയമേ, ഫാത്തിമയിലെ ജപമാലരാജ്ഞിയേ! വിശുദ്ധരായ ഫ്രാന്‍സിസ്കൊയെയും ജസീന്തയെയും അനുകരിച്ച് ഞങ്ങള്‍ സുവിശേഷത്തിന്‍റെ പ്രഘോഷകരാകട്ടെ. അങ്ങനെ അങ്ങേ തീര്‍ത്ഥാടനവഴികളില്‍ ഞങ്ങളും ചരിക്കട്ടെ! ദൈവത്തിന്‍റെ നീതിയും സമാധാനവും ലോകത്തിന്‍റെ എല്ലാ അതിര്‍ത്തികളിലും എത്തിക്കാനുള്ള ഉദ്യമത്തില്‍ തടസ്സമാകുന്ന എതിര്‍നിരകളെയും ഭിത്തികളെയും മറികടക്കാന്‍ സഹായിക്കണമേ!

യുദ്ധം ലോകത്തെ കീറിമുറിക്കുമ്പോള്‍ അങ്ങേ സുവിശേഷ സന്തോഷത്താല്‍ ഞങ്ങള്‍ ജീവിത നൈര്‍മ്മല്യമുള്ളവരായും, കുഞ്ഞാടിന്‍റെ രക്തത്താല്‍ കഴുകി ശുദ്ധീകൃതരായും ജീവിക്കട്ടെ.  അങ്ങനെ ദൈവസ്നേഹം എല്ലാവരുമായി പങ്കുവച്ചും, എല്ലാവരോടും ദൈവമുണ്ടെന്നു പറഞ്ഞും അങ്ങയെപ്പോലെ ലോകത്തിന്‍റെ വഴികളെ തെളിയിക്കുന്ന പ്രകാശഗോപുരങ്ങളായി ഞങ്ങള്‍ ജീവിക്കട്ടെ!

5. വിശ്വാസികള്‍  ഈ പ്രാര്‍ത്ഥന ഏറ്റുചൊല്ലി:    കര്‍ത്താവിന്‍റെ അമ്മേ, കന്യകാനാഥേ, ഫാത്തിമയിലെ ജപമാലരാജ്ഞീയേ, വാഴ്ക! അങ്ങാണ് സ്ത്രീകളില്‍ അനുഗൃഹീത, പെസഹാക്കാലത്തിന്‍റെ പ്രഭാപൂരവും അങ്ങുതന്നെ,  അങ്ങേ ജനത്തിന്‍റെ അഭിമാനം അങ്ങുതന്നെ! തിന്മയുടെ ആക്രമണങ്ങളെ ചെറുത്ത് വിജയം നേടിത്തരുന്നവളും അങ്ങാണ്. കരുണാര്‍ദ്രമായ പിതൃസ്നേഹത്തിന്‍റെ പ്രവാചികേ!   ദൈവകുമാരനെക്കുറിച്ചുള്ള സദ്വാര്‍ത്തയുടെ പ്രബോധികയേ, ദൈവാത്മാവിന്‍റെ കത്തിജ്ജ്വലിക്കുന്ന തീനാവിന്‍റെ അടയാളമേ, സുഖദുഃഖ സമ്മിശ്രമായ ഈ ജീവിത താഴ്വാരത്ത് എളിയവര്‍ക്കായി സ്വര്‍ഗ്ഗീയ പിതാവു വെളിപ്പെടുത്തിയ നിത്യസത്യങ്ങള്‍ അങ്ങു ഞങ്ങളെ പഠിപ്പിക്കണമേ.  അങ്ങേ മേലങ്കിയുടെ സംരക്ഷണ വലയത്തില്‍ ‍ഞങ്ങളെ പരിപാലിക്കണമേ! അങ്ങേ വിമലഹൃദയം പാപികള്‍ക്ക് അഭയവും ദൈവത്തിങ്കലേയ്ക്കുള്ള വഴിയുമായിരിക്കട്ടെ.

ഫാത്തിമയിലെ ജപമാലരാജ്ഞിയേ, വിശ്വാസത്തോടും പ്രത്യാശയോടും സ്നേഹത്തോടുംകൂടെ  ഈ കൂട്ടായ്മയില്‍ എന്നെത്തന്നെ അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു. സഹോദരങ്ങള്‍ക്കൊപ്പം, അങ്ങിലൂടെ, എന്നെയും ദൈവത്തിനു പ്രതിഷ്ഠിക്കുന്നു. അവസാനമായി അങ്ങേ മാതൃകരത്തില്‍നിന്നും പ്രസരിക്കുന്ന അനുഗ്രഹ പ്രകാശത്താല്‍ അനുഗൃഹീതനായി ഞാനെന്നും ദൈവത്തെ സ്തുതിക്കാന്‍ ഇടയാക്കണമേ.   ആമേന്‍.

 








All the contents on this site are copyrighted ©.