2017-05-12 10:31:00

വെളിപ്പെടുത്തുന്ന ദൈവം : പാപ്പായുടെ വചനസമീക്ഷ


മെയ് 11-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. അപ്പസ്തോല നടപടിപ്പുസ്തകത്തിലെ ആദ്യവായനയെ ആധാരമാക്കിയാണ്  വചനചിന്തകള്‍ പാപ്പാ പങ്കുവച്ചത് (നടപടി 13, 13-25).

1. വിമോചകനോടൊപ്പം    തന്‍റെ ജനത്തിന്‍റെ വിശ്വാസത്തെ ബലപ്പെടുത്താന്‍ അവര്‍ക്കൊപ്പം ദൈവം എന്നും ചരിക്കുന്നു. അതാണ് രക്ഷയുടെ ചരിത്രം. അത് മഹത്തരവും ദൈര്‍ഘ്യമുള്ള ചരിത്രമാണ്. സമയത്തികവില്‍ ക്രിസ്തുവോളമെത്തിയ രക്ഷാകരചരിത്രം ഈജിപ്തില്‍ ദൈവജനത്തിന്‍റെ വിമോചനത്തിലാണ്  തുടക്കമിട്ടത്. അത് വിശുദ്ധരുടെയും വിശുദ്ധിയില്ലാത്തവരുടെയും ഒരു സമ്മിശ്രമായ യാത്രയും ചരിത്രവുമായിരുന്നു. അടിമത്വവും പാപവും, വിശ്വസ്തതയും വീഴ്ചയും, നിയമവും നിയമലംഘനവും അതില്‍ ഇടചേര്‍ന്നു കിടക്കുന്നു. എന്നാല്‍ ഒപ്പം വിമോചനവും, വിശ്വസ്തതയും, ദൈവത്തിന്‍റെ അതിരില്ലാത്ത കൃപാതിരേകവും നമുക്കീ ചരിത്രത്തില്‍ ദൃശ്യമാകും.

ഇന്നും ആ ചരിത്രം തുടരുകയാണെന്ന്. ദൈവം ഇന്നും തന്‍റെ ജനത്തെ അടിമത്വത്തിലൂടെയും അതില്‍നിന്നുമുള്ള മോചനത്തിലൂടെയും നയിക്കുന്നു. തന്‍റെ ജനത്തെ തുടര്‍ന്നും ദൈവം രക്ഷയിലേയ്ക്കും അവിടുന്നുമായുള്ള ആത്മീയ ഐക്യത്തിലേയ്ക്കും വിളിക്കുന്നു. ക്രിസ്തുവില്‍ നാം നേടിയ രക്ഷയും, അതിന്‍റെ രണ്ടാ ഘട്ടത്തില്‍ ദൈവാത്മാവിന്‍റെ പ്രവര്‍ത്തനത്തിലൂടെ ചരിത്രത്തില്‍ സഭയില്‍ ഇന്നും തുടരുകയാണ്. ക്രിസ്തുവില്‍ ആരംഭിക്കുന്ന യാത്ര അവിടുന്നു സ്ഥാപിച്ച സഭയിലാണ് തുടരുന്നത്. ഇന്നത്തെ സഭയുടെ ചരിത്രത്തിലും വിശുദ്ധാത്മാക്കളും പാപികളും ബലഹീനരുമുണ്ട്. എന്നിട്ടും ദൈവാത്മാവിന്‍റെ കൃപ നമ്മെ നയിക്കുന്നു.

2. അടിമത്തത്തിന്‍റെ ഭീകരത    ഒരു കാലത്ത് സാമൂഹികമായി അംഗീകരിക്കപ്പെട്ടിരുന്ന അടിമത്തം ഇന്ന് തിന്മയും മാരക പാപവുമായി മാറിക്കഴിഞ്ഞു. അതിനാല്‍ ക്രിസ്തുവിനെ അറിയുക, അവിടുത്തെ സുവിശേഷമൂല്യങ്ങള്‍ മനസ്സിലാക്കുക, അവിടുന്നിലുള്ള വിശ്വാസം ആഴപ്പെടുത്തുക  എന്നു പറഞ്ഞാല്‍ ദൈവിക നിയമങ്ങളും കല്പനകളും അനുസരിക്കുക എന്നാണര്‍ത്ഥം. അടിമത്തത്തെക്കുറിച്ച് നാളുകള്‍ക്കുമുന്‍പ് നാം കേട്ടിട്ടുണ്ട്. മനുഷ്യരെ ഒരു സ്ഥലത്തുനിന്നും

പിടിച്ച് മറ്റൊരു സ്ഥലത്തുകൊണ്ടുപോയി വില്ക്കുന്നു. അവരെ കഠിനമായി പണിയെടുപ്പിക്കുന്നു, ചിലപ്പോള്‍ പീഡിപ്പിക്കുന്നു. ഇതു ശരിയാണെന്നും, അടിമയാക്കപ്പെട്ട മനുഷ്യര്‍ക്ക് ആത്മാവില്ലെന്നും ചിലര്‍ വിശ്വസിച്ചു. ഇന്നത് മാരക പാപമാണെന്ന് അറിയാം. എന്നാല്‍ ഇന്ന് അടിമത്തം ഇല്ലെന്നു വിശ്വസിക്കുന്നുണ്ടോ? പണ്ടത്തെക്കാള്‍ അത് കൂടുതലാണ്. നവലോകത്തിന്‍റെ ക്രൂരമായ അടിമത്തം പഴയതിനെക്കാള്‍ ഭീകരമാണ്. അതിനാല്‍ ധാര്‍മ്മികതയെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും നാം കൂടുതല്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. മറ്റൊരു കാര്യം, നാം ഇന്നും പല രാജ്യങ്ങളിലും വധശിക്ഷ നടപ്പാക്കുന്നുണ്ട്. എങ്കിലും നമുക്കിന്ന് അറിയാം മരണശിക്ഷ അധര്‍മ്മമാണ്. അതുപോലെ, മതമൗലികവാദവും മതങ്ങളുടെ യുദ്ധവും ഇന്നിന്‍റെ ശാപമായി മാറിയിട്ടുണ്ട്. ഈ സാമൂഹ്യപശ്ചാത്തലത്തില്‍ നാം വിശ്വാസത്തെയും ധാര്‍മ്മികതയെയും വിവരിക്കേണ്ടതാണ്.

3. ദൈവികതയിലേയ്ക്കുള്ള ചുവടുവയ്പ്പുകള്‍    വിശ്വാസത്തെപ്രതി കൊല്ലപ്പെട്ട വിശുദ്ധാത്മാക്കള്‍ ഇന്ന് നിരവധിയാണ്. മറവില്‍ ജീവിക്കേണ്ടിവന്നിട്ടുള്ള വിശുദ്ധാത്മാക്കളുടെ കൂട്ടങ്ങളും ഇന്ന് ലോകത്ത് വളരെ അധികമാണ്. അതിനാല്‍ കര്‍ത്താവിന്‍റെ പുനരാഗമനത്തിന്‍റെ പൂര്‍ണ്ണിമയുടെ ഭാഗമാണ് വിശുദ്ധി.  പൂര്‍ണ്ണിമയിലേയ്ക്കുള്ള വിശ്വാസയാത്രയിലാണ് ദൈവജനം. എന്നാല്‍ മടിച്ചുനില്ക്കുന്നവര്‍ ബന്ധികളാണ്. വിശ്വാസത്തെ ആഴപ്പെടുത്താന്‍ കഴിവില്ലാത്തവരും, സ്നേഹശൂന്യരുമായി മാറുകയാണവര്‍. അവരുടെ ആത്മാക്കള്‍ മലീമസമാക്കപ്പെടുന്നു. നമ്മുടെ പൂര്‍ത്തീകരണത്തിന്‍റെ സമയം മൂന്നാമത്തേതാണ്. നമ്മുടെ ജീവിതങ്ങള്‍ പരിസമാപ്തിയില്‍ എത്തുകയും ദൈവത്തില്‍ സായുജ്യമടയുകയും ചെയ്യേണ്ടതാണ്. എന്നാല്‍ വിശ്വാസികള്‍ രണ്ടാമത്തെ, തീര്‍ത്ഥാടനത്തിലാണ്. ഈ ഭൂമിയില്‍ നാം യാത്രികരാണ്!

അപ്പസ്തോലന്മാര്‍, വചനപ്രഘോഷകര്‍, ഇവരെല്ലാം ദൈവസ്നേഹത്താല്‍ നിറഞ്ഞും നിവേശിതരായും നിത്യതയിലേയ്ക്കും, ദൈവത്തിങ്കലേയ്ക്കും യാത്രചെയ്തവരാണ്!   സഭയെ നയിക്കാന്‍ ഉത്ഥാനാന്തരം ക്രിസ്തു പരിശുദ്ധാരൂപിയെ നമുക്കു നല്കി. അത് ദൈവികദാനവും, ദൈവത്തിന്‍റെ കരുണയുമാണ്. നമ്മെ ദൈവിക പൂര്‍ണ്ണിമയിലേയ്ക്ക് ആനയിക്കുന്ന വ്യക്തിഗത സമയത്തിന്‍റെ പൂര്‍ണ്ണിമയാണിത്. ദൈവികവാഗ്ദാനങ്ങള്‍ ഇന്നും നമ്മെ ക്ഷണിക്കുന്നു. അതിനാല്‍ സഭാമക്കള്‍ ആത്മീയയാത്ര വിശ്വസ്തതയോടെ തുടരണം. അനുതാപത്തോടെ നാം എടുക്കുന്ന ചുവടുവയ്പുകള്‍ (കുമ്പസാരമെന്ന കൂദാശവഴി) ദൈവിക പൂര്‍ണ്ണിമയിലേയ്ക്കുള്ള വളര്‍ച്ചയാണ്. അനുരഞ്ജനം ഇച്ഛാശക്തിയില്ലാതെ (not automatic) സംഭവിക്കുന്നതല്ല. വ്യക്തിയുടെ പരിശ്രമം അനിവാര്യമാണ്. യാത്രയുടെ അന്ത്യത്തില്‍, ഒരുനാള്‍ ഞാന്‍ ദൈവത്തെ മുഖാമുഖം ദര്‍ശിക്കും. അത് ഇന്നല്ലെങ്കില്‍ നാളെ, അല്ലെങ്കില്‍ കുറെ ദിവസങ്ങള്‍ കഴിഞ്ഞ്... എന്നുമാകാം! യാത്രയില്‍ ദൈവം നമ്മെ കൈവെടിയുന്നില്ല, അവിടുന്ന് നമ്മുടെ കൂടെയുണ്ട്. അതിനാല്‍ അനുതാപത്തിലും അനുരഞ്ജനത്തിലും ഈ ജീവിത മുഹൂര്‍ത്തങ്ങളെ ധ്യാനിക്കേണ്ടതാണ്.  അത് കാലത്തികവില്‍ ദൈവിക കൂട്ടായ്മയ്ക്കായുള്ള നീക്കമാണ്, ദൈവിക കാരുണ്യത്തിലേയ്ക്കുള്ള യാത്രയാണ്.

 








All the contents on this site are copyrighted ©.