2017-05-12 11:13:00

പാവപ്പെട്ട കുട്ടികളുടെ അത്യാഹിതമരണത്തില്‍ പാപ്പാ അനുശോചിച്ചു


വഴിയോര സഞ്ചാരി സംഘത്തില്‍പ്പെട്ട മൂന്നു പെണ്‍കുഞ്ഞുങ്ങളാണ് മെയ് 10-Ɔ൦ തിയതി ബുധനാഴ്ച രാത്രി റോമാ നഗരത്തിന്‍റെ തെക്കുപടിഞ്ഞാറന്‍ പ്രാന്തത്തില്‍ ചെന്തൊചേല്ലെ (Centocelle) ഭാഗത്ത് അഗ്നിക്കിരയായത്. വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് അന്നുതന്നെ ഇറക്കിയ പ്രസ്തവനയില്‍ വെളിപ്പെടുത്തി.

രണ്ടു വാഹനത്തില്‍ തങ്ങിയിരുന്ന നാടോടികളും സഞ്ചാരികളുമായ ഹലിലോവിക് (Helilovic) കുടുംബത്തിലെ അച്ഛനും അമ്മയും, മറ്റ് 8 പേരും രക്ഷപ്പെട്ടതായും വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു. ഹെലിലോവിക് കുടുംബം ക്രൊയേഷ്യന്‍ സ്വദേശികളാണ്.

മാതാപിതാക്കള്‍ക്കൊപ്പം അവര്‍ ഉറങ്ങുകയായിരുന്ന ‘കാരവന്‍’ കാറിന് തീപിടിച്ചാണ് 4-ഉം 8-ഉം 20-വയസ്സു പ്രായമുള്ള ജിപ്സിക്കുട്ടികള്‍ മരണപ്പെട്ടത്. വാര്‍ത്ത അറിഞ്ഞ ഉടനെ തന്‍റെ സ്വകാര്യ ഉപവിപ്രവര്‍ത്തന കാര്യാലയത്തിന്‍റെ ഉത്തരവാദിത്ത്വം വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ അന്ത്രയ ക്രജേസ്ക്കിയെ പാപ്പ ഫ്രാന്‍സിസ് സംഭവസ്ഥലത്തേയ്ക്ക് പറ‍ഞ്ഞയയ്ക്കുകയുണ്ടായി. മരണമടഞ്ഞ കുട്ടികളുടെ മാതാപിതാക്കളെ പാപ്പായുടെ സാന്ത്വനം അറിയിച്ചതോടൊപ്പം അവര്‍ക്ക് ഉ‌ടനെ വേണ്ടുന്ന സഹായങ്ങളും ചെയ്തുകൊടുക്കുകയുണ്ടായെന്ന് വത്തിക്കാന്‍റെ പ്രസ്താന വ്യക്തമാക്കി.

അത്യാഹിതം സാമൂഹികവിരുദ്ധരുടെ ആക്രമണവും കൊലപാതവുമാണോ എന്ന് സംശയിക്കുന്നുണ്ട്. പൊലീസ് അന്വേഷണം നടക്കുന്നതായി റോമിലെ വാര്‍ത്താ ഏജെന്‍സികള്‍ അറിയിച്ചു.








All the contents on this site are copyrighted ©.