2017-05-10 13:24:00

മറിയം:ശ്രവിക്കുന്നവള്‍,സകലവും ഹൃദയത്തില്‍ സംഗ്രഹിക്കുന്നവള്‍


വെയിലും, ഇടയ്ക്കിടെ, കാര്‍മേഘാവൃതമായ അന്തരീക്ഷവും, ഇടവിട്ടുള്ള മഴയും ആയിരുന്നു ഈ ദിവസങ്ങളില്‍ റോമിലെങ്കില്‍ ഈ ബുധനാഴ്ച (10/05/17) രാവിലെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. പതിവുപോലെ ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ അന്നനുവദിച്ച പ്രതിവാര പൊതുകൂടുക്കാഴ്ചയില്‍ വിവിധ രാജ്യക്കാരായിരുന്ന അനേകായിരങ്ങള്‍ പങ്കുകൊണ്ടു. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍പ്പെട്ട, മോസ്കൊ പാത്രീയാര്‍ക്കാസഥാനത്തിന്‍റെ പ്രതിനിധികളായ ഒരു സംഘം യുവവൈദികരും ചത്വരത്തില്‍ സന്നിഹിതരായിരുന്നു. കൂടിക്കാഴ്ചയ്ക്കായി വെളുത്ത തുറന്ന വാഹനത്തില്‍ പാപ്പാ അങ്കണത്തിലെത്തിയപ്പോള്‍ ജനസഞ്ചയത്തിന്‍റെ കരഘോഷവും ആനന്ദാരവങ്ങളും അന്തരീക്ഷത്തില്‍ അലതല്ലി. വാഹനത്തില്‍ ജനങ്ങള്‍ക്കിടയിലൂടെ നീങ്ങിയ പാപ്പാ എല്ലാവരേയും അഭിവാദ്യം ചെയ്യുകയും, പതിവുപോലെ, അംഗരക്ഷകര്‍ തന്‍റെ  പക്കലേക്കു ഇടയ്ക്കിടെ കൊണ്ടുവന്നുകൊണ്ടിരുന്ന  കുഞ്ഞുങ്ങളെ വണ്ടി നിറുത്തി തലോടുകയും ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും ചെയ്തു. മന്ദസ്മിതത്താലും ആംഗ്യങ്ങളാലും ചിലപ്പോള്‍ വാക്കുകളാലും പാപ്പാ ജനങ്ങളുമായി സംവദിക്കുന്നുമുണ്ടായിരുന്നു. ചിലര്‍ പാപ്പായ്ക്ക് സ്നേഹോപഹാരങ്ങള്‍ നല്കാനും തങ്ങളുടെ കൈവശമുള്ള ചില വസ്തുക്കള്‍ പാപ്പായെക്കൊണ്ട് ആശീര്‍വദിപ്പിക്കാനും ശ്രമിക്കുന്നുതും കാണാമായിരുന്നു. പ്രസംഗവേദിയിലേക്കു നയിക്കുന്ന പടവുകള്‍ക്കടുത്തു വാഹനം നിന്നപ്പോള്‍ അതില്‍നിന്ന് ഇറങ്ങിയ ഫ്രാന്‍സീസ് പാപ്പാ സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ഓടെ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു

യേശുവിന്‍റെ കുരിശിനരികെ അവന്‍റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്‍റെ ഭാര്യ മറിയവും മഗ്ദലനമറിയവും നില്ക്കുന്നുണ്ടായിരുന്നു.26 യേശു തന്‍റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ നിന്‍റെ മകന്‍. 27 അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ നിന്‍റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു.” (യോഹന്നാന്‍ 19,25-27).

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനു ശേഷം പാപ്പാ, താന്‍ ക്രിസ്തീയ പ്രത്യാശയെ അധികരിച്ച് പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പര ഒരാഴ്ചത്തെ ഇടവേളയ്ക്കുശേഷം പുനരാരംഭിച്ചു                  

പാപ്പായുടെ പ്രഭാഷണത്തിന്‍റെ സംഗ്രഹം: 

ക്രിസ്തീയ പ്രത്യാശയെ അധികരിച്ചുള്ള നമ്മുടെ പ്രബോധനപരമ്പരയില്‍ ഇന്ന് നാം പ്രത്യാശയുടെ അമ്മയായ മറിയത്തില്‍ നമ്മുടെ ദൃഷ്ടികള്‍ പതിക്കുന്നു. അമ്മയെന്ന നിലയിലുള്ള തന്‍റെ യാത്രയില്‍ മറിയം ഒന്നിലേറെ ഇരുളുകളിലൂടെ കടന്നു പോയി. സുവിശേഷാഖ്യാനങ്ങളില്‍ തുടക്കംമുതല്‍തന്നെ ഒരു നാടകകഥാപാത്രമെന്നപോലെ മറിയം തെളിഞ്ഞു നില്ക്കുന്നു. ദൈവദൂതന്‍റെ ക്ഷണത്തിന് ഒറ്റവാക്കില്‍ സമ്മതമരുളുക അത്ര എളുപ്പമായിരുന്നില്ല എങ്കിലും സ്വന്തം ഭാവിയെക്കുറിച്ചു യാതൊന്നും അറിയാത്ത യുവതിയായിരുന്ന അവള്‍   സധൈര്യം ഉത്തരം നല്കുന്നു. ആ നിമിഷത്തില്‍ മറിയം, നമ്മുടെ ലോകത്തിലെ അനേകം അമ്മമാരില്‍, അതായത്, ജന്മംകൊള്ളേണ്ട പുതിയൊരു മനുഷ്യന്‍റെ ചരിത്രം സ്വന്തം ഉദരത്തില്‍ സ്വീകരിക്കേണ്ട അവസ്ഥ സംജാതമാകുമ്പോള്‍ അങ്ങേയറ്റം ധൈര്യം കാട്ടുന്ന അമ്മമാരില്‍ ഒരുവളെപ്പോലെ കാണപ്പെടുന്നു.

ആ “സമ്മതം” അമ്മയെന്ന നിലയിലുള്ള അവളുടെ യാത്രിയിലെ അനുസരണത്തിന്‍റെ  നീണ്ട പട്ടികയില്‍ ആദ്യ ചുവടുവയ്പ്പായി. അങ്ങനെ മറിയം നിശബ്ദയായ ഒരു മഹിളയായി സുവിശേഷങ്ങളില്‍ കാണപ്പെടുന്നു. അവള്‍ക്കു ചുറ്റും സംഭവിക്കുന്നത് അവള്‍ പലപ്പോഴും ഗ്രഹിക്കുന്നില്ല, എന്നാല്‍ അവള്‍ ഓരോ വാക്കും ഒരോ സംഭവവും ഹൃദയത്തില്‍ സംഗ്രഹിക്കുന്നു.

ഈ മനോഭാവത്തില്‍ മറിയത്തിന്‍റെ മാനസികാവസ്ഥയുടെ മനോഹരമായ രൂപം ദൃശ്യമാണ്. ജീവിതത്തിലെ അനിശ്ചിതത്വങ്ങള്‍ക്കു മുന്നില്‍ തളരുന്ന ഒരു സ്ത്രീയല്ല അവള്‍. അതു പോലെതന്നെ ജീവിതത്തിന്‍റെ വദനം പലപ്പോഴും ശത്രുതാഭാവം കാട്ടുമ്പോള്‍ വിധിക്കെതിരെ അക്രമാസക്തയാകുന്നവളുമല്ല. മറിച്ച്, ശ്രവിക്കുന്നവളാണ് മറിയം. ശ്രവണവും പ്രത്യാശയും തമ്മില്‍ എന്നും വലിയൊരു ബന്ധം ഉണ്ട് എന്നത് നിങ്ങള്‍ മറന്നു പോകരുത്. മറിയം ശ്രവിക്കുന്നവളാണ്. അസ്തിത്വത്തെ നമുക്കു നല്കപ്പെടുന്നതുപോലെ, അതിന്‍റെ സന്തോഷദിനങ്ങളുടും നാമൊരിക്കലും കടന്നുപോകാനാഗ്രഹിക്കാത്ത ദുരന്തങ്ങളോടും കൂടെ സ്വീകരിക്കുന്നു മറിയം.

സ്വപുത്രന്‍ മരക്കുരിശില്‍ തറയ്ക്കപ്പെട്ട ആ ദിനം വരെ മറിയം സുവിശേഷ പശ്ചാത്തലത്തില്‍ നിന്ന് ഏതാണ്ട് അപ്രത്യക്ഷയായപോലെയാണ്. അവളുടെ സാന്നിധ്യത്തിന്‍റെ ക്രമേണയുള്ള ഈ ഗ്രഹണം, പിതാവിനെ അനുസരിക്കുന്ന പുത്രന്‍റെ രഹസ്യത്തിനുമുന്നിലുള്ള ഈ മൗനം തിരുലിഖിതരചയിതാക്കള്‍ നമുക്കു മനസ്സിലാക്കിത്തരുന്നു. എന്നാല്‍ മറിയം നിര്‍ണ്ണായക നിമിഷത്തില്‍, അതായത്, സുഹൃത്തുക്കളില്‍ നല്ലൊരുഭാഗവും ഭയംമൂലം അപ്രത്യക്ഷമായ വേളയില്‍ അവള്‍ വീണ്ടും പ്രത്യക്ഷയാകുന്നു. അമ്മമാര്‍ ഒറ്റുകൊടുക്കില്ല. സുവിശേഷങ്ങള്‍ ചുരുങ്ങിയവാക്കുകള്‍ ഉപയോഗിക്കുന്നു, അങ്ങേയറ്റം ജാഗ്രതകാട്ടുന്നു. മറിയത്തിന്‍റെ   സാന്നിധ്യം സാധാരണമായ ഒരു ക്രിയാപദം കൊണ്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത് : അതായ്ത, അവള്‍ “ നില്ക്കുന്നുണ്ടായിരുന്നു” ​എന്നു മാത്രമാണ് പറയുന്നത്. അവളുടെ പ്രതികരണങ്ങളെക്കുറിച്ചൊന്നും സൂചനയില്ല. അവള്‍ കരയുകയായിരുന്നോ, കരയാതെ നില്ക്കുകയായിരുന്നോ, ഒന്നും രേഖപ്പെടുത്തിയിട്ടില്ല. അവളുടെ വേദനയെക്കുറിച്ചുപോലും ഒന്നും കുറിച്ചിട്ടില്ല. സുവിശേഷങ്ങള്‍ പറയുന്നു: അവള്‍ നില്പുണ്ടായിരുന്നു. അവള്‍ അവിടെ ഏറ്റം ക്രൂരവും ഏറ്റം മോശവുമായ ഒരു സമയത്ത് നില്പുണ്ടായിരുന്നു, പുത്രനോടൊപ്പം സഹിക്കുകയായിരുന്നു അവള്‍.

മറിയം കൂരിരുട്ടില്‍ നില്ക്കുകയായിരുന്നു. അവള്‍ അവിടംവിട്ടു പോയില്ല. എല്ലാ അവസരങ്ങളിലും മൂടലനുഭവപ്പെടുന്നിടത്ത് തിരിതെളിച്ചുകൊണ്ട് നില്ക്കാന്‍ മറിയം ഉണ്ട്. അവള്‍ വിശ്വസ്തതോടെ സന്നിഹിതയായിരിക്കും.അമ്മമാരുടെ സഹനങ്ങള്‍!  മക്കളുടെ നിരവധിയായ സഹനങ്ങളെ സംവഹിച്ച ധീരയായ വനിതകളെ നമുക്കറിയാം.

പ്രത്യാശയുടെ അമ്മയായ മറിയത്തെ നമ്മള്‍ സഭയുടെ ആദ്യനാളില്‍ ബലഹീനരായ ആ ശിഷ്യരുടെ മദ്ധ്യേ വീണ്ടും കണ്ടുമുട്ടുന്നു. ഈ ശിഷ്യരില്‍ ഒരുവന്‍ യേശുവിനെ തള്ളിപ്പറഞ്ഞു. അനേകര്‍ പലായനം ചെയ്തു. എല്ലാവരെയും ഭയം ഗ്രസിച്ചിരുന്നു. എന്നാല്‍ മറിയം അവിടെ ഏറ്റം സാധാരണമായരീതിയില്‍ എല്ലാം സ്വാഭാവികം എന്നപോലെ, ഉത്ഥാനവെളിച്ചത്താല്‍ പ്രശോഭിതവും ലോകത്തില്‍ ആദ്യചുവടുകള്‍ വയ്ക്കുന്നതിലുള്ള വിറയല്‍ അനുഭവപ്പെടുന്നതുമായ പ്രഥമ സഭയില്‍ നില്ക്കുകയായിരുന്നു.

അതുകൊണ്ടാണ് നാമെല്ലാവരും അവളെ അമ്മയെന്നു വിളിക്കുന്നത്. നാം അനാഥരാണ്. എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ നമുക്കൊരമ്മയുണ്ട്. അവളാണ് ദൈവത്തിന്‍റെ പരിശുദ്ധ അമ്മ. അവള്‍ നമ്മെ ഒന്നിനും അര്‍ത്ഥമില്ല എന്നു തോന്നുന്ന അവസ്ഥയിലും പ്രത്യാശപുലര്‍ത്തുക എന്ന പുണ്യം അഭ്യസിപ്പിക്കുന്നു. ലോകത്തിന്‍റെ തിന്മകള്‍ മൂലം ദൈവഗ്രഹ​​ണം സംഭവിക്കുന്നു എന്നൊരു പ്രതീതിയുണ്ടാകുമ്പോഴും ദൈവത്തിന്‍റെ  രഹസ്യത്തില്‍ അവള്‍ എന്നും വിശ്വാസമര്‍പ്പിക്കുന്നു. യേശു നമുക്ക് അമ്മയായി സമ്മാനിച്ച മറിയം, നമ്മുടെ ക്ലേശകരങ്ങളായ വേളകളില്‍ നമ്മുടെ ചുവടുകളെ എന്നും തുണയ്ക്കട്ടെ. എഴുന്നേല്‍ക്കൂ, മുന്നോട്ടു നോക്കൂ, ചക്രവാളത്തിലേക്കു നോക്കൂ എന്ന് നമ്മുടെ ഹൃദയത്തോടു പറയട്ടെ. എന്തെന്നാല്‍ അവള്‍ പ്രത്യാശയുടെ അമ്മയാണ്. നന്ദി.                    

 പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

പോര്‍ച്ചുഗീസ് ഭാഷാക്കാരെ സംബോധന ചെയ്യവെ പാപ്പാ താന്‍ വെള്ളി, ശനി (12-13/05/17) ദിനങ്ങളില്‍ പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ പരിശുദ്ധ കന്യകാമറിയം ഇടയക്കുട്ടികള്‍ക്ക് പ്രത്യക്ഷയായതിന്‍റെ ഒന്നാം ശതാബിദിയോടനുബന്ധിച്ച്, ഇടയസന്ദര്‍ശനം നടത്താന്‍ പോകുന്നതിനെക്കുറിച്ചു സൂചിപ്പിച്ചു.

നരകുലത്തിന്‍റെ ഭൗമികവും അഭൗമികവുമായ ഭാഗധേയങ്ങളെ പരിശുദ്ധ കന്യകയ്ക്ക് സമര്‍പ്പിക്കുന്നതിനും സ്വര്‍ഗ്ഗീയാനുഗ്രഹങ്ങള്‍ യാചിക്കുന്നതിനും വേണ്ടിയാണ് താന്‍ തീര്‍ത്ഥാടകനായി അവിടെ എത്തുകയെന്ന് പാപ്പാ പറഞ്ഞു.

ക്രൈസ്തവൈക്യത്തിനായുള്ള പൊന്തിഫിക്കല്‍ സമിതി ആതിഥ്യമരുളിയിരിക്കുന്ന റഷ്യന്‍ ഓര്‍ത്തഡോക്സാ സഭാംഗങ്ങളായ യുവവൈദികരും ഈ കൂടിക്കാഴ്ചാപരിപാടിയില്‍ പങ്കെടുത്തതിനാല്‍ അവരെ അഭിവാദ്യം ചെയ്ത പാപ്പാ റഷ്യയ്ക്കും, മതാന്തരസംവാദത്തിനും പൊതുനന്മയ്ക്കുമായി യത്നിക്കുന്ന റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയ്ക്കും ദൈവാനുഗ്രഹങ്ങള്‍ ലഭിക്കുന്നതിനായി ദൈവമാതാവിന്‍റെ  മാദ്ധ്യസ്ഥ്യം അപേക്ഷിച്ചു.

പതിവുപോലെ, പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ, അനുദിനം ജപമാല ചൊല്ലി ദൈവമാതാവിനോടുള്ള ഭക്തിയില്‍ വളരാന്‍ യുവതയെ ഉപദേശിച്ചു. കുരിശുകളുടെ വേളയില്‍ മറിയത്തിന്‍റെ സാന്നിധ്യം അനുഭവിച്ചറിയാന്‍ രോഗികള്‍ക്ക്  പ്രചോദനം പകര്‍ന്ന പാപ്പാ സ്വഭവനങ്ങളില്‍ സ്നേഹവും പരസ്പരാദരവും നഷ്ടപ്പെടാതിരിക്കുന്നതിനായി പരിശുദ്ധമറിയത്തോടു പ്രാര്‍ത്ഥിക്കാന്‍ നവദമ്പതികളെ ക്ഷണിച്ചു.

തദ്ദനന്തരം ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ട കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.