2017-05-10 10:59:00

പാപ്പാ ഫ്രാന്‍സിസ് രചിച്ച ഫാത്തിമാനാഥയോടുള്ള പ്രാര്‍ത്ഥന


പാപ്പാ ഫ്രാന്‍സിസ് രചിച്ച ഫാത്തിമ മാതാവിനോടുള്ള സമര്‍പ്പണപ്രാര്‍ത്ഥന വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി.

2013-ല്‍ ആചരിച്ച വിശ്വാസവത്സരത്തോട് അനുബന്ധിച്ച് ഒക്ടോബര്‍ 13-നു കൊണ്ടാടിയ മേരിയന്‍ ദിനത്തിനുവേണ്ടി പാപ്പാ രചിക്കുകയും, അന്ന് ഉപയോഗിക്കുകയും ചെയ്തതാണ് ഈ പ്രാര്‍ത്ഥന. വിശുദ്ധ പത്രോസിന്‍റെ വത്തിക്കാനിലെ ചത്വരത്തില്‍ തിങ്ങിനിന്ന ആയിരിങ്ങള്‍ക്കൊപ്പം അര്‍പ്പിച്ച ദിവ്യബലിയുടെ സമാപനത്തില്‍ ഫാത്തിമാനാഥയുടെ തിരുസ്വരൂപത്തിനു മുന്നിലായിരുന്നു പാപ്പാ ജനങ്ങള്‍ക്കൊപ്പം ഫാത്തിമനാഥയുടെ സമര്‍പ്പണ പ്രാര്‍ത്ഥന ഉരുവിട്ടത്.

ഫാത്തിമ ദര്‍ശനത്തിന്‍റെ ശത്ബ്ദിയോടു ചേര്‍ന്ന് മെയ് 12, 13 വെള്ളി, ശനി ദിവസങ്ങളില്‍ നടക്കാന്‍പോകുന്ന അപ്പസ്തോലിക സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് അതേ പ്രാര്‍ത്ഥന വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയിയിരിക്കുന്നത്. ഈ പ്രാര്‍ത്ഥന ഫാത്തിമയില്‍ പാപ്പാ ഉപയോഗിക്കുമെന്നതില്‍ സംശയമില്ല.

പാപ്പാ ഫ്രാന്‍സിസ് രചിച്ച ഫാത്തിമയിലെ കന്യകാനാഥയോടുള്ള സമര്‍പ്പണപ്രാര്‍ത്ഥന  :

ഫാത്തിമ മാതാവേ, അങ്ങേ മാതൃസാന്നിദ്ധ്യത്തിന് ഹൃദയപൂര്‍വ്വം നന്ദിപറഞ്ഞുകൊണ്ട് സകല ജനതകളോടുംചേര്‍ന്ന് ഞങ്ങളും അങ്ങയെ അനുഗൃഹീതയെന്ന് വിളിക്കുന്നു.

തിന്മ നിറഞ്ഞതും പാപത്താല്‍ മുറിപ്പെട്ടതുമായ ലോകത്തെ സൗഖ്യപ്പെടുത്താനും രക്ഷിക്കാനും അങ്ങേ കാരുണ്യം കലവറയില്ലാതെ ചൊരിയുന്നതിന്   അങ്ങില്‍ നിവര്‍ത്തിതമായ ദൈവികപദ്ധതികള്‍ ഞങ്ങള്‍ ഇന്നേദിവസം പ്രകീര്‍ത്തിക്കുന്നു.

പ്രിയമുള്ള ഫാത്തിമനാഥയുടെ സന്നിധിയില്‍ ഞങ്ങളുടെ വിശ്വാസപ്രകരണങ്ങള്‍ സമര്‍പ്പിക്കുമ്പോള്‍ അങ്ങേ മാതൃസ്നേഹത്തില്‍ അവയെല്ലാം സ്വീകരിക്കണമേ!

ഞങ്ങളുടെ ഹൃദയസ്പന്ദനങ്ങള്‍ അറിയുന്ന അങ്ങേ ദൃഷ്ടിയില്‍ വിലപ്പെട്ടവരാണ് ഞങ്ങളെന്ന ഉറപ്പുണ്ട്. അതിനാല്‍ അങ്ങേ വാത്സല്യാതിരേകവും, സ്വാന്തനംപകരുന്ന പുഞ്ചിരിയും ഞങ്ങളില്‍ ചൊരിയണമേ!

എളിയവരായ ഞങ്ങള്‍ അങ്ങേ മാതൃകരങ്ങളില്‍ സമര്‍പ്പിക്കുന്ന ആഗ്രഹങ്ങള്‍ നന്മയായി മാറ്റണമേ!  വിശ്വാസത്തെ പുനര്‍ജീവിപ്പിക്കണമേ, പ്രത്യാശയെ ബലപ്പെടുത്തണമേ. ഞങ്ങളെ സ്നേഹത്തില്‍ ഉണര്‍വ്വുള്ളവരും ശ്രദ്ധയുള്ളവരുമാക്കണമേ. അങ്ങനെ വിശുദ്ധിയുടെ പാതയില്‍ ഞങ്ങളെ നയിക്കണമേ!

പാവങ്ങളോടും എളിയവരോടും  അങ്ങേയ്ക്കുള്ള സവിശേഷമായ സ്നേഹം ഞങ്ങളെയും പഠിപ്പിക്കണമേ! പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും പീഡിതരെയും, പാപികളെയും നിരാശയില്‍ കഴിയുന്നവരെയുമെല്ലാം അങ്ങേ സംരക്ഷണയില്‍ സ്വീകരിച്ച്, ദിവ്യസുതനും ഞങ്ങളുടെ കര്‍ത്താവുമായ യേശുവിന്‍റെ സന്നിധി ചേര്‍ക്കണമേ! ആമേന്‍.








All the contents on this site are copyrighted ©.