2017-05-10 18:11:00

അപ്പസ്തോലിക സന്ദര്‍ശനത്തോടെ പൂര്‍ത്തിയാകുന്ന ഫാത്തിമ ദര്‍ശനശതാബ്ദി


1917 മെയ് 13-നാണ് കന്യകാനാഥ പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ മൂന്ന് ഇടയക്കുട്ടികള്‍ക്ക് ആദ്യമായി പ്രത്യക്ഷപ്പെട്ട് സന്ദേശം നില്കിയത്. പാപ്പായുടെ സന്ദര്‍ശനത്തെക്കുറിച്ച് ഫാത്തിമയുടെ മെത്രാന്‍റെ ഭാഷ്യം :

പാപ്പാ ഫ്രാന്‍സിസ് നടത്തുന്ന ഫാത്തിമ അപ്പസ്തോലിക സന്ദര്‍ശനത്തിന് ഏറെ പ്രസക്തിയുണ്ടന്ന് ഫാത്തിമ രൂപതയുടെ മെത്രാന്‍, ബിഷപ്പ് അന്തോണിയോ സാന്തോസ് മാര്‍ത്തോ പ്രസ്താവിച്ചു.  മെയ് 10-Ɔ൦ തിയതി ബുധനാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ പ്രസ്താവനയിലാണ് ഫാത്തിമായില്‍ കന്യകാനാഥ ഇടയക്കുട്ടികള്‍ക്കു പ്രത്യക്ഷപ്പെട്ടതിന്‍റെ ശതാബ്ദി ആഘോഷത്തെക്കുറിച്ചും പാപ്പായുടെ സന്ദര്‍ശനത്തെക്കുറിച്ചും സ്ഥലത്തെ മെത്രാന്‍, ബിഷപ്പ് മാര്‍ത്തോ ഇങ്ങനെ പ്രസ്താവിച്ചത്.

കന്യകാനാഥ നല്കിയ ദര്‍ശനത്തില്‍ ആഗോള സഭാതലവനായ പാപ്പായും  ഉള്‍പ്പെട്ടിരിക്കുന്നു. അതിനാല്‍ പോര്‍ച്ചുഗലില്‍ ആഘോഷിക്കുന്ന കന്യകാനാഥയുടെ പ്രഥമ ദര്‍ശനത്തിന്‍റെ  100-Ɔ൦ വാര്‍ഷികം ഉച്ചസ്ഥായിയിലെത്തുന്നത് മെയ് 12, 13 വെള്ളി ശനി ദിവസങ്ങളില്‍ പാപ്പാ ഫ്രാന്‍സിസ് തിരുസന്നിധാനത്തില്‍ എത്തുമ്പോഴാണെന്ന് ബിഷപ്പ് മാര്‍ത്തോ വ്യക്തമാക്കി. കന്യകാനാഥയുടെ ദര്‍ശനഭാഗ്യമുണ്ടായ ഇടയക്കുട്ടികളായ ഫ്രാന്‍സിസ്, ജസീന്ത എന്നിവരെ മെയ് 13-Ɔ൦ തിയതി, കന്യകാനാഥയുടെ പ്രഥമ ദര്‍ശനനാളില്‍ ഫാത്തിമ രാജ്യാന്തര തീര്‍ത്ഥാടനകേന്ദ്രത്തില്‍വച്ച് വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തുന്നതും ഒരു നൂറ്റാണ്ടു പിന്നിട്ട ഫാത്തിമ ദര്‍ശന സന്ദേശം ലോകവുമായി കണ്ണചേര്‍ക്കുന്ന ആനന്ദമുഹൂര്‍ത്തമാണെന്ന് ബിഷപ്പ് മാര്‍ത്തോ പ്രസ്താവനയില്‍ വിശേഷിപ്പിച്ചു.

ഫാത്തിമാ ദര്‍ശനത്തിലൂടെ കന്യകാനാഥ ലോകത്തിനു നല്കിയ പ്രാര്‍ത്ഥനയുടെയും അനുതാപത്തിന്‍റെയും പ്രായശ്ചത്തത്തിന്‍റെയും സന്ദേശമാണ് ഈ ജൂബിലിനാളിലെ അപ്പസ്തോലിക സന്ദര്‍ശനത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. അതുപോലെ ദിവ്യജനനിയുടെ ദര്‍ശന സന്നിധിയിലെത്തുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരുടെ ഒത്തുചേരലിലും യാഥാര്‍ത്ഥ്യമാകുന്നത് ഈ സ്നേഹസുവിശേഷമാണെന്ന് ബിഷപ്പ് മാര്‍ത്തോ വിശദീകരിച്ചു.   

20-Ɔ൦ നൂറ്റാണ്ടു കണ്ട ലോകമഹായുദ്ധങ്ങളുടെയും, മനുഷ്യക്കുരുതിയുടെയും, നിര്‍ദ്ദോഷികളുടെ മരണത്തിന്‍റെയും, നിരീശ്വരവാദികളുടെയും സ്വേച്ഛാശക്തികളുടെയും കീഴില്‍ സഭ അനുഭവിച്ച പീഡനങ്ങളുടെയും കഥ ഫാത്തിമാ സന്ദേശത്തിന്‍റെ ഭാഗമായിരുന്നു. കന്യാകാനാഥ ഇവയ്ക്കെതിരെ വാഗ്ദാനംചെയ്തിട്ടുള്ളത് പ്രാര്‍ത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും വിശ്വാസികള്‍ ലോകത്തിനായി ആര്‍ജ്ജിക്കേണ്ട ദൈവകൃപയും കാരുണ്യവും സമാധാനവുമാണ്. ബിഷപ്പ് അന്തോണിയോ സാന്തോസ് മാര്‍ത്തോ വ്യക്തമാക്കി.








All the contents on this site are copyrighted ©.