2017-05-08 13:08:00

പാണ്ഡ്യത്യമല്ല കുരിശുചുമക്കാനുള്ള അറിവ് : വൈദികന്‍റെ യോഗ്യത


ജീവിതമാതൃകാരഹിതമായ വചനങ്ങള്‍ ഫലശൂന്യങ്ങളായിരിക്കുമെന്ന് മാര്‍പ്പാപ്പാ.

54-Ͻ൦ ആഗോള ദൈവവിളി പ്രാര്‍ത്ഥനാദിനവും “ നല്ലിടയന്‍റെ ഞായറും” ആയിരുന്ന ഏഴാം തിയതി ഞായറാഴ്ച (07/05/17) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയില്‍ വച്ച് വിവിധരാജ്യക്കാരായിരുന്ന 10 ശെമ്മാശന്മാര്‍ക്ക്   വൈദികപട്ടം നല്കിയ ഫ്രാന്‍സീസ് പാപ്പാ ആ തിരുക്കര്‍മ്മവേളയില്‍ സുവിശേഷപ്രഭാഷണം നടത്തുകയായിരുന്നു.

വൈദികര്‍ക്കുണ്ടായിരിക്കേണ്ട ലാളിത്യം, കാരുണ്യം തുടങ്ങിയവയെക്കുറിച്ച് നവവൈദികരെ ഓര്‍മ്മിപ്പിച്ച പാപ്പാ തങ്ങള്‍ സസന്തോഷം സ്വീകരിച്ച ദൈവവചനം പകര്‍ന്നുകൊടുക്കാന്‍ അവരെ ഉപദേശിച്ചു.

കര്‍ത്താവിന്‍റെ വചനം തീക്ഷ്ണതയോടെ വായിക്കുകയും മനനംചെയ്യുകയും വായിച്ചവയില്‍ വിശ്വസിക്കുകയും, വിശ്വാസത്തില്‍ സ്വീകരിച്ചവ പഠിപ്പിക്കുകയും പഠിപ്പിച്ചവ ജീവിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞു.

ദൈവവചനം ലളിതമായി പങ്കുവയ്ക്കേണ്ടതിന്‍റെ പ്രാധാന്യവും പാപ്പാ എടുത്തുകാട്ടി. കര്‍ത്താവ് സംസാരിച്ചിരുന്നതു പോലെ ഹൃദയത്തില്‍ പ്രവേശിക്കുംവിധം ലളിതമായിരിക്കണം സുവിശേഷപ്രഭാഷണമെന്നും ഹൃദയത്തോടായിരിക്കണം സംസാരിക്കേണ്ടതെന്നും ഉദ്ബോധിപ്പിച്ചു.

അതിബൗദ്ധികവും സങ്കീര്‍ണ്ണവുമായിരിക്കരുത് വചനസമീക്ഷയെന്നും ഓര്‍മ്മിപ്പിച്ച പാപ്പാ, ലളിതമായ വചനവിശകലനം യഥാര്‍ത്ഥ പോഷണമായിരിക്കുമെന്നു കൂട്ടിച്ചേര്‍ത്തു.

വൈദികരുടെ ജീവിതത്തിന്‍റെ പരിമളം വിശ്വാസികള്‍ക്ക് ആനന്ദവും താങ്ങും ആകട്ടെയെന്ന് ആശംസിച്ച പാപ്പാ മാതൃകയാകാത്ത ജിവിതംകൊണ്ട് പ്രയോജനമില്ലെന്നും രണ്ടു വഞ്ചിയില്‍ കാലുവച്ചുകൊണ്ടുള്ള ജീവിതം സഭയില്‍ ദൗര്‍ഭാഗ്യകരമായ ഒരു വ്യാഥിയായി മാറിയിരിക്കയാണെന്നും പറഞ്ഞു.

ദൈവവിജ്ഞാനിയത്തില്‍ അഗാധപാണ്ഡ്യത്യവും നിരവധി ബിരുദങ്ങളും ഉണ്ടെങ്കിലും ക്രിസ്തുവിന്‍റെ കുരിശുചുമക്കാന്‍ അറിയില്ലെങ്കില്‍ ആ വൈദികനെക്കൊണ്ട് ഒരു കാര്യവുമില്ലയെന്നും അദ്ദേഹം നല്ലൊരു പണ്ഡിതനായിരിക്കും, അദ്ധ്യാപകനായിരിക്കും പക്ഷെ നല്ലൊരു വൈദികനായിരിക്കില്ല എന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

വഹിക്കാന്‍ കഴിയാത്തത്ര ഭാരം വിശ്വാസികളുടെ ചുമലിലും തങ്ങളുടെ ചുമലിലും ഏറ്റരുതെന്ന് നവവൈദികരെ ഓര്‍മ്മിപ്പിച്ച പാപ്പാ എന്നും കാരുണ്യമുള്ളവരായിരിക്കാനും ശുശ്രൂഷിക്കപ്പെടാനല്ല ശുശ്രൂഷിക്കാന്‍ വന്ന നല്ലിടയന്‍റെ  മാതൃക എന്നും കണ്‍മുന്നില്‍ സൂക്ഷിക്കണമെന്നും  യജമാനന്മാരല്ല, സര്‍ക്കാരുദ്യോഗസ്ഥരുമല്ല, പ്രത്യുത, ദൈവജനത്തിന്‍റെ ഇടയന്മാര്‍ ആയിരിക്കണമെന്നും ഉദ്ബോധിപ്പിച്ചു.

 








All the contents on this site are copyrighted ©.