2017-05-08 15:11:00

''നാം യേശുവിനാല്‍ സ്നേഹിക്കപ്പെടുന്നവര്‍'': പാപ്പായുടെ ത്രികാലജപസന്ദേശം


മെയ് ഏഴാംതീയതി ഉയിര്‍പ്പുകാലം നാലാം ഞായറാഴ്ച, നല്ലിടയനായ യേശുവിന്‍റെ തിരുനാളില്‍, ഡീക്കന്‍മാരായ പത്തുപേര്‍ക്കു വൈദികപട്ടം നല്‍കുന്ന തിരുക്കര്‍മത്തില്‍ മുഖ്യകാര്‍മികത്വം വഹിച്ച ശേഷമാണ് ഫ്രാന്‍സീസ് പാപ്പാ ത്രികാലജപത്തോടനുബന്ധിച്ച് സന്ദേശവും ആശീര്‍വാദവും നല്‍കുന്നതിനായി വത്തിക്കാന്‍ അരമനകെട്ടിടസമുച്ചയത്തിലെ പതിവു ജാലകത്തിങ്കല്‍ അണഞ്ഞത്. പട്ടം സ്വീകരിച്ച നവവൈദികരില്‍ നാലുപേര്‍ പാപ്പായോടൊത്ത് ജാലകത്തിങ്കല്‍ സന്നിഹിതരായിരുന്നു.

ഏതാണ്ട് 25000 പേരാണ് വത്തിക്കാന്‍ അങ്കണ ത്തില്‍, ഈ ഞായറാഴ്ചയില്‍ സന്നിഹിതരായിരുന്നത്. നല്ലിടയനായ യേശുവിന്‍റെ ഓര്‍മ കൊണ്ടാടു ന്ന ഞായറാഴ്ചയിലെ വായന, യോഹന്നാന്‍റെ സുവിശേഷത്തില്‍ നിന്നു നല്ലിടയനെക്കുറിച്ച് യേശു നല്‍കുന്ന പ്രബോധനം വിവരിക്കുന്ന ഭാഗമായിരുന്നു (10,1-10). സുവിശേഷത്തില്‍ നിന്ന് ‘ഇ‌ടയന്‍’, ‘വാതില്‍’ എന്നീ രണ്ടു പ്രതീകങ്ങളെ പ്രത്യേകമായി വ്യാഖ്യാനിച്ചുകൊണ്ട് പാപ്പാ നല്‍കിയ സന്ദേശത്തിന്‍റെ പരിഭാഷ താഴെച്ചേര്‍ക്കുന്നു.

പ്രിയ സഹോദരീസഹോദന്മാരെ സുപ്രഭാതം,

ഈ ഞായറാഴ്ചയിലെ, നല്ലിടയന്‍റെ ഈ ഞായറാഴ്ചയിലെ, സുവിശേഷവായനയില്‍ യേശു പരസ്പരപൂരകമായ രണ്ടു പ്രതീകങ്ങളിലൂടെ, അതായത്, 'ഇടയന്‍', 'വാതില്‍' എന്നീ പ്രതീകങ്ങളിലൂടെയാണ് തന്നെത്തന്നെ അവതരിപ്പിക്കുന്നത്. അജഗണത്തിന് - അതു നമ്മള്‍ത്തന്നെയാണ് - ഒരു തൊഴു ത്തുണ്ട്. വസിക്കാനും ഓരോദിവസത്തെയും നടത്തത്തിന്‍റെ ക്ഷീണം തീര്‍ത്തു വിശ്രമിക്കാനുമുള്ള ആ തൊഴുത്ത് ഒരു അഭയസ്ഥാനമാണ്.  തൊഴുത്തിന് വേലിയും ഒരു വാതിലുമുണ്ട്, വാതില്‍ക്കല്‍ കാ വല്‍ക്കാരനും. ആടുകളെ വിവിധ ആള്‍ക്കാര്‍ സമീപിക്കും. വാതിലിലൂടെ പ്രവേശിക്കുന്നവരുണ്ട്, മറ്റു വഴിയിലൂടെ പ്രവേശിക്കുന്നവരുമുണ്ട്. വാതിലിലൂടെ പ്രവേശിക്കുന്നവന്‍ ഇടയനാണെങ്കില്‍, മറ്റു വഴിയിലൂടെ പ്രവേശിക്കുന്നത് അപരിചിതനാണ്, ആടുകളെ സ്നേഹിക്കാത്തവനും, മറ്റു ലക്ഷ്യങ്ങളോടെ അവിടെ പ്രവേശിക്കുന്നവനുമാണ് (വാ. 1). വാതിലിലൂടെ പ്രവേശിക്കുന്നവനോടു യേശു തന്നെ തുല്യനാക്കുകയാണ്.  ആടുകളുമായുള്ള പരിചയവും ബന്ധവും തന്‍റെ സ്വരത്തിലൂടെയും, അവയെ പേരുചൊല്ലി വിളിക്കുന്നതിലൂടെയും സ്വരം തിരിച്ചറിഞ്ഞ് അവ അനുഗമിക്കുന്നു എന്ന വിശദീകരണത്തിലൂടെയും പ്രകടമാക്കുന്നു (വാ. 3) അവന്‍ അവയെ പുറത്തേക്ക്, നല്ല പോഷണം കണ്ടെത്തുന്ന പച്ചയായ മേച്ചില്‍സ്ഥലത്തേയ്ക്ക് നയിക്കുന്നവനാണ്.

രണ്ടാമത്തെ പ്രതീകത്തില്‍ യേശു തന്നെത്തന്നെ ആടുകളുടെ വാതിലായി അവതരിപ്പിക്കുന്നു (വാ. 7).  വാസ്തവത്തില്‍ യേശു പറയുന്നതിതാണ്. ഞാനാണു വാതില്‍, എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷ പ്രാപിക്കും (വാ. 9). അതായത്, അവനു ജീവന്‍ ലഭിക്കും അതു സമൃദ്ധമായി ലഭിക്കും.  ക്രിസ്തു, നല്ലിടയന്‍, മാനവകുലത്തിന്‍റെ രക്ഷയുടെ വാതിലായിത്തീരുകയാണ്, എന്തെന്നാല്‍, അവിടുന്നു അവ യ്ക്കുവേണ്ടി ജീവന്‍ ബലികഴിച്ചു.

ക്രിസ്തു, ആടുകളുടെ നല്ല ഇടയനും വാതിലും ആണ്.  അവിടുന്ന് തലവനാണെങ്കിലും അവിടുത്തെ അധികാരം ശുശ്രൂഷയിലാണ്.  ജീവന്‍ നല്‍കാന്‍ ആജ്ഞാപിക്കുന്ന നേതാവല്ല, മറ്റുള്ളവര്‍ക്കുവേണ്ടി സ്വയം ജീവനര്‍പ്പിക്കുന്ന നേതാവാണവിടുന്ന്. അങ്ങനെയുള്ള ഒരു നേതാവിലേ വിശ്വാസമര്‍പ്പിക്കാനാവൂ.  ഇടയന്‍റെ സ്വരം ശ്രവിക്കുന്ന ആടുകളെപ്പോലെ, എന്തെന്നാല്‍, അവര്‍ക്കറിയാം, ഇടയന്‍, നല്ല മേച്ചില്‍പ്പുറങ്ങളിലേക്ക്, സമൃദ്ധമായ പച്ചപ്പുല്‍ത്തകിടിയിലേക്ക് തങ്ങളെ കൊണ്ടുപോകുമെന്ന്..  ഒരടയാളം മാത്രംമതി, ഒരു വിളിമാത്രം മതി ആടുകള്‍ അവനെ പിഞ്ചെല്ലും, അനുസരിക്കും, ഒരുമിച്ചു നടക്കുകയും തന്‍റെ സ്വരത്താല്‍ നയിക്കുകയും ചെയ്യുന്ന അവന്‍റെ സാന്നിധ്യം സൗഹൃദവും ബലവുമേകുന്നതും ഒപ്പം മാധുര്യസംദായകവുമാണ്; അവിടെ നിര്‍ദേശമുണ്ട്, സംരക്ഷണമുണ്ട്, സാന്ത്വനമുണ്ട്, ശുശ്രൂഷയുണ്ട്.

അങ്ങനെയാണ് ക്രിസ്തു നമുക്ക്.  ഇവിടെ ഒരു തലം, നമ്മുടെ ക്രൈസ്തവാധ്യാത്മികാനുഭവത്തില്‍ വിട്ടുകളയാറുള്ള ഒരു തലം ഉണ്ട്. വാത്സല്യംനിറഞ്ഞ ആത്മീയതയുടെയാണത്.  ആടുകള്‍ക്ക് ഇടയ നോടുതോന്നുന്ന ആ പ്രത്യേക ബന്ധത്തിന്‍റെ വൈകാരികതലം.  വിശ്വാസത്തെ കൂടുതല്‍ ബൗദ്ധികതലത്തിലേയ്ക്കുയര്‍ത്തി, നല്ലിടയനായ യേശുവിന്‍റെ പ്രചോദിപ്പിക്കുകയും ആകര്‍ഷിക്കുകയും ചെയ്യുന്ന സ്വരം ശ്രവിക്കുന്ന അനുഭവത്തെ നഷ്ടപ്പെടുത്തുകയാണ് നാം.  എമ്മാവൂസിലേക്കു പോയ ശിഷ്യന്മാര്‍ വഴിയില്‍വച്ച്, ഉയിര്‍ത്തെഴുന്നേറ്റവന്‍റെ സ്വരം കേട്ടപ്പോള്‍ അവരുടെ ഹൃദയങ്ങള്‍ ജ്വലിച്ചു. എന്തൊരതിശയകരമായ അനുഭവമാണ്, യേശുവിനാല്‍ സ്നേഹിക്കപ്പെടുന്നുവെന്നത്!

ഇതു പറഞ്ഞശേഷം വിശ്വാസികളോട് ഇങ്ങനെ ആവശ്യപ്പെട്ടു: ഈ ചോദ്യം നിങ്ങളോടുതന്നെ ചോദിക്കുവിന്‍, യേശുവിനാല്‍ സ്നേഹിക്കപ്പെടുന്നുവെന്നു എനിക്കനുഭവിക്കാനാകുന്നുണ്ടോ? യേശുവിനാല്‍ സ്നേഹിക്കപ്പെടുന്നുവെന്നു എനിക്കനുഭവിക്കാനാകുന്നുണ്ടോ?

പാപ്പാ തുടര്‍ന്നു:  അവിടുത്തേയ്ക്കു നമ്മള്‍ ഒരിക്കലും അപരിചിതരല്ല, മറിച്ച് കൂട്ടുകാരും സഹോദരരുമാണ്. എന്നിരുന്നാലും നല്ലിടയന്‍റെ സ്വരം തിരിച്ചറിയുക എപ്പോഴും എളുപ്പമല്ല.  അതുകൊണ്ട് ശ്രദ്ധയോടെയിരിക്കുവിന്‍. മറ്റനവധി സ്വരങ്ങളാല്‍ ശ്രദ്ധ നഷ്ടപ്പെട്ടുപോകാനുള്ള സാഹചര്യങ്ങളേറെയാണ്. ലോകത്തിന്‍റെ വ്യാജവിജ്ഞാനത്താല്‍ പതറിയ ചിന്തകളിലായിരിക്കാതെ, നമ്മുടെ ജീവിത ങ്ങള്‍ക്ക് അര്‍ഥം നല്‍കുന്നവനും ഏക വഴികാട്ടിയുമായ ഉത്ഥിതനെ അനുഗമിക്കാന്‍ ഇന്നു നാം വിളിക്കപ്പെടുന്നു.

ദൈവവിളിക്കുവേണ്ടി, പ്രത്യേകിച്ച് വൈദികര്‍ക്കുവേണ്ടി, നല്ലിടയരെ കര്‍ത്താവു അയയ്ക്കുന്നതിനു വേണ്ടി ഉള്ള ആഗോള പ്രാര്‍ഥനാദിനമായി ആചരിക്കുന്ന ഇന്ന്, ഈ, കുറച്ചുമുമ്പ് ഞാന്‍ പട്ടം നല്‍കിയ പത്തു നവവൈദികരോടുകൂടി എപ്പോഴും ഉണ്ടായിരിക്കണമെയെന്ന് കന്യകാമറിയത്തോട്, നമുക്കു യാചിക്കാം. റോമാരൂപതയ്ക്കുവേണ്ടിയുള്ള അവരില്‍ നാലുപേരോട് എന്നോടൊത്ത് ആ ശീര്‍വാദം നല്‍കുന്നതിനു ഞാന്‍ ആവശ്യപ്പെട്ടു.  കര്‍ത്താവു വിളിച്ചവരെയെല്ലാം, അവര്‍ അവന്‍റെ സ്വരം കേട്ട് അനുഗമിക്കുന്നതിന് തയ്യാറുള്ളവരും ഔദാര്യമുള്ളവരുമാകുന്നതിന് പരിശുദ്ധ കന്യക സഹായിച്ചു സംരക്ഷിക്കട്ടെ.

ഇതിനുശേഷം പാപ്പാ സ്വര്‍ലോകരാജ്ഞി എന്ന ത്രികാലജപം ചൊല്ലുകയും പാപ്പായോടുത്തുണ്ടായി രുന്ന നവവൈദികരോടൊത്ത് ആശീര്‍വാദം നല്‍കുകയും ചെയ്തു.  








All the contents on this site are copyrighted ©.