2017-05-08 13:16:00

ക്രൈസ്തവ, വൈദിക, അജപാലന, സാംസ്കാരിക, ജീവിതത്തില്‍ മുന്നേറുക


തങ്ങളുടെ ക്രൈസ്തവ, വൈദിക, അജപാലന, സാംസ്കാരിക, ജീവിതത്തില്‍ അക്ഷീണം മുന്നേറാന്‍ വിളിക്കപ്പെട്ടവരാണ് വൈദികരെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മപ്പെടുത്തുന്നു.

റോമില്‍ ഉന്നതപഠനം നടത്തുന്ന, പ്രധാനമായും, പോര്‍ച്ചുഗീസുകാരായ വൈദികര്‍ വസിക്കുന്ന, പൊന്തിഫിക്കല്‍ പോര്‍ച്ചുഗീസ് കോളേജില്‍ നിന്നുള്ള 50 പേരടങ്ങിയ സംഘത്തെ തിങ്കളാഴ്ച (08/05/17) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഉന്നതപരിശീലനം നേടുന്നത് ഏതു വിഷയത്തിലായിരുന്നാലും ശരി, മുന്‍ഗണന എന്നും പൗരോഹിത്യസമര്‍പ്പണത്തിന്‍റെ സരണിയിലുള്ള മുന്നേറ്റത്തിനായിരിക്കണം എന്ന് പാപ്പാ വ്യക്തമാക്കി.

ഈ വളര്‍ച്ച ദൈവത്തിന്‍റെ സ്നേഹാനുഭവത്തിലൂടെ ആയിരിക്കണമെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ ഫ്രാന്‍സിസ്കൊ, ജസീന്ത, ലൂസിയ എന്നീ ഇടയക്കുട്ടികള്‍ക്ക് പരിശുദ്ധ കന്യക പ്രത്യക്ഷപ്പെട്ടതിന്‍റെ ഒന്നാം ശതാബ്ദിയോടനുബന്ധിച്ച് ഈ വരുന്ന 12,13 തിയതികളില്‍ ഫാത്തിമാനാഥയുടെ തീര്‍ത്ഥാടനകേന്ദ്രം താന്‍ സന്ദര്‍ശിക്കുന്നതും പാപ്പാ അനുസ്മരിക്കുകയും വിശ്വസ്ഥനും സമീപസ്ഥനുമായ ഒരു ദൈവത്തിന്‍റെ അനുഭവം ഈ ഇടയക്കുട്ടികള്‍ക്കുണ്ടായിയെന്നും ഇത്തരമൊരു സ്നേഹാനുഭവത്തിലൂടെയാണ് വൈദികര്‍ അവരുടെ സമര്‍പ്പണത്തില്‍ വളരേണ്ടതെന്നും വിശദീകരിക്കുകയും ചെയ്തു.








All the contents on this site are copyrighted ©.