2017-05-06 12:36:00

സ്വിസ് കാവല്‍ഭടന്മാര്‍: വിശ്വാസത്തെ സേവിക്കാന്‍ വിളിക്കപ്പെട്ടവര്‍


ലോകത്തിന്‍റെ നിരവധിയായ ശക്തികള്‍ക്കെതിരെയുള്ള യഥാര്‍ത്ഥ പ്രതിരോധമായ     വിശ്വാസ ശക്തിയെ സേവിക്കാന്‍ വത്തിക്കാനിലെ സ്വിസ് കാവല്‍ഭടന്മാര്‍ ഇന്ന് വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

1527 മെയ് 6ന് റോം കവര്‍ച്ചചെയ്യപ്പെട്ട അവസരത്തില്‍ ജീവന്‍ ബലിയായ് നല്കി മാര്‍പ്പാപ്പായക്ക് സംരക്ഷണമുറപ്പാക്കിയ സ്വിസ് കാവല്‍ഭടന്മാരെ അനുസ്മരിച്ച ഈ ശനിയാഴ്ച ( 06/05/17) വത്തിക്കാനില്‍ സ്വിസ് കാവല്‍ സേനാംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഇന്ന് പാപ്പായ്ക്ക് സംരക്ഷണമേകുന്നതിന് ജീവന്‍ വിലയായി നല്കുകയെന്ന വീരോചിത കൃത്യത്തിന്‍റെ ആവശ്യമില്ലെങ്കിലും അതില്‍ നിന്ന് ഒട്ടും കുറവല്ലാത്ത മറ്റൊരു ത്യാഗപ്രവൃത്തി ചെയ്യാന്‍, അതായത്, വിശ്വാസത്തിന്‍റെ ശക്തിക്ക് സേവനം ചെയ്യാന്‍ അവര്‍ വിളിക്കപ്പെട്ടിരിക്കയാണെന്ന് പാപ്പാ വിശദീകരിച്ചു.

ഈ ലോകത്തിന്‍റെ അധിപന്‍, നുണകളുടെ പിതാവ് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചു ചുറ്റിനടക്കുകയാണെന്ന് വേദപുസ്തകത്തില്‍നിന്ന് ഉദ്ധരിച്ചുകൊണ്ട് പാപ്പാ വിശ്വാസത്തിന്‍റെ ശക്തിയുടെ ആവശ്യകത എടുത്തുകാട്ടി.

യേശുവിലുള്ള വിശ്വാസത്താലും രക്ഷയുടെ വചനത്താലും താങ്ങിനിറുത്തപ്പെട്ട് ശക്തരും ശൂരന്മാരും ആയിരിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് സ്വിസ് ഭടന്മാരെ ഓര്‍മ്മിപ്പിച്ച പാപ്പാ വത്തിക്കാനില്‍ അവരേകുന്ന സുപ്രധാന സേവനം ക്രിസ്തുവിന്‍റെ  ധീര പോരാളികളായി വളരാനുള്ള ഒരവസരമാണെന്ന് കൂട്ടിച്ചേര്‍ത്തു.








All the contents on this site are copyrighted ©.