2017-05-06 08:10:00

''കുരിശിന്‍റെ വഴിയാണ് ഉത്ഥാനത്തിലേക്കുള്ളത്'': ഫ്രാന്‍സീസ് പാപ്പാ


മെയ് 5, വെള്ളിയാഴ്ച സാന്താമാര്‍ത്താ കപ്പേളയിലര്‍പ്പിച്ച ദിവ്യബലിമധ്യേ നല്‍കിയ വചനസന്ദേശം യേശു വരച്ചിട്ട കുരിശിന്‍റെ വഴിയുടെയും, തങ്ങളുടെ പാപങ്ങള്‍ മറച്ചുവയ്ക്കുന്നതിനു മറ്റുള്ളവരുടെ മേല്‍ കാര്‍ക്കശ്യം പുലര്‍ത്തുന്നവരുടെ വഴിയുടെയും താരതമ്യപ്പെടുത്തലും ഉത്ഥാനത്തിലേയ്ക്കുള്ള കുരിശിന്‍റെ വഴിയെ പോകുന്നതിനുള്ള ആഹ്വാനവുമായിരുന്നു. 

പാപ്പാ പറഞ്ഞു: ആദ്യമായി സാവൂളിന്‍റെ പേര് പുതിയ നിയമത്തില്‍ പ്രത്യക്ഷപ്പെടുന്നത്, സ്തേഫാനോസിനെ കല്ലെറിയുന്നതിനെക്കുറിച്ച് നടപടിഗ്രന്ഥത്തില്‍ കാണുന്ന വിവരണത്തിലാണ്.  ആദര്‍ശവാനായിരുന്നു സാവൂള്‍ നിയമ പാലനത്തില്‍ കാര്‍ക്കശ്യം പുലര്‍ത്തിയിരുന്നവനായിരുന്നു. സാധാരണയായി കാര്‍ക്കശ്യമുള്ളവര്‍ ഇരട്ടമുഖമുള്ളവരാണ്. മറ്റുള്ളവരുടെ മുമ്പില്‍ നല്ലവരായി കാണപ്പെടുമെങ്കിലും ആരും കാണാതെ മോശമായ കാര്യങ്ങള്‍ ചെയ്യുന്നവരാണ് അവര്‍.  അവരുടെ കാര്‍ക്കശ്യം തങ്ങളുടെ ബലഹീനതകളെ മറച്ചുവയ്ക്കാനുള്ള പരിശ്രമം മാത്രമാണ്. അതുപോലെ ഇന്നും സഭയില്‍ കാര്‍ക്കശ്യം പുലര്‍ത്തുന്നവരില്‍ സത്യസന്ധതയുള്ളവരും അല്ലാത്തവരുമുണ്ട്. 

എന്നാല്‍ പൗലോസ്ശ്ലീഹാ കര്‍ക്കശസ്വഭാവക്കാരനായിരുന്നുവെങ്കിലും സത്യസന്ധതയുള്ളവനായിരുന്നു. അദ്ദേഹം ക്രിസ്തുവിനെപ്രതി അവസാനംവരെ സഹിച്ചു.  തന്‍റെ അനുഭവത്തില്‍നിന്നുകൊണ്ട് സുവിശേഷത്തിനു സാക്ഷ്യം നല്‍കി.  ഒരു തരത്തില്‍പ്പറഞ്ഞാല്‍, യേശുവിന്‍റെ ജീവിതംപോലെ, പൗലോസ്ശ്ലീഹായുടെ ജീവിതവും പരാജയമായിരുന്നു. എന്നാല്‍, ഇതാണ് ക്രിസ്ത്യാനിയുടെ വഴി. യേശു വരച്ചിട്ടിരിക്കുന്ന വഴിയിലൂടെ മുന്നോട്ടുനീങ്ങുക, അത് സഹനത്തിന്‍റെയും കുരിശിന്‍റെയു മാണെങ്കിലും ഉത്ഥാനത്തിന്‍റേതാണെന്ന ഉറപ്പുണ്ട്.

ആ വഴിയേ പോവുക എന്നും പറയുന്നതു പ്രവര്‍ത്തിക്കാത്ത ഇരട്ടമുഖമുള്ള കാര്‍ക്കശ്യക്കാര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക എന്നുമുള്ള ഉപദേശത്തോടെയാണ് പാപ്പാ വചനസന്ദേശം അവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.