2017-05-03 20:23:00

ഭാരതത്തിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് ബാംഗളൂരില്‍ സ്വീകരണം


മെയ് 1-മുതല്‍ 5-വരെ തിയതികളിലാണ് ഡെല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യ-നീപ്പാള്‍ രാജ്യങ്ങളുടെ വത്തിക്കാന്‍റെ സ്ഥാനപതി (Apostolic Nuncio) ആര്‍ച്ചുബിഷപ്പ്, ജ്യംബത്തീസ്ത പ്രഥമ ബാംഗളൂര്‍ നഗരത്തിലേയ്ക്ക് സന്ദര്‍ശനം നടത്തിയത്. ബാംഗളൂറിലേയ്ക്കുള്ള അദ്ദേഹത്തിന്‍റെ ആദ്യ സന്ദര്‍ശനമാണിത്.

മെയ് 1-Ɔ൦ തിയതി തിങ്കളാഴ്ച ബാംഗളൂരില്‍ എത്തിയ നൂണ്‍ഷിയോ സുവര്‍ണ്ണജൂബിലി ആഘോഷിച്ച NBCLC – സന്ദര്‍ശിച്ചു. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ തദ്ദേശവത്ക്കരണ സന്ദേശം ഉള്‍ക്കൊള്ളാനും പ്രാവര്‍ത്തികമാക്കാനും ശ്രമിച്ച ദേശീയ ദൈവവചന-മതബോധന-ആരാധനക്രമ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അടുത്ത് കണ്ടറിയാന്‍ പരിശ്രമിച്ചു.

മെയ് 2, 3 ചൊവ്വ, ബുധനന്‍ ദിവസങ്ങളി‍ല്‍ ആര്‍ച്ചുബിഷപ്പ് ജാംബത്തീസ്ത ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി CCBI-യുടെയും, ഭാരതസഭയുടെ സംയുക്ത ദേശീയ മെത്രാന്‍ സമിതി CBCI-യുടെയും പ്രവര്‍ത്തക സമിതി യോഗങ്ങളില്‍ പങ്കെടുത്തു. അപ്പസ്തോലിക് നൂണ്‍ഷിയോയുടെ സാന്നിദ്ധ്യത്തിലുള്ള യോഗങ്ങളില്‍ മുമ്പൈ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മലങ്കര സഭയുടെ അദ്ധ്യക്ഷനും തിരുവനന്തപുരം മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ് എന്നിവര്‍ യഥാക്രമം നേതൃത്വംനല്കി.

മെയ് 4-ന് വ്യാഴാഴ്ച വൈകുന്നേരം ഭാരതത്തിലേയ്ക്കുള്ള അപ്പസ്തോലിക സ്ഥാനപതിയെ ബാംഗളൂര്‍ അതിരൂപത ഔദ്യോഗികമായി സ്വീകരിച്ച് ആദരിക്കും. വിവേക്നഗറിലുള്ള ഉണ്ണീശോയുടെ ദേശീയ തീര്‍ത്ഥാടകേന്ദ്രത്തില്‍ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ബെര്‍ണാഡ് മോറിസ് സ്വീകരിക്കും. തുടര്‍ന്ന് പ്രാദേശിയ സമയം വൈകുന്നേരം 6 മണിക്ക് സഭാപ്രതിനിധികളായ കര്‍ദ്ദിനാളന്മാരോടും മെത്രാന്മാരോടും വൈദികരോടും വിശ്വാസസമൂഹത്തോടുമൊപ്പം അദ്ദേഹം ഉണ്ണീശോയുടെ തീര്‍ത്ഥാടനകേന്ദ്രത്തിലെ പ്രധാനവേദിയില്‍ ദിവ്യബലിയര്‍പ്പിക്കും.

മെയ് 5-ന് വെള്ളിയാഴ്ച രാവിലെ ആര്‍ച്ചുബിഷപ്പ് ജാംബത്തീസ്ത ദിക്വാത്രോ ഡല്‍ഹിയിലേയ്ക്കും മടങ്ങും.

മദ്ധ്യമേരിക്കന്‍ രാജ്യമായ പനാമയില്‍ വത്തിക്കാന്‍റെ സ്ഥാനപതിയായിരുന്ന 62-കാരന്‍ ആര്‍ച്ചുബിഷപ്പ് ജാംബത്തീസ്തയെ 2017 ജനുവരിയിലാണ് പാപ്പാ ഫ്രാന്‍സിസ് ഇന്ത്യ-നീപ്പാള്‍ രാജ്യങ്ങളുടെ അപ്പസ്തോലിക സ്ഥാനപതിയായി നിയമിച്ചത്. 








All the contents on this site are copyrighted ©.