2017-05-01 13:14:00

സമാധാനവും അനുരഞ്ജനവും - പാപ്പായുടെ ത്രികാലജപസന്ദേശം


2017 ഏപ്രില്‍ 30-ന് ഫ്രാന്‍സീസ് പാപ്പാ നല്‍കിയ  മധ്യാഹ്നത്തോടെ ഉയിര്‍പ്പുകാലത്തിലെ സ്വര്‍ലോകരാജ്ഞി ആനന്ദിച്ചാലും എന്ന ത്രികാലജപത്തോടനുബന്ധിച്ചുള്ള സന്ദേശം നല്‍കി. ഹ്രസ്വമായ ഈ സന്ദേശം വെനിസ്വേല, മാസിഡോണിയ എന്നിവിടങ്ങളിലെ അക്രമപ്രവര്‍ത്തനങ്ങളില്‍, മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്ത സഹോദരങ്ങളെക്കുറിച്ചുള്ള വേദന പങ്കുവച്ചുകൊണ്ടാണ് പാപ്പാ ആരംഭിച്ചത്. സമാധാനവും അനുരഞ്ജനവും ജനാധിപത്യവും ഈ പ്രിയപ്പെട്ട രാജ്യങ്ങളില്‍ പുലരുന്നതിനുള്ള നിയോഗം പരിശുദ്ധ അമ്മയില്‍ സമര്‍പ്പിക്കുന്നതിനു പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. ലോകത്തിലെ ആനുകാലികസംഭവങ്ങളെ വിശ്വാസികളുടെ ശ്രദ്ധയില്‍ പെടുത്തിക്കൊണ്ട്, ഐക്യത്തിന്‍റെയും സമാധാനത്തിന്‍റെയും സദ്വാര്‍ത്ത പകരുന്ന ഈ സന്ദേശത്തിന്‍റെ പരിഭാഷ താഴെച്ചേര്‍ക്കുന്നു.

പ്രിയ സഹോദരീസഹോദരന്മാരെ,

വെനിസ്വേലയില്‍ നടക്കുന്ന അകമപ്രവര്‍ത്തനങ്ങള്‍ക്കുറിച്ചുള്ള - അനേകര്‍ മരിക്കുകയും മുറിവേല്‍ക്കപ്പെടുകയും തടങ്കലിലാക്കപ്പെടുകയും ചെയ്ത നാടകീയമായ അക്രമപ്രവര്‍ത്തനങ്ങളെക്കുറി ച്ചുള്ള - വാര്‍ത്തകള്‍ അവസാനിക്കുന്നില്ല.  അക്രമത്തിനിരകളായി മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേര്‍ന്നുകൊണ്ട് മരണപ്പെട്ടവരുടെ ആത്മശാന്തിക്കായി ഞാന്‍ പ്രാര്‍ഥിക്കുന്നു. വെനിസ്വേലയിലെ ഗവണ്‍മെന്‍റിനോടും ആ സമൂഹത്തിലെ എല്ലാ അംഗങ്ങളോടും, മനുഷ്യാവകാശങ്ങളെ ബഹുമാനിച്ചുകൊണ്ട്, പരിഹാരത്തിനായുള്ള കൂടിയാലോചന നടത്തി, അക്രമത്തിന്‍റെ എല്ലാ രൂപങ്ങളെയും ഉപേക്ഷിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു.

മാനവികതയുടെ, സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക മേഖലകളിലെ ഗൗരവതരമായ ഈ പ്രതിസന്ധികള്‍ ജനസംഖ്യയില്‍ പോലും കുറവുവരുത്തുന്നു. സമാധാനവും അനുരഞ്ജനവും ജനാധിപത്യവും ഈ പ്രിയപ്പെട്ട രാജ്യത്തു പുലരുന്നതിനുള്ള നിയോഗം പരിശുദ്ധകന്യകാമറിയത്തെ ഭരമേല്‍പ്പിക്കാം. മാത്രമല്ല, ഗൗരവതരമായ വിഷമഘട്ടങ്ങളിലൂടെ കടന്നുപോകുന്ന എല്ലാ രാജ്യങ്ങള്‍ക്കുവേണ്ടിയും ന മുക്കു പ്രാര്‍ഥിക്കാം. പ്രത്യേകിച്ച് മാസിഡോണിയന്‍ റിപ്പബ്ലിക്കിനെ ഈദിനങ്ങളില്‍ ഞാനോര്‍ക്കുന്നു.

ഇന്നലെ വെറോണയില്‍, തിരുക്കുടുംബത്തിന്‍റെ സഹോദരിമാര്‍ എന്ന സന്ന്യാസിനീസമൂഹത്തിന്‍റെ സ്ഥാപകയായ ലെയൊപ്പോള്‍ദീന നാവുദെത്ത് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടു. ഫ്ലോറന്‍സി ലും പിന്നീട് വിയെന്നായിലും അതിസമ്പന്നതയില്‍ വളര്‍ന്ന അവളുടെ ജീവിതം ചെറുപ്പത്തില്‍ത്തന്നെ പ്രാര്‍ഥനയ്ക്കായുള്ള ശക്തമായ വിളിയായിരുന്നു.  അതുപോലെതന്നെ വിദ്യാഭ്യാസശുശ്രൂഷയുടെയും.  ദൈവത്തിനു സമര്‍പ്പിച്ച അവള്‍ വിവിധ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയി.  വെറോണയില്‍, തിരുക്കുടുംബത്തിന്‍റെ സംരക്ഷണത്തില്‍ ഒരു പുതിയ സന്യാസിനീ സമൂഹം സ്ഥാപിച്ചു.  ഇന്നും തിരുസ്സഭയില്‍ സജീവമായ ഒരു സന്യാസീനീ സമൂഹമാണത്.  അവരുടെ സന്തോഷത്തില്‍ നമുക്കു പങ്കു ചേരാം, അവരോടു കൃതജ്ഞതയുള്ളവരായിരിക്കാം.

ഇന്ന് ഇറ്റലിയില്‍ തിരുഹൃദയത്തിന്‍റെ നാമത്തിലുള്ള കത്തോലിക്കാ യൂണിവേഴ്സിറ്റിക്കു വേണ്ടിയുള്ള ദിനമായി കൊണ്ടാടുകയാണ്.  മെച്ചപ്പെട്ട ഒരു ലോകത്തിനുവേണ്ടി യുവജനജനങ്ങളെ രൂപപ്പെടുത്തുന്ന സ്ഥാപനത്തിന്‍റെ ചുമതല തുടരുന്നതിന്, അതു പരിപോഷിപ്പിക്കുന്നതിന് ഞാന്‍ പ്രോത്സാഹിപ്പിക്കുകയാണ്.  ക്രിസ്തീയ രൂപവത്ക്കരണം ദൈവവചനത്തിലാണ് അടിസ്ഥാനമിട്ടിരിക്കുന്നത്.  ഇക്കാരണത്താല്‍, പോളണ്ടില്‍ ഇന്ന് ബൈബിള്‍ ഞായര്‍ ആചരിക്കുന്നത് അനുസ്മരിക്കുന്നതിനു ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. ഇടവകകളില്‍, സ്കൂളുകളില്‍, വാര്‍ത്താമാധ്യമങ്ങളില്‍ ഇന്ന് വി. ഗ്രന്ഥത്തില്‍ നിന്ന് ഒരുഭാഗം ഇന്ന് പരസ്യമായി അവിടെ വായിക്കപ്പെടുന്നു.  ഈ സംരംഭത്തിന് എല്ലാ നന്മയും ഞാന്‍ ആശംസിക്കുകയാണ്.

കാത്തലിക് ആക്ഷന്‍ സംഘടനയില്‍പ്പെട്ട പ്രിയ സുഹൃത്തുക്കളെ, ഈ കൂടിക്കാഴ്ചയുടെ അവസാനത്തില്‍, നിങ്ങളുടെ സാന്നിധ്യത്തിനു ഹൃദയപൂര്‍വം ഞാന്‍ നന്ദി പറയുന്നു.  നിങ്ങളിലൂടെ, ഇടവകയിലുള്ള എല്ലാ കൂട്ടായ്മകള്‍ക്കും, എല്ലാ കുടുംബങ്ങള്‍ക്കും, കുഞ്ഞുങ്ങള്‍ക്കും ബാലികാബാല ന്മാര്‍ക്കും, യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു.  മുന്നോട്ടു പോകുവിന്‍!

ഈ മരിയന്‍ പ്രാര്‍ഥനയില്‍ പങ്കുചേരാനെത്തിയ എല്ലാ തീര്‍ഥാടകര്‍ക്കും ഞാന്‍ ആശംസകളര്‍പ്പി ക്കുന്നു.  പ്രത്യേകിച്ച്, സ്പെയിന്‍, ക്രൊയേഷ്യ, ജര്‍മനി, പുവേര്‍ത്തോ റിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക്. നാമൊരുമിച്ച് മറിയത്തിന്‍റെ നേരെ തിരിയുകയാണ്.  ഞാന്‍ ഇന്നലെ പൂര്‍ത്തി യാക്കിയ ഈജിപ്തിലേക്കുള്ള അപ്പസ്തോലിക പര്യടനത്തെക്കുറിച്ച് ഞാന്‍ നന്ദി പറയുകയാണ്.  ആ ദേശത്തിന്‍റെ സമാധാനത്തിന്‍റെ ദാനങ്ങളെ, അധികാരികളെ, ക്രൈസ്തവവിശ്വാസികളെ, മുസ്ലീം സഹോദരങ്ങളെ, ശ്രേഷ്ഠമായ ആതിഥ്യമേകിയ ഈജിപ്ഷ്യന്‍ ജനതയെ മുഴുവന്‍ ദൈവം അനുഗ്രഹിക്കട്ടെയെന്നു ‍ഞാന്‍ പ്രാര്‍ഥിക്കുന്നു.

അതിനുശേഷം പാപ്പാ സ്വര്‍ലോകരാജ്ഞി എന്ന ജപം ലാറ്റിന്‍ ഭാഷയില്‍ ചൊല്ലുകയും അപ്പസ്തോലികാശീര്‍വാദം നല്‍കുകയും ചെയ്തു.  








All the contents on this site are copyrighted ©.