2017-05-01 12:55:00

സംഭാഷണവും നയകുശലതയും പ്രശ്ന പരിഹൃതിക്ക് അനിവാര്യം-പാപ്പാ


സംഘര്‍ഷങ്ങള്‍ക്കറുതിവരുത്തുന്നതിന് കൂടിയാലോചനകളുടെയും നയോപായത്തിന്‍റെയും സരണികള്‍ അവലംബിക്കേണ്ടതിന്‍റെ അനിവാര്യത മാര്‍പ്പാപ്പാ ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടുന്നു.

ഈജിപ്തിലെ ദ്വിദിന ഇടയസന്ദര്‍ശനാന്തരം ശനിയാഴ്ച(29/04/17) റോമിലേക്കുള്ള മടക്കയാത്രാവേളയില്‍ വിമാനത്തില്‍ വച്ച് മാദ്ധ്യമപ്രവര്‍ത്തകരുമായി സംഭാഷണത്തിലേര്‍പ്പെട്ട ഫ്രാന്‍സീസ് പാപ്പാ അമേരിക്കന്‍ ഐക്യനാടുകളും ഉത്തരകൊറിയയും നടത്തുന്ന നീക്കങ്ങള്‍ ഒരു യുദ്ധത്തിലേക്കാണെന്ന ആശങ്ക ഉയര്‍ന്നിരിക്കുന്നതിനെക്കുറിച്ച് റോയിട്ടര്‍ വാര്‍ത്താഏജന്‍സിയുടെ  പ്രതിനിധി ഫില്‍ പുല്ലേല്ല ഉന്നയിച്ച ചോദ്യത്തിനുത്തരം പറയുകയായിരുന്നു.

പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നയതന്ത്രപരമായ മാര്‍ഗ്ഗങ്ങള്‍ തേടണമെന്ന തന്‍റെ  ബോധ്യം ആവര്‍ത്തിച്ചു വെളിപ്പെടുത്തിയ പാപ്പാ ഇന്ന് ഒരു വന്‍യുദ്ധം നരകുലത്തിന്‍റെ നല്ലൊരു ഭാഗത്തെയും സംസ്കാരത്തെയും എന്നല്ല സകലത്തെയും നശിപ്പിക്കുകയെയുള്ളുവെന്നും ഇനിയൊരു യുദ്ധത്തെക്കൂടി നേരിടാന്‍ നരകുലത്തിന് ശക്തിയില്ലയെന്നും പാപ്പാ പറഞ്ഞു.

നയതന്ത്രപരമായ ഒരു പരിഹൃതിക്കായുള്ള യത്നത്തില്‍  ഐക്യരാഷ്ട്ര സഭയുടെ കടമയെക്കുറിച്ചു ഓര്‍മ്മിപ്പിച്ച പാപ്പാ യു എന്നിന്‍റെ നേതൃത്വം നവവീര്യം ആര്‍ജ്ജിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി.            

സമാധാനസംരക്ഷണം, ജനതയുടെ ഏകതാനത സംരക്ഷിക്കല്‍ പൗരസമത്വം സംരക്ഷിക്കല്‍ തുടങ്ങിയവയെക്കുറിച്ച് താന്‍ പറയുമ്പോള്‍ താന്‍ മൂല്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും  അപ്രകാരംതന്നെയായിരിക്കണം അവ വ്യാഖ്യാനിക്കപ്പെടേണ്ടതെന്നും അവയെ എങ്ങനെയാണ് വ്യാഖ്യാനിക്കേണ്ടതെന്ന ഒരു മാദ്ധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തോടു പാപ്പാ പ്രതികരിച്ചു.

ഈജിപ്തിന്‍റെ പ്രസിഡന്‍റ് അബ്ദ് അല്‍ ഫത്ത അല്‍ സിസിയുമായുള്ള കൂടിക്കാഴ്ചയില്‍ പരാമര്‍ശിക്കപ്പെട്ട വിഷയങ്ങളെക്കുറിച്ചുന്നയിക്കപ്പെട്ട ചോദ്യത്തിനു പാപ്പാ, രാഷ്ട്രത്തലവനുമായുള്ള കൂടിക്കാഴ്ച സാധാരണഗതിയില്‍ രഹസ്യസ്വഭാവമുള്ളതാകയാല്‍ അത് സ്വകാര്യമായിത്തന്നെ ഇരിക്കട്ടെയെന്ന് പറഞ്ഞു. 








All the contents on this site are copyrighted ©.