2017-04-29 12:49:00

യേശുസാന്നിധ്യം സമൂര്‍ത്തസ്നേഹത്താല്‍ ആവിഷ്ക‍ൃതമാകണം-പാപ്പാ


യേശുവിനെ സമൂര്‍ത്തസ്നേഹത്താല്‍ ലോകത്തില്‍ സന്നിഹിതനാക്കിത്തീര്‍ക്കാന്‍ ക്രൈസ്തവര്‍ക്കുള്ള കടമയെക്കുറിച്ച് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

ഈജിപ്ത് വേദിയാക്കി പതിനെട്ടാം വിദേശ അപ്പസ്തോലികപര്യടനം നടത്തുന്നവേളയില്‍ ശനിയാഴ്ച(29/04/17) തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി പങ്കുവെച്ച സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തല്‍ ഉള്ളത്.

പാപ്പ കുറിച്ച ട്വിറ്റര്‍ സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം ഇപ്രകാരമാണ്: “യേശുവിന്‍റെ  സാന്നിധ്യം നമ്മുടെ ജീവിതം കൊണ്ട് സംവേദനം ചെയ്യുക, അത് സൗജന്യവും സമൂര്‍ത്തവുമായ സ്നേഹത്തിന്‍റെ ഭാഷ സംസാരിക്കുന്നു”

വെള്ളിയാഴ്ച (28/04/17) ദ്വിദിന ഇടയസന്ദര്‍ശനത്തിനായി ഈജിപ്തിലേക്കു പുറപ്പെട്ട ഫ്രാന്‍സീസ് പാപ്പാ അന്ന് രണ്ടു സന്ദേശങ്ങള്‍ ട്വിറ്ററില്‍ കണ്ണിചേര്‍ക്കുകയുണ്ടായി.

“മതങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള സമാഗമത്തെയും ആശ്രയിച്ചിരിക്കുന്നു ഭാവി എന്ന ബോധ്യത്തോടുകൂടി ഒത്തൊരുമിച്ചു ചരിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു” എന്നതാണ് ഇവയില്‍ ഒന്ന്.

“ഒരു പ്രാര്‍ത്ഥനയായ ഇതര സന്ദേശം ഇപ്രകാരമാണ്: ”കൂട്ടായ്മയുടെ തീര്‍ത്ഥാടകരും സമാധാനത്തിന്‍റെ പ്രഘോഷകരുമായി ഇന്നുതന്നെ ഒറ്റക്കെട്ടായി പുറപ്പെടാനുള്ള അനുഗ്രഹം കര്‍ത്താവ് നമുക്കു പ്രദാനം ചെയ്യട്ടെ”

വിവധഭാഷകളിലായി 3 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.