2017-04-29 08:32:00

ഫ്രാന്‍സീസ് പാപ്പായുടെ ഈജിപ്ഷ്യന്‍ അപ്പസ്തോലികപര്യടനം - ആമുഖ വിവരണം.


ഫ്രാന്‍സീസ് പാപ്പാ തന്‍റെ പതിനെട്ടാമത് രാജ്യാന്തര അപ്പസ്തോലികപര്യടനം ആരംഭിച്ചു. ഏപ്രില്‍ 28-ാംതീയതി പ്രാദേശികസമയം രാവിലെ 11.07-ന് പുറപ്പെട്ട വിമാനം ഉച്ചകഴിഞ്ഞ് 2.15-ന് കെയ്റോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു. ഇറ്റലിയും ഈജിപ്തും ഒരേ സമയരേഖയിലുള്ള പ്രദേശങ്ങളാണ്. 'സമാധാനത്തിന്‍റെ ഈജിപ്തില്‍ സമാധാനത്തിന്‍റെ പാപ്പാ' (logo-theme) ആയി എത്തിച്ചേര്‍ന്ന ഫ്രാന്‍സീസ് പാപ്പായ്ക്കു പ്രസിഡന്‍റിന്‍റെ പ്രതിനിധി, അലക്സാണ്ഡ്രിയയിലെ കോപ്റ്റിക് പാത്രിയാര്‍ക്ക്, ഇബ്രാഹിം ഇസാക്ക് സെദ്രാക്ക്,  അപ്പസ്തോലിക് ന്യുണ്‍ഷ്യോ ആര്‍ച്ചുബിഷപ്പ് ബ്രൂണോ മുസാറോ തുടങ്ങിയവര്‍ ചേര്‍ന്ന് ഔദ്യോഗികസ്വീകരണം നല്‍കി.  തുടര്‍ന്ന് പ്രസിഡന്‍റിന്‍റെ വസതിയിലെത്തിയ പാപ്പായെ പ്രസിഡന്‍റ് അബ്ദെല്‍-ഫത്താ സയ്യിദ് ഹൂസൈന്‍ ഖലീല്‍ അല്‍-സിസി (Abdel-Fattah Saìd husayn Khalìl Al-Sìsi) സ്വാഗതം ചെയ്തു.

ഈജിപ്തു മാത്രമല്ല,  ലോകജനത മുഴുവന്‍നോക്കിയിരിക്കുന്ന ഈ യാത്രയെക്കുറിച്ച് കൂടുതല്‍ വിശദമായ റിപ്പോര്‍ട്ടുകള്‍ക്ക് ആമുഖമായി പാപ്പായുടെ സന്ദര്‍ശനലക്ഷ്യങ്ങള്‍, പ്രധാന പരി പാടികള്‍ എന്നിവയെക്കുറിച്ചും, ഈജിപ്തിനെക്കുറിച്ചും ചുരുങ്ങിയ വിവരണം ഇവിടെ നല്‍കുന്നു.

സുഹൃത്തും സമാധാനദൂതനുമായി

തന്‍റെ ഈജിപ്ഷ്യന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി നല്‍കിയ വീഡിയോ സന്ദേശത്തില്‍ ഫ്രാന്‍സീസ് പാപ്പാ തന്‍റെ സന്ദര്‍ശനത്തെക്കുറിച്ചു പറയുന്നത് ഇങ്ങനെയാണ്:

''രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ്, ഹേറോദേസ് രാജാവിനെ ഭയന്ന് പലായനം ചെയ്ത തിരുക്കുടുംബത്തെ അഭയമേകി സ്വീകരിച്ച ഒരു ദേശത്തേയ്ക്ക് (മത്താ 2:1-16) സുഹൃത്തെന്ന പോലെ, സമാധാനത്തിന്‍റെ ഒരു ദൂതനായി, ഒരു തീര്‍ഥാടകനായി വരുന്നതില്‍ തീര്‍ച്ചയായും ഞാന്‍ അതീ വസന്തോഷവാനാണ്. തിരുക്കുടുംബം സന്ദര്‍ശിച്ച സ്ഥലം സന്ദര്‍ശിക്കാന്‍ കഴിയുന്നതില്‍ ഞാന്‍ അഭിമാനിതനാണ്''.

പാപ്പായുടെ അപ്പസ്തോലികസന്ദര്‍നത്തിന്‍റെ ലോഗോ ചിത്രീകരിച്ചിരിക്കുന്നതുപോലെ, വിവിധ മതങ്ങളുടെയും സാംസ്ക്കാരിക പാരമ്പര്യങ്ങളുടെയും പൈതൃകങ്ങള്‍ ഒന്നിക്കുന്ന ഈ രാജ്യത്തേയ്ക്കു സമാധാനത്തിന്‍റെ വെള്ളരിപ്രാവായിട്ടാണ് ഫ്രാന്‍സീസ് പാപ്പാ എത്തുക. ഏപ്രില്‍ 27-ാംതീയതി തന്‍റെ ട്വിറ്ററില്‍ പാപ്പാ കുറിച്ചതും ഇക്കാര്യം തന്നെയാണ്.  ''സമാധാനത്തിന്‍റെ ഈ ജിപ്തിലേക്ക് സമാധാനത്തിന്‍റെ തീര്‍ഥാടകനായി നാളെ ഈജിപ്തിലേക്കു പോകുന്ന എനിക്കു വേണ്ടി ദയവായി പ്രാര്‍ഥിക്കുക'' എന്നായിരുന്നു അത്. 

ഈജിപ്തു സന്ദര്‍ശിക്കുന്ന രണ്ടാമത്തെ പാപ്പായാണ് ഫ്രാന്‍സീസ് പാപ്പാ. വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ മഹാജൂബിലി വര്‍ഷത്തില്‍ ഈജിപ്ത് സന്ദര്‍ശിച്ചിരുന്നു. അറബിഭാഷയില്‍ സമാധാനമാശംസിച്ചുകൊണ്ട് സമാധാനത്തിനും മതസൗഹാര്‍ദ്ദത്തിനും ആഹ്വാനം നല്‍കിയാണ് ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായും അന്നു കെയ്റോയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഫെബ്രുവ രി 24-ന് തിങ്ങിക്കൂടിയ ഇരുപതിനായിരത്തോളം വരുന്ന സമൂഹത്തിന് സന്ദേശം നല്‍കിയത്. പാപ്പാ പറ‍ഞ്ഞു: ''നാം പരസ്പരം വേണ്ടതുപോലെ ഇനിയും നമ്മെ മനസ്സിലാക്കിയിട്ടില്ല. ഇനിയും അതിനുള്ള വഴികള്‍ നാം കണ്ടെത്തണം''.  അന്നു പ്രസിഡന്‍റ് ഹോസ്നി മുബാറക് ആണ് പാപ്പായെ സ്വീകരിച്ചത്.

ഈയിടെയുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഈജിപ്തിലേയ്ക്കുള്ള യാത്രയെക്കുറിച്ച് പാപ്പായ്ക്ക് യാതൊരു ആശങ്കയുമില്ല എന്ന് വത്തിക്കാന്‍ സ്റ്റേറ്റു സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളില്‍ വത്തിക്കാന്‍ റേഡിയോയോടു പങ്കുവച്ചു. സംഘട്ടനങ്ങളുടെയും അക്രമപ്രവൃത്തികളുടെയും സാഹചര്യങ്ങളില്‍ സമാധാനദൂതനായി എത്തുന്നതിന്, തന്‍റെ സാന്നിധ്യം നല്‍കുന്ന തിനാണ് പാപ്പാ ആഗ്രഹിക്കുന്നത്.    ഐക്യദാര്‍ഢ്യവും ഹൃദയ അടുപ്പവും ധൈര്യവും പകരുന്ന സാന്നിധ്യത്തിലൂടെയും, തന്‍റെ വാക്കുകളിലൂടെയും സമാധാനത്തിന്‍റെ സന്ദേശമാണ് പാപ്പാ പകരുക എന്ന് അദ്ദേഹം പ്രസ്താവിച്ചു. ഫ്രാന്‍സീസ് പാപ്പാ കവ ചിതവാഹനത്തിലായിരിക്കും ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുന്നതെങ്കിലും അതു സുരക്ഷാസന്നാഹമുള്ള വാഹനമായിരിക്കുകയില്ല.

മൂന്നു മാനങ്ങളിലാണ് പാപ്പായുടെ സന്ദര്‍ശനം വിശദീകരിക്കപ്പെടേണ്ടത്.  1.  തീര്‍ത്തും ചെറിയ ഗണമായ കത്തോലിക്കാസമൂഹത്തിനുവേണ്ടി അജപാലനപരമായ ദൗത്യം.  2. ഈജിപ്തിലെ പത്തു ശതമാനത്തോളം വരുന്ന ഓര്‍ത്തൊഡോക്സ് സഭയുമായി എക്യുമെനിക്കല്‍ സംവാദം. 3. മതാന്തരസംവാദം.  സമാധാനത്തിന്‍റെ പാലങ്ങള്‍ പണിയുന്ന സംവാദം തന്നെയാണ് പാപ്പായുടെ സന്ദര്‍ശനലക്ഷ്യം എന്ന് പാപ്പായുടെ യാത്രാപരിപാടികളെക്കുറിച്ചു വിശദീകരിച്ചു കൊണ്ട്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഗ്രെഗ് ബുര്‍ക് പറഞ്ഞു.

ഈജിപ്ത്

ബൈബിളില്‍, പഴയനിയമത്തിലും പുതിയ നിയമത്തിലും അനേകതവണ ഉപയോഗിക്കപ്പെട്ടിരിക്കുന്ന ഈജിപ്ത് എന്ന പദം ഒരു ദേശത്തിന്‍റെ പേരായും സൂചകമായും പ്രതീകമായും പ്രത്യക്ഷപ്പെടുന്ന ഒന്നാണ്.  ഒരു ദേശമെന്ന നിലയില്‍ ഈജിപ്ത് ഒരു അഭയസ്ഥാനവും ഒപ്പം ഭീഷണിയുമായി (ഉദാ. 1 രാജാ 14:25-26;  ഏശ 30:1-7) പ്രത്യക്ഷപ്പെടുന്നു.

ഈജിപ്ത് എന്ന പേര് ഇസ്രായേലിന്‍റെ അടിമത്തത്തിന്‍റെയും പീഡനത്തിന്‍റെയും സ്ഥലമായിട്ടാണ് നമ്മുടെ ഓര്‍മയില്‍ വരിക.  ഇസ്രായേല്‍ജനം നാനൂറുകൊല്ലം ഈജിപ്തില്‍ അടിമകളായി വസിച്ചതും മോശയുടെ നേതൃത്വത്തിലുള്ള പുറപ്പാടും, യഹൂദ-ക്രൈസതവ വിശ്വാസത്തില്‍ പേര്‍ത്തും പേര്‍ത്തും അനുസ്മരിക്കപ്പെടുകയും പ്രതീകമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു എന്നതു ശ്രദ്ധേയമാണ്.  വിശ്വാസികളുടെ പിതാവായ അബ്രാഹം മുതല്‍ യേശു വരെ, ഗോത്രപിതാക്കന്മാര്‍, പ്രവാചകന്മാര്‍, എന്നിവരൊക്കെ ഈജിപ്തുമായി ബന്ധപ്പെട്ടവരാണ്. പൂര്‍വപിതാവായ ജോസഫ് ഈജിപ്തില്‍ ഭരണാധികാരിയായിരുന്നതും മോശ ഈജിപ്തില്‍ ജനിച്ചുവളര്‍ന്ന് ഇസ്രായേലിന്‍റെ വിമോചകനുമായത്  ബൈബിളില്‍ ഏറെ ഉജ്ജ്വലിച്ചുനില്‍ക്കുന്ന വിവരണങ്ങളാണ്. ക്ഷാമകാലത്ത്, അബ്രാഹവും (ഉല്‍പ്പത്തി 12:10) ഇസഹാക്കും തുടര്‍ന്ന് ഇസ്രായേല്‍ ജനവും ഈജിപ്തില്‍ അഭയം തേടി. ഇസ്രായേല്‍ രാജാധിപത്യത്തിലായിരുന്ന കാലത്ത് ജെറോബോവാമും ഈജിപ്തില്‍ അഭയം തേടിയിട്ടുണ്ട് (1 രാജാ 11:40). അവസാനം, ഹേറോദേസിന്‍റെ വാളില്‍ നിന്ന്, ശിശുവായി രുന്ന യേശുവിനെയുംകൊണ്ട് ജോസഫും മറിയവും ഈജിപ്തിലേക്കു പലായനം ചെയ്തതും ബൈബിളില്‍ നാം വായിക്കുന്നു.  ചരിത്രപരമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഈ  കഥ കോ പ്റ്റിക് സഭയുടെ സാഹിത്യത്തിലും ചിത്രകലയിലും ഏറെ പ്രിയപ്പെട്ടതാണ്.

ഫ്രാന്‍സീസ് പാപ്പായുടെ വീഡിയോ സന്ദേശത്തില്‍ ഈജിപ്ത് നൈല്‍നദിയുടെ ദാനവും സംസ്ക്കാ രത്തിന്‍റെ പിള്ളത്തൊട്ടിലുമാണെന്ന വസ്തുതയും പ്രത്യേകം അനുസ്മരിക്കുന്നുണ്ട്. ഈജിപ്തിലെ ഏറ്റവും പ്രധാനപ്പട്ട സംസാരഭാഷയായ അറബിയില്‍ അല്‍-സലാമോ അലൈക്കും, എന്ന സമാധാ നാശംസയുമായി തുടങ്ങുന്ന വീഡിയോ സന്ദേശത്തില്‍ ഇക്കാര്യമാണ് ആദ്യം അനുസ്മരിക്കുന്നത്.  പാപ്പാ പറയുന്നു: ''നൈല്‍നദിയുടെ ദാനവും, സംസ്ക്കാരത്തിന്‍റെ പിള്ളത്തൊട്ടിലും ആയ ആതിഥ്യത്തിന്‍റെ... നാട്ടിലേക്കു ആനന്ദവും അതിലേറെ നന്ദിയുമായി ഞാന്‍ വരുന്നു...''

ഫലഭൂയിഷഠമായ നൈല്‍നദീതീരങ്ങളും നദീമുഖപ്രദേശങ്ങളുമുള്ള ഈജിപ്തിന്  അതിപുരാതനവും സമ്പന്നവുമായ സംസ്ക്കാരമാണ് പൈതൃകമായിട്ടുള്ളത്. ഹൈറോഗ്ലിഫിക്സ് എന്ന പുരാതന ലിപി അവര്‍ക്കു സ്വന്തമായിരുന്നു.  പിരമിഡുകളുടെ നാട് എന്നറിയപ്പെടുന്ന ഈജിപ്തിലെ ഗിസായിലെ മഹാപിരമിഡ് ഇന്നും ലോകത്തിലെ  സപ്താത്ഭുതങ്ങളിലൊന്നായിട്ടാണ് അറിയപ്പെടുക. 

ഏതാണ്ട് ബി.സി. നാലാം ദശകത്തോടെ ഇവിടെ മനുഷ്യര്‍ സ്ഥിരവാസം ആരംഭിച്ചു എന്നാണ് ചരിത്രം പറയുന്നത്.  ക്രിസ്തുവിനു ശേഷം നാലാംനൂറ്റാണ്ടില്‍ ഗ്രീക്കുകാരുടെയും തുടര്‍ന്ന് റോമാക്കാരുടെയും അതിനുശേഷം മറ്റു പല യൂറോപ്യന്‍ അധിനിവേശങ്ങളുടെയും ഇരയായിത്തീര്‍ന്ന ഈജിപ്തിന്‍റെ ആധുനികചരിത്രം ആരംഭിക്കുന്നത് 1953-ല്‍ ഈജിപ്ത് റിപ്പബ്ലിക്കിന്‍റെ സ്ഥാപനത്തോടെ യാണ്.  ഇതിനുശേഷമുള്ള ചരിത്രത്തില്‍ സുപ്രധാനമായത് ഏതാണ്ട് മുപ്പതുവര്‍ഷത്തോളം പ്രസിഡന്‍റു പദത്തിലായിരുന്ന ഹോസ്നി മുബാറക്കിന്‍റെ കാലഘട്ടമാണ്.  ഇപ്പോഴത്തെ പ്രസിഡന്‍റ് അല്‍-സിസി 2014-ലാണ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നത്.

ഈജിപ്തില്‍ സുവിശേഷസന്ദേശം എത്തിച്ചത് സുവിശേഷകനായ വി. മര്‍ക്കോസാണെന്നാണ് പാരമ്പര്യം.  തുര്‍ന്ന് ക്രിസ്തീയമതത്തിനു വളരെ പെട്ടെന്നു പ്രചാരമുണ്ടായി. വി. യോഹന്നാന്‍റെ സുവിശേഷത്തിന്‍റെ കോപ്റ്റിക് ഭാഷയിലുള്ള കൈയെഴുത്തുപ്രതിയുടെ ഭാഗങ്ങള്‍ ഈജിപ്തില്‍നിന്നു കണ്ടെടുത്തിട്ടുണ്ട് എന്നത് ഇവിടുത്തെ സഭയുടെ പൗരാണികത്വത്തിനു തെളിവാണ്. പന്തേനൂസ്, അലക്സാണ്ട്രിയയിലെ ക്ലെമന്‍റ്, ഒരിജന്‍, അത്തനാസിയൂസ്, സിറിള്‍ എന്നിങ്ങനെ അനേകം സഭാ പിതാക്കന്മാരെയും പണ്ഡിതരെയും ഈജിപ്ഷ്യന്‍ സഭ സംഭാവന ചെയ്തിട്ടുണ്ട്. സന്യാസജീവിതത്തിനും ഈജിപ്തിലെ സഭ സവിശേഷശ്രദ്ധ നല്‍കിയിരുന്നു.  ഒരുപാടു രക്തസാക്ഷികളും ഈ ജിപ്തിലുണ്ടായിട്ടുണ്ട്.

ഇന്ന് ഈജിപ്തില്‍ എട്ടുകോടിയിലധികമുള്ള ജനസംഖ്യയില്‍ 89 ശതമാനം സുന്നിവിഭാഗത്തില്‍ പെട്ട മുസ്ലീംജനതയാണ്. ഓര്‍ത്തൊഡോക്സ് സഭാവിഭാഗത്തില്‍ പെട്ട ക്രൈസ്തവര്‍ പത്തു ശതമാനം വരുമ്പോള്‍ വിവിധറീത്തുകളില്‍പ്പെട്ട കത്തോലിക്കര്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണുള്ളത്.  കോപ്റ്റിക്, ലത്തീന്‍, അര്‍മേനിയന്‍, മാറൊണൈറ്റ്, സിറിയന്‍ കാത്തോലിക്, കല്‍ദായ, ഗ്രേക്കോ-മെല്‍ക്കൈറ്റ് എന്നീ ഏഴു റീത്തുകളില്‍ പെട്ട കത്തോലിക്കരാണ് ഇവിടെയുള്ളത്.  ഈ സഭകളിലെ മെത്രാന്മാരും വിവിധ സന്യാസസമൂഹങ്ങളുടെ മേജര്‍ സുപ്പീരിയേഴ്സും സംയുക്ത മായി രൂപീകരിച്ച ഈജിപ്തിലെ കത്തോലിക്കാസഭാ ഹയരാര്‍ക്കി അസംബ്ലി ഈജിപ്തിലെ കത്തോലിക്കാസഭയുടെ ശക്തിയാണ്.

തലസ്ഥാനമായ കെയ്റോ, ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ സൗത്ത് ആഫ്രിക്കയിലെ ജോഹന്നസ്ബെര്‍ഗ് കഴിഞ്ഞാല്‍ ഏറ്റവും തിരക്കുള്ള നഗരമാണ്.  ഇസ്ലാമിക കലയാല്‍ ഏറെ അലങ്കരിക്കപ്പെട്ട ഈ നഗരത്തിന് ഏതാണ്ടു നാനൂറ് പുരാതന ചരിത്രസ്മാരകങ്ങള്‍ പൈതൃകമായിട്ടുണ്ട്. കൂടാതെ മ്യൂസിയങ്ങളും പേരുകേട്ട കലാശാലകളും നഗരത്തിന്‍റെ മഹിമയക്കു മകുടം ചാര്‍ത്തുന്നു. പാപ്പാ സമാധാനത്തെക്കുറിച്ചുള്ള പ്രഭാഷണം നടത്തുന്ന അല്‍-അസര്‍ യൂണിവേഴ്സിറ്റി, ഇസ്ലാം ദൈവശാസ്ത്ര പഠനത്തിനുവേണ്ടിയുള്ള പുരാതനവും പ്രസിദ്ധിയാര്‍ജിച്ചതുമായ സര്‍വകലാശാലയാണ്.

പാപ്പായുടെ സന്ദര്‍ശന പരിപാടികള്‍

28-ാം തീയതി രാവിലെ റോമിലെ സമയം 10.45-നു ഫ്യുമിച്ചീനോ വിമാനത്താവളത്തില്‍നിന്നു പുറപ്പെട്ട്, ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കെയ്റോയില്‍ എത്തിച്ചേര്‍ന്ന പാപ്പായുടെ 28-29 തീയതികളിലെ  പൊതുപരിപാടികള്‍ താഴെപ്പറയുന്നവയാണ്.

2.30-ന് ഈജിപ്ഷ്യന്‍ പ്രസിഡന്‍റിന്‍റെ മന്ദിരത്തില്‍ സ്വീകരണവും തുടര്‍ന്നു പ്രസിഡന്‍റ് അല്‍-സിസിയുമായുള്ള കൂടിക്കാഴ്ച

3.20-ന് അല്‍-അസറിലെ കോണ്‍ഫറന്‍സ് സെന്‍ററില്‍ ഗ്രാന്‍ഡ് ഇമാം അഹമ്മദ് അല്‍-തായെബിനെ സന്ദര്‍ശിക്കുന്നു. 4 മണിക്ക് സമാധാനമെന്ന വിഷയവുമായി അല്‍-അസറില്‍ സംഘടിപ്പിക്കപ്പെട്ട കോണ്‍ഫറന്‍സില്‍  പ്രഭാഷണം

4.40-ന് ഹോട്ടല്‍ അല്‍മാസായില്‍ സമ്മേളിക്കുന്ന നേതാക്കളുമായി കൂടിക്കാഴ്ച, പ്രഭാഷണം. 

5.20 ന് പാപ്പാ തവാദ്രോസ് രണ്ടാമനുമായി കൂടിക്കാഴ്ചയും പ്രഭാഷണവും.

29-ാംതീയതി ശനിയാഴ്ച രാവിലെ പത്തുമണിക്കു എയര്‍ ഡിഫെന്‍സ് സ്റ്റേഡിയത്തില്‍ ദിവ്യബലിയര്‍പ്പണം, വചനസന്ദേശം. തുടര്‍ന്ന് ഈജ്പ്തിലെ മെത്രാന്മാരുമൊത്തുള്ള ഉച്ചവിരുന്നിനുശേഷം പാത്രിയര്‍ക്കല്‍ സെമിനാരിയില്‍, അവിടെ സമ്മേളിക്കുന്ന വൈദികര്‍, സന്യ സ്തര്‍, സെമിനാരിവിദ്യാര്‍ഥികള്‍ എന്നിവരുമായി കൂടിക്കാഴ്ച, പ്രാര്‍ഥന. 

തുടര്‍ന്ന് ഔദ്യോഗിക യാത്രയയപ്പു സ്വീകരിക്കുന്ന പാപ്പാ കെയ്റോ വിമാനത്താവളത്തില്‍ നിന്ന് വൈകിട്ട് അഞ്ചുമണിക്ക് യാത്ര പുറപ്പെട്ട് രാത്രി 8.30-ന് റോമിലെ ചംപീനോ വിമാനത്താവളത്തില്‍ തിരിച്ചെത്തും. 

ഈ അപ്പസ്തോലികയാത്രയില്‍ പാപ്പാ നല്‍കുന്ന സന്ദേശങ്ങളും പ്രഭാഷണങ്ങളും, കൂടിക്കാഴ്ചകള്‍, പ്രാര്‍ഥന എന്നിവ ഈജിപ്തിനു മാത്രമല്ല, സംഘര്‍ഷങ്ങളുടെ നടുവിലായിരിക്കുന്ന മധ്യപൂര്‍വദേശങ്ങള്‍ക്കു മാത്രമല്ല, ലോകത്തിനു മുഴുവന്‍ സമാധാനത്തിന്‍റെ സദ്വാര്‍ത്തയാണ്.








All the contents on this site are copyrighted ©.