2017-04-29 16:50:00

ഉത്ഥിതനുമായുള്ള കൂടിക്കാഴ്ച നല്കുന്ന നവജീവന്‍ - ഈജിപ്തിലെ രണ്ടാംദിനം


രണ്ടാം ദിനം ഏപ്രില്‍ 29 ശനിയാഴ്ച കെയിറോയിലെ എയര്‍പ്പോര്‍ട്ട് മൈതാനിയില്‍ അര്‍പ്പിച്ച ദിവ്യബലിയുടെയും ആദ്യദിനം അല്‍-അസ്സാര്‍ യൂണിവേഴ്സിറ്റിയില്‍ നടത്തിയ സമാധാനപ്രഭാഷണത്തിന്‍റെ റിപ്പോര്‍ട്ട് (ശബ്ദരേഖയോടെ....)

പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലികയാത്രയുടെ രണ്ടാദിവസം ആരംഭിച്ചത് തന്‍റെ വിശ്രമസ്ഥാനമായ അപ്പസ്തോലിക സ്ഥാനപതിയുടെ കെയിറോയിലുള്ള മന്ദരത്തിലാണ്. ആദ്യദിവസമായ വെള്ളിയാഴ്ചത്തെ പരിപാടികള്‍ കഴിഞ്ഞ് പാപ്പാ രാത്രി ഇവിടെയാണ് വിശ്രമിച്ചത്. ശനിയാഴ്ച, ഈജിപ്തിലെ രണ്ടാമത്തെയും അവസാനത്തെയും ദിവസം - പ്രാദേശിക സമയം രാവിലെ 8.50-ന് ആരംഭിച്ചു. വത്തിക്കാന്‍ സ്ഥാനപിതിയുടെ മന്ദിരത്തിലെ സ്വീകരണമുറിയില്‍ എത്തി പാപ്പായെ കാണാന്‍ കാത്തിരുന്നത് ഒരുകൂട്ടം കുട്ടികളായിരുന്നു. അംഗവൈകല്യമുള്ളവരും ഭിന്നശേഷിക്കാരുമായ കുട്ടികളെ പാപ്പാ സന്തോഷപുരസ്സരം സ്വീകരിക്കുകയും, ഓരോരുത്തരെയും, വത്സല്യത്തോടെ അഭിവാദ്യംചെയ്യുകയുംചെയ്തു.

തുടര്‍ന്ന് രാവിലെ 9-05ന് 19-കി.മീ. അകലെയുള്ള എയര്‍പോര്‍ട്ട് മൈതാനിയിലേയ്ക്കാണ് ദിവ്യബിലിക്കായി പാപ്പാ കാറില്‍ യാത്രയായി.

1970-ല്‍ ഇസ്രായേലിനെതിരെ നടത്തിയ വ്യോമാക്രമണങ്ങളുടെ സ്മാരകമാണ് ജൂണ്‍ 30 എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈജിപ്തിന്‍റെ രാജ്യാന്തര തലത്തിലുള്ള ഒന്നാംകിട ഫുഡ്ബോള്‍ മത്സരവേദികൂടിയാണിത്. 2015-ലെ മത്സരത്തിനിടെ ഫുഡ്ബോള്‍ പ്രേമികളും പൊലീസുമായുള്ള സംഘട്ടനത്തില്‍ 20-പേരുടെ മരണത്തിന് ഇടയാക്കിയ വേദിയും ഇതുതന്നെ!

സ്റ്റേഡിയത്തിനു മുന്നില്‍നിന്നും ചെറിയ ഇലക്ട്രിക് കാറില്‍ സ്റ്റേഡിയം തിങ്ങിനിന്ന ജനാവലിയുടെ മദ്ധ്യത്തിലൂടെ കരങ്ങളുയര്‍ത്തി അഭിവാദ്യംചെയ്തുകൊണ്ട് ബലിവേദിയിലേയ്ക്ക് പാപ്പാ മന്ദംമന്ദം നീങ്ങി.

ദേശീയ ഭാഷയായ അറബിയിലും, സഭയുടെ ഔദ്യോഗിക ഭാഷ ലത്തീനിലുമായി അര്‍പ്പിക്കപ്പെട്ട പെസഹാക്കാലം മൂന്നാംവാരം ഞായറാഴ്ചത്തെ ദിവ്യബലിയില്‍ പങ്കെടുക്കാന്‍ 30,000-ല്‍ അധികം വിശ്വാസികള്‍ സന്നിഹതരായിരുന്നു. പ്രസിഡന്‍റ്,  അല്‍-സീസ്സി, കോപ്റ്റിക്ക് പാത്രിയര്‍ക്കിസ് താവാദ്രോസ്, ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കിസ് തെയെദോരൂസ്, കിഴക്കിന്‍റെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍ എന്നിവരും, ഈജിപ്തിലെ ആംഗ്ലിക്കന്‍, പ്രൊട്ടസ്റ്റന്‍റ് സഭാവിഭാഗങ്ങളുടെ തലവാന്മാരും പാപ്പായുടെ ബലിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

ദിവ്യബലി

പെസഹാകാലത്തിന്‍റെ ചൈതന്യത്തില്‍ വെളുത്ത പൂജാവസ്ത്രങ്ങള്‍ അണിഞ്ഞ പാപ്പായ്ക്കൊപ്പം ഈജിപ്തിലെ വിവിധ കത്തോലിക്കാ റീത്തുകളില്‍നിന്നുമുള്ള വൈദികരും സന്നയസ്തരും സഹകാര്‍മ്മികരായി വേദിയില്‍ നിറ‍ഞ്ഞുനിന്നു. അറബിയില്‍ പ്രവേശനഗീതം ആലപിക്കപ്പെട്ടു. പാപ്പാ ലത്തീന്‍ ഭാഷയില്‍ ദിവ്യബലി ആരംഭിച്ചു. അനുതാപകര്‍മ്മം കഴിഞ്ഞ് വചനപാരായണമായിരുന്നു. വായനകളെല്ലാം അറബിയിലായിരുന്നു.

  1. ആദ്യവായന - അപ്പസ്തോല നടപടി പുസ്തകത്തില്‍നിന്നും അദ്ധ്യായം 2, 14. 22-33 ഇവര്‍ ലഹരി പിടിച്ചവരല്ല, മറിച്ച് പരിശുദ്ധാത്മവിന്‍റെ ശക്തിയാണ് ഇക്കാര്യങ്ങള്‍ പ്രഘോഷിക്കുന്നത്..
  2. രണ്ടാംവായന – പത്രോസിന്‍റെ ഒന്നാം ലേഖനം അദ്ധ്യായം 1, 17-21. വീണ്ടെടുപ്പ് നശ്വരമായ വെള്ളിയോ സ്വര്‍ണ്ണത്താലോ അല്ല, ക്രിസ്തുവിന്‍റെ അമൂല്യരക്തത്താലാണ്.
  3. സുവിശേഷം ലൂക്ക 24,13-35. ആലപിക്കപ്പെട്ടു. അപ്പം മുറിച്ചു നല്കപ്പെട്ടപ്പോള്‍ എമാവൂസിലെ ശിഷ്യന്മാര്‍ ഉത്ഥിതനെ തിരിച്ചറിഞ്ഞു.

      സുവിശേഷാലാപനത്തെ തുടര്‍ന്ന് പാപ്പാ വചനപ്രഭാഷണം നടത്തി

പ്രഭാഷണം 4:

അസ്ലാമാലയ്ക്കും.... അറിബിയില്‍ സമാധാനാശംസയോടെയാണ് പാപ്പാ ആരംഭിച്ചത്.

സുവിശേഷം വിവരിക്കുന്ന എമാവൂസ് സംഭവം ക്രിസ്തുവിന്‍റെ  മരണം, ഉത്ഥാനം,  ജീവന്‍ എന്നിവയുടെ പുനരാവിഷ്ക്കരണങ്ങളാണ്. രണ്ടു ശിഷ്യന്മാര്‍ തങ്ങളുടെ സാധാരണ ജീവിതങ്ങളിലേയ്ക്ക് നിരാശരായി മടങ്ങി. തങ്ങളെ നയിച്ചവനും ജീവിതങ്ങളെ കരുപ്പിടിപ്പിച്ചവനും മരിച്ചു. ഇനി രക്ഷയില്ല! പ്രത്യാശ അറ്റും നിരാശരാരയും അവര്‍ മടങ്ങി. അതൊരു പഴയതിലേയ്ക്കുള്ള തിരിച്ചുപോക്കായിരുന്നു. പൗലോശ്ലീഹാ പറയുന്നതുപോലെ, നാശത്തിന്‍റെ വഴിയിലൂടെ ചരിക്കുന്നവര്‍ക്ക് ക്രിസ്തുവിന്‍റെ കുരിശ് ഉതപ്പും മൗഢ്യവുമായി തോന്നാം (1 കൊറി. 1, 18, 2, 2). ക്രിസ്തു മരിച്ച് അടക്കം ചെയ്യപ്പെട്ടതോടെ അവരുടെ ആശകളും പ്രത്യാശകളുമെല്ലാം കെട്ടുപോയി.

മരണം

ദൈവം എന്തുകണ്ട് മനുഷ്യകുലത്തെ കുരിശിന്‍റെ ത്യാഗത്തിലൂടെയും സഹനത്തിലൂടെയും രക്ഷിച്ചുവെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിക്കാതെ പോയി. ഭാവന മെനഞ്ഞെടുക്കുന്ന ദൈവത്തെയും ദൈവങ്ങളെയുമാണ് ഇന്ന് നമുക്കാവശ്യം!  ക്രിസ്തുവില്‍ പ്രകടമായ സര്‍വ്വശക്തനായ ദൈവത്തിന്‍റെ ശക്തി മാനുഷികമായ അധികാരത്തിലും നേട്ടത്തിലും ശക്തിയിലുമുള്ളത് അല്ലായിരുന്നു. അത് സ്വായാര്‍പ്പണത്തിലും, ക്ഷമയിലും സ്നേഹത്തിലുമാണെന്ന് മനസ്സിലാക്കാന്‍ നമുക്കും സാധിക്കാതെ പോകുന്നുണ്ട്. അപ്പം മുറിച്ചപ്പോഴാണ് ശിഷ്യന്മാര്‍ ക്രിസ്തുവിനെ തിരിച്ചറി‍ഞ്ഞത്. നമ്മുടെ കാഴ്ചപ്പാടിനെ മറയ്ക്കുകയും മങ്ങലേല്പിക്കുകയുംചെയ്യുന്ന ഹൃദയത്തിലെ മുന്‍വിധിയുടെയും തെറ്റിദ്ധാരണകളുയും വിരി കീറിമുറിച്ചില്ലെങ്കില്‍ ദൈവത്തിന്‍റെ മുഖകാന്തി നാം ഒരിക്കലും കാണുകയില്ല, ദര്‍ശിക്കുകയില്ല.

ഉത്ഥാനം

ഭീതിയുടെയും നിരാശയുടെയും രാവില്‍ ക്രിസ്തു ആ രണ്ടുശിഷ്യന്മാരെ സമീപിച്ച് അവരോടൊപ്പം നടന്നു. അവര്‍ക്ക് വഴിയും സത്യവും ജീവനുമാണ് താന്‍ എന്ന് മനസ്സിലാക്കിക്കൊടുത്തു (യോഹ. 14, 6).  ക്രിസ്തു അവരുടെ നിരാശയെ പ്രത്യാശയും ജീവനുമാക്കി മാറ്റുന്നു. മാനുഷികമായ പ്രത്യാശ അറ്റുപോകുമ്പോള്‍ ഇത് ദൈവികമായ പ്രത്യാശ ഉദിച്ചുയരണം. മനുഷ്യര്‍ക്ക് അസാദ്ധ്യമായത് ദൈവത്തിന് സാദ്ധ്യമാണ് (ലൂക്ക 18, 27).  നാം ആരൊക്കെയാണെന്നോ, ഈ ലോകത്തിന്‍റെ കേന്ദ്രമാണെന്നോ ഉള്ള മിഥ്യബോധം തകര്‍ന്ന്, നിരാശയും നിസ്സഹായതയും നമ്മെ വിഴുങ്ങുമ്പോള്‍...നമ്മുടെ ജീവിതത്തിന്‍റെ സന്ധ്യകളെ പ്രഭാതവും പ്രത്യാശയുമാക്കി മാറ്റാന്‍ ഇതാ, ദൈവം നമ്മിലേയ്ക്കു വരുന്നു. ഉത്ഥിതന്‍ നമ്മുടെ ചാരത്തേയ്ക്ക് നടന്നടുക്കുന്നു. ഉത്ഥിതന്‍ നമ്മുടെ ചുവടുകളെ ജരൂസലത്തേയ്ക്ക് തിരിക്കുന്നു, തരികെ ജീവിതത്തിലേയ്ക്കും, തിരികെ കുരിശിന്‍റെ വിജയത്തിലേയ്ക്കും... നയിക്കുന്നു (ഹെബ്ര. 11, 34).  അങ്ങനെ ഉത്ഥിതനെ കണ്ടവര്‍ ഉണര്‍വ്വോടും സന്തോഷത്തോടും ആത്മവിശ്വാസത്തോടുംകൂടെ അവിടുത്തെ സാക്ഷികളാകാന്‍ തിരികെപ്പോകുന്നു, ഇറങ്ങിപ്പുറപ്പെട്ടു.

അവരുടെ അവിശ്വാസ്യതയുടെയും നിരാശയുടെയും പടുകുഴിയില്‍നിന്നും എഴുന്നേല്ക്കാന്‍ ക്രിസ്തു അവരെ സഹായിക്കുന്നു. ക്രൂശിതനും ഉത്ഥിതനുമായി നേര്‍ക്കാഴ്ച നടത്തിയവര്‍ തിരുവെഴുത്തുകളുടെയും നിയമത്തിന്‍റെയും പ്രവചനത്തിന്‍റെയും പൂര്‍ണ്ണിമയും അര്‍ത്ഥവും കണ്ടെത്തുന്നു. കുരിശിലെ താല്‍ക്കാലിക പരാജയത്തിന്‍റെ അര്‍ത്ഥവും വിജയവും അവര്‍ കണ്ടെത്തി. കുരിശിലൂടെയല്ലാതെ ഉത്ഥാനത്തിന്‍റെ സത്യത്തിലേയ്ക്കും അനുഭവത്തിലേയ്ക്കും കടക്കുന്നവര്‍ നിരാശരായേക്കാം! മാനുഷികമായ കരുത്തും അധികാരവും സ്വപ്നംകാണുന്ന നമ്മുടെ സങ്കുചിതമായ ദൈവികസങ്കല്പങ്ങള്‍ ആദ്യം ക്രൂശിക്കപ്പെടാതെ യഥാര്‍ത്ഥ ദൈവത്തെ നമുക്ക് കണ്ടെത്താനാവില്ല.

ജീവന്‍

ഉത്ഥിതനായ ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയാണ് നമുക്ക് ജീവന്‍ നല്കുന്നതും, നമ്മുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്നതും, നിര്‍ജ്ജീവവും നിഷ്ഫലവുമായിരുന്ന മനുഷ്യജീവിതങ്ങളെ സജീവവും ഫലവത്തുമാക്കുന്നത്. ഉത്ഥിതനായ ക്രിസ്തുവിലുള്ള വിശ്വാസം സഭയുടെ ഒരു സൃഷ്ടിയല്ല, മറിച്ച് സഭ ഉത്ഥിതനിലുള്ള വിശ്വാസത്തില്‍നിന്നും ഉടലെടുത്തതാണ്. പൗലോശ്ലീഹാ ഉദ്ബോധിപ്പിക്കുന്നതുപോലെ, ക്രിസ്തു ഉയിര്‍ത്തില്ലായിരുന്നെങ്കില്‍ നമ്മുടെ വിശ്വാസവും പ്രസംഗവുമെല്ലാം വ്യര്‍ത്ഥമാണ് (1കൊറി. 15, 14).

വിശ്വാസപ്രമാണം, വിശ്വാസികളുടെ പ്രാര്‍ത്ഥന, സ്തോത്രയാഗകര്‍മ്മം, സ്തോത്രയാഗ പ്രാര്‍ത്ഥന, ആമുഖഗീതി എന്നിങ്ങനെ ദിവ്യബലി തുടര്‍ന്നു.  ദിവ്യകാരുണ്യസ്വീകരണകര്‍മ്മത്തിനുശേഷം ഈജിപ്തിലെ കത്തോലിക്കാ കൂട്ടായ്മയ്ക്കുവേണ്ടി അലക്സാന്‍ഡ്രിയയിലെ കോപ്റ്റിക് കത്തോലിക്കാ പാത്രിയര്‍ക്കിസ്,  ഇബ്രാഹിം ഐസക് സെഡ്രാക് പാപ്പായ്ക്ക് നന്ദിയര്‍പ്പിച്ചു.

തുടര്‍ന്ന് പാത്രിയര്‍ക്കിസിന്‍റെ നന്ദിപ്രകടനത്തോട് പാപ്പായും പ്രത്യുത്തരിച്ചു.  അപ്പസ്തോലിക ആശീര്‍വ്വാദത്തോടെയാണ് ദിവ്യബലി സമാപിച്ചത്. തുടര്‍ന്ന് ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമായി 19-കിമി. അകലെയുള്ള വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തിലേയ്ക്ക് പാപ്പാ പുറപ്പെട്ടു.

ആദ്യദിനത്തില്‍ അല്‍-അസ്സാര്‍ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച രാജ്യാന്തര സമാധാന സംഗമത്തിലെ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ :

ഈജിപ്തിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രേഷിതയാത്രിയില്‍ ആദ്യദിനം, വെള്ളിയാഴ്ച നടന്ന ശ്രദ്ധേയമൊരു ഇനമാണ് കെയിറോയിലെ വിഖ്യാതമായ അല്‍-അസ്സാര്‍ യൂണിവേഴ്സിറ്റി സംഘടിപ്പിപ്പിച്ച രാജ്യാന്തരം സമാധാന സംഗമം. യൂണിവേഴ്സിറ്റിയുടെ സമ്മേളനകേന്ദ്രത്തിലാണ് പരിപാടികള്‍ നടന്നത്.  60 രാജ്യങ്ങളില്‍നിന്നുള്ള ക്ഷണിതാക്കളായ പ്രതിനിധികളും, ഈജിത്പിലെ മതനേതാക്കളും, അല്‍ അസ്സാര്‍ യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളുമായിരുന്നു സമ്മേളനത്തില്‍ പങ്കെടുത്തത്. കിഴക്കിന്‍റെ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍, യൂണിവേഴ്സിറ്റിയുടെ പ്രത്യേക ക്ഷണിതാവായി സന്നിഹിതനായിരുന്നു.

ഈജിപ്റ്റിന്‍റെ ഇമാം, അല്‍-തയ്യേബ് ആമുഖപ്രഭാഷണം. നടത്തി. സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സന്നദ്ധനായതിന് നന്ദിപറഞ്ഞുകൊണ്ടാണ് ആരംഭിച്ചത്.   ഇസ്ലാമിക പ്രബോധനങ്ങളെ ദുര്‍വ്യാഖ്യനം ചെയ്ത്... കൊല്ലും കൊലയുമായി കഴിയുന്ന ഒരു പറ്റം മൗലികവാദികളെ മതവുമായും ഇസ്ലാമുമായി കാണേണ്ടതില്ലെന്ന് ഇമാം അല്‍-തയേബ് പ്രസ്താവിച്ചു. എന്നാല്‍ അവര്‍ക്ക് പണവും ആയുധവും ആയുധപരിശീലനം നല്കുന്നവരെ അദ്ദേഹം അപലപിച്ചു.   ദൈവത്തിലുള്ള ബോധ്യവും വിശ്വാസവും ഭൂമിയില്‍ സമാധാനത്തിന്‍റെയും സോഹാദര്യത്തിന്‍റെയും സഹവര്‍തിത്ത്വന്‍റെയും സംസ്ക്കാരം വളര്‍ത്താന്‍ സഹായകമാകുമെന്നും അദ്ദേഹം പ്രസ്താവിച്ചു. തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസ് സമ്മേളനത്തെ അഭിസംബോധനചെയ്തു.

പ്രഭാഷണം 1

അധികവും ഇസ്ലാമിക പ്രതിനിധികള്‍ അടങ്ങിയ സമ്മേളനത്തെ സമാധാനാശംസയോടെ പാപ്പാ അഭിസംബോധനചെയ്തു. ക്ഷണിച്ചതിന് ഇമാം അല്‍-തയ്യേബിനും യൂണിവേഴ്സിറ്റി അധികൃതര്‍ക്കും പ്രത്യേകം നന്ദിപറഞ്ഞു. സംസ്ക്കാരങ്ങളുടെയും ഉടമ്പടികളുടെയും നാടായ ഈജിപ്തിനെക്കുറിച്ചു പ്രതിപാദിച്ചുകൊണ്ടാണ് സമാധാന സമ്മേളനത്തിലെ ചിന്തകള്‍ പാപ്പാ ഫ്രാന്‍സിസ് മെന‍ഞ്ഞെടുത്തത്. 

1. സംസ്ക്കാരങ്ങളുടെ നാട് ഈജിപ്ത്

നൈലിന്‍റെ തീരത്തുവളര്‍ന്ന ഈജിപ്ഷ്യന്‍ സംസ്ക്കാരം വിജ്ഞാനത്തിന്‍റെയും ശാസ്ത്ര-വൈജ്ഞാനിക കണ്ടുപിടുത്തങ്ങളുടെയും പിള്ളത്തൊട്ടിലാണ്. കണ്ടുപിടുത്തങ്ങളെയും അന്വേഷണത്തെയും അധികരിച്ചുള്ള ബോധപൂര്‍വ്വകമായ തീരുമാനങ്ങളാണ് ഭാവി സംസ്ക്കാരത്തെ രൂപപ്പെടുത്തുന്നത്. അതുപോലെ സമാധാനത്തിനും ഐക്യത്തിനുവേണ്ടിയുള്ളതുമായ ക്രിയാത്മകമായ തീരുമാനങ്ങളാണ് ഇന്ന് ലോകത്തിന് ആവശ്യം. വരും തലമുറയുടെ വിദ്യാഭ്യാസത്തിലൂടെയുള്ള ശരിയായ രൂപീകരണം സമാധാനത്തിന് അനിവാര്യമാണ്. പാപ്പാ ചൂണ്ടിക്കാട്ടി. തുറവും സമൂഹ്യപ്രതിബദ്ധതയുമുള്ള വ്യക്തികാളായി മനുഷ്യനെ ഉയര്‍ത്താന്‍ സഹായകമാകുന്ന വിദ്യാഭ്യാസം ഇന്നിന്‍റെ അടിയന്തിര ആവശ്യമാണ്.

ദൈവത്തോടും സഹോദരങ്ങളോടുമുള്ള ബന്ധത്തില്‍ ജീവിക്കത്തവിധത്തില്‍ വ്യക്തികളില്‍നിന്നും  അവരില്‍ രൂഢമൂലമായ നന്മ വളര്‍ത്തിയെടുക്കുന്നതാണ് ശരിയായ അറിവ് അല്ലെങ്കില്‍ വിദ്യാഭ്യാസം. സ്വാര്‍ത്ഥതയിലോ സ്വന്തം കഴിവില്‍ മറഞ്ഞിരിക്കുന്നതുമല്ല, മറിച്ച് തുറവും പരസ്പരികതയുമുള്ള സംസ്ക്കാരം പ്രകടമാക്കുന്നതാണ് യഥാര്‍ത്ഥ ജ്ഞാനം. വ്യക്തിയുടെ രൂപീകരണം ഇങ്ങനെ തുറവിന്‍റെ പാതയിലായിരിക്കണം. അറിവ് അന്വേഷിക്കുന്നവര്‍ അടഞ്ഞമനഃസ്ഥിതിയും കാര്‍ക്കശ്യവും മറികടക്കണം. അവിടെ വിനയത്തിന്‍റെ അന്വേഷണഭാവമുണ്ടായിരിക്കും. തുറവും വളരാനുള്ള ആഗ്രഹവും, മാറ്റത്തോടുള്ള സഹകരണഭാവവും അറിവു നേടലിന്‍റെ ഭാഗമാണ്. പഴമയുടെ മൂല്യങ്ങളെ അംഗീകരിക്കുന്നതും, ഇന്നിന്‍റെ ചുറ്റുപാടുകളോട് സംവാദത്തിന്‍റെ തുറവും കാണിക്കുന്നതും, വ്യതിരക്തതയുള്ള വ്യാഖ്യാനങ്ങള്‍ക്ക് ഉള്ളുതുറക്കുന്നതും വിദ്യാഭ്യാസവും വളര്‍ച്ചയുടെ രൂപീകരണവുമാണ്.  യഥാര്‍ത്ഥമായ അറിവ്, വിജ്ഞാനം സ്വന്തമായ ചിന്താഗതിയെയും ചിന്താധാരകളെയും മാത്രം ഉയര്‍ത്തിക്കെട്ടുന്നതല്ല, മറിച്ച് മറ്റുള്ളവരെയും അവരുടെ ചിന്താഗതികളെയും കേള്‍ക്കുകയും ഉല്‍ച്ചേര്‍ക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.

2. ഉടമ്പടിയുടെ നാട്...

ഉടമ്പടികളുടെ നാടാണ് ഈജിപ്ത് എന്ന ചിന്താശകലവും പാപ്പാ വിസ്തരിച്ചു. വിജ്ഞാനത്തിന്‍റെ സൂര്യോദയം കണ്ട നാടു മാത്രല്ല ഈജിപ്ത്, മതങ്ങളുടെ പ്രബുദ്ധതയും ഈ നാടിനെ സമ്പന്നമാക്കിയിട്ടുണ്ട്. നൂറ്റാണ്ടുകളോളം മതങ്ങളുടെ സൗഹാര്‍ദ്ദപൂര്‍ണ്ണമായ അസ്ഥിത്ത്വം ഈ നാടിനെ ഉയര്‍ത്തിയിട്ടുണ്ട്. പൊതുനന്മയ്ക്കായുള്ള പ്രവര്‍ത്തനത്തിലും പരിശ്രമത്തിലും വിവിധ വിശ്വാസങ്ങളും സംസ്ക്കാരങ്ങളും ഉടമ്പടിബദ്ധമായി കൈകോര്‍ത്തു നിന്നു വളര്‍ന്നതാണ് ഈജിപ്റ്റ്. അങ്ങനെയുള്ള ഉടമ്പടിയുടെ കൂട്ടായ്മയാണ് നമുക്ക് ഇന്നാവശ്യം.

സീനായ് ഉടമ്പടിയുടെ നാടാണിത്. മനുഷ്യന്‍റെ ശരിയായ ഉടമ്പടികളില്‍ ദൈവത്തെ മാറ്റി നിറുത്താനാവില്ല, തള്ളിക്കളയാനാവില്ല. സീനായില്‍ മോശയ്ക്കു ലഭിച്ച  10 കല്പനകളില്‍ ശ്രദ്ധേയവും ശ്രേഷ്ഠവുമാണ്, കൊല്ലരുത്! (പുറപ്പാട് 20, 13).  ജീവന്‍റെ ദാതാവായ ദൈവം മനുഷ്യനെ സ്നേഹിക്കാന്‍ മടിക്കുന്നില്ല. അതിനാല്‍ ഭൗമികജീവിതത്തിന്‍റെ ക്രമസമാധാനം നശിപ്പിക്കുന്ന അതിക്രമത്തിന്‍റെ വഴികള്‍ പാടെ ഉപേക്ഷിക്കണമെന്നത് ദൈവിക ഉടമ്പടിയാണ്, ദൈവകല്പനയാണ്.... 

(പ്രഭാഷണം പൂര്‍ണ്ണമല്ല.. പൂര്‍ണ്ണരൂപം പിന്നീടു ചേര്‍ക്കും.). 








All the contents on this site are copyrighted ©.