2017-04-28 19:11:00

മനുഷ്യന്‍ ദൈവത്തെയല്ല ദൈവം മനുഷ്യരെ പരിപാലിക്കട്ടെ!


ഈജിപ്ത് അപ്പസ്തോലിക സന്ദര്‍ശനത്തിന്‍റെ ആദ്യദിവസം ഏപ്രില്‍ 28-Ɔ൦ തിയതി വെള്ളിയാഴ്ച രാഷ്ട്രത്തിന്‍റെ അധികൃതരെയും ജനങ്ങളെയും പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തു.

ഈജിപ്തിലെ ഭരണപക്ഷത്തെയും മറ്റു പാര്‍ലിമെന്‍ററി അംഗങ്ങളെയും രാജ്യാന്തരപ്രതിനിധികളെയും നയതന്ത്രപ്രതിനിധികളെയും തലസ്ഥാന നഗരമായ കെയിറോയിലെ ഹേലിയോപൊളിസിലുള്ള അല്‍-മെസ്സാ രാജ്യാന്തര സമ്മേളന കേന്ദ്രത്തിലാണ് (Al Masah International Convention Center) പാപ്പാ അഭിസംബോധനചെയ്തത്. 

അസ്സലാമു ആലയ്ക്കും! അറബി സമാധാന ആശംസയോടെയാണ് പാപ്പാ ആരംഭിച്ചത്. 2014-ല്‍ വത്തിക്കാനില്‍വന്ന് തന്നെ ക്ഷണിച്ചതിനും, ഇപ്പോള്‍ സ്വീകരിച്ചതിനും പ്രസിഡന്‍റ്,  അല്‍-സീസിന് പാപ്പാ നന്ദിയര്‍പ്പിച്ചു. പാത്രിയര്‍ക്കിസ് തവാദ്രോസ് രണ്ടാമനുമായി 2013-ലും, അല്‍-അസ്സാര്‍ യൂണിവേഴ്സിറ്റിയുടെ തലവന്‍, ഡോക്ടര്‍ അഹമ്മദ് അല്‍-തയീബുമായി 2016-ലും നടന്ന സൗഹൃദ നേര്‍ക്കാഴ്ചകളും പാപ്പാ ആമുഖമായി അനുസ്മരിച്ചു. 

1. ഈജിപ്ത് മഹത്തായൊരു സംസ്ക്കാരം.

പൗരാണികതയുടെ മണ്ണില്‍ കാലുകുത്തിയതില്‍ സന്തോഷം!  ഇന്നും ലോകം അംഗീകരിക്കുന്ന മഹത്തായ സംസ്ക്കാരമാണ് ഈജിപ്ത്. അതിന്‍റെ മഹത്വം കാലാതീതമാണ്. ഫറവോമാരുടെയും കോപ്റ്റുകളുടെയും മുസ്ലീങ്ങളുടെ നാടു മാത്രമല്ല ഈജിപ്ത്, പൂര്‍വ്വപിതാക്കന്മാരുടെയും നാടാണിത്. ബൈബിളിന്‍റെ ഏടുകളില്‍ പ്രതിപാദിക്കപ്പെടുന്ന നാടാണിത്. ആദ്യമായി മോശയ്ക്ക് ദൈവം തന്നെത്തന്നെ വെളിപ്പെടുത്തികൊടുത്ത് ഇവിടെയാണ്. ഇവിടെ സീനായ് മലയിലാണ് ദൈവം തന്‍റെ ജനത്തിനും മാനവകുലത്തിനുമായി 10 കല്പനകള്‍ നല്കിയത്. ഈജിപ്തിലെ മണ്ണ് തിരുക്കുടുംബത്തിന് – യേശുവിനും, മറിയത്തിനും യൗസേപ്പിനും അഭയംനല്കിയിട്ടുള്ളതും ചരിത്രമല്ലേ!  രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ് ക്രിസ്തുവിനോട് ഈജിപ്തു കാണിച്ച ആതിഥ്യം മാനവികതയുടെ മനോദര്‍പ്പണത്തില്‍ ഇന്നും മായാതെ നില്ക്കുന്നു. അതിനാല്‍ ഇന്നാടു ‍ഞങ്ങളുടേതാണ് എന്നൊരു വികാരം ശക്തവും സ്വാഭാവികവുമാണ്. അറബിയില്‍ പറയുംപോലെ “Misr um al-dunya” മിസ്ര് ഉം അല്‍-ദുനിയാ! ഈജിപ്ത് ലോക മാതാവാണ്!

ഇന്നും സുഡാന്‍, എരിത്രിയ, സീറിയ, ഇറാക്ക് എന്നീ രാജ്യങ്ങളില്‍നിന്നും, ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നും ഈ നാട് അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും സ്വീകരിക്കുക മാത്രമല്ലെ, അവരെ ഇവിടത്തെ സംസ്ക്കാരത്തിലേയ്ക്ക് ഉള്‍ചേര്‍ക്കാന്‍ കാര്യമായി പരിശ്രമിക്കുകയും ചെയ്യുന്നു. മദ്ധ്യപൂര്‍വ്വദേശത്തെ അതിക്രമങ്ങള്‍ ആളിപ്പടരാതെ സൂക്ഷിക്കുകയും, അതിനു തടയിടുവാന്‍ പോരുന്നതുമായ സങ്കീര്‍ണ്ണവും തന്ത്രപ്രധാനവുമായ നിലപാടാണ് ഈജിപ്ത് ഇന്ന് കൈക്കൊള്ളുന്നത്. അപ്പത്തിനും സ്വാതന്ത്ര്യത്തിനും സാമൂഹ്യനീതിക്കും ഈജിപ്തിന്‍റെ മണ്ണില്‍ കുറവില്ല എന്ന ഭാഗധേയവും പങ്കുമാണ് ഇന്നാട്ടിലേയ്ക്ക് ജനതകളെ മാടി വിളിക്കുന്നത്. ഈജിപ്ഷ്യന്‍ ജനതയുടെ ഈ ജനിതക നന്മയും മഹത്വവും ലിഖിത നിയമത്തിനുംമേലെ ജീവിക്കുന്ന നിയമവും, ആശകള്‍ക്കൊപ്പം യഥാര്‍ത്ഥമായ അര്‍പ്പണവും, വാക്കുകള്‍ക്കുമപ്പുറം പ്രവൃത്തികളുമാക്കി പരിവര്‍ത്തനം ചെയ്യാനായാല്‍ ഐക്യാര്‍ഢ്യത്തിന്‍റെ ലക്ഷ്യം പൂവണിയുകതന്നെ ചെയ്യും.

2. കലുഷിതമാകുന്ന സാമൂഹ്യാന്തരീക്ഷം               

ഇന്നാട്ടില്‍ ഇന്ന് അധികവും അധികാരത്തിനും, ആയുധനവിപണനത്തിനും, മതമൗലികവാദത്തിനും, ചിലപ്പോള്‍ ദൈവത്തിന്‍റെപേരില്‍ അഴിച്ചുവിടുന്ന മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത അനീതിയും അതിക്രമങ്ങളും അധികമായി കടന്നുവരുന്നുവെന്നത് ഖേദകരംതന്നെ! ക്രൂരവും വിവേകരഹിതവുമായ അതിക്രമങ്ങള്‍ക്കുവേദിയാകുന്ന നാടിന്‍റെ സമാധാനം ഊട്ടിയുറപ്പിക്കാനും ബലപ്പെടുത്താനുമുള്ള വലിയ ഉത്തരവാദിത്തം ഈ നടിന്‍റേതാണ്. എത്രയോ കുടുംബങ്ങളാണ് ഇന്നിവിടെ അനീതിയുടെ അതിക്രമങ്ങളാല്‍ വേദനിക്കുന്നത്. തങ്ങളുടെ മക്കളെയോര്‍ത്തു വിലപ്പിക്കുന്ന മാതാപിതാക്കളും കുടുംബങ്ങളും ഇപ്പോള്‍ ഇവിടെ ഈ വേദിയില്‍ ഇരിപ്പുണ്ട്.

അതിക്രമങ്ങള്‍ക്ക് ഇരയായവരില്‍ ഈ നാടിന്‍റെ യുവജനങ്ങളെയും സായുധസേനാംഗങ്ങളെയും പൊലീസുകാരെയും, ഈജിപ്ഷ്യന്‍ പൗരന്മാരെയും പ്രത്യേകമായി ഓര്‍ക്കുന്നു. ഭീഷണിയും കൊലപാതകവും അതിക്രമങ്ങളുംമൂലം വടക്കന്‍ സീനായ് വിട്ടുപോകേണ്ടിവന്നവരെ മറക്കില്ല. എന്നാല്‍ വേദനിക്കുന്നവരെ തുണയ്ക്കാനും അഭയമേകാനും ഓടിയെത്തിയ അധികാരികളെയും പൗരന്മാരെയും ഓര്‍ക്കുന്നു. കോപ്റ്റിക്ക് ദേവാലയങ്ങളില്‍ കഴിഞ്ഞ ഡിസംബറിലും, വളരെ അടുത്ത് റ്റാന്‍റയിലും അലക്സാന്‍ഡ്രിയയിലും കൊല്ലപ്പെട്ടുവരെ അനുസ്മരിക്കുന്നു. അവരുടെ കുടുംബങ്ങളെയും നാട്ടുകാരെയും ഹൃദയപൂര്‍വ്വം അനുശോചനവും പ്രാര്‍ത്ഥനയും അറിയിക്കുന്നു. അവരുടെ മനസ്സുകളെ ദൈവം പ്രശാന്തമാക്കട്ടെ!

3. വികസനത്തിന്‍റെ കേന്ദ്രം വ്യക്തിയായിരിക്കണം

പ്രിയ പ്രസിഡന്‍റ്, പൗരപ്രമുഖരേ, നിങ്ങളുടെ ദേശീയവും അന്തര്‍ദേശിയവുമായ സമാധാന പ്രയത്നങ്ങളെ ശ്ലാഘിക്കുന്നു. പുരോഗതിയും സമൃദ്ധിയും സമാധാനും ഏറെ ത്യാഗം ആവശ്യപ്പെടുന്നുണ്ട്. അതിന് ഏറെ കഠിനാദ്ധ്വാനവും ബോദ്ധ്യവും സമര്‍പ്പണവും ആവശ്യമാണ്. വിവേചനമില്ലാത്ത മനുഷ്യാവകാശത്തോടുള്ള ആദരവും, സമത്വത്തിന്‍റെ മനോഭാവവും, മതസ്വാതന്ത്ര്യവും ആവിഷ്ക്കാര സ്വാതന്ത്ര്യവും അതിന് ആവശ്യമാണ്.  (cf. Universal Declaration of Human Rights; Egyptian Constitution of 2014, Chapter 3) . അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും കുറിച്ചുപറയുമ്പോള്‍, സ്ത്രീകളോടും, യുവജനങ്ങളോടും, പാവങ്ങളോടും രോഗികളോടും നാം പ്രത്യേകം പരിഗണനയുള്ളവരായിരിക്കണം. യഥാര്‍ത്ഥമായ പുരോഗതിയുടെ കേന്ദ്രവും മാനദണ്ഡവും മനുഷ്യവ്യക്തിയായിരിക്കണം. അവിരുടെ വിദ്യാഭ്യാസത്തിനും അന്തസ്സിനും ആരോഗ്യത്തിനുമുള്ള കൂട്ടുത്തരവാദിത്വമായിരിക്കണം പുരോഗതിക്കാവശ്യം. സമൂഹത്തിലെ ദുര്‍ബലരായവരോട് – വിശിഷ്യാ സ്ത്രീകളോടും, കുട്ടികളോടും, പ്രായമായവരോടും, രോഗികളോടും, വൈകല്യങ്ങളുള്ളവരോടും, ന്യൂനപക്ഷങ്ങളോടും - ആരെയും ഒഴിവാക്കാതെ കാണിക്കുന്ന കരുതലിനെ ആശ്രയിച്ചായിരിക്കും ഒരു രാഷ്ട്രത്തിന്‍റെ അഭിവൃദ്ധിയും മഹത്വവും. 

4. ദൈവത്തെ സംരക്ഷിക്കാന്‍ മനുഷ്യനോ?

ഇന്നിന്‍റെ സങ്കീര്‍ണ്ണവും ലോലവുമായ ആഗോളചുറ്റുപാടില്‍ “ചിന്നഭിന്നമായ രീതിയില്‍ ഒരു മൂന്നാം ലോകമഹായുദ്ധം” നടമാടുകയാണ്. അങ്ങനെയുള്ളൊരു ലോകത്ത് തലപൊക്കുന്ന തിന്മയുടെ ഓരോ ചിന്താഗതിയെയും, മൗലികവാദരീതികളെയും നിഷേധിക്കാതെയും, ദൈവനാമവും വിശുദ്ധമായതിനെക്കുറിച്ചുള്ള അവബോധവും ആദരവും ഇല്ലാതാക്കുന്ന പ്രസ്ഥാനങ്ങളെ ഇല്ലാതാക്കുകയും ചെയ്യാതെ ഒരു നാടിനോ  പൗരസമൂഹത്തിനോ നിലനില്പുണ്ടാവുകയില്ല.  ഏറെ ധാരണയോടും വ്യക്തതയോടുംകൂടെ ഈ ചിന്തകള്‍ നാടിന്‍റെ പ്രസിഡന്‍റ് വിവിധ വേദികളില്‍ അവതരിപ്പിച്ചിട്ടുള്ളത് ചാരിതാര്‍ത്ഥ്യത്തോടെ ഇവിടെ അനുസ്മരിക്കട്ടെ.

ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവായ ദൈവം മനുഷ്യരാല്‍ സംരക്ഷിക്കപ്പെടേണ്ടതില്ല, അവിടുന്നാണ് നമ്മെ സംരക്ഷിക്കുന്നത്. ഈ വസ്തുത വരുംതലമുറയ്ക്ക് പകര്‍ന്നുനല്കാനുള്ള വലിയ ഉത്തരവാദിത്ത്വം നമുക്കുണ്ട്. അവിടുന്ന് ഒരുക്കലും മക്കളുടെ മരണമോ വിനാശമോ ആഗ്രഹിക്കുന്നില്ല. മറിച്ച് നമ്മുടെ ജീവനും സന്തോഷവുമാണ് അഭിലഷിക്കുന്നത്. അവിടുന്ന് ഒരിക്കലും അതിക്രമം ആഗ്രഹിക്കുന്നില്ല, അതിനെ ന്യായീകരിക്കുന്നുമില്ല. അതിക്രമങ്ങളെ സ്നേഹിക്കുന്നവനെ കര്‍ത്താവ് വെറുക്കുന്നു (സങ്കീ. 11, 5), എന്നാണ് സങ്കീര്‍ത്തകന്‍ പഠിപ്പിക്കുന്നത്. സത്യദൈവം നമ്മെ കലവറയില്ലാത്ത സ്നേഹത്തിലേയ്ക്കും, പ്രതിനന്ദി പ്രതീക്ഷിക്കാത്തതുമായ ക്ഷമയ്ക്കും, കാരണ്യത്തിനും, ജീവനോടുള്ള സമഗ്രമായ ആദരവിനും, മനുഷ്യമക്കള്‍ക്കും ഈശ്വരവിശ്വാസികള്‍ക്കും, അവിശ്വാസികള്‍ക്കുമിടയില്‍പ്പോലുമുള്ള സാഹോദര്യത്തിനായും ആഗ്രഹിക്കുന്നു. മനുഷ്യമനസ്സുകളില്‍ വെറുപ്പും വിദ്വേഷവും വിതച്ച് സാധാരക്കാരുടെ ഈ ജീവിതം തട്ടിയെടുക്കുന്ന മിഥ്യയായൊരു പരലോകത്തെക്കുറിച്ചുള്ള വ്യാമോഹം പ്രചിരപ്പിക്കുകയും, ഉത്തരവാദിത്ത്വപരമായി വിശ്വാസം ജീവിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുകയും ചെയ്യുന്നവരുടെ മുഖംമൂടികള്‍ ഉറിഞ്ഞുമാറ്റാനുള്ള ഉത്തരവാദിത്ത്വം നമുക്കുണ്ട്.

5. മതവും അതിക്രമങ്ങളും തമ്മിലുള്ള പൊരുത്തക്കേട്

വിശ്വാസവും അതിക്രമവും തമ്മിലും, ദൈവവും കൂട്ടക്കുരുതിയും തമ്മിലുള്ള പൊരുത്തക്കേട് മനസ്സിലാക്കിയും, അതിനെതിരെ ബോധ്യത്തോടെ നിലയുറപ്പിച്ചുകൊണ്ടും, മതമൗലികവാദത്തിന്‍റെ മാരകമായ മാര്‍ഗ്ഗങ്ങളെ തച്ചുടയ്ക്കേണ്ടത് നമ്മുടെ ഉത്തരവാദിത്ത്വമാണ്. നീതി പ്രസംഗിക്കുകയും അനീതി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരോട് ചരിത്രം പൊറുക്കുകയില്ലെന്നു പ്രഖ്യാപിക്കാനുള്ള ഉത്തരവാദിത്ത്വം നമുക്കുണ്ട്. സമത്വത്തെക്കുറിച്ച് പ്രസംഗിക്കുകയും വ്യത്യസ്തരെയും ഭിന്നശേഷിക്കാരെയും വിവേചിച്ചുതള്ളുകയും ചെയ്യുന്നവരോടു ചരിത്രം ക്ഷമിക്കുകയില്ല.  അഹിംസാമാര്‍ഗ്ഗത്തിലൂടെ നല്ലൊരു ലോകം പടുത്തുയര്‍ത്താന്‍ സമാധനത്തിനായി അദ്ധ്വാനിക്കുന്ന സ്ത്രീ പുരുഷന്മാരെയാണ് ലോകം ആദരിക്കുന്നത്. “സമാധാനപാലകര്‍ അനുഗൃഹീതരാകുന്നു, എന്തെന്നാല്‍ അവര്‍ ദൈവമക്കളെന്ന് വിളിക്കപ്പെടും” (മത്തായി 5, 9).

6. മതം ദൈവത്തിന്‍റെയും ഭൂമി എല്ലാവരുടേതും

പൂര്‍വ്വജോസഫ് ഫറവോയുടെ ഗവര്‍ണ്ണരായിരുന്ന കാലത്ത് ജനതകളെ പട്ടിണിയില്‍നിന്നു രക്ഷിച്ചു (ഉല്പത്തി 47, 57). സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ദാരിദ്ര്യത്തില്‍നിന്നും ഈ ഭൂപ്രദേശത്തെയും ഇവിടത്തെ ജനതകളെയും രക്ഷിക്കാന്‍ ഈജിപ്ത് ഇന്ന് വിളിക്കപ്പെടുന്നു. എല്ലാവിധത്തിലുള്ള അതിക്രമങ്ങളെയും ഭീകരപ്രവര്‍ത്തനങ്ങളെയും നിരാകരിക്കാനും തല്ലിപ്പറയാനും ഈജിപ്ത് വിളിക്കപ്പെട്ടിരിക്കുന്നു.  സമാധാനപൂര്‍ണ്ണമായ സഹവര്‍ത്തിത്വത്തിനും അന്തസ്സുള്ള തൊഴിലിനും ന്യായമായ അടിസ്ഥാന വിദ്യാഭ്യാസത്തിനുമായി കേഴുന്ന മനുഷ്യഹൃദയങ്ങളില്‍ സമാധാനത്തിന്‍റെ വിത്തുപാകാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ സമാധനം വളര്‍ത്താന്‍ പരിശ്രമിക്കുമ്പോള്‍ ഭീകരതയെ നാം ചെറുക്കണം. മതം ദൈവത്തിന്‍റേതാണ്, നാട് എല്ലാവരുടേതുമാണ് “al-din lillah wal watan liljami” എന്ന 1952-ലെ വിപ്ലവകാലത്തെ ആപ്തവാക്യം തെളിയിക്കാന്‍ ഈ നാടിനു സാധിക്കട്ടെ!

എല്ലാവരുടെയും വിശ്വാസസ്വാതന്ത്ര്യം ആദരിച്ചും, അടിസ്ഥാന മാനുഷികമൂല്യങ്ങള്‍ മാനിച്ചും കൂട്ടായ്മയില്‍ ജീവിക്കാമെന്ന് കാണിച്ചുകൊടുക്കാന്‍ ഈജിപ്തിനു സാധിക്കും (Cont. 2014, art.5).   മുന്നൂ വലിയ മതങ്ങളുടെ പിള്ളത്തൊട്ടിലായ ഇന്നാടിന് ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്വമാണുള്ളത്. അതുവഴി ഈ ഭൂപ്രദേശം ഇപ്പോഴുള്ള വലിയ അനര്‍ത്ഥങ്ങളില്‍നിന്ന് മോചിതമായി സമാധാനത്തിന് അടിസ്ഥാനമായ സഹോദര്യത്തിന്‍റെയും നീതിയുടെയും സമുന്നതമായ മൂല്യങ്ങള്‍ ഇവിടെ വീണ്ടും പ്രസരിപ്പിക്കാന്‍ ഇടവരട്ടെ! (2014 World Day of Peace, 4) വന്‍രാഷ്ട്രങ്ങളില്‍നിന്നും ഇതില്‍ക്കുറഞ്ഞൊന്നും നാം പ്രതീക്ഷിക്കേണ്ടതില്ല!

വത്തിക്കാനും ഈജിപ്തും നമ്മില്‍ നയതന്ത്രബന്ധം സ്ഥാപിതമായതിന്‍റെ  70-Ɔ൦ വാര്‍ഷികമാണിത്. അറബു രാജ്യങ്ങളില്‍ അപ്രകാരം ചെയ്ത ആദ്യത്തെ രാഷ്ട്രമാണ് ഈജിപ്ത്. സുഹൃദ്ബന്ധവും, പരസ്പരമുള്ള ആദരവും, സഹകരണവും ഈ ബന്ധത്തിന്‍റെ സവിശേഷതകളാണ്. ഈ കൂട്ടായ്മ ദൃഢപ്പെടുത്താന്‍ സന്ദര്‍ശനം സഹായകമാകുമെന്ന് പ്രത്യാശിക്കുന്നു. സമാധാനം ദൈവികദാനമാണ്. ഒപ്പം അത് മനുഷ്യന്‍റെ പരിശ്രമഫലവുമാണ്. സമാധാനം നാം വളര്‍ത്തിയെടുക്കേണ്ടുതും സംരക്ഷിക്കേണ്ടതുമായ നന്മയാണ്. അതിന് നിയമത്തിന്‍റെ പിന്‍ബലിമുണ്ട്. മറിച്ച് ബലപ്രയോഗത്തിന്‍റെ നിയമമല്ല സമാധാനം. ഈ നാടില്‍, ഈ ഭൂപ്രദേശത്ത് സമാധാനം പൂവണിയട്ടെ! വിശിഷ്യ പലസ്തീന്‍ ഇസ്രായേല്‍, സിറിയ ലിബിയ, യെമന്‍ ഇറാക്ക്, തെക്കന്‍ സുഡാന്‍ പ്രവിശ്യകളില്‍ സമാധാനം വളരട്ടെ! സന്മനസ്സുള്ള സകലര്‍ക്കും സമാധാനം ആശംസിക്കുന്നു!

7. ന്യൂനപക്ഷങ്ങളെ  അന്യവത്ക്കരിക്കരുതേ...!

പ്രതീകാത്മകമായി ഇവിടെ സന്നിഹിതരായിരിക്കുന്ന ഈജിപ്ഷ്യന്‍ ജനതയ്ക്ക് എന്‍റെ പൈതൃകമായ ആശ്ലേഷം നല്കുന്നു. ഇന്നാട്ടിലെ എന്‍റെ ക്രൈസ്തവ സഹോദരങ്ങളെ - ഓര്‍ത്തഡോക്സ് കോപ്റ്റിക്, ഗ്രീക്ക് ബൈസന്‍റൈന്‍, അര്‍മേനിയന്‍ ഓര്‍ത്തഡോക്സ്, പ്രൊട്ടസ്റ്റന്‍റ്, കത്തോലിക്കാ സമൂഹങ്ങളെ എല്ലാവരെയും അഭിവാദ്യംചെയ്യുന്നു. ക്രിസ്തു ആഗ്രഹിക്കുന്ന കൂട്ടായ്മയും ഐക്യവും യാഥാര്‍ത്ഥമാക്കാന്‍ ഇവിടത്തെ ക്രൈസ്തവസമൂഹത്തിന്‍റെ സ്ഥാപകനായ വിശുദ്ധ മര്‍ക്കോസ് സുവിശേഷകന്‍ സഹായിക്കട്ടെ! (യോഹ. 17, 20-23). ക്രൈസ്തവരുടെ ഇവിടത്തെ സാന്നിദ്ധ്യം നവമോ, താല്ക്കാലികമോ അല്ല. അത് പുരാതനവും ഇന്നാടിന്‍റെ ചരിത്രത്തില്‍നിന്നും അവിഭക്തവുമാണ്. ഈജിപ്തിന്‍റെ സമഗ്രത സംസ്കൃതിയുടെ ഭാഗമാണു നിങ്ങള്‍. അന്യൂനവും, എന്നാല്‍ മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാക്കാവുന്നതുമായ കൂട്ടായ്മയും കൂട്ടുചേരലും, സൗഹൃദവുമാണ് ഇവിടെ നിങ്ങള്‍ വളര്‍ത്തിയിട്ടുള്ളത്. സംഘര്‍ഷത്തിലല്ല, വൈവിധ്യങ്ങളില്‍ സമ്പന്നത കണ്ടെത്തിക്കൊണ്ട്, പരസ്പര ആദരവിലും നന്മയിലും ഒരുമിച്ചു ജീവിക്കാമെന്നാണ് നിങ്ങള്‍ തെളിയിക്കുന്നത്. ഇനിയും ഈ കൂട്ടായ്മയും ഐക്യദാര്‍ഢ്യവും നിങ്ങള്‍ ലോകത്തിന് കാണിച്ചുകൊടുക്കുക (cf. BENEDICT XVI, Ecclesia in Medio Oriente, 24 and 25).

ഹൃദ്യമായ നിങ്ങളുടെ വരവേല്പിനു നന്ദി! ദൈവം ഈജിപ്തിലെ ജനതയെ അനുഗ്രഹിക്കട്ടെ! അവിടുന്ന് നിങ്ങള്‍ക്കും നിങ്ങളുടെ മക്കള്‍ക്കും സമാധാനവും നീതിയും സമൃദ്ധിയും നല്കി കാത്തുപാലിക്കട്ടെ! ഏശയാ പ്രവാചകന്‍ മൊഴിഞ്ഞിട്ടുണ്ട്... “എന്‍റെ ജനമായ ഈജിപ്ത് അനുഗൃഹീതമാണ്!” (ഏശയ്യ 19, 25). Shukran wa tahya misr!  നന്ദി! ഈജിപത് നീളാല്‍ വാഴട്ടെ!!








All the contents on this site are copyrighted ©.