2017-04-27 18:42:00

ക്രിസ്തീയസാക്ഷ്യം ചിന്താഗതിയല്ല ദൈവത്തോടുള്ള അനുസരണയാണ്


ക്രൈസ്തവസാക്ഷ്യം ഒരു സമൂഹ്യനിലപാടുമല്ല, മറിച്ച് അത് ദൈവഹിതത്തോടു ക്രിസ്തു കാണിച്ചതുപോലുള്ള വിധേയത്വവും അനുസരണയുമാണ്. അതിന്‍റെ ഫലമായി ക്രൈസ്തവര്‍ പലപ്പോഴും ജീവിതത്തില്‍ സഹിക്കേണ്ടിവരുന്നു.  

ഏപ്രില്‍ 27-Ɔ൦ തിയതി വ്യാഴാഴ്ച സാന്താ മാര്‍ത്തിയിലെ കപ്പേളയില്‍ പ്രഭാതത്തില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

1. മനുഷ്യരെക്കാള്‍ ദൈവത്തെയാണ് നാം അനുസരിക്കേണ്ടത്.

കാരാഗൃഹത്തില്‍നിന്നും ദൈവദൂതന്‍റെ സഹായത്തോടെ അത്ഭുതകരമായി രക്ഷപ്രാപിച്ച പത്രോശ്ലീഹയുടെ പ്രതികരണമാണിത്. ലോകത്തിന് അനുതാപവും രക്ഷയും നല്കാന്‍ ദൈവമാണ് ക്രിസ്തുവിനെ ഉയര്‍ത്തിയതും ഉയര്‍പ്പിച്ചതും. ഉത്ഥിതനെക്കുറിച്ചുള്ള സാക്ഷ്യം ലോകത്തിനു നല്കാനുള്ള കരുത്ത് ലഭിക്കുന്നത് ദൈവത്തെ അനുസരിക്കുന്നവര്‍ക്ക് അവിടുത്തെ അരൂപിയില്‍നിന്നും അല്ലെങ്കില്‍ ദൈവാത്മാവില്‍ നിന്നുമാണ്. ക്രിസ്തുവിനെക്കുറിച്ച് ഇനി ആരോടും ഒന്നും പറയരുതെന്നു വിലക്കിയിട്ടും, ഉത്ഥിതനെക്കുറിച്ചും അവിടുന്നുവഴി ലോകത്തിനു ലഭിച്ച നന്മയെക്കുറിച്ചും ജരൂസലേമിലും മറ്റിടങ്ങളിലും വ്യാപിച്ചു. ഉത്ഥിതനെക്കുറിച്ചുള്ള സദ്വാര്‍ത്ത പ്രഘോഷിക്കപ്പെട്ടു. അപ്പസ്തോല നടപടി പുസ്തകത്തില്‍നിന്നുമുള്ള ആദ്യവായനയെ ആധാരമാക്കിയാണ് തന്‍റെ വചനചിന്തകള്‍ പാപ്പാ ആരംഭിച്ചത് (അപ്പസ്തോല നടപടി 5, 27-33).

സഭയുടെ ആരംഭനാളില്‍ ജരൂസലേമില്‍ സഭ വളരുകയും അവര്‍ക്ക് കര്‍ത്താവിന്‍റെ സാന്നിദ്ധ്യവും നിരവധി അടയാളങ്ങളും അത്ഭുതങ്ങളും ലഭിക്കുകയുംചെയ്തു. എന്നാല്‍ വിശ്വാസത്തെക്കാള്‍ ഉപരി അനനിയാസിനെയും അഫീറായെയുംപോലെ മന്ത്രവാദത്തിലും അത്ഭുതങ്ങളിലും വിശ്വസിക്കുന്നവര്‍ അന്നാളില്‍ എന്നപോലെ ഇന്നും സഭയിലുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. അതിനാല്‍ വ്യാജപ്രേഷിതര്‍ ഇന്നും വിശ്വാസികളായ രോഗികളെ അപ്പസ്തോലന്മാരുടെ പക്കലേയ്ക്കും സഭാസമൂഹങ്ങളിലേയ്ക്കും പറഞ്ഞുവിടുന്നുണ്ട്. പാപ്പാ ചൂണ്ടിക്കാട്ടി.   ദൈവജനത്തിനിടയില്‍ വളരുന്ന തെറ്റ് തെറ്റാണെന്നും, ആ തെറ്റിനോടുള്ള വിദ്വേഷവുമാണ്

ക്രിസ്തുവിനെ തള്ളിപ്പറഞ്ഞതിന്‍റെ ഭീതിയുള്ള പത്രോസാണ്, മനുഷ്യരെക്കാള്‍ ദൈവത്തെ നാം അനുസരിക്കണമെന്ന് ഉദ്ബോധിപ്പിക്കുന്നത്. എന്‍റെ ഹിതമല്ല, അവിടുത്തെ ഹിതം നിറവേറട്ടെ,  എന്ന് ഗദ്സേമിനിയില്‍ മൊഴിഞ്ഞ ക്രിസ്തുവിനും, അവിടുന്ന പഠിപ്പിക്കുന്ന ദൈവഹിതത്തിനും ക്രൈസ്തവര്‍ വിധേയരാവണമെന്ന് ശ്ലീഹാ ഉദ്ബോധിപ്പിക്കുന്നു. ദൈവഹിതത്തിന്‍റെ അനുസരണയില്‍ ജീവിക്കാത്ത ക്രൈസ്തവന്‍ ക്രൈസ്തവനും ക്രിസ്തുസാക്ഷിയുമല്ല. ക്രിസ്തു ഒരു തത്വശാസ്ത്രത്തിന്‍റെയോ, ചിന്താധാരയുടെയോ സാക്ഷിയായിരുന്നില്ല, മറിച്ച് പിതാവിനോടുള്ള അനുസരണയുടെയും സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്‍റെയും പ്രതീകമായിരുന്നു. അതിനാല്‍ ദൈവഹിതത്തിന് വിധേയപ്പെട്ടു ജീവിക്കുക ക്രിസ്തുവില്‍ ലഭ്യമാകുന്ന അരൂപിയുടെ വരദാനമാണ്. പാപ്പാ ഉദ്ബോധിപ്പിച്ചു. അതു ക്രിസ്ത്വാനുകരണവും ക്രിസ്തു സാക്ഷ്യവുമാണെന്ന് പാപ്പാ എടുത്തുപറഞ്ഞു.

2. അനുസരണത്തിന്‍റെ  സാക്ഷ്യം  പരിശുദ്ധാത്മാവിന്‍റെ കൃപ.

ദൈവാത്മാവിനു മാത്രമേ നമ്മെ ദൈവഹിതത്തോടുള്ള അനുസരണത്തിന്‍റെ സാക്ഷിയാക്കാന്‍ സാധിക്കൂ. ആത്മീയ ഗുരുക്കന്‍മാരെയും നല്ല രചയിതാക്കളെയുമൊക്കെ ഇതിനായി കൂട്ടുപിടിക്കുകയോ, സമീപിക്കുകയോ ചെയ്യാമെങ്കിലും നമ്മുടെ ഹൃദയങ്ങളെ ദൈവാത്മാവ് സ്പര്‍ശിക്കുമ്പോള്‍ മാത്രമാണ് നാം അവിടുത്തെ സാക്ഷികളാകുന്നത്. പ്രാര്‍ത്ഥിച്ചു നേടിയെടുക്കേണ്ട കൃപയാണ് ക്രൈസ്തവസാക്ഷ്യം. പിതാവായ ദൈവമേ, നാഥനായ യേശുവേ, അങ്ങേ അനുസരണത്തിന്‍റെ സാക്ഷിയാകുന്നതിന് അരൂപിയെ നല്കണമേ, അയയ്ക്കണമേ. അതുവഴി, ഞങ്ങള്‍ അങ്ങേ ചൈതന്യവും ബോധ്യവുമുള്ള ക്രൈസ്തവജീവിതം നയിക്കട്ടെ! എന്നാല്‍ ഓര്‍ക്കുക, അനുസരണത്തിന് അല്ലെങ്കില്‍ ദൈവഹിതത്തിനു കീഴ്പ്പെടുന്ന സാക്ഷിയാകുന്നവന്‍, സാക്ഷിയാകുന്നവള്‍ പത്രോസ്ലീഹായെപ്പോലെ പീഡനങ്ങള്‍ക്കും മരണത്തിനും വിധേയനാകാനും സാദ്ധ്യതയുണ്ട്.
 

3. ക്രൈസ്തസാക്ഷ്യത്തിന്‍റെ പ്രത്യാഘാതം പീഡനമാണ്.

അഷ്ടഭാഗ്യങ്ങളുടെ അന്ത്യത്തില്‍ ക്രിസ്തു പറയുന്നു, “നിങ്ങള്‍ അപമാനിതരാകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ അനുഗൃഹീതരാകുന്നു ” (മത്തായി 5, 11).  അതിനാല്‍ കുരിശ് ക്രൈസ്തവ ജീവിതത്തിന്‍റെ ഭാഗധേയമാണ്, ക്രൈസ്തവജീവിതത്തില്‍നിന്നും ഒഴിച്ചുകൂട്ടാനാവാത്തതാണ് ത്യാഗവും സഹനങ്ങളും കുരിശുകളും. ക്രൈസ്തവവിളിയെ  ജീവത മേന്മയ്ക്കുള്ള മാര്‍ഗ്ഗമായി കാണരുത്. ജീവിതം അല്പം മെച്ചപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകാനുള്ളതല്ല, മറിച്ച് അത് ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും പാതയാണ്.  അത് അനുദിനം യഥാര്‍ത്ഥമായ സ്നേഹത്തിലും ത്യാഗത്തിലും സമര്‍പ്പിക്കേണ്ടതാണ്.  അതിനാല്‍ ക്രിസ്തു സാക്ഷിയാവാനും, ദൈവഹിതത്തിനു വിധേയരായി ജീവിക്കാനുമുള്ള അനുഗ്രഹങ്ങള്‍ക്കായി അനുദിനം പ്രത്യേകം പ്രാര്‍ത്ഥിക്കാം. അങ്ങനെ പ്രാര്‍ത്ഥിക്കുന്നവര്‍ പീഡനങ്ങളെ ഭയപ്പെടുകയില്ല, അവര്‍ പീഡനങ്ങളില്‍‍ പതറുകയില്ല. അന്യായമായി നിങ്ങള്‍  ന്യായാധിപന്മാരുടെ പക്കല്‍ ആനീതരാകുമ്പോള്‍, അതിനാല്‍ എന്തു മറുപടി പറയണമെന്ന് ഓര്‍ത്ത് ഭയപ്പെടേണ്ട. കര്‍ത്താവിന്‍റെ അരൂപി നിങ്ങള്‍ക്ക് അത് വെളിപ്പെടുത്തി തരും.  ഇങ്ങനെ ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസഹരിച്ചത്.

 








All the contents on this site are copyrighted ©.