2017-04-27 19:17:00

750-Ɔ൦ വാര്‍ഷികം ആഘോഷിക്കുന്ന ഇറ്റലിയിലെ മോണ്‍റിയാലെ ബസിലിക്ക


തെക്കെ ഇറ്റലിയിലെ മോണ്‍റിയാലെ ബസിലിക്ക - സ്ഥാപനത്തിന്‍റെ  750-Ɔ൦ വാര്‍ഷികം ആഘോഷിക്കുന്നു. പാപ്പാ ഫ്രാന്‍സിസ് അനുഗ്രഹസന്ദേശം അയച്ചു.

ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ അവിടത്തെ ജനങ്ങള്‍ കൂടുതല്‍ വളരുവാനുള്ള അനുഗ്രഹം ദൈവമാതാവിന്‍റെ തിരുജനനത്തിനു (Dedicated to the Nativity of Blessed Virgin Mary) സമര്‍പ്പിതമായിരിക്കുന്ന ബസിലിക്കയുടെ സ്ഥാപനത്തിന്‍റെ ജൂബിലിനാളില്‍ കന്യകാനാഥയുടെ മാദ്ധ്യസ്ഥതയില്‍ അവിടത്തെ ജനങ്ങള്‍ക്ക് ലഭ്യമാകട്ടെ, എന്നു സന്ദേശത്തിലൂടെ പാപ്പാ ആശംസിക്കുകയും, സകലര്‍ക്കും അപ്പസ്തോലിക ആശീര്‍വ്വാദം നല്‍കുകയുംചെയ്തു.

ഏപ്രില്‍ 26-Ɔ൦ തിയതി ബുധനാഴ്ച വൈകുന്നേരം മോണ്‍റിയാലെ കത്തിഡ്രലില്‍ ദേശീയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ ബഞ്ഞാസ്കോയുടെ മാദ്ധ്യസ്ഥതയില്‍ നടന്ന ജൂബിലിയാഘോഷത്തില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റുവഴി അയച്ച പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം പരസ്യമായി വായിച്ചു.

നോര്‍മന്‍ രാജാക്കന്മാര്‍ സിസിലി ഭരിക്കുന്ന കാലത്താണ് മോണ്‍റിയാലെ കത്തീഡ്രല്‍ സ്ഥാപിതമായത്. 1174-ല്‍ വില്യം രണ്ടാമന്‍ രാജാവ് പണിയാരംഭിച്ച ഭദ്രാസന ദേവാലയം 1182-ല്‍ പൂര്‍ത്തീകരിക്കപ്പെട്ടു. ബൈസന്‍റൈന്‍-നോര്‍മന്‍ വാസ്തുഭംഗി തിങ്ങി നില്ക്കുന്നതാണ് ഈ അപൂര്‍വ്വ ദേവാലയം. ഇന്ന് ലോകത്തെ യുനോസ്ക്കോ സാംസ്ക്കാരിക പൈതൃക കേന്ദ്രങ്ങളില്‍ ഒന്നാണ് കന്യകാനാഥയുടെ തിരുജനനത്തിന്‍റെ ഈ ബസിലിക്ക; ഒപ്പം ഇറ്റലിയുടെ ദേശീയസ്മാരകം കൂടിയാണിത്.

വലുപ്പംകൊണ്ടും വര്‍ണ്ണപ്പകിട്ടുകൊണ്ടും ശ്രദ്ധേയമാകുന്ന ലോകത്തെ അത്യപൂര്‍വ്വ മൊസൈക്ക് ചിത്രീകരണങ്ങളും, കൊത്തുപണികളുംകൊണ്ട് അലംകൃതമാണ് മോണ്‍റിയാലെ അതിരൂപതയുടെ ഭദ്രാസനദേവാലയം കൂടിയായ ഈ ബസിലിക്ക. 334 അടി നീളവും 131-അടി വീതിയും അതിനൊത്ത ഉയരവുമുള്ള ബസിലിക്ക അടുത്തകാലത്തു നടത്തിയ പുരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ജൂബിലിയുടെ തിളക്കത്തില്‍ തലയുയര്‍ത്തി നില്ക്കുന്നു. 








All the contents on this site are copyrighted ©.