2017-04-25 14:59:00

ഉത്ഥിതനില്‍ സമൂര്‍ത്തമാകുന്ന വിശ്വാസബോധ്യങ്ങള്‍


ഏപ്രില്‍ 24-Ɔ൦ തിയതി തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7 മണിക്ക് പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച വചനചിന്തകള്‍ താഴെ ചേര്‍ക്കുന്നു.

വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം വിവരിക്കുന്ന യേശുവും നിക്കദേമൂസുമായുള്ള സ്വകാര്യമായ കൂടിക്കാഴ്ച (യോഹ. 3, 1-8), അപ്പോസ്തോല നടപടി പുസ്തകം രേഖപ്പെടുത്തുന്ന അപ്പസ്തോലന്മാര്‍ സുഖപ്പെടുത്തിയ ജന്മനാമുടന്തനായവനെക്കുറിച്ചുള്ള സംഭവം, തുടര്‍ന്ന് ജരൂസലേമില്‍ യഹൂദ പ്രമാണികളുടെ ഇടയിലുണ്ടായ പ്രതികരണം, പത്രോസ്, യോഹന്നാന്‍ എന്നീ ശ്ലീഹാന്മാരുടെ സാക്ഷ്യം (നപടി 4, 23-31) എന്നിവയെക്കുറിച്ചായിരുന്നു പാപ്പായുടെ വചനപ്രഭാഷണം:

1. വചനം മാസം ധരിച്ചതിനാല്‍ വിശ്വാസം സമൂര്‍ത്തമാണ്.

വിശ്വാസം ജീവല്‍ബന്ധിയും യഥാര്‍ത്ഥവുമാണ്. അത് വിട്ടുവീഴ്ചകള്‍ക്കും സാങ്കല്പികതയ്ക്കും  കീഴ്പ്പെടുകയില്ല. ഒഴികഴിവുകളില്ലാതെ അഭംഗുരം വചനം പ്രഘോഷിക്കുന്നതിനുള്ള പ്രചോദനവും ചൈതന്യവും വിശ്വാസിക്കു ലഭിക്കുന്നത് ദൈവാത്മാവു നല്കുന്ന ആത്മീയ സ്വാതന്ത്ര്യത്തില്‍നിന്നാണ്.

നിക്കദേസമൂസ് എന്ന യഹൂദാചാര്യനോട് ക്രിസ്തു ദൈവാത്മാവിനെക്കുറിച്ച് ക്ഷമയോടും സ്നേഹത്തോടുംകൂടെ പ്രതികരിക്കുന്നത് ശ്രദ്ധേയമാണ്. ഉന്നതത്തില്‍നിന്നും നല്കപ്പെടാതെ, അതായത് ജലത്താലും പരിശുദ്ധാത്മാവിനാലും ജനിക്കാതെ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുകയില്ല. ക്രിസ്തു പറഞ്ഞ കാര്യങ്ങള്‍ കൂടുതല്‍ സ്പഷ്ടമാകുന്നതിന് അപ്പസ്തോല നടപടി പുസ്തകം ഇന്നു വിവരിക്കുന്ന സംഭവവും സഹായകമാണ്. പതോസും യോഹന്നാനുമാണ് തളര്‍വാദ രോഗിയെ സൗഖ്യപ്പെടുത്തിയ സംഭവത്തിന്‍റെ സാക്ഷികള്‍. നിമജ്ഞന്മാര്‍ക്ക് ഇത് ഒട്ടും ഇഷ്ടപ്പെട്ടില്ല. എന്നാല്‍ സംഭവം ജനങ്ങള്‍ക്കിടയില്‍ പരസ്യമാവുകയും ചെയ്തു. എന്നിട്ടും യഹൂദാചാര്യന്മാരുടെ ഗൂഢാലോചന ഇതായിരുന്നു –ഉത്ഥിതനായ ക്രിസ്തുവില്‍ നടന്ന അത്ഭുതസംഭവങ്ങള്‍ ഇനിയും പുറത്തുപോകരുത്, ജനങ്ങള്‍ അറിയരുത്.  ഇതായിരുന്നു അധികാരികളുടെ നിഷ്ക്കര്‍ഷ!  അപ്പോള്‍ അപ്പസ്തോലന്മാര്‍ - പത്രോസും യോഹന്നാനും പ്രതികരിച്ചത്, തങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാന്‍ സാധ്യമല്ല, എന്നായിരുന്നു (നപടി 4, 20).   

2. വചനം മാംസം ധരിച്ചതിനാല്‍  വിശ്വാസം യഥാര്‍ത്ഥമാണ്.

നിയമജ്ഞന്മാര്‍ ഒഴിവുകഴിവുകള്‍ പറഞ്ഞത് വസ്തുതകള്‍ മറച്ചുവയ്ക്കാനായിരുന്നു. വിവാദങ്ങള്‍ സൃഷ്ടിക്കാനും തര്‍ക്കിക്കാനുമായിരുന്നു അവരുടെ നീക്കം. എന്നാല്‍ പത്രോസും യോഹന്നാനും ധൈര്യത്തോടും തുറുവോടുംകൂടെ, അരൂപിയില്‍നിന്നു ലഭിച്ച കരുത്തോടുംകൂടെ സംസാരിക്കുന്നു. സത്യസന്ധമായും ധൈര്യത്തോടുംകൂടെ സംസാരിക്കുക എന്നാല്‍ വിട്ടുവീഴ്ചകളില്ലാതെ സംസാരിക്കുക എന്നാണര്‍ത്ഥം. അത് അരൂപിയുടെ ശക്തിയിലും ബോധ്യത്തിലുമുള്ള സാക്ഷപ്പെടുത്തലാണ്. അങ്ങനെയുള്ള വിശ്വാസം മൂര്‍ത്തവും യഥാര്‍ത്ഥവുമാണ്.  

വിശ്വാസം സമൂര്‍ത്തമാണെന്ന വസ്തുത നാം മറന്നുപോകാറുണ്ട്. വചനം മാസം ധരിച്ചു എന്നത് വെറും ഒരു ആശയമല്ല. അതുപോലെ നാം പ്രഘോഷിക്കുന്ന വിശ്വാസസത്യങ്ങളും വെറും ആശയങ്ങളാണെന്നു ചിന്തിക്കരുത്. ആകാശവും ഭൂമിയും സൃഷ്ടിച്ച പിതാവായ ദൈവത്തില്‍ നാം വിശ്വസിക്കുന്നു. ദൈവത്തില്‍നിന്നു ജാതനും, നമ്മുടെ ഇടയില്‍ ജീവിച്ച് മരിച്ച് ഉത്ഥാനംചെയ്തവനുമായ യേശുവിലുമുള്ള വിശ്വാസം യഥാര്‍ത്ഥവും സമൂര്‍ത്തവുമാണ്. ഞാന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ പ്രവൃത്തി വിധേയമാക്കേണ്ട ആശയങ്ങളല്ല, മറിച്ച് അവ യാഥാര്‍ത്ഥ്യങ്ങളാണ്. അവ നാം ജീവിക്കുന്ന വിശ്വാസബോധ്യങ്ങളാണ്. വിശ്വസത്തെക്കുറിച്ച് ആശയപരവും താത്വികവുമായ നിലപാടുകള്‍ക്കുമപ്പുറം, അവ തുറവോടെ ഉള്‍ക്കൊള്ളുകയും പ്രാവര്‍ത്തികമാക്കുകയും, സാക്ഷ്യപ്പെടുത്തുകയും വേണം.

3. രക്തസാക്ഷിത്ത്വം - വിശ്വസിക്കുന്ന കാര്യങ്ങള്‍ക്കുവേണ്ടിയുള്ള സ്വയാര്‍പ്പണം.  

ചിലപ്പോഴെങ്കിലും സഭ യുക്തിവാദത്തിന്‍റെ മനോഭാവത്തേലേയ്ക്ക് വഴുതി വീഴാന്‍ ഇടയായിട്ടുണ്ട്!  എന്നാല്‍ ചരിത്രത്തില്‍ സഭ യുക്തവാദത്തെയും  ബോധോദയ സാദ്ധാന്തത്തെയും നിഷേധിച്ചിട്ടുള്ളതും തള്ളിക്കളഞ്ഞിട്ടുള്ളതുമാണ്.  കഴിയുകയോ കഴിയാതിരിക്കയോ, ചെയ്യുകയോ ചെയ്യാതിരിക്കുകയോ, ഇവിടെയും അവിടെയും...ആയിരിക്കുന്ന അവസ്ഥ ചിലപ്പോഴൊക്കെ ഉണ്ടാകാറുണ്ടല്ലോ! വ്യക്തമായ ബോധ്യങ്ങള്‍ ഇല്ലാത്ത അവസ്ഥയാണ് ഈ യുക്തിചിന്തകള്‍. എന്നാല്‍ ക്രിസ്തുവിലും, അവിടുത്തെ ഉത്ഥാനത്തിലും, അരൂപിയിലുമുള്ള വിശ്വാസം നമുക്ക് ആത്മീയ സ്വാതന്ത്ര്യം നേടിത്തരുന്നു. അപ്പസ്തോലന്മാരുടെ വിശ്വാസപ്രോഘോഷണത്തിന്‍റെയും വചന പ്രസംഗത്തിന്‍റെയും പ്രേരകശക്തി ക്രിസ്തുവിലും അവിടുത്തെ അരൂപിയിലുമുള്ള സ്വാതന്ത്ര്യമാണ്. അങ്ങനെ, തടസ്സങ്ങളില്ലാതെ, സങ്കോചമില്ലാതെ സുവിശേഷ പ്രഘോഷിക്കാനുള്ള കരുത്ത് കര്‍ത്താവു നല്‍കുന്നു.

ദൈവാത്മാവിന്‍റെ ചൈതന്യം തരണമേ, എന്നു ഉത്ഥിതനായ ക്രിസ്തുവിനോടു നമുക്ക് പ്രാര്‍ത്ഥിക്കാം. നമ്മില്‍ ആവസിച്ച്, അനുദിനം നമ്മെ മുന്നോട്ടു നയിക്കുന്നത് കര്‍ത്താവിന്‍റെ അരൂപിയാണ്. നമ്മെ വിശ്വാസത്താല്‍ അഭിഷേകംചെയ്യുന്നതും, ഐക്യപ്പെടുത്തുന്നതും അരൂപിതന്നെ! കാറ്റു വീശുന്നത് അതിന് ഇഷ്ടമുള്ളിടത്തേയ്ക്കാണ്. അതിന്‍റെ ശബ്ദം നാം കേള്‍ക്കുക മാത്രം ചെയ്യുന്നു. അത് എവിടെനിന്നു വരുന്നെന്നോ, എവിടേയ്ക്കു പോകുന്നെന്നോ  നമുക്ക് അറിയില്ല! ഇതുപോലെയാണ് ആത്മാവില്‍നിന്നു ജനിക്കുന്ന എല്ലാവരും, അവര്‍ ദൈവത്തില്‍നിന്നുള്ളവരാണ്! അതിനാല്‍ വെളിപ്പെട്ടു കിട്ടിയിട്ടുള്ള കാര്യങ്ങള്‍ അവര്‍ സാക്ഷ്പ്പെടുത്തുന്നു. അതാണ് യഥാര്‍ത്ഥമായ വിശ്വാസം. അത് എവിടെ തുടങ്ങുന്നെന്നോ, എവിടെ അവസാനിക്കുന്നെന്നോ കൃത്യമായി പറയുക സാദ്ധ്യമല്ല. അരുപിയിലുള്ള നവജീവനാണ് വിശ്വാസം! ദൈവം തന്‍റെ പുത്രനെ ലോകത്തിലേയ്ക്ക് അയച്ചത്, അവനില്‍ വിശ്വാസിക്കുന്ന ഒരുവനും നശിച്ചുപോകാതെ രക്ഷപ്രാപിക്കുന്നതിനു വേണ്ടിയാണ്. അങ്ങനെ അവര്‍ ദൈവിക പ്രകാശത്തിലേയ്ക്കു കടന്നുവരുന്നു. അവരുടെ പ്രവൃത്തികള്‍ ദൈവികൈക്യത്തില്‍ ചെയ്യുന്നവയായി വെളിപ്പെടുന്നു (യോഹ. 3, 21). 








All the contents on this site are copyrighted ©.