2017-04-21 11:37:00

DOCAT - XV: നീതിയ്ക്കുവേണ്ടി സംസാരിക്കാനുള്ള സഭയുടെ അവകാശവും കടമയും


സഭാദര്‍ശനം പരിപാടിയില്‍, ഡുക്യാറ്റ് പഠനപരമ്പര - 15 

ഡുക്യാറ്റ് രണ്ടാമധ്യായത്തില 28, 29, 30 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് കഴിഞ്ഞ ദിനം പരിചിന്തനത്തിനെടുത്തത്.  സാമൂഹിക പ്രബോധനവും വിശ്വാസവും തമ്മിലുള്ള ബന്ധം, സാമൂഹികനീതി എന്ന സഭയുടെ ലക്ഷ്യം, മാനവവികസനവും സുവിശേഷവും തമ്മിലുള്ള ബന്ധം എന്നിവയെക്കുറിച്ചാണ് അവിടെ ചുരുക്കമായി പ്രതിപാദിച്ചു.   ഡുക്യാറ്റ് രണ്ടാമധ്യായത്തില്‍നിന്നു തുടര്‍ന്നുവരുന്ന മൂന്നു ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഇവിടെ നമ്മുടെ വിചിന്തനവിഷയം.  അതായത്, സാമൂഹികപ്രശ്നത്തില്‍ എത്രമാതം ആഴത്തില്‍ ഇടപെടാന്‍ സഭയ്ക്കു സാധിക്കും? അവിടെ ഏതെങ്കിലും ഒരു പ്രത്യേക സാമൂഹിക, രാഷ്ട്രീയ മാതൃകയെ സഭ അനുകൂലിക്കുന്നുണ്ടോ? ഇക്കാര്യത്തില്‍ സഭയുടെ അധികാരമെങ്ങനെ? എന്നീ വിഷയങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുകയാണിതില്‍.

ഇവിടെ ആദ്യം ചര്‍ച്ചചെയ്യുന്നത് സാമൂഹികപ്രശ്നത്തില്‍ സഭയുടെ ഇടപെടലിനെക്കുറിച്ചാണ്.  എല്ലാ പ്രശ്നങ്ങളിലും സഭ ഇടപെടുന്നില്ല, ആവശ്യമായ നയങ്ങള്‍ രൂപീകരിക്കുന്നുമില്ല.  കാരണം അതിനാവശ്യമായ മറ്റു സ്ഥാപനങ്ങളുണ്ട്.  എന്നാല്‍, സുവിശേഷപ്രചോദിതമായ നയരൂപീകരണത്തിനു സഭ പ്രേരിപ്പിക്കാറുണ്ട്.   വ്യക്തമായ ഉത്തരമാണ് ചോദ്യം മുപ്പത്തൊന്നിന് നല്‍കപ്പെട്ടിരിക്കുന്നത്.

ചോദ്യം 31.  സാമൂഹികപ്രശ്നത്തില്‍ എത്രമാത്രം ആഴത്തില്‍ ഇടപെടാന്‍ സഭയ്ക്കു കഴിയും?
ഉത്തരം: രാഷ്ട്രത്തിന്‍റെയോ രാഷ്ട്രീയത്തിന്‍റെയോ സ്ഥാനം ഏറ്റെടുക്കുക എന്നതല്ല സഭയുടെ ഉത്തരവാദിത്വം.  അതിനാലാണ് ഓരോ സാമൂഹിക പ്രശ്നങ്ങള്‍ക്കുംവേണ്ട സാങ്കേതിക ഉപദേശം അവള്‍ നല്‍കാത്തത്.  അവള്‍ നയങ്ങള്‍ക്കു രൂപം നല്‍കാറില്ല, മറിച്ച്, സുവിശേഷ പ്രചോദിതമായ നയങ്ങള്‍ രൂപീകരിക്കുവാന്‍ പ്രചോദിപ്പിക്കാറുണ്ട്.  തങ്ങളുടെ ചാക്രിക ലേഖനങ്ങളിലൂടെ മാര്‍പ്പാ പ്പമാര്‍, നീതിനിറഞ്ഞ സമൂഹനിര്‍മിതിയ്ക്ക് ആവശ്യമായ വേതനം, സ്വത്ത്, യൂണിയനുകള്‍ തുട ങ്ങിയ മുഖ്യപ്രമേയങ്ങളെപ്പറ്റി വിശദമായി സംസാരിച്ചിട്ടുണ്ട്.  നിയതമായ രാഷ്ട്രീയ ഇടപെടലുകള്‍ ആ മേഖലയിലുള്ള ക്രിസ്ത്യാനികളായ അല്‍മായര്‍ തന്നെയാണു നടത്തേണ്ടത്.  മാത്രമല്ല, നിരവധി ക്രിസ്ത്യാനികള്‍ അവരുടെ ക്രൈസ്തവ പ്രതിജ്ഞാബദ്ധതയുടെ പേരില്‍ യൂണിയനുകള്‍, ഗ്രൂപ്പുകള്‍, അസോസിയേഷനുകള്‍ തുടങ്ങിയവയ്ക്കും മറ്റു സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കും (ഉദാ. അഭയാര്‍ഥി സഹായം, തൊഴിലാളി സംരക്ഷണം) വേണ്ടി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ഈ ചോദ്യോത്തരങ്ങളോടു ചേര്‍ത്തു രണ്ടാം വത്തിക്കാന്‍ കൗണ്‍സിന്‍റെ സഭ ആധുനികലോകത്തില്‍ എന്ന രേഖയില്‍നിന്നും, ഫ്രാന്‍സീസ് പാപ്പാ നല്‍കിയിട്ടുള്ള സന്ദേശവും ഉദ്ധരിക്കുന്നുണ്ട്. 

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ (GS 1): ഇന്നത്തെ മനുഷ്യരുടെ, പ്രത്യേകിച്ചു ദരിദ്രരുടെയും കഷ്ടതയനുഭവിക്കുന്നവരുടെയും ആനന്ദവും പ്രതീക്ഷയും ക്ലേശവും തീവ്രവേദനയും മിശിഹായുടെ ശിഷ്യന്മാരുടെയും ആനന്ദവും പ്രതീക്ഷയും ക്ലേശവും തീവ്രവേദനയുമാണ്.

ഫ്രാന്‍സീസ് പാപ്പാ യൂറോപ്യന്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്തു സംസാരിച്ചപ്പോള്‍, സഭയുടെ നീതിബോധവും സഹിക്കുന്ന മാനവകുലത്തോടുള്ള പ്രതിബദ്ധതയും മാത്രമല്ല, ലോകത്തെ പ്രബോധിപ്പിക്കുകയും നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന സഭയുടെ അവകാശവും കടമയും വ്യക്തമാകുകയുമാണ്: കുടിയേറ്റ പ്രശ്നത്തിന് ഒന്നിച്ചുള്ള ഒരുത്തരം ആവശ്യമാണ്.  മെഡിറ്ററേനിയന്‍ കടല്‍ ഒരു വലിയ സെമിത്തേരി ആയിത്തീരുന്നതിനു സമ്മതിക്കാന്‍ നമുക്കാവില്ല. സ്വീകാര്യതയും സഹായവും ആവശ്യ മുള്ള സ്ത്രീപുരുഷന്മാരാല്‍ നിറഞ്ഞ ബോട്ടുകളാണ് ഓരോ ദിവസവും യൂറോപ്പിന്‍റെ തീരത്തു വന്നണയുന്നത് (25-11-2014).

മാര്‍ട്ടിന്‍ നീമെള്ളര്‍ എന്ന ജര്‍മന്‍ ലൂതറന്‍ ദൈവശാസ്ത്രജ്ഞന്‍റെ ഇക്കാര്യത്തെക്കുറിച്ചു പറയുന്നത് നമ്മുടെ ഹൃദയങ്ങളെ സ്പര്‍ശിക്കാതിരിക്കുകയില്ല.

അവര്‍ കമ്മ്യൂണിസ്റ്റുകളെ പിടിച്ചുകൊണ്ടു പോകാന്‍ വന്നപ്പോള്‍ ഞാനൊന്നും പറഞ്ഞില്ല.  കാരണം, ഞാന്‍ കമ്മ്യൂണിസ്റ്റല്ലായിരുന്നു. അവര്‍ സോഷ്യല്‍ ഡെമോക്രാറ്റുകളെ പിടിച്ചുകൊണ്ടുപോകാന്‍ വന്ന പ്പോഴും ഞാന്‍ ഒന്നും പറഞ്ഞില്ല.  കാരണം, ഞാന്‍ സോഷ്യല്‍ ഡെമോക്രാറ്റല്ലായിരുന്നു.  അവര്‍ ട്രേഡ് യൂണിയന്‍കാര്‍ക്കുവേണ്ടി വന്നപ്പോഴും ഞാന്‍ ഒന്നും പറഞ്ഞില്ല.  കാരണം ഞാന്‍ ട്രേഡ് യൂണിയന്‍കാരനല്ലായിരുന്നു. അവസാനം അവര്‍ എനിക്കുവേണ്ടി വന്നപ്പോള്‍ പ്രതിഷേധിക്കാന്‍ കഴി യുന്ന ആരുമുണ്ടായിരുന്നില്ല (മാര്‍ട്ടിന്‍ നീമെള്ളര്‍, ജര്‍മന്‍ ലൂതറന്‍ ദൈവശാസ്ത്രജ്ഞന്‍, നാസിവി രുദ്ധ പ്രതിരോധസംഘത്തിലെ ഒരംഗം, 1892-1984).

യുക്യാറ്റ് 440 - രാഷ്ട്രീയത്തിലും സമൂഹത്തിലും പ്രവര്‍ത്തിക്കാന്‍ ക്രിസ്ത്യാനികള്‍ക്കുള്ള കടമയെക്കുറിച്ചു പറയുന്നു:

സുവിശേഷചൈതന്യത്തില്‍, അതായത് പരസ്നേഹം, സത്യം, നീതി എന്നിവയോടെ രാഷ്ട്രീയത്തിലും സമൂഹത്തിലും വ്യവസായത്തിലും പ്രവര്‍ത്തിക്കാന്‍ ക്രൈസ്തവരായ അല്‍മായര്‍ക്കു സവിശേഷ മായ കടമയുണ്ട്.  ഈ പ്രവര്‍ത്തനത്തിന് ആവശ്യമായ മാര്‍ഗനിര്‍ദേശം കത്തോലിക്കാ സാമൂഹികപ്രബോധനം അവര്‍ക്കു വ്യക്തമായി നല്‍കുന്നുണ്ട്.

ചോദ്യം 32.  സഭ ഏതെങ്കിലും ഒരു പ്രത്യേക സാമൂഹിക, രാഷ്ട്രീയ മാതൃകയെ അനുകൂലിക്കുന്നുണ്ടോ?
ഉത്തരം: എല്ലാ മനുഷ്യരുടെയും അവകാശങ്ങളും മഹത്ത്വും, പൊതുനന്മയുടെ ബഹുമാനിക്കപ്പെടു കയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന വിവിധ രാഷ്ട്രീയ മാതൃകകളെ സഭയ്ക്ക് അംഗീകരിക്കാന്‍ സാധിക്കും.
മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുകയും എല്ലാവര്‍ക്കും സാമൂഹിക പങ്കാളിത്തം ഉറപ്പുവരുത്തു കയും ചെയ്യുന്ന സ്വതന്ത്ര, ജനാധിപത്യ, സാമൂഹിക വ്യവസ്ഥയെയാണ് സഭ പിന്തുണയ്ക്കുന്നത്.  ഈ വിഷയത്തെക്കുറിച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ എഴുതുന്നു: ''രാഷ്ട്രീയ തിരഞ്ഞെടുപ്പുകളില്‍ പൗരന്മാര്‍ക്ക് പങ്കാളിത്തം ഉറപ്പുവരുത്തുന്നതുകൊണ്ടും, ഭരണീയര്‍ക്കു ഭരണകര്‍ത്താക്കളെ തിരഞ്ഞെ ടുക്കുവാനും അവരെ ഉത്തരവാദികളായി കരുതാനും, ആവശ്യമായി വരുമ്പോള്‍ അവരെ സമാധാ നപരമായ മാര്‍ഗ്ഗങ്ങളുപയോഗിച്ച് മാറ്റാനും ഉള്ള സാധ്യത ഉറപ്പുവരുത്തുന്നതുകൊണ്ടും സഭ ജനാ യത്ത ഭരണസമ്പ്രദായത്തെ വിലമതിക്കുന്നു. അതുകൊണ്ട് വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്കോ പ്ര ത്യയശാസ്ത്രപരമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയോ രാഷ്ട്രാധികാരത്തെ ദുരുപയോഗിക്കുന്ന ചെറിയ ഭര ണഗ്രൂപ്പുകളുടെ രൂപവത്ക്കരണത്തെ പ്രോത്സാഹിപ്പിക്കുവാന്‍ സഭയ്ക്കു സാധ്യമല്ല.  യഥാര്‍ഥമായ ജനാധിപത്യം നിയമത്താല്‍ ഭരിക്കപ്പെടുന്ന ഒരു രാഷ്ട്രത്തില്‍ മാത്രമേ സാധ്യമാവുകയുള്ളു.  മാത്രമല്ല, മനുഷ്യവ്യക്തിയെപ്പറ്റിയുള്ള ശരിയായ ധാരണയുടെ അടിസ്ഥാനത്തില്‍ മാത്രമേ അതു സാധിക്കുക യുള്ളു'' (ചെന്തേസിമൂസ് ആന്നൂസ്, 46).

പ്രത്യേക രാഷ്ട്രീയമാതൃകയെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ അല്ല സഭ ചെയ്യുന്നത്, സുവിശേഷത്തെ അനുസരിക്കുകയാണ്  കര്‍ത്താവായ യേശുവിന്‍റെ ഈ പ്രബോധനം മാനവകുലത്തിന്‍റെ വളര്‍ച്ചയുടെയും രക്ഷയുടെയും നിദാനമായി കാണാതിരിക്കുവാന്‍ കഴിയുകയില്ല

കര്‍ത്താവേ, ഞങ്ങള്‍ നിന്നെ വിശക്കുന്നവനോ, ദാഹിക്കുന്നവനോ പരദേശിയോ നഗ്നനോ രോഗിയോ, കാരാഗൃഹത്തില്‍ കഴിയുന്നവനോ ആയി കണ്ടതും നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നതും എപ്പോള്‍? അവന്‍ മറുപടി പറയും: ''സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ഏറ്റവും എളിയവരില്‍ ഒരുവനു നിങ്ങള്‍ ചെയ്യാതിരുന്നപ്പോള്‍ എനിക്കുതന്നെയാണ് ചെയ്യാതിരുന്നത്'' (മത്താ 25:44-45).

സുവിശേഷത്തിന്‍റെ സന്തോഷത്തില്‍ (EG 274) ഫ്രാന്‍സീസ് പാപ്പാ പറയുന്നു.

കൂടുതല്‍ നല്ല ജീവിതമുണ്ടാകാന്‍ ഒരു മനുഷ്യനെയെങ്കിലും എനിക്കു സഹായിക്കാന്‍ സാധിച്ചാല്‍ അതു തന്നെ എന്‍റെ ജീവിത സമര്‍പ്പണത്തെ നീതിമത്ക്കരിക്കുന്നു. ദൈവത്തിന്‍റെ വിശ്വസ്ത ജനമായി രിക്കു കയെന്നത് വിസ്മയനീയമായ കാര്യമാണ്. മതിലുകള്‍ തകര്‍ക്കുകയും നമ്മുടെ ഹൃദയം മുഖ ങ്ങളും പേരുകളുംകൊണ്ടു നിറയുകയും ചെയ്യുമ്പോള്‍ നാം ജീവിതസാക്ഷാത്ക്കാരം നേടുന്നു.

ചോദ്യം 33. സാമൂഹികപ്രശ്നങ്ങളെക്കുറിച്ചു സംസാരിക്കുമ്പോള്‍ സഭ അവളുടെ അധികാരപരിധി ലംഘിക്കുകയാണോ ചെയ്യുന്നത്?

ഉത്തരം: സഭ സാമൂഹികപ്രശ്നങ്ങളെപ്പറ്റി സംസാരിക്കുമ്പോള്‍ ''മറ്റുള്ളവരുടെ'' കാര്യത്തില്‍ തലയിടുകയല്ല ചെയ്യുന്നത്.  കുടുംബം സമൂഹത്തിന്‍റെ അടിസ്ഥാനഘടകമായതിനാല്‍, രാഷ്ട്രത്തിന്‍റെ സ്വന്തമല്ലാതിരിക്കുന്നതുപോലെ വ്യക്തിയും രാഷ്ട്രത്തിന്‍റെ സ്വന്തമല്ല.  സുവിശേഷമൂല്യങ്ങളില്‍ പ്രചോദിതയായി സഭ മനുഷ്യരുടെയും മനുഷ്യസമൂഹങ്ങളുടെയും അടിസ്ഥാന അവകാശങ്ങള്‍ക്കുവേണ്ടി സ്വരമുയര്‍ത്തുന്നു.  കൂടുതല്‍ ശക്തിയും ബാഹ്യസ്വാധീനവും നേടാനല്ല സഭ ഇപ്രകാരം ചെയ്യുന്നത്.  അനീതി സാമൂഹികജീവിത്തെ അപകടത്തിലാക്കുമ്പോഴെല്ലാം അതിനെതിരെ ശബ്ദമുയര്‍ത്തുക എന്നത് അവളുടെ അവകാശവും ഉത്തരവാദിത്വവുമാണ്.

ഇക്കാര്യത്തില്‍ സഭയ്ക്കുള്ളത് അധികാരത്തെക്കാള്‍ പങ്കാളിത്തമാണ്, ഉത്തരവാദിത്വമാണ് എന്നു പറയാം.  കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1913-1917 നമ്പറുകളില്‍ ഇതു വിശദീകരിക്കപ്പെടുന്നുണ്ട്

ഇവിടെ അതു പൊതുനന്മ വളര്‍ത്താനായുള്ള പങ്കുചേരലാണ്. അത് മനുഷ്യവ്യക്തിയുടെ മാഹാത്മ്യത്തില്‍ത്തന്നെ അന്തര്‍ലീനമാണ് എന്നു പഠിപ്പിക്കുന്ന മതബോധനഗ്രന്ഥം ഇങ്ങനെ ആഹ്വാനം ചെയ്യുന്നുമുണ്ട്.  ഈ പങ്കുവഹിക്കലിന്‍റെ രീതി രാജ്യങ്ങള്‍ക്കും സംസ്ക്കാരങ്ങള്‍ക്കും അനുസൃതമായി വ്യത്യാസപ്പെട്ടിരിക്കാമെന്നിരിക്കിലും പൗരന്മാര്‍ നിവൃത്തിയുള്ളിടത്തോളം പൊതുജീവിതത്തില്‍ സജീവ പങ്കു വഹിക്കണം. ഈ പൊതുനന്മയെന്നത് മൂന്നു അനിവാര്യഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. വ്യക്തികളുടെ മൗലികാവകാശങ്ങളെ മാനിക്കലും വളര്‍ത്തലും, സമൂഹത്തിന്‍റെ ആത്മീയവും ഭൗതികവുമായ നന്മയുടെ വികാസം അഥവാ സമൃദ്ധി, സമൂഹത്തിന്‍റെയും അതിന്‍റെ അംഗങ്ങളുടെയും സമാധാനവും സുരക്ഷിതത്വവും.   

'സഹായതത്ത്വത്തെ' (Principle of Subsidiarity) കുറിച്ചു  പറഞ്ഞുകൊണ്ട്,  323-ാം നമ്പറില്‍ യുക്യാറ്റ് നല്‍കുന്ന പ്രബോധനം ശ്രദ്ധേയമാണ്:  കൂടുതല്‍ വലുതും കൂടുതല്‍ ഉന്നതവുമായ സാമൂഹികസ്ഥാപനം താഴ്ന്ന തലത്തിലുള്ള സംഘടനയുടെ കടമകള്‍ ഏറ്റെടുക്കുകയും അതിന്‍റെ വൈദഗ്ധ്യം ഇല്ലാതാക്കുകയും ചെയ്യരുത്.  മറിച്ച് അങ്ങനെയുള്ള സ്ഥാപനങ്ങള്‍ ചെയ്യേണ്ടതിങ്ങനെയാണെന്നും സൂചിപ്പിക്കുന്നുണ്ടിവിടെ, വ്യക്തികളോ ചെറുതരം സ്ഥാപനങ്ങളോ ഒരു ദൗത്യം അതിന്‍റെ കഴിവിനപ്പുറത്താണെന്നു കാണുമ്പോള്‍ സഹായതത്വമനുസരിച്ച് ഇടപെടുക, അതായത് സഹായിക്കുക എന്നതാണ് വലിയ സാമൂഹികസ്ഥാപനം ചെയ്യേണ്ടത്.

 അടുത്തത്:  DOCAT - XVI








All the contents on this site are copyrighted ©.