2017-04-14 12:50:00

ക്രിസ്തു, നമ്മുടെ അനുദിന കുരിശുകളെ ജയിക്കുന്നവന്‍


കര്‍ത്താവായ ക്രിസ്തു മാത്രമാണ് മരണംകൊണ്ട് മരണത്തെയും നമ്മുടെ അനുദിന കുരിശുകളെയും ജയിച്ചവന്‍ എന്ന് കോണ്‍സ്റ്റന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമെയൊ ഒന്നാമന്‍.

കോണ്‍സ്റ്റന്‍റ്നോപ്പിളിലെ ഓര്‍ത്തോഡോക്സ് സഭാതലവനായ അദ്ദേഹം ഇക്കൊല്ലത്തെ ഉയിര്‍പ്പുതിരുന്നാള്‍ സന്ദേശത്തിലാണ് ഇതു പറഞ്ഞിരിക്കുന്നത്.

കത്തോലിക്കരും ഓര്‍ത്തഡോക്സ്കാരും ഇക്കൊല്ലം ഒരേദിനത്തില്‍ ഉയിര്‍പ്പുതിരുന്നാള്‍ ആഘോഷിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

മതമൗലികവാദത്തിന്‍റെ ഫലമായ ഭീകരാക്രമണങ്ങള്‍, യുദ്ധങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍, പട്ടിണി, ദാരിദ്ര്യം, ഭേദമാക്കാനാകാത്ത രോഗങ്ങള്‍ തുടങ്ങിയവയാണ് നമ്മുടെ അനുദിന കുരിശുകള്‍ എന്ന് അനുസ്മരിക്കുന്ന പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമെയൊ ഒന്നാമന്‍ ഈ നാടകീയാവസ്ഥകള്‍ക്കുമുന്നില്‍ സഭ അക്ഷീണം പ്രഘോഷിക്കുന്നത് നമ്മുടെ രാജാവ് വിജയിയായ ക്രിസ്തുവാകയാല്‍ നമുക്ക് സന്തോഷിക്കാനാകുമെന്നാണെന്ന് ഓര്‍മ്മിപ്പിക്കുന്നു.

മദ്ധ്യപൂര്‍വ്വദേശത്തും ലോകത്തിന്‍റെ ഇതരഭാഗങ്ങളിലും, അതായത്, യൂറോപ്പിലും ഉത്താരാഫ്രിക്കയിലും, ഏഷ്യയിലുമെല്ലാം ക്രൈസ്തവര്‍ പീഢിപ്പിക്കപ്പെടുന്ന അവസ്ഥയ്ക്കുമുന്നില്‍ ഈ വീക്ഷണമാണ് നമുക്കു സമാധാനത്തിനുള്ള ഉറപ്പെന്ന് അദ്ദേഹം പറയുന്നു.








All the contents on this site are copyrighted ©.