2017-04-13 18:45:00

നവീകരണം ‘സ്ത്രീകളുടെ കാലുകഴുകലോ?’


സമൂഹത്തിന്‍റെ പ്രാതിനിധ്യ സ്വഭാവമുള്ളൊരു കൂട്ടായ്മയുടെ കാലുകഴുകല്‍ ശുശ്രൂഷ പാപ്പാ ഫ്രാന്‍സിസ് 2015-ലെ പെസഹക്കാലത്തിനു മുന്നേ പ്രബോധിപ്പിച്ചിട്ടുള്ളതാണ്. ഇന്ന് ആഗോളസഭയില്‍ പ്രാവര്‍ത്തികമാക്കേണ്ട നവമായൊരു ആരാധനക്രമ നിഷ്ഠയുമാണിത്. എല്ലാത്തരക്കാരെയും ഉള്‍ക്കൊള്ളുന്ന ഒരു സാകല്യ സംസ്കൃതിയാണ് (An all inclusive culture and Liturgy) പാപ്പാ ഫ്രാന്‍സിസ് ഇതുവഴി പ്രബോധിപ്പിക്കുന്നത്. പ്രായമുള്ളവരും, സ്ത്രീകളും പുരുഷന്മാരും, കുട്ടികളും യുവജനങ്ങളും, അംഗവൈകല്യമുള്ളവരും രോഗികളും ഉള്‍പ്പെടുന്നതാണ് ഒരു സമൂഹം. അതിനാല്‍ ക്രിസ്തു പഠിപ്പിക്കുന്ന സ്നേഹത്തിന്‍റെയും വിനയാന്വിതമായ ശുശ്രൂഷയുടെയും പ്രതീകമായി അജപാലന സമൂഹത്തിലെ എല്ലാത്തരക്കാരെയും കാലുകഴുകല്‍ ശുശ്രൂഷയില്‍ ഉള്‍പ്പെടുത്തണമെന്നതാണ് സഭയില്‍ പാപ്പാ ഫ്രാന്‍സിസ് കൊണ്ടുവരുന്ന നവീകരണത്തിന്‍റെ പൊരുള്‍.

ഇടവകയുടെ ദര്‍ശനസമൂഹത്തില്‍പ്പെട്ടവരുടെ അല്ലെങ്കില്‍ ദേവാലയ ശുശ്രൂഷകരായ ഏതാനും പേരുടെ മാത്രം കാലുകഴുകുന്ന പരമ്പരാഗ്ത രീതിയെ മാറ്റിമറിക്കുന്നതാണ് നവമായ രീതി. എന്നാല്‍ അര്‍ത്ഥസമ്പുഷ്ടവും സുവിശേഷചൈതന്യം നിറഞ്ഞുനില്കുന്നതുമാണ് ഇന്ന് സഭ പ്രബോധിപ്പിക്കുന്ന പുതിയ രീതി. സ്ത്രീകളുടെ കാലുകഴുകയാണ് നവീകരണം എന്നപോലെയാണ് ഇന്ന് കേരളത്തില്‍ പുതുതായ ഈ സഭാപ്രബോധനത്തിന്‍റെ വ്യാഖ്യാനം അധികംപേരും തെറ്റായി മനസ്സിലാക്കുന്നത്.

തുറവിന്‍റെയും സഹാനുഭാവത്തിന്‍റെയും ദൈവികകാരുണ്യത്തിന്‍റെയും ശുശ്രൂഷയുടെയും ഈ നവമായ പ്രബോധനം ഉള്‍ക്കൊള്ളന്നതിനു പകരം, ‘സ്ത്രീകളുടെ കാലുകഴുകല്‍’ മാത്രമായി അതിനെ ദുര്‍വ്യാഖ്യാനംചെയ്യുന്ന സങ്കുചിത മനസ്ഥിതിയും മനസ്സാക്ഷിക്കടിയും ഇന്ന് പ്രദേശികസഭയുടെ നേതൃസ്ഥാനങ്ങളില്‍പ്പോലും കാണുന്നത് ഖേദകരമാണ്. കേരളത്തിലെ വിശ്വാസികള്‍ ഉള്‍ക്കൊണ്ടാലും ചില സഭാദ്ധ്യക്ഷന്മാര്‍ വിട്ടുകൊടുക്കുന്ന ഭാവമില്ല.

പാപ്പാ ഫ്രാന്‍സിസ് ഈ വര്‍ഷത്തെ പെസഹായ്ക്ക് ഇറ്റലിയിലെ പലിയാനോ ജയിലെ കുറ്റവാളികളില്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും, ജയില്‍പ്പുള്ളികളില്‍ രോഗികളായവരുടെയും, രണ്ടു കുഞ്ഞുങ്ങളുടെയും കാലുകള്‍ കഴുകിയത് പാപികളെയും പരിത്യക്തരെയും ഉള്‍ക്കൊള്ളുകയും, എല്ലാവരോടും സ്നേഹവും കാരുണയും സദാ പ്രകടമാക്കിയ ക്രിസ്തുവിന്‍റെ ശുശ്രൂഷാഭാവമല്ലേ?!








All the contents on this site are copyrighted ©.