2017-04-13 19:05:00

ജയിലഴികള്‍ കടന്നെത്തിയ ഇടയസ്നേഹം - പലിയാനോ ജയിലിലെ പെസഹാചരണം


പെസഹാവ്യാഴാഴ്ചത്തെ കാലുകഴുകല്‍ ശുശ്രൂഷയും, തിരുവത്താഴപൂജയും പാപ്പാ ഫ്രാന്‍സിസ് സ്വകാര്യമായി ആചരിച്ചു.

1. സ്വകാര്യമെങ്കിലും  ഹൃദ്യമായ പാപ്പാ ഫ്രാന്‍സിസിന്‍റെ പെസഹാചരണം

റോമാനഗരത്തിനു പുറത്തും തെക്കുഭാഗത്തുമുള്ള പലിയാനോ ജയിലിലാണ് പാപ്പാ ഇക്കുറി പെസഹാ ആചരിച്ചത്. ഇറ്റലിയില്‍ കഠിന കുറ്റകൃത്യങ്ങള്‍ക്ക് വിധിക്കപ്പെട്ട രാജ്യാന്തര കുറ്റവാളികള്‍ ജീവിക്കുന്ന ഈ തടങ്കലിന്‍റെ പ്രത്യേക സ്വഭാവവും സുരക്ഷാകാരണങ്ങളും പരിഗണിച്ചാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ കാര്‍മ്മികത്വത്തിലുള്ള പെസാചരണവും കാലുകഴുകല്‍ ശുശ്രൂഷയും ഇത്തവണ പൂര്‍ണ്ണമായും സ്വകാര്യമാക്കിയത്. അതിനാല്‍ ഈ പേപ്പല്‍ പരിപാടിയുടെ തത്സമയ സംപ്രേക്ഷണമോ, മാധ്യമങ്ങളിലൂടെയുള്ള കണ്ണിചേര്‍ക്കലോ ഉണ്ടാവില്ലെന്ന് വത്തിക്കാന്‍ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് ഏപ്രില്‍ 13-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

2. ജയിലിലെ കാലുകഴുകലും പെസഹാബലിയും

വത്തിക്കാനില്‍നിന്നും 50 കി.മി. അകലെയുള്ള പലിയാനോ ജയിലിലേയ്ക്ക് പെസഹാവ്യാഴാഴ്ച, പ്രാദേശിക സമയം ഉച്ചതിരിച്ച് 3 മണിക്ക് കാറില്‍ പുറപ്പെട്ട പാപ്പായെ 4 മണിക്ക് ജയിലധികൃതരും അന്തേവാസികളുടെ പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. ജയില്‍വാസികളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട 12 പേരുടെ കാലുകഴുകുന്ന ശുശ്രൂഷയോടെ ആദ്യം തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. പാപ്പാ കാലുകഴുകിയവരില്‍ 10 പേര്‍ ഇറ്റലിക്കാരും, ഒരാള്‍ അര്‍ജന്‍റീനിയക്കാരനും, മറ്റൊരാള്‍ അല്‍ബേനിയനുമായിരുന്നു. ഇക്കൂട്ടത്തില്‍ മൂന്നു സ്ത്രീകളും, ഇസ്ലാമില്‍നിന്നും ക്രിസ്തീയവിശ്വാസം സ്വീകരിച്ച മറ്റൊരു വ്യക്തിയുമുണ്ട്. രണ്ടുപേര്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നവരായിരുന്നു. മറ്റുള്ളവര്‍ കോടതിവിധിപ്രകാരം 2019-നും 2073-നും ഇടയ്ക്കു മോചിതരായേക്കാവുന്നവരുമായിരുന്നു.

3.  കൂട്ടായ്മയുടെ സന്തോഷം

കാലുകഴുകല്‍ ശുശ്രൂഷയെ തുടര്‍ന്ന് അന്തേവാസികള്‍ക്കൊപ്പം പാപ്പാ തിരുവത്താഴ്പൂജയര്‍പ്പിച്ചു. ദിവ്യബലിമദ്ധ്യേ പാപ്പാ പെസഹായുടെ വചനചിന്തകള്‍ പങ്കുവച്ചു :  ദൈവിക സ്നേഹത്തെക്കുറിച്ച് ചിന്തിക്കുന്ന ദിവസമാണിത്. ദൈവം താഴ്മയില്‍ അടിമയായി നമ്മുടെ പാദങ്ങള്‍ കഴുകി. നമുക്കായി കുരിശില്‍ മരിച്ചു. പാപികളും തെറ്റുകാരുമായ നമ്മെ അവിടുന്നു സ്നേഹിക്കുന്നു. നമുക്കുവേണ്ടി അവിടുന്നു താഴ്മയില്‍ സമര്‍പ്പിക്കുന്നു. എളിമയില്‍ സഹോദരങ്ങളെ സ്നേഹിക്കുന്നതും പരസ്പരം സഹായിക്കുന്നതും മഹത്തരമാണെന്ന് ഈ പെസഹാചരണം നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ ഇടയില്‍ സ്നേഹം വളരണമെങ്കില്‍ നാം പരസ്പരം പാദങ്ങള്‍ കഴുകണം. പരസ്പരം സഹായിക്കണം. പങ്കുവയ്ക്കണം.

പെസഹാനുഷ്ഠനത്തിനുശേഷം ഏതാനും നിമിഷം അന്തേവാസികളുമായി പാപ്പാ കൂടിക്കാഴ്ച നടത്തി. ജയില്‍വാസികളുടെ സ്നേഹോപഹാരളായ ചെറിയ കരകൗശലവസ്തുക്കളും, സ്ത്രീകള്‍ ഉണ്ടാക്കിയ പലഹാരങ്ങളും, ചെറിയ മരക്കുരിശും, ദൈവമാതാവിന്‍റെ ഛായാചിത്രണവും സ്വീകരിച്ചുകൊണ്ടാണ് 6.30-ന് പാപ്പാ വത്തിക്കാനിലേയ്ക്ക് മടങ്ങിയത്. പലിയാനോ ജയിലിലെ അന്തേവാസികള്‍ക്ക് ഈ പെസഹാ അനുരഞ്ജനത്തിന്‍റെയും പ്രത്യാശയുടെയും ദിവസമായെന്ന് വത്തിക്കാന്‍ പ്രസ്സ് ഓഫിസിന്‍റെ പ്രസ്താവന അറിയിച്ചു.

4. നവമായ കാലുകഴുകല്‍ ശുശ്രൂഷയുടെ അനുഷ്ഠാനം  

പാപ്പാ ഫ്രാന്‍സിസ്  സ്ഥാനമേറ്റനാള്‍ മുതല്‍ പെസഹാവ്യാഴാഴ്ചത്തെ തിരുവത്താഴപൂജയും കാലുകഴുകല്‍ ശുശ്രൂഷയും വത്തിക്കാനു പുറത്തുള്ള എളിയ സ്ഥാപനങ്ങളിലാണ് ആചരിച്ചിട്ടുള്ളത്. 2013-ല്‍ അത് ‘കാസാ ദെല്‍ മാര്‍മോ’ എന്ന പേരിലുള്ള ഇറ്റലിയിലെ കുറ്റവാളികളായ യുവജനങ്ങള്‍ക്കുള്ള തിരുത്തല്‍ ജയിലിലും, 2014-ല്‍ റോമില്‍ത്തന്നെയുള്ള അംഗവൈകല്യമുള്ളവരുടെ സ്ഥാപനത്തിലും, 2015-ല്‍ റോമാനഗര പ്രാന്തത്തിലെ റബീബിയ ജയിലിലും, 2016-ല്‍ റോമാ നഗരത്തിനു വടക്കു ഭാഗത്ത് കാസില്‍നുവോവോയിലെ അഭയാര്‍ത്ഥി കേന്ദ്രത്തിലുമായിരുന്നു.








All the contents on this site are copyrighted ©.