2017-04-10 13:16:00

ക്രൂശിക്കുക എന്ന ആക്രോശത്തിലേക്കു നീങ്ങുന്ന ഓശാന വിളികള്‍


പതിവുപോലെ വത്തിക്കാനീല്‍ ഓശാനഞായറാഴ്ചത്തെ(09/04/17) തിരുക്കര്‍മ്മങ്ങള്‍ക്ക് ഫ്രാന്‍സീസ് പാപ്പാ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഭൗമിക രാജകീയ പ്രൗഢിയോടെ അശ്വരൂഢനായി എത്തുന്നതിനു പകരം ലോകത്തിന്‍റെ ചിന്താധാരകള്‍ക്കും അനുഷഠാനങ്ങള്‍ക്കും അനനുയോജ്യമായി ഒരു കഴുതപ്പുറത്തെത്തുന്ന രാജാധിരാജനായ യേശുവിനെ ജറുസലേം നിവാസികള്‍ ഓശാന പാടി വരവേല്‍ക്കുന്ന മഹാസംഭവത്തിന്‍റെ അനുസ്മരണത്തിരുന്നാള്‍ ദിനത്തില്‍, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തിലായിരുന്നു പൂജാവേദി ഒരുക്കിയിരുന്നത്. ചത്വരത്തില്‍ 50000 ത്തോളം വിശ്വാസികള്‍ സന്നിഹിതരായിരുന്നു. ചത്വരത്തിന്‍റെ മദ്ധ്യത്തിലുള്ള ശിലാസ്തംഭത്തിനു കീഴില്‍ ആയിരുന്നു ഒലിവിന്‍ ചില്ലകളും കുരുത്തോലകളും വെഞ്ചെരിക്കുന്ന ചടങ്ങ്. പാപ്പായും സഹകാര്‍മ്മികരും ആരാധനക്രമം നിഷ്കര്‍ഷിക്കുന്ന ചുവന്ന പൂജാവസ്ത്രമണിഞ്ഞ് പ്രദക്ഷിണമായി അവിടെ എത്തുകയും പ്രാരംഭ പ്രാര്‍ത്ഥനകള്‍ക്കു ശേഷം പാപ്പാ ഒലിവിന്‍ ചില്ലകളും കുരുത്തോലകളും ആശീര്‍വ്വദിക്കുകയും ചെയ്തു. തുടര്‍ന്ന് ഓശാനപാടി കരുത്തോലപ്രദക്ഷിണമായിരുന്നു. ബലിവേദിയിലെത്തിയ പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍, തുടര്‍ന്ന്, ഓശാനത്തിരുന്നാള്‍ വിശുദ്ധകുര്‍ബ്ബാന അര്‍പ്പിക്കപ്പെട്ടു. വചനശുശ്രൂഷാവേളയില്‍ വിശുദ്ധഗ്രന്ഥവായനകളെത്തുടര്‍ന്ന് ഫ്രാന്‍സീസ് പാപ്പാ വചനവിശകലനം നടത്തി.

പാപ്പായുടെ വചനസമീക്ഷ:

ഈ ആഘോഷത്തിന് രണ്ടു സ്വാദുകളാണുള്ളത്, മധുരവും കയ്പും. സന്തോഷ സന്താപങ്ങള്‍ അടങ്ങിയതാണ് ഈ ആഘോഷം. കാരണം ശിഷ്യന്മാര്‍ രാജവ് എന്നുദ്ഘോഷിക്കുന്ന കര്‍ത്താവിന്‍റെ ജറുസലേം പ്രവേശം നാം അതില്‍ ആഘോഷിക്കുന്നു; അതൊടൊപ്പംതന്നെ, അവിടത്തെ പീഢാനുഭവസുവിശേഷ സംഭവം സാഘോഷം പ്രഘോഷിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ നമ്മുടെ ഹൃദയത്തിന് കടുത്ത വൈരുദ്ധ്യങ്ങള്‍ അുഭവപ്പെടുന്നു; യേശുവിന് അന്ന്, തന്‍റെ  സ്നേഹിതരുമൊത്തു സന്തോഷിക്കുകയും ജറുസലേമിനെ ഓര്‍ത്തു വിലപിക്കുകയും ചെയത് അന്ന്, ഉണ്ടായ ഹൃദയവികാരം ചെറിയതോതിലെങ്കിലും നമുക്കു അനുഭവപ്പെടുന്നു.

ഈ ഞായറിന്‍റെ ആനന്ദത്തിന്‍റെ മാനം 32 വര്‍ഷമായി യുവജനോത്സവത്താല്‍ സമ്പുഷ്ടമാക്കപ്പെടുന്നു. ലോകയുവജനദിനം ഇക്കൊല്ലം രൂപതാതലത്തില്‍ ആചരിക്കപ്പെടുന്നു. ഈ ചത്വരത്തില്‍ അല്പസമയത്തിനുള്ളില്‍ എന്നും ഹൃദയസ്പര്‍ശിയും സീമാതീതവുമായ ഒരു നിമിഷം, ക്രക്കോവിലെ യുവജനങ്ങള്‍ പാനമയിലെ യുവതയക്ക് കുരിശു കൈമാറുന്നതുവഴി, സംജാതാമാകും.

പ്രദക്ഷിണത്തിനു മുമ്പ് പ്രഘോഷിക്കപ്പട്ട സുവിശേഷം  (മത്തായിയുടെ സുവിശേഷം അദ്ധ്യായം 21, 1 മുതല്‍ 11 വരെ വാക്യങ്ങള്‍) ഇന്നുവരെ ആരും കയറാതിരുന്ന ഒരു കഴുതയുടെ പുറത്ത് കയറി യേശു ഒലിവുമലയില്‍ നിന്ന് ഇറങ്ങി വരുന്ന സംഭവം വിവരിക്കുന്നു. തങ്ങളുടെ ഗുരുവിനെ ജയ് വിളിച്ച് അനുഗമിക്കുന്ന ശിഷ്യഗണത്തിന്‍റെ   ആനന്ദം ഇവിടെ തെളിഞ്ഞു നില്ക്കുന്നു. ആ ആനന്ദോത്സവത്തില്‍ പങ്കുചേര്‍ന്ന ആ നഗരത്തിലെ യുവജനത്തിന്‍റെയും കുട്ടികളുടെയും ഉത്സാഹത്തിമിര്‍പ്പ് നമുക്കു മനസ്സില്‍ കാണാന്‍കഴിയും. ദൈവഹിതാനുസാരം നിര്‍ബ്ബാധം ഒഴുകുന്ന ഒരു ശക്തി അതില്‍ യേശുതന്നെ കാണുന്നു. ഈ ആനന്ദപ്രകടനത്തില്‍ പ്രകോപിതരായ ഫരിസേയരോട് യേശു പ്രതിവചിക്കുന്നു: “ഇവര്‍ മൗനം ഭജിച്ചാല്‍ ഈ കല്ലുകള്‍ ആര്‍ത്തുവിളിക്കുമെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു”. ( ലൂക്കാ 19,40)

യേശു , തുരുലിഖിതങ്ങളനുസരിച്ച് ആ രീതിയിലാണ് വിശുദ്ധ നഗരത്തില്‍ പ്രവേശിക്കുന്നത്. നിരാശകള്‍ വിതയ്ക്കുന്ന നിരാശനല്ല അവിടന്ന്. നവയുഗത്തിലെ പ്രവാചകനുമല്ല, ആള്‍മാറാട്ടക്കാരനുമല്ല. തീര്‍ത്തും വ്യത്യസ്തനാണ് അവിടന്ന്. അവിടത്തേയ്ക്ക് സുവ്യക്തമായ ഒരു രൂപമുണ്ട്. പീഢാനുഭവോന്മുഖമായി നീങ്ങുന്ന ദാസന്‍റെ, ദൈവത്തിന്‍റെയും മനുഷ്യന്‍റെയും ദാസന്‍റെ  രൂപത്തില്‍ എത്തുന്ന മിശിഹയാണ് അവിടന്ന്. നരകുലത്തിന്‍റെ മുഴുവന്‍ വേദനയും സഹിക്കുന്ന “മഹാ രോഗി” ആണ് അവിടന്ന്.

ആകയാല്‍ നമ്മളും നമ്മുടെ രാജാവിനെ പ്രകീര്‍ത്തിക്കുമ്പോള്‍ അവിടന്ന് ഈ വാരത്തില്‍ സഹിക്കേണ്ടുന്ന യാതനകള്‍ നാം അനുസ്മരിക്കുന്നു. ദുരാരോപണങ്ങള്‍, നിന്ദനങ്ങള്‍, കെണികള്‍, വഞ്ചനകള്‍, അനീതിപരമായ വിധിതീര്‍പ്പിന് വിട്ടുകൊടുക്കല്‍, പ്രഹരങ്ങള്‍, ചാട്ടവാറടികള്‍, മുള്‍ക്കിരീടം.... അവസാനമായി കുരിശില്‍ തറയ്ക്കപ്പെടുന്നതുവരെയുള്ള കുരിശിന്‍റെ വഴി.

അവിടന്ന് അത് സ്വന്തം ശിഷ്യരോടു പറഞ്ഞിരുന്നു: “ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്‍റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ” ( മത്തായി 16,24) അവിടന്ന് ഒരിക്കലും ബഹുമതികളും നേട്ടങ്ങളും വാഗ്ദാനം ചെയ്തില്ല. സുവിശേഷങ്ങള്‍ സുവ്യക്തമായി അതു പറയുന്നുണ്ട്. തന്‍റെ വഴി അതാണെന്നും അന്തിമവിജയം പീഢാസഹനങ്ങളിലൂടെയും കുരിശിലൂടെയും ആണ് കടന്നുപോകുകയെന്നും അവിടന്ന് തന്‍റെ  സ്നേഹിതരെ മുന്‍കൂട്ടി അറിയിച്ചു. നമ്മെ സംബന്ധിച്ചും ഇതു പ്രസക്തമാണ്. യേശുവിനെ വാക്കുകള്‍ കൊണ്ടല്ല പ്രവൃത്തികളിലൂടെ വിശ്വസ്തതയോടെ പിന്‍ചെല്ലുന്നതിനും നമ്മുടെ കുരിശുകള്‍ തിരസ്കരിക്കാനും വിലിച്ചെറിയാനുമല്ല, മറിച്ച്, അത് വഹിക്കുന്നതിനുള്ള ക്ഷമയുണ്ടാകുന്നതിനും, അവിടത്തെ നോക്കിക്കൊണ്ട് അതു സ്വീകരിക്കുന്നതിനും അനുദിനം അത് ചുമക്കുന്നതിനുമുള്ള അനുഗ്രഹം നമുക്ക് അപേക്ഷിക്കാം.

ജനങ്ങളു‍ടെ ഹോസാന്ന വിളികള്‍ സ്വീകരിക്കുന്ന യേശുവിന് നല്ലവണ്ണമറിയാം ഈ വിളികള്‍ ഉടനെ “അവനെ ക്രൂശിക്കുക” എന്ന ആക്രോശമായി മാറുമെന്ന്. ചിത്രങ്ങളിലൊ ഇന്‍റര്‍നെറ്റിലുള്ള ചലച്ചിത്രങ്ങളിലൊ തന്നെ ധ്യാനിക്കാനല്ല അവിടന്ന് നമ്മോടാവശ്യപ്പെടുന്നത്. അവിടന്ന്, അവിടത്തെപ്പോലെ ഇന്ന് പീഢകള്‍ അനുഭവിക്കുന്ന നമ്മുടെ അനേകം സോദരീസേദരങ്ങളില്‍ സന്നിഹിതനാണ്. അടിമവേലയാല്‍ വലയുന്നവര്‍, കുടുംബങ്ങദുരന്തങ്ങളു‌ടെ യാതനകള്‍ അനുഭവിക്കുന്നവര്‍, രോഗങ്ങളാല്‍ വേദനിക്കുന്നവര്‍. യുദ്ധങ്ങളാലും ഭീകരപ്രവര്‍ത്തനങ്ങളാലും ക്ലേശിക്കുന്നവര്‍,  ആയുധങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാലും ആയുധങ്ങളുടെ പ്രഹരങ്ങളാലും കഷ്ടതയനുഭവിക്കുന്നവര്‍. വഞ്ചിക്കപ്പെടുന്നവരും ഔന്നത്യം ഹനിക്കപ്പെടുന്നവരുമായ സ്ത്രീപുരുഷന്മാര്‍, വലിച്ചെറിയപ്പെട്ടവര്‍... യേശു അവരിലുണ്ട്, അവരിലോരോരുത്തരിലുമുണ്ട്. വികൃതമാക്കപ്പട്ട ആ മുഖത്തോടും ഭേദിക്കപ്പെട്ട സ്വരത്തോടും കൂടി അവിടന്ന് നമ്മോട് തന്നെ നോക്കാനും തന്നെ തിരിച്ചറിയാനും, തന്നെ സ്നേഹിക്കാനും ആവശ്യപ്പെടുന്നു.

മറ്റൊരു യേശുവല്ല. പനയോലകളും ഒലിവിന്‍ ചില്ലകളും വീശുന്ന ജനങ്ങള്‍ക്കിടയിലൂടെ ജറുസലേമിലേക്ക് പ്രവേശിച്ച അതേ യേശുതന്നെയാണ്. കുരിശില്‍ തറയ്ക്കപ്പെട്ടവനും, രണ്ടുകള്ളന്മാര്‍ക്കിടയില്‍ കുരിശില്‍ കിടന്ന് മരിച്ചവനുമായ അതേ യേശു. അവിടത്തേക്കപ്പുറം നമുക്ക് മറ്റൊരു യേശുവില്ല, നീതിയുടെയും കാരുണ്യത്തിന്‍റെയും സമാധാനത്തിന്‍റെയും എളിയ രാജാവ്.

ഈ വാക്കുകളില്‍ സുവിശേഷവിചിന്തനം ഉപസംഹരിച്ച പാപ്പാ വിശുദ്ധ കുര്‍ബ്ബാന തുടര്‍ന്നു. ദിവ്യബലിയുടെ സമാപനാശിര്‍വ്വാദത്തിനു മുമ്പ് പാപ്പാ ത്രികാലപ്രാര്‍ത്ഥന നയിച്ചു.

ഓശാനത്തിരുന്നാള്‍ ദിനത്തില്‍ തങ്ങളുടെ മെത്രാന്മാരുമൊത്തു യുവജനദിനം ആചരിക്കുന്ന എല്ലാവര്‍ക്കും പപ്പാ ത്രികാലപ്രാര്‍ത്ഥനയ്ക്കു മുമ്പു നടത്തിയ വിചിന്തനത്തില്‍ ആശംസകളേകി.

സ്വീഡന്‍റെ തലസ്ഥാനമായ സ്റ്റോക്ഹോമില്‍ വെള്ളിയാഴ്ചയുണ്ടായ(07/04/17) ഭീകരാക്രമണത്തിനിരകളായവരെയും നരകുലത്തിന്‍റെ ദുരന്തമായ യുദ്ധത്തിന്‍റെ കഠിന പരീക്ഷണങ്ങള്‍ക്ക് ഇരകളായവരെയും പാപ്പാ പീഢാനുഭവത്തിലേക്കു പ്രവേശിക്കുന്ന യേശുവിനും പരിശുദ്ധ കന്യകാമറിയത്തിനും ഭരമേല്പിച്ചു.

ഓശാന ഞായറാഴ്ച (09/04/17) ഈജിപ്തിന്‍റെ തലസ്ഥാനമായ കെയ്റോയില്‍, ഒരു കോപ്റ്റിക് ദേവാലയത്തില്‍, ഉണ്ടായ ഭീകരാക്രമണത്തിനിരകളായവര്‍ക്കു വേണ്ടി പാപ്പാ പ്രാര്‍ത്ഥിക്കുകയും കോപ്റ്റിക് സഭാതലവന്‍ പാപ്പാ തവാദ്രോസ് രണ്ടാമനെയും ഈജിപ്ത് നാടിനെ മുഴുവനും തന്‍റെ അനുശോചനം അറിയിക്കുകയും മരണമടഞ്ഞവര്‍ക്കും മുറിവേറ്റവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

ഭീകരതയും അക്രമവും മരണവും വിതയ്ക്കുന്നവരുടെയും ആയുധങ്ങള്‍ ഉല്പാദിപ്പിക്കുകയും അവ ക്രയവിക്രയം ചെയ്യുന്നവരുടെയും ഹൃദയങ്ങളെ പരിവര്‍ത്തനം ചെയ്യാന്‍ കര്‍ത്താവിനോടു പാപ്പാ പ്രാര്‍ത്ഥിച്ചു.  

തുടര്‍ന്ന് ത്രികാല പ്രാര്‍ത്ഥന നയിച്ച പാപ്പാ അതിന്‍റെ അവസാനം എല്ലാവര്‍ക്കും തന്‍റെ  അപ്പസ്തോലികാശീര്‍വ്വാദം നല്കി.  








All the contents on this site are copyrighted ©.