2017-04-08 10:50:00

വിമോചനത്തിന്‍റെ ജരൂസലേം യാത്ര : ഹോസാനയുടെ സുവിശേഷചിന്തകള്‍


മാറ്റത്തിന്‍റെ ചെറുകാറ്റായിട്ടാണ് പാപ്പാ ഫ്രാന്‍സിസ് സ്ഥാനമേറ്റത്. 2013 മാര്‍ച്ച് 13-Ɔ൦ തിയതിയായിരുന്നല്ലോ. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരം തിങ്ങിനിന്ന ആയിരങ്ങളുടെ മുന്നില്‍ ശിരസ്സുനമിച്ച് തന്നെ അനുഗ്രഹിക്കണം, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ച പാപ്പാ ബര്‍ഗോളിയോ ലോകത്തിന് ഇന്ന് വിശ്വസാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും മറുവാക്യമാണ്. ഒരു ലാറ്റിനമേരിക്കക്കാരന്‍റെ വത്തിക്കാന്‍ പ്രവേശനം, ആത്മീയ നവീകരണത്തിന്‍റെ ജരൂസലേം പ്രവേശനമായി മാറിയിരിക്കുന്നു. ക്രിസ്തുവിന്‍റെ ജരൂസലേം പ്രവേശനവുമായി അതിനെ നമുക്ക് വേണമെങ്കില്‍ കൂട്ടിവായിക്കാം! പാപ്പാ ഫ്രാന്‍ചേസ്ക്കോ പിന്നിടുന്ന ഓരോ നാളുകളും സഭാനവീകരത്തിന്‍റെ ചുവടുവയ്പ്പുകളാണ്, സഭയുടെ ആത്മീയ നവീകരണത്തിന്‍റെ നാളുകളാണ്, സംശയമില്ല!. കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷം അതിന്‍റെ മാറ്റൊലിയായി ഇന്നും ഉയരുന്നു. ക്രിസ്തുവിലും, സുവിശേഷമൂല്യങ്ങളിലും, സഭാപരാമ്പര്യത്തിലും പ്രബോധനങ്ങളിലും അടിയുറച്ചു നില്ക്കുമ്പോഴും, പാപ്പാ ഫ്രാന്‍സിസിന്‍റെ അജപാലന ശൈലിയില്‍ ദൈവിക കാരുണ്യത്തിന്‍റെ സ്പന്ദനങ്ങള്‍ അലയടിക്കുന്നു.

ക്രിസ്തുവിന്‍റെ വിനയഭാവവും സ്നേഹസമര്‍പ്പണവുമാണ് പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്ന അജപാലനരീതി, സഭാശുശ്രൂഷയുടെ മാതൃക. അത് ദൈവികകാരുണ്യത്തില്‍ അധിഷ്ഠിതവുമാണ്. ലോകത്ത് ബഹൂഭൂരിപക്ഷം വരുന്ന പാവങ്ങളായവരെ വിമോചിപ്പിക്കുവാനും, അവര്‍ക്ക് രക്ഷയുടെയും സൗഖ്യദാനത്തിന്‍റയും സ്നേഹാനുഭവം പങ്കുവയ്ക്കാനും, പാവങ്ങള്‍ക്കുള്ളതും പാവങ്ങളുടേതുമായ ലളിതമായ സഭ വാര്‍ത്തെടുക്കുണമെന്നത് പാപ്പാ ഫ്രാന്‍സിസിന്‍റെ മൗലികമായ വീക്ഷണമാണ്. സഭ ലോകത്ത് അങ്ങനെ ക്രിസ്തുവിന്‍റെ സാന്ത്വനസാന്നിദ്ധ്യമാകണമെന്നതാണ് പാപ്പാ തന്‍റെ ജീവിതംകൊണ്ട് പകര്‍ന്നുതരുന്നതും, പഠിപ്പിക്കുന്നതും.

സഭാനവീകരണത്തിന്‍റെ ചലനങ്ങളോട് ഫരീസേയ മനോഭവം പുലര്‍ത്താതെ, നന്മയുടെയും സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും പ്രായോജകരാകാന്‍ ഈ ജരൂസലേം പ്രവേശനത്തിരുനാളിലും വിശുദ്ധവാരാചാരണത്തിലും യേശുവിനോടൊപ്പമായിരിക്കാനും, നമ്മുടെ ജീവിതങ്ങളെ നവീകരിക്കാം, ആസന്നമാകുന്ന പെസഹാനാളുകളില്‍ പരിശ്രമിക്കാം!

രാഷ്ട്രവ്യവഹാരത്തിലും സംഘടിത മതത്തിലും അടിഞ്ഞുകൂടുന്ന അഴിമതിയും സ്വജനപക്ഷപാതവും അധികാര ഭ്രമത്തതയും കഴുകിക്കളഞ്ഞ് ഒരു നവോത്ഥാനത്തിന് നാന്ദികുറിക്കണമെന്ന പ്രതീക്ഷയാണ് ഗലീലിയില്‍നിന്നുമുള്ള തീര്‍ത്ഥാടകരെ യേശുവിനൊപ്പം ജരൂസലേമിലേയ്ക്ക് നിരത്തിയത്. അതൊരു ആത്മീയ സ്വാതന്ത്ര്യത്തിന്‍റെ യാത്രയും നഗരപ്രവേശവുമായിരുന്നു. രാഷ്ട്രീയ മോഹംകൊണ്ടോ വ്യവസ്ഥാപിത മതത്തിന്‍റെ സിംഹാസനത്തില്‍ ഇരിക്കാന്‍ താത്പര്യമുള്ളതുകൊണ്ടോ അല്ല ക്രിസ്തു അങ്ങനെയൊരു വിമോചന യാത്രനടത്തിയത്. മറിച്ച് ജനത്തിന് നന്മ ചെയ്യാത്ത ഗവണ്‍മന്‍റോ രാഷ്ട്രമോ നിലനില്ക്കരുതെന്ന് നിര്‍ബന്ധബുദ്ധിയുള്ളതുകൊണ്ടായിരുന്നു. ഇന്ന് ആരു തയ്യാറാകും ഇങ്ങനെയൊരു വിമോചനയാത്രയ്ക്ക്. പൂച്ചയ്ക്കാരു മണികെട്ടും? സംഘടിത മതത്തിന്‍റെ ജീര്‍ണ്ണതയും ആഴിമതിയും ദുരാചാരങ്ങളും, വളര്‍ന്ന് ഇന്ന് മതമൗലികവാദവും ചേരിതിരിവുകളും അധികമായി വളര്‍ന്നിട്ടുണ്ട്.

ഭാരതത്തെ സ്വാതന്ത്ര്യത്തിലേയ്ക്കു നയിച്ച ദണ്ഡിമാര്‍ച്ച് പ്രശസ്തമാണല്ലോ. 1930 മാര്‍ച്ച്  12-Ɔ൦ തിയതിയായിരുന്നു ഗാന്ധിജി ഗുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍നിന്ന് ദണ്ഡി ഗ്രാമത്തിലേയ്ക്ക് മാര്‍ച്ചു നടത്തിയത് – ഗുജറാത്തിന്‍റെ വടക്കെ അറ്റത്തുനിന്നും തെക്കെ അറ്റത്തേയ്ക്കായിരുന്നു. “യാത്ര തുടരവേ, ദിവസങ്ങള്‍ പ്രഭാതത്തിനും പ്രഭാതം പ്രദോഷത്തിനും വഴിമാറി. അപ്പോള്‍ ഞങ്ങളുടെ മണ്‍മുന്‍പില്‍ ലോകം മാറുന്നത് ഞങ്ങള്‍ കണ്ടു. ഭാരതം മുഴുവന്‍ പുനഃര്‍ജ്ജീവിപ്പിക്കപ്പെട്ട ആവേശത്തോടും വിശ്വാസത്തോടുംകൂടി ഉയര്‍ത്തെഴുന്നേല്ക്കുന്നത് ഞങ്ങള്‍ യാത്രയില്‍ കണ്ടു.!” സരോജിനി നായിഡുവിന്‍റെ വാക്കുകളാണിവ. സഹയാത്രികരായ 78 - പേരോടുകൂടി ഗാന്ധിജി 15 ദിവസംകൊണ്ട് കാല്‍നടയായി 300-ല്‍ അധികം കിലോമീറ്ററുകള്‍ പൂര്‍ത്തിയാക്കി. യാത്രയുടെ സമാപനത്തില്‍ മഹാത്മ പറഞ്ഞു, “ഉപ്പിന് ഏര്‍പ്പെടുത്തിയ നികുതി എടുത്തുകളയുന്നതോടൊപ്പം മറ്റു പലതും, പല സമൂഹിക തിന്മകളും പോകേണ്ടതുണ്ട്. നമ്മെ അടിമപ്പെടുത്തുന്ന ബന്ധനങ്ങളെല്ലാം അറുത്തു മാറ്റപ്പെടേണ്ടിയിരിക്കുന്നു.” തിന്മയുടെയും പാപത്തിന്‍റെയും, സ്വാര്‍ത്ഥമോഹങ്ങളുടെയും പിടിയില്‍നിന്നുമുള്ള ആത്മീയ സ്വാതന്ത്ര്യമാര്‍ജ്ജിക്കാന്‍ തപസ്സിലെ ആത്മീയയാത്ര, ക്രിസ്തുവിനോടൊപ്പമുള്ള യാത്ര നമ്മെ സഹായിക്കട്ടെ!

ക്രിസ്തുവിന്‍റെ ജീവിതത്തിലെ അതിപ്രധാനമായ സംഭവങ്ങള്‍ അരങ്ങേറുന്ന വിശുദ്ധവാരത്തിന് തുടക്കമിടുന്നത് ഓശാന മഹോത്സവമാണ്. കുരിശിനെ ആത്മീയതയുടെ നിത്യസിംഹാസനമാക്കിയ  യാഗാര്‍പ്പണത്തിനായിട്ടാണ് ക്രിസ്തു അവസാനമായി ജരൂസലേമിലെത്തിയത്. തിരുവെഴുത്തുകള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതും രക്ഷയുടെ ദാനം സകലര്‍ക്കുമായി തുറക്കപ്പെടുന്നതും ഈ ദിനങ്ങളിലാണ്.

ക്രിസ്തു ജരുസലേമിലേയ്ക്ക് പുറപ്പെട്ടത് ശിഷ്യന്മാര്‍ക്ക് ഒപ്പമാണ്. മാര്‍ഗ്ഗമദ്ധ്യേ ധാരാളം ജനങ്ങളും അവിടുത്തെ പിന്‍ചെന്നു. പ്രവാചകന്മാര്‍ പ്രഘോഷിച്ചതും ഇസ്രായേല്‍ കാത്തിരുന്നതുമായ രാജാവ് എങ്ങനെ ഉള്ളവനായിരിക്കും എന്നൊരു ധാരണ അവര്‍ക്ക് ഉണ്ടായിരുന്നു. എന്നിട്ടും ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, ആ ജരൂസലേം ജനതതന്നെ ക്രിസ്തുവിനെ തള്ളിപ്പറയുകയും, ‘അവനെ ക്രൂശിക്കുക,’ എന്ന് ആക്രോശിക്കുകയും ചെയ്തു. ഇതു രണ്ടും കണ്ട ശിഷ്യന്മാരോ, ഇതിന്‍റെയെല്ലാം മൂകസാക്ഷികളായി, തങ്ങളുടെ ഗുരുവിനെ വിട്ട്, ചിലര്‍ ഒറ്റിക്കൊടുത്തിട്ട് അവിടെനിന്നും ഓടിപ്പോയില്ലേ, ഉപേക്ഷിച്ചുപോയില്ലേ. അവരില്‍ ഒരാള്‍ അവിടുത്തെ ഒറ്റുകൊടുത്തില്ലേ! ഭൂരിപക്ഷം ജനങ്ങളും അന്ന് ക്രിസ്തുവില്‍ കണ്ട മിശിഹായിലും ഇസ്രായേലിന്‍റെ രാജാവിലും നിരാശയരായിരുന്നിരിക്കണം. അവര്‍ പ്രതീക്ഷിച്ചത് പ്രാഭവവാനായ ഭൗമിക രാജാവിനെയാണ്. അമിതമായ കര്‍മ്മനിഷ്ഠയും ധര്‍മ്മനിഷ്ഠകളും സാമൂഹിക, മതാത്മക ജീവിതത്തിന്‍റെ മേഖലകളില്‍ കടന്നുകൂടുമ്പോള്‍ മനുഷ്യരക്ഷയ്ക്ക് മതം പ്രതിബന്ധമാകുന്ന അവസ്ഥയുണ്ടെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിക്കുന്നുണ്ട്.

അപരന്‍റെ സ്ഥാനത്തു തന്നെത്തന്നെ കാണുവാനുള്ള കഴിവാണ് ഇവിടെ പ്രകടമാകേണ്ടത്.  നമ്മുടെ ധാരണയില്‍ ക്രിസ്തു കൊണ്ടുവരുന്ന മാറ്റമാണിത്. ജാതിയുടെയും മതത്തിന്‍റെയും അതിര്‍വരമ്പുകള്‍ക്കപ്പുറം മനുഷ്യരെ സഹോദരങ്ങളായി കാണാനും, പരസ്പരം ആദരിക്കാനും സഹായിക്കാനുമുള്ള മനോഭാവം നമുക്ക് ആവശ്യമാണ്. ക്രിസ്തു പറഞ്ഞ നല്ലസമറിയക്കരാന്‍റെ ഉപമയുടെ പശ്ചാത്തലത്തില്‍ എല്ലാ മനുഷ്യരും ദൈവമക്കളാണെന്ന തിരിച്ചറിവാണ് പ്രസരിക്കേണ്ടത്. മതപരമായ ശുചിത്വനിഷ്ഠയാണ് (ritual purity) ആവശ്യത്തിലായിരുന്നവനെ സഹായിക്കുന്നതില്‍നിന്നും ലേവ്യനെയും പുരോഹിതനെയും നിഷേധാത്മകമായ പ്രതികരണത്തിന് പ്രേരിപ്പിച്ചത് – അവര്‍ ആവശ്യത്തിലായിരിക്കുന്നവനെ, മുറിപ്പെട്ട സഹോദരനെ അവഗണിച്ചു കടന്നുപോയി. വിജാതിയനായ സമറിയക്കാരനോ..., മുറിപ്പെട്ടവനെ മനുഷ്യനും സഹോദരനുമായി കണ്ടു... അയാള്‍ ഒരു അന്യജാതിക്കാരന്‍ ആയിരുന്നിട്ടുപോലും!

സമൂഹജീവിതത്തിലെ സാഹോദര്യത്തിന്‍റെ ശക്തി എല്ലാവരും തിരിച്ചറിയണമെന്നാണ് സുവിശേഷത്തിന്‍റെ കാതലമായ സന്ദേശം. നസ്രായനായ ക്രിസ്തു നമുക്കിന്ന് ആരാണെന്നും, അവിടുത്തെ പ്രബോധനങ്ങളുടെ സത്തയെന്താണെന്നും നല്ല ധാരണയുണ്ടായിരിക്കണം. ഓശാന മഹോത്സവത്തിന്‍റെ കേന്ദ്രസ്ഥായി ഈ ചോദ്യംതന്നെയാണ്. ക്രിസ്തു എനിക്കിന്ന് ആരാണ്? കുരിശ് തന്‍റെ സിംഹാസനവും മുള്‍മുടി തന്‍റെ കിരീടവുമാക്കിയ ക്രിസ്തുരാജനെ വിശുദ്ധവാരത്തില്‍ നമുക്ക് അനുധാവനംചെയ്യാം. സുഗമമായ ഭൗമികസൗഭാഗ്യം വാഗ്ദാനംചെയ്യുന്ന മിശിഹായല്ല, ദൈവിക അഷ്ടഭാഗ്യങ്ങളിലൂടെ ആത്മീയതയുടെ സ്വര്‍ഗ്ഗീയ സന്തോഷം പ്രഘോഷിക്കുന്ന മിശിഹായെയാണ് ക്രിസ്തുവില്‍ നാം കാണേണ്ടതെന്ന്, ഓശാന പഠിപ്പിക്കുന്നു.

നമ്മുടെ ഹൃദയങ്ങളില്‍ രണ്ടു വികാരങ്ങള്‍ ഈ വിശുദ്ധവാരത്തില്‍ ഉയര്‍ന്നുനില്ക്കട്ടെ.  ഒന്ന്, ഓശാന പാടി ക്രിസ്തുവിനെ ജരൂസലേമില്‍ സ്വീകരിച്ച ജനാവലിയുടെ ആനന്ദവും;  രണ്ട്, മനുഷ്യകുലത്തിനുള്ള അമൂല്യ ദാനമായി തന്‍റെ തിരുശരീര രക്തങ്ങള്‍ പകര്‍ന്നുതന്ന ക്രിസ്തുവിനോടുള്ള നന്ദിയും! ഈ ദിനങ്ങളിലെ ആത്മാര്‍ത്ഥമായ ധ്യാനവും പ്രാര്‍ത്ഥനയുംവഴി ലോകരക്ഷയ്ക്കായി പീഡകള്‍ സഹിച്ച്, മരിച്ച് ഉത്ഥാനംചെയ്ത ക്രിസ്തുവുമായി ആഴമായൊരു ആത്മീയ ഐക്യത്തിലേയ്ക്കു വളരാന്‍ പരിശ്രമിക്കാം. അവിടുത്തെ അമൂല്യമായ ജീവദാനത്തോട്, സ്വയാര്‍പ്പണത്തോട് അങ്ങനെ നമുക്കും പ്രത്യുത്തരിക്കാം. ജരൂസലേം ജനത ക്രിസ്തുവിനായി വഴിയില്‍ വിരിച്ച വസ്ത്രങ്ങള്‍പോലെ, നമ്മുടെ ജീവിതങ്ങളെയും നമ്മെത്തന്നെയും കൃതജ്ഞതയുടേയും ആരാധനയുടേയും വസ്ത്രങ്ങളായി ക്രിസ്തുവിന്‍റെ മുന്നില്‍ സമര്‍പ്പിക്കാം. ക്രിസ്തുവിന്‍റെ തൃപ്പാദങ്ങളില്‍ നാം വയ്ക്കേണ്ടത് ഏതാനും നിമിഷങ്ങളില്‍ വാടിപ്പോകുന്ന കുരുത്തോലയോ ഒലിവുചില്ലകളോ അല്ല, മറിച്ച് നമ്മെത്തന്നെയും നമ്മുടെ എളിയ ജീവിതങ്ങളെയുമാണ്!

ക്രിസ്തുവിനെയും അവിടുത്തെ കൃപാവരത്തെയും വസ്ത്രമായി അണിഞ്ഞിട്ടുള്ള നമുക്ക്, മരണത്തെ കീഴ്പ്പെടുത്തി പുനരുത്ഥാനവിജയം കൈവരിച്ച അവിടുത്തെ തൃപ്പാദങ്ങളില്‍ നമ്മെത്തന്നെ പൂര്‍ണ്ണമായി സമര്‍പ്പിക്കാം. നമ്മുടെ ആത്മീയതയുടെ നിറചില്ലകള്‍ ഉയര്‍ത്തി  ഇന്ന് ഹെബ്രായ ജനതയ്ക്കൊപ്പം നമുക്കും ആര്‍ത്തു പാടാം, “കര്‍ത്താവിന്‍റെ നാമത്തില്‍ വന്ന ഇസ്രായേലിന്‍റെ രാജാവ് അനുഗൃഹീതന്‍!”

 








All the contents on this site are copyrighted ©.