2017-04-08 12:46:00

ഓശാനഞായര്‍ തിരുക്കര്‍മ്മങ്ങള്‍


വത്തിക്കാനില്‍ ഓശാനഞായര്‍ തിരുക്കര്‍മ്മങ്ങള്‍ പാപ്പാ നയിക്കും.

ഓശാനഞായറാഴ്ച രാവിലെ പ്രാദേശികസമയം 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 01.30ന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ ഫ്രാന്‍സീസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.

പ്രവാചകവചനങ്ങളുടെ പൂര്‍ത്തീകരണമെന്നോണം ജറുസലേം നഗരത്തിലേക്ക് വിനയാന്വിതനായി കഴുതപ്പുറത്ത് ആഗതനായ രജാധിരാജനായ യേശുവിനെ ജറുസലേം നിവാസികള്‍ ഓശാനപാടി വരവേറ്റസംഭവം അനുസ്മരിച്ചുകൊണ്ട് പാപ്പാ കുരുത്തോലകളും ഒലിവിന്‍ചില്ലകളും ആശീര്‍വ്വദിക്കുകയും കുരുത്തോല പ്രദക്ഷിണം നയിക്കുകയും വിശുദ്ധകുര്‍ബ്ബാന അര്‍പ്പിക്കുകയും ചെയ്യും.

ഓശാന ഞയാറാഴ്ച രൂപതാതലത്തിലുള്ള യുവജനദിനവും റോമില്‍ ആചരിക്കപ്പെടുന്നു. ഈ പശ്ചാത്തലത്തില്‍ ആഗോളസഭാതലത്തിലുള്ള ലോക യുവജനദിനാഘോഷത്തിന്‍റെ അടുത്ത വേദിയായ  മദ്ധ്യ അമേരിക്കന്‍ നാടായ പാനമയിലെയും ഇതര മദ്ധ്യഅമേരിക്കന്‍ നാടുകളിലെയും മെക്സിക്കൊയിലെയും യുവജനങ്ങളുടെ ഇരുനൂറോളം പ്രതിനിധികളടങ്ങിയ ഒരു സംഘം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ സന്നിഹിതരായിരിക്കും.

ഇവര്‍ കഴിഞ്ഞ ലോകയുവജനദിനാചരണത്തിന്‍റെ വേദിയായ പോളണ്ടില്‍ നിന്നെത്തിയ യുവജനങ്ങളില്‍ നിന്ന് യുവജനദിന മരക്കുരിശും “റോമന്‍ ജനതയുടെ രക്ഷ” അഥവാ “സാളൂസ് പോപുളി റൊമാനി” എന്ന അഭിധാനത്തില്‍ വണങ്ങപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിന്‍റെ തിരുച്ചിത്രവും ഏറ്റുവാങ്ങും. 

ഈ കുരിശും പരിശുദ്ധമറിയത്തിന്‍റെ തിരുച്ചിത്രവും  2019 ലെ ലോകയുജനസംഗമവേദിയായ പാനമയിലെ എല്ലാരൂപതകളിലേക്കും തീര്‍ത്ഥാടനമായി കൊണ്ടുപോകപ്പെടും.   

     








All the contents on this site are copyrighted ©.