2017-04-06 13:11:00

പാപ്പാ ജാഗരപ്രാര്‍ത്ഥന നയിക്കും


മുപ്പത്തിരണ്ടാം യുവജനദിനാചരണത്തോടനബന്ധിച്ച് ഫ്രാന്‍സീസ് പാപ്പാ ശനിയാഴ്ച (08/04/17) ജാഗരപ്രാര്‍ത്ഥന നയിക്കും.

റോമില്‍ വിശുദ്ധ മേരി മേജര്‍ ബസിലിക്കയില്‍ പ്രാദേശികസമയം വൈകുന്നേരം  5 മണിക്ക്, റോം രൂപതയിലെയും ലാത്സിയൊ പ്രദേശത്തെ ഇതര രൂപതകളിലെയും യുവതീയുവാക്കളുടെ ഭാഗഭാഗിത്വത്തോടെ, പ്രാര്‍ത്ഥനാശുശ്രൂഷ ആരംഭിക്കും.

യുവജനത്തെ അധികരിച്ച് ചര്‍ച്ചചെയ്യാന്‍ പോകുന്ന, 2018 ഒക്ടോബറില്‍ ചേരുന്ന, മെത്രാന്മാരുടെ സിനഡിന്‍റെ പതിനഞ്ചാം സാധാരണ പൊതുസമ്മേളനത്തിനായുള്ള ഒരുക്കത്തിന്‍റെ പാതയില്‍ പാപ്പായും യുവജനങ്ങളുമായുള്ള പ്രഥമ കൂടിക്കാഴ്ചയായിരിക്കും ഇതെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ ഒരു പത്രക്കുറിപ്പില്‍ കാണുന്നു.

“യുവജനങ്ങളും വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും” എന്നതാണ് ഈ സിസഡുയോഗത്തിന്‍റെ വിചിന്തന പ്രമേയം.

ഇക്കൊല്ലം രൂപതാതലത്തിലാണ് യുവജനദിനം ആചരിക്കപ്പെടുക. റോം രൂപതയില്‍ ഓശനഞായറാഴ്ചയാണ് യുവജനദിനാചരണം. ഇന്ത്യയില്‍ കത്തോലിക്കസഭ യുവജനദിനം ആചരിക്കുന്നത് അനുവര്‍ഷം ആഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ്.

ലോകയുവജനദിനാചരണം ആഗോളസഭാതലത്തില്‍ അരങ്ങേറുന്നത് രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോഴാണ്. ഈ ക്രമമനുസരിച്ച് 2019ല്‍ മുപ്പത്തിനാലാം ലോകയുവജനദിനാചരണമായിരിക്കും  ആഗോളസഭാതലത്തില്‍ നടക്കുക. അതിന്‍റെ  വേദി മദ്ധ്യ അമേരിക്കന്‍ നാടായ പാനമയാണ്.   








All the contents on this site are copyrighted ©.