2017-04-05 12:59:00

പ്രത്യാശരഹിതന് പൊറുക്കാനാകില്ല- പാപ്പാ


റോമില്‍ രണ്ടു ദിവസമായി കാലാവസ്ഥയില്‍ ഒരു അനിശ്ചിതത്വം പ്രകടമായിരുന്നെങ്കിലും ഈ ബുധനാഴ്ച(05/04/17) രാവിലെ നല്ല തെളിച്ചം അനുഭവപ്പെട്ടു. ആകയാല്‍ ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാര പൊതുകൂടുക്കാഴ്ചയുടെ വേദി വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റ ബസിലിക്കയുടെ അങ്കണംതന്നെയായിരുന്നു ഈ ആഴ്ചയും. ചത്വരത്തില്‍ തരതമ്യേന ജനങ്ങള്‍ കുറവായിരുന്നെങ്കിലും വിവിധരാജ്യക്കാരായിരുന്ന, ആയിരങ്ങള്‍ സന്നിഹിതരായിരുന്നു. ബിട്ടനില്‍ നിന്നെത്തിയിരുന്ന ഇസ്ലാം നേതാക്കളുടെ പത്തംഗ പ്രതിനിനിധിസംഘവുമൊത്ത് പോള്‍ ആറാമന്‍ ശാലയിലെ ഒരു മുറിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയതിനുശേഷം പൊതുദര്‍ശനം അനുവദിക്കുന്നതിനായി വെളുത്ത തുറന്ന വാഹനത്തില്‍ അങ്കണത്തിലേക്കു  പ്രവേശിച്ച പാപ്പായെ  ജനങ്ങള്‍ കയ്യടിയോടെയും ആരവങ്ങളോടെയും വരവേല്‍ക്കുകയും തങ്ങള്‍ക്ക് പാപ്പാദര്‍ശനം പ്രദാനം ചെയ്ത  ആനന്ദം പ്രകടിപ്പിക്കുകയും ചെയ്തു.വാഹനത്തില്‍ ജനങ്ങള്‍ക്കിടയിലൂടെ നീങ്ങിയ പാപ്പാ എല്ലാവരേയും അഭിവാദ്യം ചെയ്യുകയും, പതിവുപോലെ, അംഗരക്ഷകര്‍ തന്‍റെ  പക്കലേക്കു ഇടയ്ക്കിടെ കൊണ്ടുവന്നുകൊണ്ടിരുന്ന  കുഞ്ഞുങ്ങളെ വണ്ടി നിറുത്തി തലോടുകയും ആശീര്‍വ്വദിക്കുകയും ചെയ്തു. പ്രസംഗവേദിയിലേക്കു നയിക്കുന്ന പടവുകള്‍ക്കക്കടുത്തു വാഹനം നിന്നപ്പോള്‍ അതില്‍നിന്ന് ഇറങ്ങിയ ഫ്രാന്‍സീസ് പാപ്പാ സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ഓടെ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.

തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗപാരായണമായിരുന്നു

സഹോദരരേ, നിങ്ങളെല്ലാവരും ഹൃദയൈക്യവും അനുകമ്പയും സഹോദരസ്നേഹവും കരുണയും വിനയവും ഉള്ളവരായിരിക്കുവിന്‍. 9 തിന്മയ്ക്ക് തിന്മയൊ, നിന്ദനത്തിന് നിന്ദനമൊ പകരം കൊടുക്കാതെ, അനുഗ്രഹിക്കുവിന്‍. അനുഗ്രഹം അവകാശമാക്കുന്നതിനുവേണ്ടി വിളിക്കപ്പെട്ടിരിക്കുന്നവരാണല്ലൊ നിങ്ങള്‍. 14 നീതിക്കുവേണ്ടി കഷ്ടതകള്‍ സഹിക്കേണ്ടിവന്നാല്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍. അവരുടെ ഭീഷണി നിങ്ങള്‍ ഭയപ്പെടേണ്ട; നിങ്ങള്‍ അസ്വസ്ഥരാവുകയും വേണ്ട. 15 ക്രിസ്തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരണം ആവശ്യപ്പെടുന്ന ഏവരോടും മറുപടിപറയാന്‍ സദാ സന്നദ്ധരായിരിക്കുവിന്‍”.(പത്രോസിന്‍റെ ഒന്നാം ലേഖനം, അദ്ധ്യായം 3:8,9,14,15 വാക്യങ്ങള്‍)

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനു ശേഷം പാപ്പാ, ക്രിസ്തീയ പ്രത്യാശയെ അധികരിച്ച് താന്‍ പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നു. “നമ്മിലുള്ള പ്രത്യാശയ്ക്ക് വിശദീകരണം നല്കുക” എന്നതായിരുന്നു പാപ്പായുടെ വിചിന്തനത്തിന്‍റെ കാതലായ ആശയം.

 പാപ്പായുടെ പ്രഭാഷണത്തിന്‍റെ സംഗ്രഹം:                

അപ്പസ്തോലന്‍ പത്രോസിന്‍റെ  ഒന്നാം ലേഖനം അനന്യസാധാരണമാം വിധം സാരസാന്ദ്രമാണ്. അതു മനസ്സിലാക്കണമെങ്കില്‍ ഒന്നല്ല രണ്ടും മൂന്നും തവണ നാം അതു വായിക്കണം. വലിയ ആശ്വാസവും ശാന്തിയും പകരാന്‍ പോന്നതാണ് അത്. കര്‍ത്താവ് നമ്മുടെ ചാരെ സദാ ഉണ്ടെന്നും അവിടന്ന് ഒരിക്കലും, പ്രത്യേകിച്ച്, നമ്മുടെ ജീവിതത്തിലെ അതിലോലമായ നിര്‍ണ്ണായകവും ക്ലേശകരവുമായ നിമിഷങ്ങളില്‍ നമ്മെ കൈവിടുകയില്ലയെന്നുമുള്ള അവബോധം നമ്മില്‍ അതുളവാക്കുന്നു. ഈ കത്തിന്‍റെ,   പ്രത്യേകിച്ച്, നാം അല്പം മുമ്പ് വായിച്ചുകേട്ട ഭാഗത്തിന്‍റെ “പൊരുള്‍” എന്താണ്? ഇതൊരു ചോദ്യമാണ്. നിങ്ങള്‍ പുതിയനിയമം എടുത്തു പത്രോസിന്‍റെ ഒന്നാം ലേഖനം, അതിന്‍റെ സത്തയെന്തെന്നു ഗ്രിഹിക്കാന്‍, സാവാധാനം വായിക്കുമെന്ന് എനിക്കറിയാം. എന്താണ് ഈ കത്തിന്‍റെ പൊരുള്‍?

നാം അടുത്തുതന്നെ ആഘോഷിക്കാന്‍ പോകുന്ന രഹസ്യമായ പെസഹായില്‍ ഈ വചനങ്ങള്‍ നേരിട്ട് വേരുറപ്പിച്ചിരിക്കുന്നു എന്നതിലാണ് ഇതിന്‍റെ കാതല്‍ അടങ്ങിയിരിക്കുന്നത്. അങ്ങനെ അത് ക്രിസ്തുവിന്‍റെ മരണോത്ഥാനങ്ങളില്‍ നിന്ന് നിര്‍ഗ്ഗമിക്കുന്ന വെളിച്ചവും ആനന്ദവും അനുഭവിച്ചറിയാന്‍ നമ്മെ പ്രാപ്തരാക്കുന്നു. ക്രിസ്തു സത്യമായും ഉയിര്‍ത്തെഴുന്നേറ്റു, അവിടന്ന് ജീവിക്കുന്നു, നമ്മിലോരോരുത്തരിലും വസിക്കുന്നു. അതുകൊണ്ടാണ് ക്രിസ്തുവിനെ നമ്മുടെ ഹൃദയങ്ങളില്‍ ആരാധിക്കാന്‍ വിശുദ്ധ പത്രോസ് നമ്മെ നിര്‍ബന്ധപൂര്‍വ്വം  ക്ഷണിക്കുന്നത്. നമ്മുടെ ജ്ഞാനസ്നാന വേളയില്‍ കര്‍ത്താവ് നമ്മുടെ ഹൃദയങ്ങളില്‍ കുടിയേറി. ആ നിമിഷം മുതല്‍ അവിടന്ന് നമ്മെ അവിടത്തെ സ്നേഹത്താലും അവിടത്തെ അരൂപിയുടെ പൂര്‍ണ്ണതയാലും നിറച്ചുകൊണ്ട് നമ്മെയും നമ്മുടെ ജീവിതത്തെയും നിരന്തരം നവീകരിക്കുന്നു. ആകയാലാണ് അപ്പസ്തോലന്‍, നമ്മിലുള്ള പ്രത്യാശയ്ക്ക് വിശദീകരണം നല്കാന്‍ നമ്മെ ശുപാര്‍ശ ചെയ്യുന്നത്. നമ്മിലുള്ള പ്രത്യാശ കേവലം ഒരാശയമല്ല, ഒരു വികാരമല്ല, ഒരു സെല്ലുലാര്‍ ഫോണല്ല, ഒരു കുന്നു സമ്പത്തല്ല, പ്രത്യുത നമ്മുടെ പ്രത്യാശ ഒരു വ്യക്തിയാണ്, ജീവിക്കുന്നവനും നമ്മിലും നമ്മുടെ സഹോദരങ്ങളിലും നാം തിരിച്ചറിയുന്നവനുമായ കര്‍ത്താവായ യേശുവാണ്. കാരണം ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. സുപ്രഭാതം, ശുഭസായാഹ്നം എന്നൊക്കെ ആശംസിക്കുന്നതിനു പകരം സ്ലാവ് ജനത ഉയിര്‍പ്പുകാലത്ത് അഭിവാദ്യം ചെയ്യുന്നത് “ക്രിസ്തു ഉത്ഥാനം ചെയ്തു” എന്നാണ്.

അതുകൊണ്ട് ഈ പ്രത്യാശയ്ക്ക് സൈദ്ധാന്തിക-വചന തലങ്ങളിലെന്നതിനെക്കാള്‍ ജീവിതസാക്ഷ്യത്താലുള്ള വിശദീകരണമാണ് നല്കേണ്ടത് എന്നത് നമുക്ക് മനസ്സിലാക്കാന്‍ കഴിയും. ക്രിസ്തീയ സമൂഹത്തിനകത്തും പുറത്തും ഈ ജീവിതസാക്ഷ്യമേകണം. ക്രിസ്തു ജീവിക്കുകയും നമ്മില്‍, നമ്മുടെ ഹൃദയങ്ങളില്‍ വസിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍  കാണപ്പെടാനും നമ്മില്‍ പ്രവര്‍ത്തനനിരതനാകാനും നാം അവിടെത്തെ അനുവദിക്കണം. യേശുവാകുന്ന പ്രത്യാശയെ നാം ആവിഷ്കരിക്കേണ്ടത് അവിടത്തേക്ക് സഹോദരീസഹോദരന്മാരുടെ ആവശ്യങ്ങളിലുണ്ടായിരുന്ന ഔത്സുക്യം നാം അനുകരിച്ചുകൊണ്ടും നമ്മെ ദ്രോഹിക്കുന്നവരോടു പൊറുത്തുകൊണ്ടുമാണ്. പ്രത്യാശാരഹിതന് ക്ഷമിക്കാന്‍ സാധിക്കില്ല, സാന്ത്വനം പകരാനാകില്ല, അവന് പൊറുക്കലിന്‍റെ സമാശ്വാസം സ്വീകരിക്കാനും കഴിയില്ല. തങ്ങളുടെ ഹൃദയങ്ങളിലും ജീവിതത്തിലും തനിക്കിടം നല്കുന്നവരിലൂടെ യേശു തന്‍റെ ചെയ്തികള്‍ തുടരുന്നു. തിന്മയെ തിന്മകൊണ്ടല്ല എളിമയും കാരുണ്യവും സൗമ്യതയും കൊണ്ടാണ് ജയിക്കുക എന്ന ബോധ്യത്തോടെയാണ് അവിടന്ന് അപ്രകാരം ചെയ്യുന്നത്. മാഫിയക്കാര്‍ കരുതുന്നത് തിന്മയെ തിന്മകൊണ്ട് ജയിക്കാമെന്നാണ്. അതുകൊണ്ടാണ് അവര്‍ പ്രതികാരവും നമുക്കെല്ലാവര്‍ക്കും അറിയാവുന്നതു പോലെ മറ്റു പലതും ചെയ്യുന്നത്. എളിമയും കാരുണ്യവും, സൗമ്യതയും എന്നതാണെന്ന് അവര്‍ക്കറിയില്ല. കാരണം മാഫിയക്കാര്‍ക്ക് പ്രത്യാശയില്ല. നിങ്ങള്‍ ഇതെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കുക.

അതുകൊണ്ടാണ് പത്രോസ് പറയുന്നത്” തിന്മചെയ്തുകൊണ്ടെന്നതിനേക്കാള്‍ നല്ലത് നന്മ ചെയ്തുകൊണ്ട് കഷ്ടത അനുഭവിക്കുന്നതാണ്” എന്ന്.  സഹനങ്ങള്‍ നല്ലതാണ് എന്നല്ല ഇതൊകൊണ്ടു വിവക്ഷ, മറിച്ച്  നന്മയെ പ്രതി സഹിക്കുമ്പോള്‍ നമ്മള്‍ കര്‍ത്താവിനോട് ഐക്യപ്പെടുകയാണ്. അവിടന്ന് നമ്മുടെ രക്ഷയ്ക്കുവേണ്ടി പീഢകള്‍ ഏറ്റുവാങ്ങാനും കുരിശില്‍ തറയ്ക്കപ്പെടാനും സന്നദ്ധനായി.

പ്രിയ സുഹൃത്തുക്കളേ, നാം നീതിയ്ക്കുവേണ്ടി പീഢനങ്ങളേല്‍ക്കേണ്ടി വരികയാണെങ്കില്‍ നമ്മെ അനുഗ്രഹീതരെന്ന് പത്രോസ് ശ്ലീഹാ വിളിക്കുന്നത് എന്തുകൊണ്ടാണെന്നു നമുക്കിപ്പോള്‍ മനസ്സിലാകും. ഏറ്റം എളിയവരുടെയും പുറന്തള്ളപ്പെട്ടവരുടെയും പക്ഷം ചേരുമ്പോഴും, തിന്മയോടു തിന്മകൊണ്ടു പ്രതികരിക്കാതിരിക്കുമ്പോഴും പ്രതികാരം ചെയ്യാതെ പൊറുക്കുമ്പോഴും ദ്രോഹിക്കുന്നവരെ അനുഗ്രഹിക്കുമ്പോഴും നാം പ്രത്യാശയുടെ സജീവവും പ്രഭാപൂരിതവുമായ ആടയാളങ്ങളായി വിളങ്ങുകയാണ്. അപ്രകാരം നമ്മള്‍ ദൈവഹിതാനുസാരം സമാധാനത്തിന്‍റെയും സാന്ത്വനത്തിന്‍റെയും ഉപകരണങ്ങളായി ഭവിക്കും. അങ്ങനെ, സൗമ്യതയോടെ, പ്രശാന്തതയോടെ മുന്നേറുക, വാത്സല്യമുള്ളവരായിരിക്കുക, നമ്മുടെ നന്മ ആഗ്രഹിക്കാത്തവര്‍ക്കും നമ്മെ ദ്രോഹിക്കുന്നവര്‍ക്കും നന്മചെയ്യുക. മുന്നേറുക.

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

പോളണ്ടില്‍ നിന്നെത്തിരുന്ന തീര്‍ത്ഥാടകരെ സംബോധനചെയ്യവെ ഫ്രാന്‍സീസ് പാപ്പാ 2005  ഏപ്രില്‍ 2 ന് മരണമടഞ്ഞ  പോളണ്ടുസ്വദേശയിയായ വിശുദ്ധ രണ്ടാം ജോണ്‍പോള്‍മാര്‍പ്പാപ്പാ നമുക്കേകിയ കാരുണ്യവാനായ യേശുവിന്‍റെയും ഫാത്തിമാനാഥയുടെയും സന്ദേശങ്ങള്‍ നമ്മുടെ ഹൃദയങ്ങളില്‍ നിറയുകയും അങ്ങനെ ക്രിസ്തുവിനായി വാതിലുകള്‍ തുറന്നിടാന്‍ നമുക്കു സാധിക്കുകയും ചെയ്യട്ടെയെന്ന് ആശംസിച്ചു.

തിങ്കളാഴ്ച (03/04/17) റഷ്യയില്‍ സെന്‍റ് പീറ്റേഴ്സ് ബര്‍ഗില്‍ ഭൂഗര്‍ഭ മെട്രോയില്‍ ഉണ്ടായ ഭീകരാക്രമണത്തിലും ചൊവ്വാഴ്ച (04/04/17) സിറിയയില്‍ ഉണ്ടായ ആക്രമണത്തിലും തന്‍റെ വേദന പാപ്പാ രേഖപ്പെടുത്തുകയും ആക്രമണങ്ങളെ അപലപിക്കുകയും ചെയ്തു.

സെന്‍റ് പീറ്റേഴ്സ് ബര്‍ഗില്‍ മെട്രൊയിലുണ്ടായ സ്ഫോടനത്തില്‍ ദാരുണമായി മരണമടഞ്ഞവര്‍ക്കു വേണ്ടി പാപ്പാ പ്രാര്‍ത്ഥിക്കുകയും അവരുടെ പ്രിയപ്പെട്ടവരുടെയും ഈ ദുരന്തത്തിന്‍റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന സകലരുടെയും ചാരെ താന്‍ ആദ്ധ്യാത്മകിമായി സന്നിഹിതനാണെന്ന് പാപ്പാ അറിയിക്കുകയും ചെയ്തു.

സിറിയയിലെ ഇദ്ലിബ് പ്രവിശ്യയില്‍ കുട്ടികളുള്‍പ്പടെ നിരപരാധികളായ അനേകരുടെ ജീവനപഹരിച്ച ആക്രമണത്തെ പാപ്പാ ശക്തമായി അപലപിക്കുകയും  ആക്രമണത്തിനിരകളായവര്‍ക്കും അവരുടെ ബന്ധുമിത്രാദികള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. നീണ്ടകാല യുദ്ധം അവശയാക്കിയിരിക്കുന്ന സിറിയയില്‍ ദുരന്തങ്ങള്‍ക്കറുതിവരുത്തുന്നതിനുവേണ്ടി പരിശ്രമിക്കാന്‍ പാപ്പാ ദേശിയ അന്തര്‍ദേശീയതലങ്ങളില്‍ രാഷ്ട്രീയ ഉത്തരവാദിത്വമുള്ളവരോട് അഭ്യര്‍ത്ഥിച്ചു.

പതിവുപോലെ, പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ, ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ട കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.