2017-04-01 07:23:00

''ഓര്‍മകളെ വിമലീകരിക്കുക'': ഫ്രാന്‍സീസ് പാപ്പാ


''ഓര്‍മകളെ വിമലീകരിക്കുക'': ഫ്രാന്‍സീസ് പാപ്പാ

''ലൂതര്‍, 500 വര്‍ഷങ്ങള്‍ക്കുശേഷം'' എന്ന വിഷയത്തെ ആസ്പദമാക്കി ചരിത്രപഠനത്തിനു വേണ്ടിയു ള്ള പൊന്തിഫിക്കല്‍ കമ്മിറ്റി, മാര്‍ച്ച് 31-ന് സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുക്കുന്നവരെ അഭിസംബോധന ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ. 

പാപ്പാ പറഞ്ഞു:  ''ചരിത്രപഠനത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കമ്മിറ്റി ഇക്കാര്യത്തില്‍ മുന്‍കൈയെടുത്തിരിക്കുന്നത് തികച്ചും പ്രശംസാര്‍ഹമാണ്.  ആദ്യമായി എന്‍റെ ഉള്ളില്‍ ഉയരുന്ന പ്രതികരണം ദൈവത്തോടുള്ള കൃതജ്‍ഞതയാണ്.  കുറച്ചു കാലത്തിനു മുമ്പ് ഇങ്ങനെയൊരുകാര്യം ചിന്തിക്കാനാവാത്തതായിരുന്നു.  അതായത്, കത്തോലിക്കരും ലൂതറന്‍ വിഭാഗത്തില്‍ പെട്ടവരും ഒരുമിച്ച്, പരിശുദ്ധ സിംഹാസനം സംഘടിപ്പിക്കുന്ന ഒരു മീറ്റിംഗില്‍ ലൂതറിനെക്കുറിച്ച് ചര്‍ച്ച ചെയ്യുക എന്നത്.  സത്യമായും നാം അരൂപിയുടെ പ്രവര്‍ത്തനത്തിന്‍റെ ഫലങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുകയാണ്.

''ഈ അനുസ്മരണം, വിവിധ സ്ഥാപനങ്ങളിലെ പണ്ഡിതര്‍ക്ക്, കഴിഞ്ഞുപോയ സംഭവങ്ങളെ ഒരുമിച്ചിരുന്നു പഠിക്കുന്നതിന് ഒരവസരം ഒരുക്കിയിരിക്കുകയാണ്... ശ്രദ്ധയോടും തീക്ഷ്ണതയോടുംകൂടിയ, എന്നാല്‍, മുന്‍വിധികളോ ധ്രുവീകരണമോ കൂടാതെയുള്ള ഈ പഠനവും സംവാദവും നവീകരണകാലഘട്ടത്തിലെ ഭാവാത്മകവശങ്ങളെ വിവേചിക്കാനും സ്വീകരിക്കാനും, അമിതവാദത്തിലേക്കും പരാജയങ്ങളിലേക്കും പോകാതെ, ഈ വിഭജനത്തിനു കാരണമായ കുറ്റങ്ങള്‍ അംഗീകരിക്കാനും ഇരുസഭകളെയും പ്രാപ്തമാക്കട്ടെ'', പാപ്പാ ആശംസിച്ചു

പതിവുപോലെ, തന്‍റെ പ്രാര്‍ഥന വാഗ്ദാനം ചെയ്തും തനിക്കുവേണ്ടി പ്രാര്‍ഥിക്കണമേ എന്നപേക്ഷിച്ചുകൊണ്ടുമാണ് വത്തിക്കാനിലെ ക്ലെമെന്‍റൈന്‍ ശാലയില്‍ വച്ചുള്ള കൂടിക്കാഴ്ചാവേളയില്‍  നല്‍കിയ സന്ദേശം പാപ്പാ അവസാനിപ്പിച്ചത്. ചരിത്രപഠനത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച ഈ സമ്മേളനത്തില്‍ ഏതാണ്ട് 150 പേരാണ് പങ്കെടുത്തത്.








All the contents on this site are copyrighted ©.