2017-03-30 13:14:00

പാവപ്പെട്ടവരുടെ പക്ഷം ചേരുന്ന സൊമാസ്കി വൈദികരോട് പാപ്പാ


സ്ഥലകാലഭേദമന്യേ സഭയുടെയും സമൂഹത്തിന്‍റെയും അടിയന്തിരാവശ്യങ്ങളോടു എന്നും കൂടുതല്‍ തുറവുള്ളതും ബഹുവിധ പ്രവര്‍ത്തനങ്ങളാല്‍ സമ്പന്നവുമായ അപ്പസ്തോലിക ചലനാത്മകയും ക്രിസ്ത്വാനുഗമനവും തുടരാന്‍ മാര്‍പ്പാപ്പാ സൊമസ്കി വൈദികര്‍ക്ക് പ്രചോദനം പകരുന്നു.

അനാഥരുടെയും പരിത്യക്തരായ കൗമാരക്കാരുടെയും സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനായി പതിനൊന്നാം പീയൂസ് പാപ്പാ പ്രഖ്യാപിച്ച വിശുദ്ധ ജിറോളൊമൊ എമിലിയാനി സ്ഥാപിച്ച “ സൊമാസ്കി വൈദികര്‍” എന്നറിയപ്പെടുന്ന സന്ന്യസ്തസമൂഹത്തിന്‍റെ  പൊതുസംഘത്തില്‍, അഥവാ, “ജനറല്‍ ചാപ്റ്ററില്‍” പങ്കെടുക്കുന്നവരടങ്ങിയ അമ്പതോളം പേരുടെ സംഘത്തെ വ്യാ‌ഴാഴ്ച(30/03/17) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

യുവജനങ്ങള്‍ വിശ്വാസത്തില്‍ വേറുറപ്പിക്കപ്പെട്ട് സ്വതന്ത്രരും ഉത്തരവാദിത്വബോധമുള്ളവരും സാക്ഷ്യമേകുന്നതില്‍ ധീരരും, സേവനത്തില്‍ ഉദാരമനസ്കരുമായി വളരുന്നതിന് അവര്‍ക്ക് പരിശീലനമേകിക്കൊണ്ട് അര്‍പ്പണബുദ്ധിയോട ദൈവരാജ്യത്തിനായി സേവനം ചെയ്യാന്‍ നവീകൃത പ്രേഷിത ചൈതന്യം ഈ സമൂഹാംഗങ്ങള്‍ക്ക് പ്രചോദനമേകട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

യുവജനത്തിന്‍റെ ദരിദ്രാവസ്ഥ, വിശിഷ്യ, മാനുഷികമായ എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണമായ സ്നേഹത്തിന്‍റെ അഭാവം ഉള്‍പ്പടെയുള്ള ധാര്‍മ്മികവും ശാരീരികവും അസ്തിത്വപരവുമായ എല്ലാ ദരിദ്രാവസ്ഥകളും, ഹൃദയത്തില്‍ പേറി അതിനു പരിഹാരം കാണാന്‍ ശ്രമിച്ച വിശുദ്ധ ജിറോളമൊ എമിലിയാനിയുടെ വിളങ്ങുന്ന മാതൃക പിന്‍ചെല്ലാനും, അതുപോലെ തന്നെ, മുറിപ്പെട്ടതും പുറന്തള്ളപ്പെട്ടതുമായ ഒരു ലോകത്തിലേക്ക്, ക്രിസ്തുവിന്‍റെ  നയനങ്ങളിലൂടെ ലോകത്തെയും നരകുലത്തെയും നോക്കിക്കാണാനുള്ള കഴിവില്‍നിന്നുളവാകുന്ന സുവിശേഷാത്മകമായി ഫലപ്രദമായ തിരഞ്ഞെടുപ്പുകളിലൂടെ നടന്നു നീങ്ങാനും പാപ്പാ പ്രോത്സാഹനം പകര്‍ന്നു.

പാവപ്പെട്ടവരെ സേവിക്കുക എന്ന മുഖ്യ ലക്ഷ്യത്തോടെ വിശുദ്ധ ജിറോളൊമൊ എമിലിയാനി 1534 ല്‍ സ്ഥാപിച്ചതാണ് “നിര്‍ദ്ധനരുടെ സേവകര്‍” എന്നും അറിയപ്പെടുന്ന സൊമാസ്കി വൈദികരുടെ സന്ന്യാസസമൂഹം.

 








All the contents on this site are copyrighted ©.