2017-03-30 08:40:00

''നാം, കരാംഗുലികള്‍ പോലെ, വ്യത്യസ്തതയും ഐക്യവുമുള്ളവര്‍'': ഫ്രാന്‍സീസ് പാപ്പാ


''കരാംഗുലികളെന്നപോലെ, വ്യത്യസ്തതയും ഐക്യമുള്ള സഹോദരങ്ങളാണു നാം''.  സാഹോദര്യത്തെക്കുറിച്ച് ആവര്‍ത്തിച്ചുറപ്പിച്ചുകൊണ്ട്, മതാന്തരസംവാദസമ്മേളനത്തില്‍ ഫ്രാന്‍സീസ് പാപ്പാ.

2017 മാര്‍ച്ച് 29, ബുധനാഴ്ചയില്‍ മതാന്തരസംവാദത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സ്ഥിരം കമ്മിറ്റിയംഗങ്ങളും ഇറാക്കിലെ വിവിധ മുസ്ലീംവിഭാഗങ്ങളുടെ നേതാക്കളും സംവാദത്തിനായി വത്തിക്കാനില്‍ സമ്മേളിച്ചപ്പോഴാണ്, പാപ്പാ സാഹോദര്യത്തിന്‍റെയും ഐക്യത്തിന്‍റെയും ആയ സന്ദേശം ചുരുങ്ങിയ വാക്കുകളില്‍ നല്‍കിയത്. പാപ്പാ പറഞ്ഞു: 

''സുപ്രഭാതം! നിങ്ങള്‍ക്കെല്ലാവര്‍ക്കും ഹൃദയപൂര്‍വമായ ആശംസകളേകുന്നു; ഒപ്പം നിങ്ങളുടെ സന്ദര്‍ശനത്തിനും സാന്നിധ്യത്തിനും നന്ദിപറയുന്നു.  സാഹോദര്യപരമായ കണ്ടുമുട്ടലിന്‍റെ ഒരനുഭവമാണ് ഈ സംവാദാവസരം എനിക്കു നല്‍കുന്നത്.  നാം സഹോദരങ്ങളാണ്. സാഹോദര്യമില്ലാത്തിടത്ത് സമാധാനമില്ല.  നാം, നാമെല്ലാവരും ദൈവത്തിന്‍റെ മക്കളാണ്''.

പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദിനാള്‍ ഴാന്‍ ളൂയി തൗറാന്‍റെ വാക്കുകളെ അനു സ്മരിച്ചുകൊണ്ട്, പാപ്പാ തുടര്‍ന്നു: ''നമുക്ക് ഒരു പൊതുപിതാവ് ഈ ഭൂമിയിലുണ്ട്, പിതാവായ അബ്രാഹം, ആ വാതിലിലൂടെ കടന്നുവന്ന നാം ഇന്നുവരെ ഒരുമിച്ചാണ്. നാം സഹോദരന്മാരാണ്, കൈവിരലുകളെന്നപോലെ, വ്യത്യസ്തമാണ്, ഒപ്പം, ഏകവുമാണ്. നമ്മുടെ കരങ്ങള്‍ക്ക്  അഞ്ചുവിരലുകളുണ്ട്, എല്ലാം വിരലുകളാണ്, പക്ഷേ, അവ വ്യത്യസ്തമാണ്.  നമ്മെ ഇവിടെ ഒരുമിച്ചുകൂട്ടിയ  കര്‍ത്താവായ ദൈവത്തിനു ഞാന്‍ നന്ദി പറയുന്നു,  നിങ്ങള്‍ തമ്മിലുള്ള സംവാദവും, നിങ്ങളുടെ സന്ദര്‍ശനവും സാഹോദര്യത്തിന്‍റെ യഥാര്‍ഥ സമ്പത്താണ്. അത് സമാധാനത്തിനുവേണ്ടി എല്ലാവര്‍ക്കുമുള്ള പാതയാണ്.  ഹൃദയത്തിന്‍റെ സമാധാനം, കുടുംബങ്ങളുടെ സമാധാനം, രാജ്യങ്ങളുടെ സമാധാനം അതാണ് ലോകത്തിലെ സമാധാനം.  സര്‍വശക്തനായ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു.  എനിക്കുവേണ്ടിയും ദയവായി പ്രാര്‍ഥിക്കണമെന്നു ഞാനപേക്ഷിക്കുന്നു.  ഒരുപാടു നന്ദി.

വത്തിക്കാനിലെ  പോള്‍ ആറാമന്‍ ശാലയില്‍ പ്രാദേശികസമയം രാവിലെ 9 മണിക്കായിരുന്നു പാപ്പായുമായുള്ള കൂടിക്കാഴ്ച.
All the contents on this site are copyrighted ©.