2017-03-30 12:55:00

കുടുംബം സ്നേഹത്തില്‍ നിന്നു തുടങ്ങണം - പാപ്പാ


സ്നേഹത്തില്‍ നിന്നു തുടങ്ങിയാല്‍ മാത്രമെ ലോകത്തില്‍ ദൈവത്തിന്‍റെ സ്നേഹം ആവിഷ്ക്കരിക്കാനും പ്രസരിപ്പിക്കാനും നവീകരിക്കാനും കുടുംബത്തിന് സാധിക്കുകയുള്ളുവെന്ന് മാര്‍പ്പാപ്പാ.

അയര്‍ലണ്ടിന്‍റെ തലസ്ഥാന നഗരിയായ ഡബ്ലിന്‍ വേദിയാക്കി 2018 ആഗസ്റ്റ് 21 മുതല്‍ 26 വരെ ആഗോളസഭാതലത്തലത്തില്‍ ആചരിക്കപ്പെടുന്ന ഒമ്പതാം ലോക കുടുംബ സംഗമത്തിനുള്ള കത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

പാപ്പാ ഇക്കഴിഞ്ഞ 25ന് (25/03/17) ഒപ്പു വച്ചിരിക്കുന്നതും അല്‍മായര്‍ക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വിഭാഗത്തിന്‍റെ ചുമതല വഹിക്കുന്ന കര്‍ദ്ദിനാള്‍ കെവിന്‍ ഫാരെലിന് നല്‍കിയിരിക്കുന്നതുമായ ഈ കത്ത്  വ്യാഴാഴ്ച (30/03/17) പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയത്തില്‍ (പ്രസ് ഓഫീസില്‍) നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പരസ്യപ്പെടുത്തപ്പെട്ടത്.

കര്‍ദ്ദിനാള്‍ ഫാരെലും ഡബ്ലിന്‍ അതിരൂപതയുടെ ആര്‍‍ച്ചുബിഷപ്പ് ഡിയര്‍മ്യൂട് മാര്‍ട്ടിനും പ്രകാശനച്ച‌ടങ്ങില്‍ കത്തിന്‍റെ ഉള്ളടക്കം മാദ്ധ്യമപ്രവര്‍ത്തകര്‍ക്കായി വിവരിച്ചു.

“കുടുംബത്തിന്‍റെ സുവിശേഷം: ലോകത്തിനാനന്ദം” എന്ന ഒമ്പതാം ലോക കുടുംബസംഗമത്തിന്‍റെ ആദര്‍ശപ്രമേയത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് ആ പ്രമേയത്തിന്‍റെ കൂടുതല്‍ അഗാധമായ മനനത്തിനു സഹായകമായി മൂന്നു ചോദ്യങ്ങള്‍ പാപ്പാ കത്തില്‍ ഉന്നയിച്ചരിക്കുന്നു.

സുവിശേഷം ലോകത്തിന് ആനന്ദമായി തുടരുന്നുണ്ടോ? കുടുംബം ഇന്നത്തെ ലോകത്തിന് സദ്വാര്‍ത്തയായിരിക്കുന്നുണ്ടോ? എന്നിവയാണ് ഈ ചോദ്യങ്ങള്‍.

“അതെ” എന്ന ഉത്തരം പാപ്പാതന്നെ കത്തില്‍ നല്കുകയും ദൈവിക പദ്ധതിയില്‍ അടിയുറച്ചതാണ് “അതെ” എന്ന ഈ ഉത്തരമെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു.

സ്നേഹമാകുന്ന ദൈവത്തിന്‍റെ “അതെ” ആണ് കുടുംബം എന്ന് പാപ്പാ കത്തില്‍ ഉദ്ബോധിപ്പിക്കുന്നു.

സ്നേഹത്തില്‍ തുടങ്ങി, സ്നേഹത്തിനുവേണ്ടി സ്നേഹത്തില്‍ ജീവിക്കുന്നതാകണം കുടുംബം എന്ന ആശയം ഊന്നിപ്പറയുന്ന പാപ്പാ ഇങ്ങനെയാണൊ ജീവിക്കുന്നതെന്ന് കുടുംബങ്ങള്‍ ആത്മശോധന ചെയ്യേണ്ടതിന്‍റെ പ്രാധാന്യം എടുത്തു കാട്ടുന്നു.

സൗഖ്യമാക്കുകയും സ്വാതന്ത്ര്യമേകുകയും ചെയ്യുന്ന ദൈവികകരുണയുടെ സമാഗമവേദിയാകാന്‍ കുടുംബം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ആര്‍ച്ചുബിഷപ്പ് ഡിയര്‍മ്യൂട് മാര്‍ട്ടിന്‍ പ്രകാശനച്ചടങ്ങില്‍ പറഞ്ഞു.

വെല്ലുവിളികളും ബലഹീനതകളും കുറവുകളും എന്നല്ല ശൈഥില്യം പോലും കുടുംബജിവിതത്തില്‍ ഉണ്ടെന്ന വസ്തുത ഫ്രാന്‍സീസ് പാപ്പായ്ക്ക് കുടുംബത്തെക്കുറിച്ചുള്ള വീക്ഷണം മറച്ചുവയ്ക്കുന്നില്ല എന്നു പറഞ്ഞ അദ്ദേഹം കുടുംബങ്ങളോടു കൂടെ ആയിരിക്കുകയും കാര്യങ്ങള്‍ വിവേചിച്ചറിയാന്‍ തുണയേകുകയും ദൈവിക സ്നേഹത്തോട് “അതെ” എന്നു പറയാന്‍ സഹായിക്കുകയും ചെയ്യുന്ന സഭയെയാണ് കുടുംബങ്ങള്‍ക്കാവശ്യമെന്ന് വിശദീകരിച്ചു. 
All the contents on this site are copyrighted ©.