2017-03-29 12:44:00

പ്രതീക്ഷയില്ലാത്തിടത്തുള്ള പ്രത്യാശ- പൊതുദര്‍ശന പ്രഭാഷണം


ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാര പൊതുകൂടുക്കാഴ്ചയുടെ വേദി വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റ ബസിലിക്കയുടെ അങ്കണംതന്നെയായിരുന്നു ഈ ബുധനാഴ്ചയും (29/03/17). വസന്താകാലാര്‍ക്കാംശുക്കള്‍ ഒളി പരത്തിയ ചത്വരത്തില്‍ വിവിധരാജ്യക്കാരായിരുന്ന, പതിനായിരങ്ങള്‍ സന്നിഹിതരായിരുന്നു. പൊതുദര്‍ശനം അനുവദിക്കുന്നതിനായി പാപ്പാ വെളുത്ത തുറന്ന വാഹനത്തില്‍ അങ്കണത്തിലേക്കു  പ്രവേശിച്ച. ആ വാഹനത്തില്‍ ജനങ്ങള്‍ക്കിടയിലൂടെ നീങ്ങിയ പാപ്പാ എല്ലാവരേയും അഭിവാദ്യം ചെയ്യുകയും അംഗരക്ഷകര്‍ തന്‍റെ  പക്കലേക്കു ഇടയ്ക്കിടെ കൊണ്ടുവന്നുകൊണ്ടിരുന്ന  കുഞ്ഞുങ്ങളെ വണ്ടി നിറുത്തി തലോടുകയും ആശീര്‍വ്വദിക്കുകയും ചെയ്തു. പ്രസംഗവേദിയിലേക്കു നയിക്കുന്ന പടവുകള്‍ക്കക്കടുത്തു വാഹനം നിന്നപ്പോള്‍ അതില്‍നിന്ന് ഇറങ്ങിയ ഫ്രാന്‍സീസ് പാപ്പാ സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ഓടെ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗപാരായണമായിരുന്നു

അതിനാല്‍, വാഗ്ദാനം നല്‍കപ്പെട്ടത് വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ്. അത് ഒരു ദാനമായിരിക്കുന്നതിനും അങ്ങനെ അബ്രഹാത്തിന്‍റെ എല്ലാ സന്തതികള്‍ക്കും - നിയമം ലഭിച്ച സന്തതിക്കുമാത്രല്ല, അബ്രഹാത്തിന്‍റെ വിശ്വാസത്തില്‍ പങ്കുചേരുന്ന സന്തതിക്കും-ലഭിക്കുമെന്ന ഉറപ്പുണ്ടായിരിക്കുന്നതിനും വേണ്ടിയാണ്. അവന്‍ നമ്മെളെല്ലാവരുടെയും പിതാവാണ്.19 നൂറുവയസ്സായ തന്‍റെ ശരീരം മൃതപ്രായമായിരിക്കുമെന്നും സാറായുടെ ഉദരം വന്ധ്യമാണെന്നും അറിയാമായിരുന്നിട്ടും അവന്‍റെ വിശ്വാസം ദുര്‍ബലമായില്ല. 22 അതുകൊണ്ടാണ് അവന്‍റെ വിശ്വാസം അവനു നീതിയായി പരിഗണിക്കപ്പെട്ടത്”.(പൗലോസ് അപ്പസ്തോലന്‍ റോമാക്കര്‍ക്കെഴുതിയ ലേഖനം അദ്ധ്യായം 04,16-19 വരെയും 22 ഉം വാക്യങ്ങള്‍)

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനു ശേഷം പാപ്പാ, ക്രിസ്തീയ പ്രത്യാശയെ അധികരിച്ച് താന്‍ പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നു. “സകല പ്രതീക്ഷകള്‍ക്കും വിരുദ്ധമായ പ്രത്യാശ” എന്നതായിരുന്നു പാപ്പായുടെ വിചിന്തന പ്രമേയം. എല്ലാവര്‍ക്കും നല്ലൊരു ദിനം നേര്‍ന്നുകൊണ്ടാണ് പാപ്പാ തന്‍റെ പ്രഭാഷണത്തിന് തുടക്കം കുറിച്ചത്.                  

പാപ്പായുടെ വിചന്തനത്തിന്‍റെ സംഗ്രഹം:

നാമിപ്പോള്‍ ശ്രവിച്ച,  പൗലോസപ്പസ്തോലന്‍ റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ നിന്നുള്ള ഭാഗം, ഒരു മഹത്തായ സമ്മാനം നമുക്കു നല്കുന്നു. വാസ്തവത്തില്‍ വിശ്വാസത്തില്‍ നമ്മുടെ പിതാവായി നാം കാണുന്നത് അബ്രഹാത്തെയാണ്. എന്നാല്‍ ഇന്ന് പൗലോസപ്പസ്തോലന്‍ നമുക്കു മനസ്സിലാക്കിത്തരുന്നു അബ്രഹാം പ്രത്യാശയിലും നമ്മുടെ പിതാവാണെന്ന്. വിശ്വാസത്തിന്‍റെ പിതാവു മാത്രമല്ല, പ്രത്യാശയിലും പിതാവാണ്. കാരണം, അബ്രഹാത്തിന് സംഭവിച്ച കാര്യത്തില്‍ നമുക്കു ഉത്ഥാനത്തിന്‍റെ, തിന്മയെ, മരണത്തെത്തന്നെ ജയിക്കുന്ന, നവജീവന്‍റെ ഒരു വിളംബരം അന്തര്‍ലീനമായിരിക്കുന്നുവെന്നും മനസ്സിലാക്കാന്‍ കഴിയും.

“മരിച്ചവര്‍ക്ക് ജീവനും അസ്തിത്വമില്ലാത്തവയ്ക്ക് അസ്തിത്വവും” (റോമ, 4,17) നല്കുന്ന ദൈവത്തില്‍ അബ്രഹാം വിശ്വസിച്ചുവെന്ന് വേദപുസ്തകം പറയുന്നു. തന്‍റെ  ശരീരം മൃതപ്രായമായിരിക്കുമെന്നും സാറായുടെ ഉദരം വന്ധ്യമാണെന്നും അറിയാമായിരുന്നിട്ടും അവന്‍റെ വിശ്വാസം ദുര്‍ബലമായില്ല. (റോമ, 4,19) അതെ, നാം വിളിക്കപ്പെട്ടിരിക്കുന്നതും ഈ വിശ്വാസാനുഭവം ജീവിക്കാനാണ്.

വിശ്വാസവും പ്രത്യാശയും തമ്മിലുള്ള ഉറ്റബന്ധത്തെ ജ്വലിപ്പിക്കാന്‍ പൗലോസപ്പസ്തോലന്‍ നമ്മെ സഹായിക്കുന്നു. പ്രതീക്ഷ ഇല്ലാതിരുന്നിട്ടും അബ്രഹാം വിശ്വസിക്കുകയും പ്രത്യാശയില്‍ ഉറച്ചുനില്ക്കുകയും ചെയ്തു. നമ്മുടെ പ്രത്യാശയുടെ അടിസ്ഥാനം, യുക്തിയും, ദീര്‍ഘവീക്ഷണങ്ങളും മാനുഷികമായ ഉറപ്പുകളുമല്ല. പ്രത്യാശ ഇല്ലാത്തിടത്താണ്, പ്രത്യാശിക്കാന്‍ യാതൊരുവകയും ഇല്ലാത്തിടത്താണ് അത് ആവിഷ്കൃതമാകുന്നത്. മരണത്തോടടുത്തിരിക്കുകയും തന്‍റെ ഭാര്യ സാറ വന്ധ്യയായിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ അബ്രഹാത്തിന് സംഭവിച്ചതു പോലെ. അവരുടെ ജീവിതം അവസാനിക്കാറായിരുന്നു, അവര്‍ക്ക് മക്കളുണ്ടാകുക സാധ്യമല്ലായിരുന്നു. ആ അവസ്ഥയിലാണ് അബ്രഹാം വിശ്വസിക്കുകയും സകല പ്രതീക്ഷകള്‍ക്കും വിപരീതമായ പ്രത്യാശ പുലര്‍ത്തുകയും ചെയ്യുന്നത്. വിശ്വാസത്തില്‍ വേരൂന്നിയതാണ് ആ മഹാ പ്രത്യാശ. അതുകൊണ്ടുതന്നെയാണ് അതിന് സകല പ്രതീക്ഷകളെയും ഉല്ലംഘിക്കാന്‍ കഴിഞ്ഞതും. അത് നമ്മുടെ വാക്കുകളിലല്ല, പ്രത്യുത ദൈവത്തിന്‍റെ വാക്കുകളിലാണ് അധിഷ്ഠിതമായിരിക്കുന്നത്. ചെയ്ത വാഗ്ദാനം ദൈവം നിറവേറ്റുമെന്ന പൂര്‍ണ്ണ ബോധ്യം അബ്രഹാത്തിനുണ്ടായിരുന്നു (റോമ, 4,21)  

നിങ്ങളോട് ഒരു ചോദ്യം ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: ഈ ബോധ്യം നമുക്കുണ്ടോ? നമ്മുടെ നന്മ ആഗ്രഹിക്കുന്നവനാണ് ദൈവമെന്നും, നമ്മോടുള്ള വാഗ്ദാനം അവിടന്ന് നിറവേറ്റുമെന്നും നമുക്കു ബോധ്യമുണ്ടോ? പിതാവേ, ഇതിന് എന്തു വിലയാണ് ഞങ്ങള്‍ നല്കേണ്ടത്? ഈ ചോദ്യത്തിനു കര്‍ത്താവു നല്കുന്ന ഉത്തരം – ഹൃദയം തുറന്നിടുക, ഇതാണ് അതിന്‍റെ വില. ... വിശ്വാസത്തിനു ഹൃദയം തുറന്നുകൊടുക്കുക. ബാക്കിയെല്ലാം അവിടന്നു ചെയ്തുകൊള്ളും.

ഇതൊരു വൈരുദ്ധ്യമാണ് ഒപ്പം നമ്മുടെ പ്രത്യാശയുടെ ഏറ്റം ശക്തവും സമുന്നതവുമായ ഘടകവും. മാനുഷികവീക്ഷണത്തില്‍ സന്ദിഗ്ദവും മുന്‍കൂട്ടികാണാനാകാത്തുമായ ഒരു വാഗ്ദാനത്തില്‍ അധിഷ്ഠിതമായ ഒരു പ്രത്യാശ. വാഗ്ദാനം ചെയ്യുന്നത് ഉത്ഥാനത്തിന്‍റെയും ജീവന്‍റെയും ദൈവമാകുമ്പോള്‍ അതിന് മരണത്തിന്‍റെ മുന്നില്‍ പോലും വീഴ്ച സംഭവിക്കില്ല. ആരോ ഒരാളല്ല വാഗ്ദാനം നല്കുന്നത്, ഉത്ഥാനത്തിന്‍റെയും ജീവന്‍റെയും ദൈവമാണ്.

ഇന്നു നമുക്ക് തുറന്ന ഒരു ഹൃദയമുണ്ടെങ്കില്‍, ഞാന്‍ നിങ്ങള്‍ക്കുറപ്പു തരുന്നു ഒരിക്കലും കടന്നു പോകാത്ത സ്വര്‍ഗ്ഗീയ ചത്വരത്തില്‍ നാം കണ്ടുമുട്ടും. ഇതാണ് ദൈവത്തിന്‍റെ വാഗ്ദാനം. ഇതാണ് നമ്മുടെ പ്രത്യാശ, നാം നമ്മുടെ ഹൃദയം തുറന്നിടുന്നെങ്കില്‍ മാത്രം. നന്ദി.

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

ഇറാക്കിലെ വിവിധ മതസമൂഹങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പടെയുള്ള ഒരു സംഘത്തെ പ്രത്യേകം അഭിവാദ്യം ചെയ്ത പാപ്പാ അന്നാട്ടില്‍ അനുരഞ്ജനവും ഏകതാനതയും സമാധാനവും സംജാതമാക‌ട്ടെയെന്ന് ആശംസിക്കുകയും അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. നാനാത്വത്തിലുള്ള ഏകത്വം ആണ് ഇറാക്കിന്‍റെ സമ്പന്നതയെന്ന് പാപ്പാ അനുസ്മരിച്ചു. ഐക്യത്തിന്‍റെ ശക്തിയിലും ഏകതാനതയിലുള്ള സമൃദ്ധിയിലും മുന്നേറാന്‍ പാപ്പാ അവര്‍ക്ക് പ്രചോദനം പകര്‍ന്നു.

സഘര്‍ഷവേദിയായ ഇറാക്കിലെ മൊസൂള്‍ പട്ടണത്തിന്‍റെ പടിഞ്ഞാറുഭാഗത്ത് കുടുങ്ങിക്കിടക്കുന്ന പൗരന്മാരെയും നിണപങ്കിലമായ യുദ്ധത്തിനിരകളായവരെയും പാപ്പാ വേദനയോടെ അനുസ്മരിച്ചു. യാതനകളനുഭവിക്കുന്നവരുടെ ചാരെ പ്രാര്‍ത്ഥനവഴി ആദ്ധ്യാത്മികമായി താനുണ്ടെന്ന് പാപ്പാ ഉറപ്പുനല്കുകയും പൗരന്മാര്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതിന് പരിശ്രമിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയും അത് അടിയന്തിരമായ ഒരു കടമയാണെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

പതിവുപോലെ, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ, അനുദിന ജീവിതത്തില്‍ വിശ്വാസത്തിന്‍റെ പ്രാധാന്യം കണ്ടെത്താനുള്ള അമൂല്യമായ ഒരു സമയമാണ് നോമ്പുകാലം എന്ന് യുവതയെ ഓര്‍മ്മിപ്പിച്ചു.

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ട കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.