2017-03-25 13:17:00

ജലത്തിനുള്ള അവകാശം മൗലികം- ആര്‍ച്ച്ബിഷപ്പ് ഔത്സ


സകലര്‍ക്കും ശുദ്ധജലവും ഭക്ഷണവും ആരോഗ്യകരമായ ജീവിതവും ഉറപ്പുവരുത്തുകയെന്ന കടമ രാഷ്ട്രത്തിന്‍റെ നേതാക്കള്‍ക്കു മാത്രമല്ല നമുക്കോരോരുത്തര്‍ക്കും ഉണ്ടെന്ന് ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാനസത്തിന്‍റെ   സ്ഥിരം നിരീക്ഷകനായ ആര്‍ച്ച്ബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔത്സ ഓര്‍മ്മിപ്പിക്കുന്നു.

“നീണ്ടുനില്ക്കുന്ന വികസനത്തിന് ജലം” എന്ന ശീര്‍ഷകത്തില്‍ 2018 മുതല്‍ 2028 വരെ അന്താരാഷ്ട്ര കര്‍മ്മ ദശാബ്ദി ആചരിക്കുന്നതിനോടനുബന്ധിച്ച് ജലസംബന്ധിയായ ലക്ഷ്യങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത്, അമേരിക്കന്‍ ഐക്യനാടുകളിലെ ന്യുയോര്‍ക്ക്   പട്ടണത്തില്‍, ബുധനാഴ്ച (22/03/17) നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെയും നാളത്തെയും തലമുറകളുടെയും നരകുലം മുഴുവന്‍റെയും ഭാവി സുരക്ഷിതമാക്കുന്നതിനുള്ള ഉത്തരവാദിത്വം നാമെല്ലാവരും ഏറ്റെടുക്കേണ്ടതിന്‍റെ    ആവശ്യകത ചൂണ്ടിക്കാട്ടിയ അദ്ദേഹം ജലജന്യരോഗങ്ങള്‍ അനേകരുടെ വിശിഷ്യ, കുട്ടികളുടെ ജീവനപഹരിക്കുന്നതും ദശലക്ഷക്കണക്കിനാളുകള്‍ മലിനജലം കുടിക്കേണ്ടിവരുന്നതും അനുസ്മരിച്ചു.

 ജലത്തിനായുള്ള അവകാശം മൗലികവും അടിയന്തിരവും ആണെന്നും കാരണം ജലത്തിന്‍റെ അഭാവത്തില്‍ ജീവന് നിലനില്പില്ലെന്നും ആര്‍ച്ച്ബിഷപ്പ് ഔത്സ പ്രസ്താവിച്ചു.
All the contents on this site are copyrighted ©.