2017-03-25 12:50:00

പാപ്പാ മിലാനില്‍


ദൈവത്തിന്‍റെ കാരുണ്യത്താല്‍ വീണ്ടെടുക്കപ്പെടാനും ഹൃദയം ശുദ്ധീകരിക്കപ്പെടാനും നാം നമ്മെത്തന്നെ അനുവദിക്കണമെന്ന് മാര്‍പ്പാപ്പാ.

ഉത്തര ഇറ്റലിയിലെ മിലാന്‍ അതിരൂപതയില്‍ ശനിയാഴ്ച (25/03/17) ഏകദിന ഇടയസന്ദര്‍സനത്തിനെത്തിയ ഫ്രാന്‍സീസ് പാപ്പാ പ്രഥമ വേദിയായിരുന്ന ഫൊര്‍ളനീനി പ്രദേശത്തെ ജനങ്ങളെ രാവിലെ സംബോധനചെയ്യുകയായിരുന്നു.

ജനങ്ങള്‍ തനിക്ക് തിരുവസ്ത്രങ്ങളിലൊന്നായ, ഇരു തോളിലൂടെയും നീണ്ടുകിടക്കത്തക്കവിധം വൈദികന്‍ ധരിക്കുന്ന ഉത്തരീയവും പരിശുദ്ധകന്യാകാമറിയത്തിന്‍റെ ഒരു ചിത്രവും സമ്മാനിച്ചതിന് തദ്ദവസരത്തില്‍ നന്ദി പറഞ്ഞ പാപ്പാ ആ ഉത്തരീയം ഓര്‍മ്മപ്പെടുത്തുന്നത്, ക്രിസ്തീയ പുരോഹിതന്‍ ജനങ്ങളാല്‍ ജനസേവനത്തിനായി തിരഞ്ഞെടുക്കപ്പെട്ടവനാണ് എന്നാണെന്നു പറഞ്ഞു.

തന്‍റെയും മറ്റെല്ലാ വൈദികരുടെയും പൗരോഹിത്യം ക്രിസ്തുവിന്‍റെ   ദാനമാണെന്നും ജനങ്ങള്‍ അവരുടെ വിശ്വാസവും ക്ലേശങ്ങളും പ്രാര്‍ത്ഥനകളും അശ്രുകണങ്ങളും കൊണ്ട് നെയ്തെടുത്തതാണെന്നും പാപ്പാ പറഞ്ഞു.

സമ്മാനമായ പരിശുദ്ധകന്യകാമറിയത്തിന്‍റെ ചിത്രം ചാര്‍ച്ചക്കാരിയായ എലിസബത്തിന്‍റെ പക്കലേക്കോടിയ മറിയത്തിന്‍റെ ഔത്സുക്യത്തെക്കുറിച്ച് തന്നെ ഓര്‍മ്മപ്പെടുത്തുന്നുവെന്നു വെളിപ്പെടുത്തിയ പാപ്പാ, സഭയുടെ ഇത്തരത്തിലുള്ള ഔത്സുക്യം, താല്പര്യം, കേന്ദ്രസ്ഥാനത്ത് നിശ്ചലമായി നില്ക്കുന്നതല്ല പ്രത്യുത അരികുകളിലേക്ക്, പ്രാന്തങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതും അക്രൈസ്തവരും അവിശ്വാസികളുമായവരുടെ പോലും  ചാരെ എത്തുന്നതാണെന്നും പ്രസ്താവിച്ചു.

ഫൊര്‍ളനീനി പ്രദേശത്തെ ജനങ്ങളുമായുള്ള കൂടിക്കാഴ്ചാനന്തരം മിലാനിലെ കത്തീദ്രലില്‍ വച്ച് പാപ്പാ വൈദികരെയും സമര്‍പ്പിതജീവിതം നയിക്കുന്നവരെയും സംബോധനചെയ്തു.

തദ്ദവസരത്തില്‍ പാപ്പായുടെ പ്രഭാഷണം വൈദികരുടെയും സമര്‍പ്പിതരുടെയും ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരുന്നു.

സുവിശേഷവത്കരണാനന്ദവും വിശ്വാസമുള്ള ജനമായിരിക്കുന്നതിന്‍റെ  സന്തോഷവും ഭൗതികതയുടെയും നിരവധിയായ വെല്ലുവിളികളുടെയും നടുവില്‍ കൈമോശം വരാതിരിക്കുന്നതിന് എന്തു ചെയ്യണം, നിസ്വാര്‍ത്ഥയും അനുഗ്രഹീതയും എളിയവളുമായ സഭയായിരിക്കാന്‍ സ്ഥിരശെമ്മാശന്മാര്‍ക്ക് എന്തു സംഭാവന ചെയ്യാന്‍ സാധിക്കും, ദാരിദ്ര്യം കന്യകാത്വം അനുസരണം സാഹോദര്യം എന്നിവയ്ക്ക് എങ്ങനെ സാക്ഷ്യം നല്കാന്‍ കഴിയും എന്നിവയായിരുന്നു ചോദ്യങ്ങള്‍ ചുരുക്കമായി.

വെല്ലുവിളികള്‍ സഭയുടെ ആരംഭം മുതല്‍ തന്നെ ഉണ്ടെന്നും നമ്മുടെ വിശ്വാസം സൈദ്ധാന്തികമായി പരിണമിക്കാതിരിക്കാന്‍ വെല്ലുവിളികള്‍ നമ്മെ സഹായിക്കുന്നുവെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

പാവപ്പെട്ടവരുടെ ശുശ്രൂഷയിലേക്കു നയിക്കാത്ത അള്‍ത്താരശുശ്രൂഷയും ആരാധനക്രമവും ഇല്ലെന്നും അതുപോലെ തന്നെ ആരാധനയിലേക്കു നയിക്കാത്തതായ സാധുജനസേവനവും ഇല്ലെന്നും കുടുബവുമായി ബന്ധമില്ലാത്ത സഭാപരമായ വിളിയില്ലെന്നുമുള്ള ബോധ്യം സഭയിലെ സ്ഥിരശെമ്മാശന്‍ എന്ന വിളിയെ വിലയിരുത്താന്‍ സഹായകമാണെന്ന് പാപ്പാ ശെമ്മാശന്മാരുടെ സംഭാവനയെക്കുറിച്ചുള്ള ചോദ്യത്തിനുള്ള ഉത്തരമായി വിശദീകരിച്ചു.

വൈദികരും സമര്‍പ്പിതജീവിതം നയിക്കുന്നവരുമായുള്ള സമാഗമാനന്തരം പാപ്പാ കത്തീദ്രലിന്‍റെ അങ്കണത്തില്‍ സമ്മേളിച്ചിരുന്ന വിശ്വാസികളുമൊത്ത് ത്രികാല പ്രാര്‍ത്ഥന ചൊല്ലുകയും അതിനുശേഷം “സാന്‍ വിത്തോരെ” ജയില്‍ സന്ദര്‍ശിക്കുകയും ചെയ്തു.

 മോണ്‍സ്സ പാര്‍ക്കില്‍ ദിവ്യപൂജാര്‍പ്പ​ണം, അടുത്തയിടെ സ്ഥൈര്യലേപനം സ്വീകരിച്ചവരുമൊത്ത് "മെയാത്സ സാന്‍ സീറൊ” സ്റ്റേഡിയത്തില്‍ വച്ചുള്ള കൂടിക്കാഴ്ച എന്നിവയായിരുന്നു പാപ്പായുടെ ഉച്ചതിരിഞ്ഞുള്ള മുഖ്യ പരിപാടികള്‍

 
All the contents on this site are copyrighted ©.