2017-03-24 10:54:00

DOCAT XII: ''സഭയിലൂടെ മാനവകൂട്ടായ്മ ദൈവം ആഗ്രഹിക്കുന്നു''


ഇന്നത്തെ സഭാദര്‍ശനം പരിപാടിയില്‍, ഡുക്യാറ്റ് പഠനപരമ്പരയുടെ പന്ത്രണ്ടാം ഭാഗമാണുള്ളത്. കഴിഞ്ഞ ദിവസം ഡുക്യാറ്റ് ഗ്രന്ഥത്തിന്‍റെ സഭയുടെ സാമൂഹികദൗത്യത്തെക്കുറിച്ചുള്ള രണ്ടാം അധ്യായത്തിലെ 22 മുതല്‍ 25 വരെയുള്ള, ആദ്യചോദ്യങ്ങളിലൂടെ സഭയുടെ സാമൂഹികദൗത്യത്തിന്‍റെ വിശകലനം ന‌‌ടത്തുകയായിരുന്നു. മനുഷ്യന്‍ അടിസ്ഥാനപരമായി സാമൂഹികജീവി ആയതിനാല്‍, വി. ഗ്രന്ഥത്തില്‍ നിന്നു പ്രചോദനം സ്വീകരിച്ചുകൊണ്ട്, പ്രത്യേകമായി യേശുവിന്‍റെ പ്രബോധനങ്ങള്‍ അനുസരിച്ചുകൊണ്ട്, സമൂഹത്തിന്‍റെ പൊതുനന്മയെ പരിഗണിക്കാതിരിക്കുവാന്‍ സഭയ്ക്കു സാധ്യമല്ല. കഴിഞ്ഞ ദിനത്തില്‍ വിശകലനം ചെയ്ത ഇക്കാര്യം തന്നെ വിശദീകരിച്ചുകൊണ്ടുള്ള 26-27 ചോദ്യങ്ങളും അതിനുശേഷം നല്‍കിയിരിക്കുന്ന സഭയുടെ സാമൂഹി കപ്രബോധന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളായ രേഖകളെ പരിചയപ്പെടുത്തുന്ന ഭാഗവും നാമിന്നു പഠനത്തിനെടുക്കു ന്നു. ഇവയെല്ലാം രണ്ടാം അധ്യായത്തിന്‍റെ ശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ, ''ഒരുമിച്ചായിരിക്കു മ്പോള്‍ നാം ശക്തരാണ്'' എന്നു നമ്മെ അനുസ്മരിപ്പിക്കുന്നു;  ഒരുമിച്ചായിരിക്കുന്നതിലെ സന്തോഷം അനുഭവിക്കാന്‍ നമ്മെ വിളിക്കുന്നു. 26, 27 ചോദ്യങ്ങളിലേക്കു നമുക്കു കടക്കാം.

ചോദ്യം 26.  സഭയുടെ താല്പര്യം എന്തുകൊണ്ടാണ് വ്യക്തിയുടെ കാര്യത്തില്‍ മാത്രമായി ഒതുങ്ങിനില്‍ക്കാത്തത്?
ഉത്തരം: 'സഭയ്ക്കു വ്യക്തിയുടെ ആത്മാവിന്‍റെ രക്ഷയില്‍ മാത്രമേ താല്‍പ്പര്യമുള്ളു' എന്നൊരു പരാതി ഉണ്ടായിരുന്നു.  സത്യത്തില്‍ ഓരോ മനുഷ്യവ്യക്തിയും ദൈവത്തിന്‍റെ കണ്ണില്‍ വിലപ്പെട്ടവനാണ്.  നാമോരോരുത്തരും അനന്യരും പകരക്കാരില്ലാത്തവരുമാണ്. എന്നിരിക്കിലും മാതാവിന്‍റെ ഉദരത്തിലായിരിക്കുമ്പോള്‍ മുതല്‍ നാമെല്ലാവരും മറ്റു മനുഷ്യരുമായി ഒരു കൂട്ടായ്മയിലാണ്. മറ്റുള്ളവരുമായി നല്ല ബന്ധം ഉണ്ടെങ്കില്‍ മാത്രമേ നമുക്കു സന്തോഷമുണ്ടാകൂ.  അതിനാലാണ് ഉത്പത്തി പുസ്തകത്തില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നത്: ''ദൈവമായ കര്‍ത്താവ് അരുളിച്ചെയ്തു. മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; അവനു ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും'' (ഉല്‍പ്പ 2:18).  ദൈവം മനുഷ്യന്‍റെ സമഗ്രമായ ഐശ്വര്യമാണ് ആഗ്രഹിക്കുന്നത്.  അതിനാല്‍, മനുഷ്യര്‍ പലതരത്തില്‍ ഇടപെടുന്ന സമൂഹത്തില്‍ അവന്‍ എപ്രകാരം വളരുന്നു എന്നതിലും ദൈവം തല്‍പ്പരനാണ്. 

ദൈവത്തിന്‍റെ ഈ താല്‍പ്പര്യത്തെ ഏശയ്യായുടെ ഗ്രന്ഥം വളരെ മനോഹരമായി കുറിച്ചുവച്ചിട്ടുണ്ട്.  ''മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു മറക്കാനാവുമോോ, പുത്രനോടു പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല'' (ഏശ 49, 15).  ഓരോരുത്തരോടുമുള്ള ഈ ദൈവസ്നേഹം, പക്ഷേ, എല്ലാവരോടുമുള്ളതാണ് എന്നതാണ് സത്യം. ദൈവം എന്‍റേതാണ്, എല്ലാവരുടേതുമാണ്. ഇതു സഭയുടെ സാമൂഹികപ്രബോധന സംക്ഷേപം 61-ല്‍ ഇങ്ങനെ വ്യക്തമാക്കുന്നു. 'ഒരാളുടെ തനിമ, ആവര്‍ത്തിക്കാനാവാത്തതും ഏകതാനവുമാണ്. എന്നാല്‍ ഓരോ വ്യക്തിയും സമൂഹത്തില്‍ ഇതരവ്യക്തിയുമായി ബന്ധത്തിനു തുറവിയുള്ളതുമാണ്'.  അതുകൊണ്ടാണ്, ചോദ്യം 26-നു നല്‍കിയിരിക്കുന്ന ഉത്തരത്തിന്‍റെ അവസാനം നാം ഇങ്ങനെ വായിക്കുന്നത്: 'ദൈവം മനുഷ്യന്‍റെ സമഗ്രമായ ഐശ്വര്യമാണ് ആഗ്രഹിക്കുന്നത്.  അതിനാല്‍, മനുഷ്യര്‍ പലതരത്തില്‍ ഇടപെടുന്ന സമൂഹത്തില്‍ അവന്‍ എപ്രകാരം വളരുന്നു എന്നതിലും ദൈവം തല്‍പ്പരനാണ്'.    

ചോദ്യം 27: എന്തുകൊണ്ടാണ് സഭ ഐക്യദാര്‍ഢ്യം അഭ്യസിക്കുന്നത്?
ഉത്തരം:  ഐക്യദാര്‍ഢ്യം കാണിക്കാത്ത സഭ അതില്‍ത്തന്നെ വൈരുധ്യം നിറഞ്ഞതായിരിക്കും.  സഭയിലാണ് മനുഷ്യവംശവുമായുള്ള ശാശ്വതമായ ഐക്യദാര്‍ഢ്യം ഇതള്‍ വിരിയുന്നത്.  സഭയുടെ കൂട്ടായ്മയിലൂടെ, ദൈവസ്നേഹം മനുഷ്യരിലേക്കു പടരുകയും അങ്ങനെ മനുഷ്യകുലം മുഴുവനി ലേക്കും എത്തിച്ചേരുകയും ചെയ്യേണ്ടതാണ്.  സഭയിലാണ് എല്ലാ മനുഷ്യരെയും ഒരുമിച്ചുകൂട്ടാന്‍ ദൈവം ആഗ്രഹിക്കുന്നത്: ''ഇതാ ദൈവത്തിന്‍റെ കൂടാരം മനുഷ്യരോടുകൂടെ'' (വെളി 21:3).  സഭ ''മിശിഹായില്‍ ദൈവത്തോടുള്ള ഗാഢമായ ഐക്യത്തിന്‍റെയും മനുഷ്യകുലം മുഴുവനോടുമുള്ള ഐകമത്യത്തിന്‍റെയും അടയാളവും ഉപകരണവുമാണ്'' (തിരുസ്സഭ 1). തന്‍റെ കര്‍ത്താവിന്‍റെ മാതൃക പിഞ്ചെല്ലാന്‍ ശ്രമിക്കുകയും നിരാലംബരോടും, അനീതിയ്ക്ക് ഇരയായവരോടും, തന്‍റെ കാലഘട്ട ത്തിലെ ദരിദ്രരോടും ഐക്യദാര്‍ഢ്യം കാണിക്കുകയും ചെയ്യുന്ന അവിടുത്തെ സഭയിലൂടെ ദൈവം എല്ലാ ജനതകളിലേക്കും കടന്നു ചെല്ലുകയും സഹായിക്കുകയും ചെയ്യുന്നു.  മനുഷ്യര്‍ കുറച്ചുകൂടി മനുഷ്യത്വമുള്ള ലോകം സൃഷ്ടിക്കാനായി പരിശ്രമിക്കുമ്പോഴെല്ലാം ദൈവം അവരോടൊപ്പമുണ്ട്.  ദൈവത്തിന്‍റെ രക്ഷാകൃത്യത്തെ ഈ ലോകത്തില്‍ ദൃശ്യമാക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരോടും സഭ ഐക്യദാര്‍ഢ്യം കാണിക്കുന്നു.

ജി.കെ. ചെസ്റ്റെര്‍ട്ടണ്‍ പറയുന്നുണ്ട്, നാമെല്ലാവരും ഇളകി മറിയുന്ന കടലില്‍ ഒരേ വള്ളത്തിലാണ്.  അതിനാല്‍ അവിടെ സാഹസികവും ദയയുള്ളതുമായ വിശ്വസ്തത നാം പുലര്‍ത്തേണ്ടതുണ്ട് എന്ന്.

സങ്കീര്‍ത്തനം 85-ല്‍ നാം വായിക്കുന്നു (വാ. 11): ''കാരുണ്യവും വിശ്വസ്തതയും തമ്മില്‍ ആശ്ലേഷിക്കുകയും നീതിയും സമാധാനവും പരസ്പരം ചുംബിക്കുകയും ഭൂമിയില്‍ വിശ്വസ്തത മുളയെടുക്കുകയും നീതി ആകാശത്തുനിന്നു ഭൂമിയെ കടാക്ഷിക്കുകയും ചെയ്യും''.

സഭയുടെ ശിരസ്സായ ക്രിസ്തു മനുഷ്യവര്‍ഗത്തോടു കാണിച്ച ഐക്യദാര്‍ഢ്യം അവിടുത്തെ ജനനത്തിലും ജീവിതത്തിലും മരണത്തിലും ഉത്ഥാനത്തിലൂടെയും നമുക്കു നേടിത്തന്ന രക്ഷയായി നാം അനുഭവിക്കുന്നു. ക്രിസ്തുവിന്‍റെ ശരീരമായ സഭയ്ക്കും ഇതേ ദൗത്യമാണുള്ളത്, ഭൂമിയില്‍ രക്ഷയുടെ കൂദാശയായിരിക്കുക എന്ന ദൗത്യം.

തുടര്‍ന്ന് സഭയുടെ സാമൂഹികപ്രബോധനചരിത്രത്തില്‍ നാഴികക്കല്ലുകളായി മാറിയ ചില രേഖകളെ നമുക്കു പരിചയപ്പെടുത്തുന്നുണ്ട് ഡുക്യാറ്റ്. 'സാമൂഹികപ്രബോധനം' എന്ന സംജ്ഞ പരാമര്‍ശിക്കുന്നത് സാമൂഹികപ്രശ്നങ്ങളെക്കുറിച്ച് ലെയോ പതിമൂന്നാമന്‍ പാപ്പായുടെ  റേരും നൊവാരും മു തല്‍ സഭയുടെ പ്രബോധനാധികാരം പുറപ്പെടുവിച്ചിട്ടുള്ള പ്രസ്താവനകളാണ് എന്നു നാം കണ്ടു. പത്തൊമ്പതാംനൂറ്റാണ്ടിലെ വ്യാവസായികമുന്നേറ്റത്തോടുകൂടി, ഉയര്‍ന്നുവന്ന സാമൂഹിക പ്രശ്നത്തോടു ലെയോ പതിമൂന്നാമന്‍ പാപ്പാ അനന്യസാധാരണമായ രീതിയില്‍ പ്രതികരിച്ചുകൊണ്ട് നീതിപൂര്‍വമായ ഒരു സാമൂഹികക്രമത്തിന്‍റെ രൂപരേഖ വരയ്ക്കുകയാണ് റേരും നൊവാരും എന്ന ചാക്രികലേഖനത്തില്‍. അങ്ങനെ നിയതാര്‍ഥത്തില്‍ സഭയുടെ ആദ്യത്തെ സാമൂഹികപ്രബോധനരേഖയായി അതു മാറി. 1891-ലെ ഈ രേഖ തുടങ്ങി, ഇതേ പാരമ്പര്യത്തില്‍ എഴുതപ്പെട്ട ചില സാമൂഹികപ്രബോധനരേഖകളെയാണ് ഇനി നാം പരിചയപ്പെടുക. അവയുടെ പേരും വര്‍ഷവും, ഏതു പാപ്പാ പുറപ്പെടുവിച്ചു, എന്താണ് സുപ്രധാന ആശയം അല്ലെങ്കില്‍ പഠനം എന്ന കാര്യങ്ങള്‍ മാത്രമേ ഇവിടെ പരാമര്‍ശിക്കുന്നുള്ളു.  ഈ രേഖകളുടെ പേരിനെക്കുറിച്ച് ഒരു വാക്കു പറഞ്ഞുകൊണ്ട് ആരംഭിക്കാം.

സഭയുടെ ഔദ്യോഗികഭാഷയായ ലത്തീനില്‍ രചിക്കപ്പെടുന്ന സഭയുടെ ഔദ്യോഗികരേഖകള്‍ക്കെല്ലാം തന്നെ, അവയുടെ ആരംഭത്തിലുള്ള ആദ്യവാക്കുകളാണ് പേരായി വരിക. അങ്ങനെ, റേരും നൊവാരും എന്ന വാക്കുകളില്‍ ലെയൊ പതിമൂന്നാമന്‍ പാപ്പാ ആരംഭിച്ച ചാക്രികലേഖ നത്തിന്‍റെ പേര് അതായിത്തീര്‍ന്നു.  ഈ വാക്കുകളുടെ അര്‍ഥം, 'പുതിയ സംഗതികളുടെ' എന്നാണ്. ഇതരഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യുമ്പോള്‍ ഓരോ ഭാഷയുടെയും പ്രയോഗരീതിയനുസരിച്ച് ആദ്യവാക്കുകള്‍ മാറിപ്പോകുമെന്നതും നാം ശ്രദ്ധിക്കേണ്ടതാണ്. ഇതിനും ഉദാഹരണം ഇതേ ചാക്രികലേഖനം തന്നെ.  പി.ഒ.സി. വിവര്‍ത്തനത്തില്‍ ഈ രേഖ തുടങ്ങുന്നത്, വിപ്ലവകരമായ പരിവര്‍ത്തനത്തിന്‍റെ എന്ന വാക്കുകള്‍ കൊണ്ടാണ്. ഓരോ രേഖയും പുറപ്പെടുവിക്കുന്നതി നുണ്ടായ സാമൂഹികപശ്ചാത്തലം തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു വായനയിലേ അവയുടെ അര്‍ഥവും പ്രാധാന്യവും വ്യക്തമാകൂ എന്നും നാം ഓര്‍ക്കേണ്ടതാണ്.

തിരുസ്സഭാചരിത്രത്തിലെ സുപ്രധാന സാമൂഹികപ്രബോധന രേഖകള്‍ 14 എണ്ണമാണ്. അവയില്‍, നമുക്കറിയാവുന്നതുപോലെ,  പ്രഥമ സാമൂഹികപ്രബോധനം എന്നു വിളിക്കപ്പെടുന്നത് റേരും നൊവാരും ആണ്. ലെയോ പതിമൂന്നാമന്‍ പാപ്പായുടെ, 1891-ല്‍ പ്രസിദ്ധീകരിച്ച ഈ ചാക്രികലേഖനം സ്വത്തവകാശം, ദുര്‍ബലരുടെയും പാവങ്ങളുടെയും അവകാശങ്ങളും അന്തസ്സും, തൊഴിലാളി യൂണിയനുകള്‍ രൂപീകരിക്കുന്നതിനുള്ള അവകാശം എന്നിവയെ ഊന്നിപ്പറഞ്ഞു. ഒപ്പം വര്‍ഗസമരത്തെ തള്ളിപ്പറയുകയും ചെയ്തു.  പൊതുവെ പറഞ്ഞാല്‍, വ്യാവസായിക വിപ്ലവത്തെത്തുടര്‍ന്നുണ്ടായ തൊഴിലാളികളുടെ ദുരവസ്ഥയ്ക്കു പരിഹാരം നിര്‍ദ്ദേശിക്കുന്ന ഒരു ചാക്രികലേഖനമാണിത്. 

തുടര്‍ന്നുവന്ന സുപ്രധാന രേഖ പതിനൊന്നാം പീയൂസ് പാപ്പായുടെ 1931, മെയ് 15-ന് പുറപ്പെടുവിച്ച ക്വാദ്രോ ജെസിമോ ആന്നോ ആണ്.  'നാല്പതാം വര്‍ഷത്തില്‍' എന്നാണ് അര്‍ഥം. റേരും നൊവാരുമിന്‍റെ നാല്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഇറങ്ങിയ ഈ ചാക്രികലേഖനം, വീണ്ടും തൊഴിലാളികളെ പരിഗണിക്കുന്നതു തന്നെയായിരുന്നു. റേരും നൊവാരുമിന്‍റെ സത്ഫലങ്ങളെ പരാമര്‍ശിച്ചുകൊണ്ടു തുടങ്ങുന്ന ഈ രേഖ തൊഴിലാളിക്ക് ഒരു കുടുംബത്തെ പോറ്റാന്‍ തക്ക ജീവിതചെലവ് ആവശ്യപ്പെട്ടു.  പരിധികളില്ലാത്ത സ്വതന്ത്രസംരഭകത്വത്തെ നിരാകരിച്ചു.

മൂന്നാമത്തെ രേഖ, വി. ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പായുടെ 1961, മെയ് 15-ന് ക്വാദ്രോ ജെസിമോ ആന്നോയുടെ മുപ്പതാം വാര്‍ഷികദിനത്തില്‍, അതായത്, റേരുംനൊവാരുമിന്‍റെ എഴുപതാം വര്‍ഷത്തില്‍ പുറപ്പെടുവിച്ച ചാക്രികലേഖനം മാത്തെര്‍ എത് മജിസ്ത്ര ആണ്.  'മാതാവും ഗുരുനാഥയും' എന്നര്‍ഥം. പഴയ പ്രശ്നങ്ങളെ പുതിയ സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ ചര്‍ച്ച ചെയ്യുന്ന ഈ രേഖ, കാര്‍ഷികവൃത്തിയെക്കുറിച്ച് സുദീര്‍ഘമായി പ്രതിപാദിക്കുന്നു. രാഷ്ട്രത്തിന്‍റെ കടമകള്‍, വികസ്വരരാജ്യങ്ങളെ സഹായിക്കേണ്ടതിന്‍റെ ആവശ്യകത എന്നിവ ഇതു പ്രതിപാദിക്കുന്നുണ്ട്. സോഷ്യലിസത്തിന്‍റെ പരോക്ഷമായ അംഗീകാരമായി വ്യാഖ്യാനിക്കപ്പെടുകപോലും ചെയ്ത രേഖയാണിത്.

നാലാമത്തെ രേഖ വി. ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പായുടെ തന്നെ ചാക്രികലേഖനമായ പാച്ചെം ഇന്‍ തേറിസ് ആണ്.  'ഭൂമിയില്‍ സമാധാനം' എന്ന് അര്‍ഥം.  രണ്ടാം വത്തിക്കാന്‍ സൂനഹദോസ് നടന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍, 1963 ഏപ്രില്‍ പതിനൊന്നാം തീയതി പുറപ്പെടുവിച്ച ചാക്രിക ലേഖനമാണിത്. പേരു സൂചിപ്പിക്കുന്നതുപോലെ, ഭൂമിയില്‍ സമാധാനം സ്ഥാപിക്കാനും നിലനിര്‍ത്താനും വ്യക്തികളും രാഷ്ട്രങ്ങളും നിറവേറ്റേണ്ട കടമകളും അവര്‍ക്കുള്ള അവകാശങ്ങളുമാണ് ഇതിലെ പ്രതിപാദ്യം.  മനുഷ്യാവകാശങ്ങളെക്കുറിച്ച് സഭ നടത്തുന്ന ആദ്യത്തെ ഔദ്യോഗികപ്രഖ്യാപനം ഈ ചാക്രികലേഖനത്തിലാണ്.

 
All the contents on this site are copyrighted ©.