2017-03-24 10:29:00

ദൈവദാസി റാണി മരിയ:നിണസാക്ഷി-ഇനി വാഴ്ത്തപ്പെട്ടപദത്തിലേക്ക്


ക്ലാരിസ്റ്റ് (എഫ് സി സി) സന്ന്യാസിനി ദൈവദാസി റാണി മരിയയുടെ നിണസാക്ഷിത്വത്തിന് സഭയുടെ ഔദ്യോഗിക അംഗീകാരം.

വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘം ഇതു സംബന്ധിച്ച പ്രഖ്യാപനം വ്യാഴാഴ്ച (23/03/17) പുറപ്പെടുവിച്ചു. ഇതോ‌ടെ ദൈവദാസി റാണി മരിയ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുന്നതിന് യോഗ്യയായി. വാഴ്ത്തപ്പെട്ടപദ പ്രഖ്യാപന തിയതി നിശ്ചയിക്കപ്പെട്ടിട്ടില്ല. 

വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തൊയ്ക്ക് വ്യാഴാഴ്ച(23/03/17) അനുവദിച്ച കൂടിക്കാഴ്ചാവേളയില്‍ ഫ്രാന്‍സീസ് പാപ്പാ അധികാരപ്പെടുത്തിയതനുസരിച്ചാണ് ദൈവദാസി റാണി മരിയയുടെ രക്തസാക്ഷിത്വത്തെ സംബന്ധിച്ചതുള്‍പ്പടെ 9 പുതിയ പ്രഖ്യാപനങ്ങള്‍ ഈ സംഘം പുറപ്പെടുവിച്ചത്.

മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ രൂപതയിലെ ഉദയ്നഗര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സിസ്റ്റര്‍ റാണി മരിയ, ഭോപ്പാലില്‍ ക്ലാരിസ്റ്റ് സന്ന്യാസിനി സമൂഹത്തിന്‍റെ (എഫ് സി സി) അമല പ്രവിശ്യയില്‍ സാമൂഹ്യപ്രവര്‍ത്തന വിഭാഗത്തിന്‍റെ ചുമതലവഹിച്ചുവരവെയാണ് വധിക്കപ്പെട്ടത്.

പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള സിസ്റ്ററിന്‍റെ  ഇടപെടലുകളില്‍ രോഷാകുലരായ ജന്മിമാരുടെ നിര്‍ദ്ദേശപ്രകാരം, അക്കാലഘട്ടത്തില്‍, വാടകക്കൊലയാളിയായിരുന്ന, സമന്ദര്‍സിംഗ്1995 ഫെബ്രുവരി 25ന് സിസ്റ്റര്‍ റാണി മരിയയെ നിര്‍ദ്ദയം കുത്തി കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകി പിന്നീട് മാനസാന്തരപ്പെടുകയും ദൈവദാസി റാണി മരിയയുടെ മാതാപിതാക്കളോട് മാപ്പു ചോദിക്കുകയും ചെയ്തിരുന്നു.

എറണാകുളം അങ്കമാലി രൂപതയിലെ പെരുമ്പാവൂര്‍ പുല്ലുവഴി ഇടവകാംഗമാണ് ദൈവദാസി റാണി മരിയ.

ദൈവദാസി റാണി മരിയയുടെ രക്തസാക്ഷിത്വം അംഗീകരിച്ചതുള്‍പ്പെടെ വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘം പുറപ്പെടുവിച്ച 9 പ്രഖ്യാപനങ്ങളില്‍ മറ്റൊരെണ്ണം പോര്‍ട്ടുഗലിലെ ഫാത്തിമയില്‍ പരിശുദ്ധകന്യകാമറിയത്തിന്‍റെ ദര്‍ശനഭാഗ്യം സിദ്ധിച്ച പതിനൊന്നാം വയസ്സില്‍ മരണമടഞ്ഞ ഫ്രാന്‍സിസ്കൊ മാര്‍ത്തൊ,(1908 ജൂണ്‍ 11-1919 ഏപ്രില്‍ 04) 10 വയസ്സു വരെ മാത്രം ജീവിച്ച ജസീന്ത മാര്‍ത്തൊ (1910 മാര്‍ച്ച്11-1920 ഫെബ്രുവരി 20) എന്നീ വാഴ്ത്തപ്പെട്ടവരായ കുട്ടികളുടെ മദ്ധ്യസ്ഥതയാല്‍ നടന്ന അത്ഭുതം അംഗീകരിക്കുന്നതാണ്. ഈ അത്ഭുതം അംഗീകരിക്കപ്പെട്ടതോടെ ഇവര്‍ വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്നതിനുള്ള നടപടിക്രമങ്ങളുടെ അവസാന ഘട്ടം പൂര്‍ത്തിയായി.

മറ്റ് 7 പ്രഖ്യാപനങ്ങള്‍ :

1           ഇറ്റലിയിലെ ആക്രിയില്‍ 1669 – 1739 കാലയളവില്‍  ജീവിച്ചിരുന്ന,  വാഴ്ത്തപ്പെട്ട ആഞ്ചെലൊ ദ ആക്രിയുടെ മദ്ധ്യസ്ഥതയാല്‍ നടന്ന   ഒരത്ഭുതം അംഗീകരിക്കുന്നു.

2           സപെയിനിലെ ആഭ്യന്തരകലാപ കാലത്ത് 1936 ല്‍ വിശ്വാസത്തെ പ്രതി ജീവന്‍ ഹോമിച്ച ജുസേപ്പെ മരിയ ഫെര്‍ണാണടസ്       സാഞ്ചസിന്‍റെയും 32 സുഹ‍ത്തുക്കളുടെയും രക്തസാക്ഷിത്വം അംഗീകരിക്കുന്നു.

3           ഇറ്റലിയിലെ സമറാത്തെ സ്വദേശി ദൈവദാസന്‍ ദനിയേലെ ദ സമറാത്തെ (1876-1924)

4           ഇറ്റലി സ്വദേശിനി, വിശുദ്ധ മക്രീനയുടെ പുത്രികളായ ബസീലിയന്‍ സന്ന്യാസിനി സമൂഹത്തിന്‍റെ സ്ഥാപക ദൈവദാസി       മക്രീന റപ്പരേല്ലി (1893-1970)

5           ഇറ്റലി സ്വദേശിനിയായ അല്മായ, ദൈവദാസി ദനിയേല ത്സന്നേത്ത (1962-1986) എന്നീ പുണ്യാത്മാക്കളുടെ വീരോചിത പുണ്യങ്ങള്‍ അംഗീകരിക്കുന്നു.

അവസാനത്തെ രണ്ടെണ്ണം 1645 ല്‍ ബ്രസീലീല്‍ വിശ്വാസത്തെപ്രതി വധിക്കപ്പെട്ട, അന്ത്രേയ സൊവേറല്‍, അംബ്രോജൊ ഫ്രാന്‍ചെസ്കൊ ഫേറൊ, മത്തേയൊ മൊറെയ്രൊ, 27 സുഹൃത്തുക്കള്‍ എന്നീ വാഴ്ത്തപ്പെട്ടവരുടെയും 1526 ല്‍ മെക്സിക്കൊയില്‍ വധിക്കപ്പെട്ട ക്രിസ്തോഫെറൊ, അന്തൊണിയൊ, ജൊവാന്നി, അദൊളഷേന്തി എന്നീ വാഴ്ത്തപ്പെട്ടവരുടെയും വിശുദ്ധ പദപ്രഖ്യാപനത്തെ സംബന്ധിച്ചതാണ്.

 
All the contents on this site are copyrighted ©.