2017-03-23 13:14:00

ദൈവവചനം ശ്രവിക്കുക, ദൈവത്തില്‍ നിന്നകലാതിരിക്കുക- പാപ്പാ


ഹൃദയം കഠിനമാകാതിരിക്കാന്‍ ദൈവവചനം ശ്രവിക്കുക, മാര്‍പ്പാപ്പാ.

വത്തിക്കാനില്‍ താന്‍ വാസിക്കുന്ന, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള, “ദോമൂസ് സാക്തെ മാര്‍ത്തെ” മന്ദിരത്തിലുള്ള കപ്പേളയില്‍ വ്യാഴാഴ്ച(23/03/17) രാവിലെ അര്‍പ്പിച്ച ദിവ്യപൂജാവേളയില്‍ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

കര്‍ത്താവിന്‍റെ സ്വരം ശ്രവിക്കുന്നതിന് നില്ക്കാത്തപക്ഷം നമ്മള്‍  അവിടന്നില്‍ നിന്ന് അകലുകയും മറ്റു സ്വനങ്ങള്‍ കേള്‍ക്കുകയുമായിരിക്കും ചെയ്യുന്നതെന്നും ദൈവസ്വനത്തിന് കാതോര്‍ക്കാത്തവന്‍ ലോകത്തിന്‍റെ വിഗ്രഹങ്ങള്‍ക്ക് ചെവികൊടുക്കുകയായിരിക്കും ചെയ്യുന്നതെന്നും പാപ്പാ പറഞ്ഞു.

കര്‍ത്താവില്‍ നിന്ന് അകലുന്നവരായ നമ്മള്‍ “വിജാതീയരായ കത്തോലിക്കരും” “നാസ്തികരായ കത്തോലിക്കരും” ആയിത്തീരുന്ന അപകടത്തെക്കുറിച്ച് പാപ്പാ മുന്നറിയിപ്പു നല്കി.

ദൈവവചനം ശ്രവിക്കാതിരിക്കുന്നതും. തല്‍ഫലമായി ഹൃദയം കഠിനമാകുന്നതും നമ്മുടെ വിശ്വസ്തത ഇല്ലാതാക്കുമെന്നും, ദൈവസ്വനം ശ്രവിക്കാതെ ദൈവത്തിന് പുറം തിരിഞ്ഞു നില്ക്കുന്നതും ഹൃദയകാഠിന്യവും നമ്മെ നയിക്കുന്നത് അവിശ്വസ്തതയുടെ പാതയിലേക്കായിരിക്കുമെന്നും പാപ്പാ പറഞ്ഞു.

ദൈവവചനം കേള്‍ക്കാന്‍ നില്ക്കാറുണ്ടോ, വേദപുസ്തകം എടുക്കാറുണ്ടോ, ഹൃദയം കഠിനമായിട്ടുണ്ടോ, കര്‍ത്താവില്‍ നിന്ന് അകന്നുവോ എന്നൊക്കെ ആത്മശോധന നടത്താന്‍ പാപ്പാ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു.

 
All the contents on this site are copyrighted ©.