2017-03-23 13:30:00

തിരുക്കല്ലറ, സഭയ്ക്കും നരകുലത്തിനും വെളിച്ചത്തിന്‍റെ ഉറവിടം


തിരുക്കല്ലറ സഭയ്ക്കും നരകുലത്തിനും വെളിച്ചത്തിന്‍റെയും ആനന്ദത്തിന്‍റെയും ശാന്തിയുടെയും വിജയത്തിന്‍റെയും ഉറവിടമാണെന്ന് പൗരസ്ത്യസഭകള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലെയൊണാര്‍ദൊ സാന്ദ്രി.

ജറുസലേമില്‍, യേശുവിന്‍റെ തിരുക്കല്ലറയുടെ ദേവാലയത്തിനകത്ത്, തിരുക്കല്ലറ സ്ഥിതിചെയ്യുന്ന ചെറുഭവനത്തിന്‍റെ (എഡിക്യൂള്‍-EDICULE) നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷമുള്ള എക്യുമെനിക്കല്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് അയച്ച സന്ദേശത്തിലാണ് അദ്ദേഹത്തിന്‍റെ ഈ പ്രസ്താവനയുള്ളത്.

പ്രസ്തുത സന്ദേശം ബുധനാഴ്ച (22/03/17) രാവിലെ നടന്ന ഉദ്ഘ്ടനചടങ്ങില്‍ ജെറുസലേമിലെ അപ്പസ്തോലിക് ഡെലഗേറ്റ് ആര്‍ച്ചുബിഷപ്പ് ജുസേപ്പെ ലത്സറോത്തൊ വായിച്ചു.

മരണകുടീരം ജീവന്‍റെ ഉത്ഭവസ്ഥാനമായി മാറിയെന്നും ഈ തിരുക്കല്ലറ, അവിടെയെത്തുന്ന ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകരുടെ ഹൃദയങ്ങളെയും ജീവിതങ്ങളെയും പ്രബുദ്ധമാക്കുകയും നിരവധിയായ സഹനങ്ങള്‍ക്കും വേദനകള്‍ക്കും മദ്ധ്യേ പ്രത്യാശയോടെ ജീവിക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നുവെന്നും കര്‍ദ്ദിനാള്‍ സാന്ദ്രി തന്‍റെ സന്ദേശത്തില്‍ പറയുന്നു.

വിശ്വാസത്തിന്‍റെയും സംഭാഷണത്തിന്‍റെയും പരസ്പരാദരവിന്‍റെയും സാക്ഷ്യമേകുന്നതിന് ഈ പവിത്രസന്നിധാനത്തെ സ്നേഹത്തോടെ കാത്തുസൂക്ഷിക്കുന്ന എല്ലാ ക്രൈസ്തവസഭാവിഭാഗങ്ങള്‍ക്കും നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് സഹായമേകിയ നാടുകള്‍ക്കും ഫ്രാന്‍സീസ് പാപ്പായുടെ സഹോദരനിര്‍വ്വിശേഷ നന്ദി കര്‍ദ്ദിനാള്‍ സാന്ദ്രി തന്‍റെ സന്ദേശത്തില്‍ അറിയിക്കുകയും ചെയ്യുന്നു.

തിരുക്കല്ലറയുടെ ദേവാലയത്തിലെ ചെറുഭവനത്തിന്‍റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത് 2016 മാര്‍ച്ച് 22 നായിരുന്നു. 40 ലക്ഷം ഡോളര്‍ ഏതാണ്ട് 26 കോടി രൂപ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ചിലവായി.
All the contents on this site are copyrighted ©.