2017-03-22 12:58:00

“വചനാധിഷ്ഠിത പ്രത്യാശ”: പാപ്പായുടെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണം


യൂറോപ്പ് മാര്‍ച്ച് 21ന് വസന്തകാലത്തിലേക്ക് പ്രവേശിച്ചതിനാല്‍ ഈ വസന്തകാലത്തിലെ പ്രഥമ പ്രതിവാര പൊതുകൂടിക്കാഴ്ചയായിരുന്നു ഫ്രാന്‍സീസ് പാപ്പാ ഈ ബുധനാഴ്ച (22/03/17) അനുവദിച്ചത്. വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റ ബസിലിക്കയുടെ അങ്കണംതന്നെയായിരുന്നു, കഴിഞ്ഞയാഴ്ചയിലെന്നതു പോലെ, പൊതുദര്‍ശനവേദി. കാര്‍മേഘാവൃതമായിരുന്നെങ്കിലും ചത്വരത്തില്‍ വിവിധരാജ്യക്കാരായിരുന്ന, പതിനായിരങ്ങള്‍ സന്നിഹിതരായിരുന്നു. പൊതുദര്‍ശനം അനുവദിക്കുന്നതിനായി പാപ്പാ വെളുത്ത തുറന്ന വാഹനത്തില്‍ അങ്കണത്തിലേക്കു  പ്രവേശിച്ചപ്പോള്‍ ജനങ്ങളുടെ ആനന്ദാരവങ്ങള്‍ ഉയര്‍ന്നു.പലപ്പോഴും ചെയ്യാറുള്ളതുപോലെ ചത്വരത്തില്‍ നിന്ന് ഏതാനും ബാലികാബാലന്മാരെയും കൂടെ കയറ്റി വാഹനത്തില്‍ ജനങ്ങള്‍ക്കിടയിലൂടെ നീങ്ങിയ പാപ്പാ എല്ലാവരേയും അഭിവാദ്യം ചെയ്യുകയും അംഗരക്ഷകര്‍ തന്‍റെ  പക്കലേക്കു ഇടയ്ക്കിടെ കൊണ്ടുവന്ന കുഞ്ഞുങ്ങളെ വണ്ടി നിറുത്തി തലോടുകയും ആശീര്‍വ്വദിക്കുകയും ചെയ്തു. പ്രസംഗവേദിയിലേക്കു നയിക്കുന്ന പടവുകള്‍ക്കക്കടുത്തു വാഹനം നിന്നപ്പോള്‍ പാപ്പായുടെ സ്നേഹ ചുംബനങ്ങള്‍ സ്വീകരിച്ചു കുട്ടികള്‍ അതില്‍നിന്ന് ഇറങ്ങി , തുടര്‍ന്ന് പാപ്പായും. ഫ്രാന്‍സീസ് പാപ്പാ സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30 ഓടെ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.

തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗപാരായണമായിരുന്നു

സഹോദരരേ, ബലമുള്ളവരായ നാം ദുര്‍ബലരുടെ പോരായ്മകള്‍ സഹിക്കുകയാണ് വേണ്ടത്, നമ്മെത്തന്നെ പ്രീതിപ്പെടുത്തുകയല്ല.2 നാം ഓരോരുത്തരും അയല്‍ക്കാരന്‍റെ  നന്മയെ ഉദ്ദേശിച്ച് അവന്‍റെ ഉത്കര്‍ഷത്തിനായി അവനെ പ്രീതിപ്പെടുത്തണം.... 4 മുമ്പു എഴുതപ്പെട്ടവയെല്ലാം നമ്മുടെ പ്രബോധനത്തിനു വേണ്ടിയാണ്-സ്ഥൈര്യത്താലും വിശുദ്ധ ലിഖിതങ്ങളില്‍നിന്നു ലഭിക്കുന്ന സമാശ്വാസത്താലും നമുക്കു പ്രത്യാശയുളവാക്കാന്‍ വേണ്ടി. 5 സ്ഥൈര്യവും സമാശ്വാസവും നല്കുന്ന ദൈവം പരസ്പരൈക്യത്തില്‍ യേശുക്രിസ്തുവിനോടു ചേര്‍ന്നു ജീവിക്കാന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ.” (പൗലോസ് അപ്പസ്തോലന്‍ റോമാക്കര്‍ക്കെഴുതിയ ലേഖനം അദ്ധ്യായം 15,1-2/4-5 വാക്യങ്ങള്‍)

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനു ശേഷം പാപ്പാ, ക്രിസ്തീയ പ്രത്യാശയെ അധികരിച്ച് താന്‍ പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നു. “വചനാധിഷ്ഠിത പ്രത്യാശ” എന്ന ആശയത്തില്‍ ഊന്നിയതായിരുന്നു പാപ്പായുടെ പ്രബോധനം.

പാപ്പായുടെ പ്രഭാഷണത്തിന്‍റെ സംഗ്രഹം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.

ക്രിസ്തീയ പ്രത്യാശ എന്തില്‍ അടങ്ങിയിരിക്കുന്നു എന്ന് ഉപരിമെച്ചപ്പട്ടരീതിയില്‍ മനസ്സിലാക്കുന്നതിന് ഏതാനും ആഴ്ചകളായിട്ട് നമ്മെ സഹായിക്കുന്നത് പൗലോസ് അപ്പസ്തോലന്‍ ആണ്. പ്രത്യാശ ഒരു ശുഭാപ്തിവിശ്വാസമല്ല, മറ്റെന്തോ ആണെന്ന് നാം കാണുകയുണ്ടായി. അത് എന്താണ് എന്ന് മനസ്സിലാക്കാന്‍ പൗലോസപ്പസ്തോലന്‍ നമ്മെ സഹായിക്കുന്നു. നമ്മുടെ ജീവിതത്തെയും വിശ്വാസാനുഭവത്തെയും സംബന്ധിച്ചി‌ടത്തോളം അതീവ പ്രാധാന്യമര്‍ഹിക്കുന്ന സ്ഥൈര്യം, സാന്ത്വനം എന്നീ രണ്ടു മനോഭാവങ്ങളിലേക്ക് നമ്മെ ആനയിച്ചുകൊണ്ടാണ് ഇന്ന് അദ്ദേഹം അതു ചെയ്യുന്നത്. റോമാക്കാര്‍ക്കുള്ള ലേഖനത്തില്‍, അല്പം മുമ്പ് നാം വായിച്ചുകേട്ട ഭാഗത്ത് ഈ വാക്കുകള്‍ രണ്ടു പ്രാവശ്യം പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. ഒന്ന് തിരുലിഖിതങ്ങളോടു ബന്ധപ്പെടുത്തിയും തുടര്‍ന്ന് ദൈവത്തോടുതന്നെ ബന്ധപ്പെടുത്തിയുമാണ് ഈ പദങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്. ഇവയുടെ ഉപരിയഗാധവും യഥാര്‍ത്ഥവുമായ പൊരുളെന്ത്? പ്രത്യാശയെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ഇവ എപ്രകാരം വെളിച്ചം വീശുന്നു?

സ്ഥൈര്യത്തെ നമുക്ക് ക്ഷമയെന്നും നിര്‍വ്വചിക്കാന്‍ സാധിക്കും. താങ്ങാനാകാത്തവിധമുള്ള ഭാരാധ്യക്യം അനുഭവപ്പെടുമ്പോഴും നിഷേധാത്മകമായ വിധിക്കാനും സകലത്തെയും സകലരെയും തള്ളിക്കളയാനുമുള്ള പ്രലോഭനം അനുഭവപ്പെടുമ്പോഴും  സഹിക്കാന്‍, ഭാരം ചുമലിലേറ്റാന്‍, ഉള്ള കഴിവും, വിശ്വസ്ഥരായിരിക്കാനുള്ള കഴിവുമാണ് സ്ഥൈര്യം. സാന്ത്വനമാകട്ടെ, വ്യാമോഹവും സഹനവും കൂടുതല്‍ അനുഭവപ്പെടുന്നതുള്‍പ്പടെയുള്ള എല്ലാ സാഹചര്യങ്ങളിലും ദൈവത്തിന്‍റെ  കരുണാര്‍ദ്രസാന്നിധ്യവും പ്രവര്‍ത്തനവും സ്വീകരിക്കാനും കാണിച്ചുകൊടുക്കാനും കഴിയുന്ന അനുഗ്രഹമാണ്. സ്ഥൈര്യവും സമാശ്വാസവും നമ്മിലേക്കെത്തുന്നത് തിരുലിഖിതങ്ങളില്‍, അതായത്, ബൈബിളില്‍ നിന്നാണെന്ന് ഇപ്പോള്‍ പൗലോസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വാസ്തവത്തില്‍ യേശുവിങ്കലേക്ക് തിരിയാന്‍, അവിടത്തെ കൂടുതല്‍ നന്നായി അറിയാനും അവിടത്തോടു കൂടുതല്‍ സദൃശരാകാനും നമ്മെ പ്രാപ്തരാക്കുന്നത്, പ്രഥമതാ: ദൈവത്തിന്‍റെ വചനമാണ്. രണ്ടാമതായി, വചനം നമുക്കു വെളിപ്പെടുത്തിത്തരുന്നു, കര്‍ത്താവ് സ്ഥൈര്യത്തിന്‍റെയും സമാശ്വാസത്തിന്‍റെയും ദൈവമാണെന്നും അവിടന്ന് നമ്മോടുള്ള സ്നേഹത്തില്‍ സദാ വിശ്വസ്ഥനാണെന്നും. അതായത്, നമ്മോടുള്ള സ്നേഹത്തില്‍ ദൈവം സ്ഥൈര്യമുള്ളവനാണ്, നമ്മെ അവിടന്ന് എല്ലായ്പോഴും സ്നേഹിക്കുന്നു. നമ്മെ സംരക്ഷിക്കുന്നു. നമ്മുടെ മുറിവുകളെ നന്മയുടെ തലോടലാലും കാരുണ്യത്താലും ആവരണം ചെയ്യുന്നു, അതായത്, സാന്ത്വനം പകരുന്നു അവിടന്ന്. നമുക്കു സമാശ്വാസം പകരുന്നതില്‍ അവിടന്ന് തളരുന്നില്ല.

ഈ വീക്ഷണത്തിലാണ് പൗലോസപ്പസ്തോലന്‍റെ വാക്കുകള്‍, ”ബലമുള്ളവരായ നാം ദുര്‍ബലരുടെ പോരായ്മകള്‍ സഹിക്കുകയാണ് വേണ്ടത്, നമ്മെത്തന്നെ പ്രീതിപ്പെടുത്തുകയല്ല.2 നാം ഓരോരുത്തരും അയല്‍ക്കാരന്‍റെ  നന്മയെ ഉദ്ദേശിച്ച് അവന്‍റെ ഉത്കര്‍ഷത്തിനായി അവനെ പ്രീതിപ്പെടുത്തണം” എന്ന ഉപദേശം, നമുക്കു മനസ്സിലാക്കാന്‍ കഴിയുക. നാം കര്‍ത്താവിനോട് അടുത്തുനില്ക്കുന്നവരാണെങ്കില്‍ നമുക്ക് ദുര്‍ബലരുടെ, സഹായം കൂടുതല്‍ ആവശ്യമുള്ളവരുടെ ചാരെ ആയിരിക്കാനുള്ള ശക്തി ലഭിക്കും, അവര്‍ക്ക് സാന്ത്വനവും ശക്തിയും പകരാന്‍ സാധിക്കും. നമ്മുടെ തൃപ്തിക്കുവേണ്ടിയല്ലാതെ, കര്‍ത്താവിന്‍റെ ദാനങ്ങള്‍ എത്തിക്കാനുള്ള ചാല്‍ ആയി മാറിക്കൊണ്ട് ഇതു ചെയ്യാന്‍ നമുക്കു സാധിക്കും. അങ്ങനെ നമുക്ക് പ്രത്യാശയുടെ സമൂര്‍ത്ത വിതക്കാരനാകാന്‍ സാധിക്കും. ഇതാണ് കര്‍ത്താവ് നമ്മില്‍ നിന്നാവശ്യപ്പെടുന്നത്. സാന്ത്വനം പകരാനുള്ള ശക്തിയും കഴിവും ഉള്ളവരാകുക, പ്രത്യാശയുടെ വിതക്കാരാകുക. പ്രത്യാശ വിതയ്ക്കുക ഇന്നിന്‍റെ ആവശ്യമാണ്. എന്നാല്‍ അത് ആയാസകരമാണ്.

ഈ ജീവിത ശൈലിയുടെ ഫലം, ഒന്നാംതരക്കാരും രണ്ടാംതരക്കാരുമായി, അതായത് ശക്തരും ബലഹീനരുമായി തിരിക്കപ്പെട്ടിരിക്കുന്ന ഒരു സമൂഹമല്ല, പ്രത്യുത, പൗലോസപ്പസ്തോലന്‍ പറയുന്നതു പോലെ “യേശുവിന്‍റെ മാതൃക പിന്‍ചെന്നുകൊണ്ട് പര്സ്പരൈക്യത്തിലുള്ള ജീവിതമാണ്”

പ്രിയ സുഹൃത്തുക്കളേ,

തിരുലിഖിതങ്ങളില്‍ തന്നെത്തന്നെ സന്നിഹിതനാകന്ന തന്‍റെ വചനമെന്ന ദാനം നമുക്കേകിയതിന് ദൈവത്തിന് വേണ്ടത്ര നന്ദി പറയാന്‍ നമുക്ക് ഒരിക്കലും സാധിക്കില്ല. ഇവിടെയാണ് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവ്, “ സ്ഥൈര്യത്തിന്‍റെയും സമാശ്വാസത്തിന്‍റെയും” ദൈവമായി സ്വയം വെളിപ്പെടുത്തുന്നത്. നമ്മു‌ടെ പ്രത്യാശ നമ്മുടെ കഴിവുകളിലൊ, ശക്തികളിലൊ അല്ല അധിഷ്ഠിതമാകേണ്ടത്, മറിച്ച് ദൈവത്തിന്‍റെ സഹായത്തിലും അവിടത്തെ സ്നേഹത്തിന്‍റെ  വിശ്വസ്തതയിലുമാണെന്ന് നാം മനസ്സിലാക്കുന്നുതും ഇവിടെയാണ്.

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

സാംസ്കാരികകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയും പഞ്ചഭൂഖണ്ഡങ്ങളിലെ ശാസ്ത്രജ്ഞര്‍ സാമ്പത്തിക വിദഗ്ദ്ധര്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ അംഗങ്ങളായുള്ള “ക്ലബ് ദി റോമ” സംഘടനയും സംയുക്തമായി ജല വിഭവ സംരക്ഷണത്തെ അധികരിച്ചു സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്തവരെ പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു. മാര്‍ച്ച് 21 ന് ലോക വനദിനവും മാര്‍ച്ച് 22ന് ലോക ജല ദിനവും ആചരിക്കപ്പെടുന്നത് പാപ്പാ തദ്ദവസരത്തില്‍ അനുസ്മരിക്കുകയും സകലര്‍ക്കും അവകാശമുള്ള ഒരു നിധിയായ ജലം സംരക്ഷിക്കേണ്ടതിനെയും ജലത്തിനുള്ള മതസാംസ്കാരിക മൂല്യങ്ങളെയും കുറിച്ച് അവബോധം ജനിപ്പിക്കാന്‍ ഈ സമ്മേളനത്തിനു കഴിയട്ടെയെന്ന് പാപ്പാ ആശംസിച്ചു.അറബിഭാഷാക്കാരെ, വിശിഷ്യ സിറിയ ലെബനന്‍ തുടങ്ങിയ നാടുകളില്‍ നിന്നുള്ളവരെയും പാപ്പാ സംബോധന ചെയ്തു.

മാര്‍ച്ച് 19 ന് വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുന്നാള്‍ ആചരിക്കപ്പെട്ടതും മാര്‍പ്പാപ്പാ അനുസ്മരിച്ചു. നിരവധിയായ പ്രതിസന്ധികളെ, ദൈവത്തിലുള്ള ഉറച്ച വിശ്വാസത്തോടുകൂടി തരണം ചെയ്ത് തിരുക്കുടുംബത്തിന് കര്‍ത്താവിന്‍റെ വാഗ്ദാനത്തിന്‍റെ  സാന്ത്വനം പകര്‍ന്ന  ആ പുണ്യവാന്‍ പ്രത്യാശയുടെയും സ്ഥൈര്യത്തിന്‍റെയും മാതൃകയാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

അനുരഞ്ജനകൂദാശാനുഭവം വീണ്ടും കണ്ടെത്തുന്നതിനായി ഇക്കൊല്ലവും,  നോമ്പുകാലാചരണത്തിന്‍റെ  ഭാഗമായി, ഈ വ്യാഴം വെള്ളി ദിനങ്ങളില്‍  “കര്‍ത്താവിനു വേണ്ടി 24 മണിക്കൂര്‍” ആചരിക്കപ്പെടുന്നതിനെക്കുറിച്ച് സൂചിപ്പിച്ച പാപ്പാ, നമ്മെ സ്വീകരിക്കുകയും പൊറുക്കുകയും ചെയ്യുന്ന പിതാവിന്‍റെ    കാരുണ്യവുമായുള്ള സന്തോഷകരമായ സമാഗമത്തിന്‍റെ വേളയായിരിക്കട്ടെ അതെന്ന് ആശംസിച്ചു.

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം പതിവുപോലെ, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ, ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ട കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.