2017-03-22 08:39:00

''ശക്തനായവന്‍ എനിക്കു വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു''. പാപ്പായുടെ WYD സന്ദേശം


2017-ലെ ലോകയുവജദിനത്തോടനുബന്ധിച്ച് ഫ്രാന്‍സീസ് പാപ്പായുടെ സന്ദേശം പ്രസിദ്ധീകരിച്ചു.

2017-ലെ മുപ്പത്തിരണ്ടാമത് ലോകയുവജനദിനത്തോടനുബന്ധിച്ച് ഫ്രാന്‍സീസ് പാപ്പാ നല്‍കുന്ന സന്ദേശം പ്രസിദ്ധീകരിച്ചു.  ‘‘ശക്തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു’’ (ലൂക്കാ 1:49) എന്ന പരിശുദ്ധകന്യകയുടെ സ്ത്രോത്രഗീതവാക്യം പ്രമേയമാക്കിയുള്ള ഈ സന്ദേശം 2016-ലെ മുപ്പത്തൊന്നാമത് ലോകയുവജനദിനാഘോഷത്തിന് പോളണ്ടിലെ ക്രാക്കോവില്‍ ഒത്തുചേര്‍ന്നതി നെയും  2019-ല്‍ പനാമയില്‍ നടക്കുന്ന അടുത്ത ലോക യുവജനദിനത്തെയും അനുസ്മരിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്.

മംഗളവാര്‍ത്ത ശ്രവിച്ച കന്യക, തനിക്കു ലഭിച്ചിരിക്കുന്ന വലിയ ദാനത്തെ ഓര്‍ത്ത് അഹങ്കരിക്കുകയോ വരാന്‍ പോകുന്ന വലിയ വെല്ലുവിളികളെയോര്‍ത്ത് നഷ്ടധൈര്യയാകുകയോ ചെയ്യുന്നില്ല, മറിച്ച്, ഉടനടി ആവശ്യത്തിലിരിക്കുന്നവരുടെ സഹായത്തിനെത്തുകയാണ് എന്നു പാപ്പാ വിശദീകരിക്കുന്നു. മറിയം യൗവനാരംഭത്തിലെത്തിയിരുന്നതേയുള്ളുവെങ്കിലും, ഇസ്രായേലിന്‍റെ ചരിത്രവുമായി വേര്‍തിരിക്കപ്പെട്ട വ്യക്തിയല്ലായിരുന്നു എന്നും ചരിത്രത്തിലൂടെയുള്ള ദൈവത്തിന്‍റെ രക്ഷാകരവെളിപ്പെടുത്തലുകളോട് തുറവിയുള്ളവളായിരുന്നുവെന്നും പ്രബോധിപ്പിക്കുന്ന പാപ്പാ യുവജനങ്ങളുടെ വ്യക്തിചരിത്രം സഭയുടെ വലിയ ചരിത്രത്തിനുള്ളില്‍ ഇടംപിടിച്ചിരിക്കുന്നതാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ട്, കര്‍മോത്സുകമായ വിശ്വസ്തതയോടെ ഭാവി പടുത്തുയര്‍ത്തുന്നതിന് അവരെ ആഹ്വാനം ചെയ്യുകയാണ് ഈ സന്ദേശത്തില്‍. ഈ വര്‍ഷം  ഏപ്രില്‍ 9-ന് ഓശാനഞായറാഴ്ചയിലാണ് രൂപതാതലത്തിലുള്ള യുവജനദിനം ആചരിക്കുന്നത്.

ഈ സന്ദേശം അനേകം പേരിലെത്തുക എന്ന ലക്ഷ്യത്തോടെ  വീഡിയോ പ്രോഗാമും തയ്യാറാക്കിയിട്ടുണ്ട്. 2019, ജനുവരിയില്‍ പനാമയില്‍ വച്ചു നടക്കുന്ന ലോക യുവജനദിനത്തെ ലക്ഷ്യമാക്കിയുള്ള ആത്മീയയാത്രയ്ക്ക് ഒരുക്കമെന്ന രീതിയില്‍ തയ്യാറാക്കിയിരി ക്കുന്ന ഈ വീഡിയോയുടെ മൂലഭാഷ സ്പാനിഷാണ്.

പ്രിയ യുവജനങ്ങളെ എന്ന അഭിസംബോധനയോടെ, ആരംഭിച്ച്, പരിശുദ്ധ നാഥയോടുള്ള ബന്ധവും പരിചയവും സൗഹൃദവും പോഷിപ്പിക്കുന്നതിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ഈ സന്ദേശം അവസാനിപ്പിക്കുന്നതിങ്ങനെയാണ്:

''അവള്‍ നമ്മുടെ അമ്മയാണ്. നിങ്ങളുടെ അമ്മയോടു സംസാരിക്കുന്നതുപോലെ അവളോടും സംസാരിക്കുക...  നിങ്ങളെ കേള്‍ക്കുകയും നിങ്ങളെ ആലിംഗനം ചെയ്യുകയും, നിങ്ങളെ സ്നേഹിച്ചുകൊണ്ട് നിങ്ങളോടൊപ്പം നടക്കുകയും ചെയ്യുന്ന അവള്‍ നല്ല അമ്മയാണ്. ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരുന്നു, നിങ്ങള്‍ അങ്ങനെ ചെയ്താല്‍ അതില്‍ നിങ്ങള്‍ക്കു ഖേദിക്കേണ്ടിവരികയില്ല''.
All the contents on this site are copyrighted ©.