2017-03-20 13:57:00

റുവാണ്ടയുടെ പ്രസിഡന്‍റ് പോള്‍ കഗാമെ വത്തിക്കാനില്‍


ആഫ്രിക്കന്‍ നാടായ റുവാണ്ടയുടെ പ്രസിഡന്‍റ് പോള്‍ കഗാമെയെയും അനുചരരെയും ഫ്രാന്‍സീസ് പാപ്പാ തിങ്കളാഴ്ച  (20/03/17) വത്തിക്കാനില്‍ സ്വീകരിച്ചു.

പരിശുദ്ധസിംഹാനവും റുവാണ്ടയും തമ്മിലുള്ള മെച്ചപ്പെട്ട ഉഭയകക്ഷിബന്ധങ്ങള്‍, അന്നാടിന്‍റെ ദേശീയ അനുരഞ്ജനം, സമാധാന സംസ്ഥാപനം എന്നിവയ്ക്ക് കത്തോലിക്കാസഭ ഏകിയ സംഭാവന, പങ്ക് എന്നിവ ഈ കൂടിക്കാഴ്ചാവേളയില്‍ പരാമര്‍ശവിഷയങ്ങളായി.

വൈദികരും സന്ന്യാസിസന്യാസിനികളും മുള്‍പ്പടെയുള്ള സഭാംഗങ്ങള്‍ തങ്ങളുടെ സുവിശേഷ ദൗത്യത്തെ വഞ്ചിച്ച് വിദ്വേഷത്തിനും അക്രമത്തിനും അടിയറവുപറഞ്ഞുകൊണ്ട് ചെയ്തുപോയ പാപങ്ങള്‍ക്കും വരുത്തിയ വീഴ്ചകള്‍ക്കും വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പാ രണ്ടായിരാമാണ്ടിലെ മഹാജൂബിലിവേളയില്‍ മാപ്പപേക്ഷിച്ചതിന്‍റെ ചുവടുപിടിച്ച് ഫ്രാന്‍സീസ് പാപ്പായും, ഈ കൂടിക്കാഴ്ചാവേളയില്‍, മാപ്പു ചോദിച്ചു.

അവര്‍ സഭയുടെ വദനത്തെ വികൃതമാക്കുകയായിരുന്നുവെന്നു കുറ്റപ്പെടുത്തിയ പാപ്പാ, ഗതകാല തെറ്റുകള്‍ തിരിച്ചറിഞ്ഞുകൊണ്ട് “സ്മരണയെ ശുദ്ധീകരിക്കാനും” പ്രത്യാശയോടും നവീകൃത വിശ്വാസത്തോടും കൂടി സമാധാനം പരിപോഷിപ്പിക്കാനും സാധിക്കട്ടെയെന്ന്  ആശംസിച്ചു.

ആഫ്രിക്കയില്‍ സായുധസംഘര്‍ഷങ്ങളും പ്രകൃതിദുരന്തങ്ങളും വിതച്ചിരിക്കുന്ന ദുരിതങ്ങളിലും തല്‍ഫലമായുള്ള കുടിയേറ്റ പ്രശ്നങ്ങളിലും പാപ്പായും പ്രസിഡന്‍റും  ആശങ്ക പ്രകടിപ്പിക്കുകയും  അന്താരാഷ്ട്രസമൂഹത്തിന്‍റയും ദേശീയ സംഘടനകളുടെയും സഹായം കുടിയേറ്റക്കാര്‍ക്ക് ആവശ്യമാണെന്ന വസ്തുത അനുസ്മരിക്കുകയും ചെയ്തു.

പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രസിഡന്‍റ് പോള്‍ കഗാമെ വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിനും, വത്തിക്കാന്‍റെ   വിദേശബന്ധകാര്യാലയമേധാവി ആര്‍ച്ചുബിഷപ്പ് പോള്‍ ഗാല്ലഗെറും ആയി സംഭാഷണം നടത്തി.

 
All the contents on this site are copyrighted ©.