2017-03-20 13:26:00

''മാമ്മോദീസായില്‍ നമുക്കു ലഭിച്ച ജീവജലം'': പാപ്പായുടെ ത്രികാലജപസന്ദേശം


മാമ്മോദീസായില്‍ നമ്മുടെമേല്‍ ചൊരിയപ്പെട്ട ജീവന്‍റെ ജലം

2017 മാര്‍ച്ച് പത്തൊമ്പതാം തീയതി ഞായറാഴ്ചയിലെ ത്രികാലജപസന്ദേശം

ത്രികാലപ്രാര്‍ഥനയില്‍ പങ്കുകൊള്ളുന്നതിനും അതിനോടനുബന്ധിച്ച് പാപ്പാ നല്‍കുന്ന സന്ദേശം ശ്രവിച്ച് അപ്പസ്തോലികാശീര്‍വാദം സ്വീകരിക്കുന്നതിനുമായി ഏതാണ്ട് നാല്പതിനായിരം പേരാണ് വത്തിക്കാനിലെ വി. പത്രോസിന്‍റെ അങ്കണത്തില്‍ എത്തിച്ചേര്‍ന്നിരുന്നത്. പതിവുപോലെ,  ഫ്രാന്‍സീസ് പാപ്പാ മന്ദഹാസത്തോടെ  കൈകളുയര്‍ത്തി വീശിക്കൊണ്ട്, പതിവായി ത്രികാലജപം നയിക്കുന്നതിന് പാപ്പാമാര്‍ എത്തുന്ന അരമന കെട്ടിടസമുച്ചയത്തിലെ ജാലകത്തിങ്കലണഞ്ഞപ്പോൾ തീര്‍ഥാടകര്‍ ആരവം മുഴക്കി ആഹ്ലാദത്തോടെ പാപ്പായെ എതിരേറ്റു.

ലത്തീന്‍ ക്രമമനുസരിച്ച് വലിയ നോമ്പിലെ മൂന്നാം ഞായറാഴ്ചയിലെ വി. ഗ്രന്ഥവായന, വി. യോഹന്നാന്‍റെ സുവിശേഷം നാലാമധ്യായത്തിലെ 5 മുതല്‍ 42 വരെയുള്ള വാക്യങ്ങളായിരുന്നു.  സമരിയാക്കാരി സ്ത്രീയുമായുള്ള യേശുവിന്‍റെ സംഭാഷണം വിവരിക്കുന്ന ഈ ഭാഗം വ്യാഖ്യാ നിച്ചുകൊണ്ടാണ് പാപ്പാ ത്രികാലജപത്തിനുമുമ്പുള്ള സന്ദേശം നല്‍കിയത്.

പ്രിയ സഹോദരീസഹോദരന്മാരെ, സുപ്രഭാതം, എന്ന അഭിസംബോധനയോ‌ടെ ആരംഭിച്ച ത്രികാലജപത്തിനു മുമ്പുള്ള സന്ദേശത്തില്‍, സുവിശേഷവ്യാഖ്യാനം നല്‍കിക്കൊണ്ടു മൂന്നു കാര്യങ്ങളാണ് ഫ്രാന്‍സീസ് പാപ്പാ വിശ്വാസികളുടെ ശ്രദ്ധയിലേക്കു കൊണ്ടുവന്നത്.  ആദ്യമായി, സമരിയായുടെ പശ്ചാത്തലത്തെക്കുറിച്ച് ആമുഖമായി പറഞ്ഞുകൊണ്ട് വചനഭാഗത്തിന്‍റെ പ്രമേയം അവതരിപ്പിക്കുന്നു.  രണ്ടാമതായി, യേശുവിനെ പ്രവാചകനായി മനസ്സിലാക്കുന്ന സമരിയാക്കാരി സ്ത്രീ മതപരമായ ചോദ്യങ്ങള്‍ ചോദിക്കുന്നതിനെക്കുറിച്ച്, അവിടുന്നു മിശിഹായാണെന്ന് ക്രമരഹിതമായ ജീവിതം നയിക്കുന്ന അവള്‍ക്കു വെളിപ്പെടുത്തിയതിനെക്കുറിച്ച് വിശദീകരിക്കുന്നു.  മൂന്നാമതായി, മാമ്മോദീസായില്‍ നമുക്കു ലഭിച്ച നിത്യജീവന്‍റെ ജലത്തെ, ഒരു പക്ഷേ മറന്നു പോയേക്കാവുന്ന ഈ ദാനത്തെ അനുസ്മരിപ്പിച്ച് സമാധാനത്തിന്‍റെ ഉപകരണങ്ങളായി ആനന്ദത്തിന്‍റെ അഭവത്തിലായിരിക്കുന്നതിന് പാപ്പാ വിശ്വാസികളെ ഏവരേയും ക്ഷണിക്കുന്നു.  ത്രികാലജപത്തിന്‍റെ പരിഭാഷ താഴെച്ചേര്‍ക്കുന്നു.

പ്രിയ സഹോദരീസഹോദരന്മാരെ സുപ്രഭാതം,

നോമ്പുകാലത്തിലെ ഈ മൂന്നാം ഞായറാഴ്ചയില്‍ സുവിശേഷം നമുക്കായി അവതരിപ്പിക്കുന്നത് സമരിയാക്കാരിസ്ത്രീയുമായുള്ള യേശുവിന്‍റെ സംഭാഷണം (യോഹ 4:5-42) ആണ്. ഈ കൂടിക്കാഴ്ച നടക്കുന്നത് യൂദയായ്ക്കും ഗലീലിക്കും ഇടയ്ക്കുള്ള സമരിയാ പ്രദേശത്തുകൂടെ യേശു കടന്നുപോകുമ്പോഴാണ്. യഹൂദരാല്‍, അവജ്ഞയോടെ വീക്ഷിക്കപ്പെടുന്നവരും, പാഷണ്ഡതയിലും വിഭാഗീ യചിന്താഗതിയിലും ഉള്ളവരെന്ന് പരിഗണിക്കപ്പെടുന്നവരുമാണ് ആ പ്രദേശത്തെ നിവാസികള്‍.  എന്നാല്‍ ഈ പ്രദേശത്തെ ജനങ്ങളാണ് അപ്പസ്തോലന്മാരുടെ ക്രിസ്തീയപ്രഭാഷണത്തോട് ഏറ്റവുമാദ്യം ചേര്‍ന്നു നിന്നത്. 

ശിഷ്യന്മാര്‍ ഭക്ഷണം ലഭിക്കുന്നതിനായി ഗ്രാമത്തിലേക്കു പോയപ്പോള്‍ യേശു കിണറിന്‍റെ കരയില്‍ തങ്ങുകയും അവിടെ വെള്ളം കോരുവാനായി വന്ന ഒരു സ്ത്രീയോട് ദാഹജലം ആവശ്യപ്പെടുകയും ചെയ്തു. ഇങ്ങനെ ഒരു ചോദ്യത്തോടെയാണ് ഈ സംഭാഷണം ആരംഭിക്കു ന്നത്.  ഒരു യഹൂദന്‍ എന്തുകൊണ്ടാണ് ഒരു സമരിയാക്കാരി സ്ത്രീയോടു എന്തെങ്കിലും ആവശ്യപ്പെടുന്നത്? യേശുവിന്‍റെ ഉത്തരമിതായിരുന്നു: ''ഞാനാരാണെന്നും, എന്തു ദാനമാണ് നിനക്കുവേണ്ടി എനി ക്കുള്ളതെന്നും നീ അറിഞ്ഞിരുന്നെങ്കില്‍ നീ എന്നോട് ആവശ്യപ്പെടുകയും ഞാന്‍ നിനക്കു ജീവന്‍റെ ജലം, ഏതു ദാഹവും ശമിപ്പിക്കുകയും ദാഹിക്കുന്നവന്‍റെ ഹൃദയത്തിന് ഉന്മേഷത്തിന്‍റെ ഉറവിടമാകുകയും ചെയ്യുന്ന ജലം, തരികയും ചെയ്യുമായിരുന്നു''.

വെള്ളം കോരുന്നതിനായി കിണറ്റിങ്കലേക്കു പോകുന്നത് ക്ഷീണിപ്പിക്കുന്നതും വിരസവുമാണ്. പൈപ്പു ജലം തുറന്നെടുക്കുന്നതാണ് എളുപ്പം.  എന്നാല്‍ യേശു പറയുന്നത് മറ്റൊരു ജലത്തെക്കുറിച്ചാണ്.  ആ സ്ത്രീ, താന്‍ സംസാരിക്കുന്ന ആള്‍ ഒരു പ്രവാചകനാണെന്നു മനസ്സിലാക്കി, അവളുടെ ജീവിതത്തെ ആത്മാര്‍ഥതയോടെ തുറന്നുവച്ച്, യേശുവിനോടു മതപരമായ ചോദ്യങ്ങള്‍ ചോദിക്കുകയാണ്. സ്നേഹത്തിനുവേണ്ടിയുള്ള അവളുടെ ദാഹവും ജീവിതം മുഴുവനും, അവള്‍ക്കുണ്ടായിരുന്ന അഞ്ചു ഭര്‍ത്താക്കന്മാരിലൂടെയും തൃപ്തിപ്പടുന്നതായിരുന്നില്ല, തീര്‍ച്ചയായും അവള്‍ വ‍ഞ്ചിക്കപ്പെടുകയും വ്യാമോഹിപ്പിക്കപ്പെടുകയുമായിരുന്നു. അതുകൊണ്ട്, യേശുവില്‍ അവള്‍ക്കു ബഹുമാനം തോന്നുകയും, യേശു അവളോട് സത്യവിശ്വാസത്തെക്കുറിച്ചും, പിതാവായ ദൈവത്തോട് സത്യത്തിലും അരൂപിയിലുമുള്ള ഒരു ബന്ധത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തപ്പോള്‍, ഈ മനുഷ്യന്‍ ഒരുപക്ഷേ മിശിഹാ ആയിരിക്കുമെന്നു അവള്‍ കരുതുകയും ചെയ്തു.  യേശു വളരെ അപൂര്‍വമായി വെളിപ്പെടുത്തുന്ന അക്കാര്യം, 'നിന്നോടു സംസാരിക്കുന്ന ഞാന്‍ തന്നെയാണ് അവന്‍', (അതായത് മിശിഹാ) എന്നു വെളിപ്പെടുത്തുകയാണ് (വാ. 26).  അത്രമാത്രം ക്രമരഹിതമായ ഒരു ജീവിതത്തിനുടമയായ ഒരു സ്ത്രീയോട് യേശു പറയുകയാണ്, താനാണ് മിശിഹായെന്ന്.

പ്രിയ സഹോദരരേ, നിത്യജീവന്‍ നല്‍കുന്ന ജലം നാം ജ്ഞാനസ്നാനം സ്വീകരിച്ച ദിനത്തില്‍ നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടതാണ്.  അപ്പോള്‍ ദൈവം നമ്മെ രൂപാന്തരപ്പെടുത്തുകയും കൃപയാല്‍ നിറയ്ക്കുകയും ചെയ്തതാണ്.  ഒരു പക്ഷേ, ഈ വലിയ ദാനം നാം മറന്നുപോയിട്ടുണ്ടാകും, അല്ലെങ്കില്‍, വ്യക്തിവിവരണത്തിലെ ഒരു വസ്തുത മാത്രമായി അതു മാറിയിട്ടുണ്ടാകും. അതുപോലെ, ദാഹം ശമിപ്പിക്കാന്‍ കഴിവില്ലാത്ത മറ്റു കിണറുകള്‍ തേടിപ്പോയിട്ടുമുണ്ടാകും. യഥാര്‍ഥജലം നാം മറക്കുമ്പോള്‍, ശുദ്ധജലം ഇല്ലാത്ത കിണറുകളെ നാം അന്വേഷിക്കും.  അതുകൊണ്ട്, ഈ സുവിശേഷം നമുക്കുവേണ്ടിയാണ്.  സമരിയാക്കാരി സ്ത്രീക്കുവേണ്ടി മാത്രമല്ല, നമുക്കുവേണ്ടിയുമാണിത്.  യേശു സമരിയാക്കാരി സ്ത്രീയോടു സംസാരിച്ചതുപോലെ നമ്മോടും സംസാരിക്കുന്നു. തീര്‍ച്ചയായും നമുക്കറിയാവുന്ന കാര്യം തന്നെ. യേശു ആരാണെന്നു നമുക്കറിയാം, എന്നാല്‍ നാം ഒരു വ്യക്തി യായി നാം അവിടുത്തെ കണ്ടുമുട്ടിയിട്ടില്ല; അവിടുത്തോടു സംസാരിച്ചിട്ടില്ല; ഇതുവരെയും യേശുവിനെ രക്ഷകനായി നാം തിരിച്ചറിഞ്ഞിട്ടില്ല.  ഈ നോമ്പുകാലം അവിടുത്തെ സമീപിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ്, പ്രാര്‍ഥനയില്‍ ഹൃദയം ഹൃദയത്തോടു സംഭാഷിക്കുന്ന സമയം അവിടുത്തെ കണ്ടുമുട്ടുന്ന സമയമാണ്.  അവിടുത്തോടു സംസാരിക്കുക, അവിടുത്തെ ശ്രവിക്കുക.  ഇക്കാലഘട്ടം, അവിടുത്തെ മുഖം കാണുന്നതിനു്, സഹിക്കുന്ന ഒരു സഹോദരിയുടെയും സഹോദരന്‍റെയും മുഖത്ത് അവിടുത്തെ മുഖം കാണുന്നതിന് ഒരു നല്ല സന്ദര്‍ഭമാണ്. ഇത്തരത്തില്‍, നമുക്ക് മാമ്മോദീസയില്‍ നമുക്കു ലഭിച്ച കൃപ നവീകരിക്കാം. ദൈവവചനത്തിന്‍റെയും അവിടുത്തെ പരിശുദ്ധാത്മാവിന്‍റെയും ഉറവയില്‍നിന്ന് നമുക്കു നമ്മുടെ ദാഹം ശമിപ്പിക്കാം.  അങ്ങനെ, അനുരഞ്ജനത്തി ന്‍റെയും സമാധാനത്തിന്‍റെയും വിദഗ്ധ പ്രവര്‍ത്തകരായി, അനുദിനജീവിതത്തില്‍ സമാധാനത്തിന്‍റെ ഉപകരണങ്ങളായി മാറുന്നതിന്‍റെ സന്തോഷം കണ്ടെത്താം.

സന്ദേശം അവസാനിപ്പിച്ച പാപ്പാ, രക്ഷകനായ ക്രിസ്തുവിന്‍റെ ശിലയില്‍നിന്ന് ഒഴുകുന്ന ജലത്തിങ്കലേക്ക്, ആ കൃപയിലേക്ക് നമ്മെ അടുപ്പിക്കുന്നതിന് പരി. കന്യകാമറിയം നമ്മെ സഹായിക്കട്ട എന്നും അങ്ങനെ, നമ്മുടെ വിശ്വാസം ഏറ്റം ഉറപ്പോടെ ഏറ്റുപറയാനും, ദൈവസ്നേഹത്തിന്‍റെ അത്ഭുതങ്ങള്‍, എല്ലാ നന്മയുടെയും ഉറവയായ കരുണ ആനന്ദത്തോടെ പ്രഘോഷിക്കാനും ഇടയാകട്ടെ എന്നുമുള്ള പ്രാര്‍ഥനാശംസയോടെ ത്രികാലജപം ചൊല്ലുകയും ആശീര്‍വാദം നല്‍കുകയും ചെയ്തു.

ത്രികാലജപത്തിനുശേഷം, വത്തിക്കാന്‍ അങ്കണത്തില്‍ സമ്മേളിച്ചിരുന്ന അനേകായിരങ്ങളെ സംബോധ ന ചെയ്തുകൊണ്ട് പാപ്പാ ആനുകാലിക സംഭവങ്ങളനുസ്മരിച്ചു.

ജലപ്രളയത്താല്‍ ദുരിതമനുഭവിക്കുന്ന പെറുവിലെ പ്രിയ ജനങ്ങളുടെ സമീപത്ത് താനുണ്ട് എന്ന ഉറപ്പു നല്കിക്കൊണ്ട് ദുരിതത്തിനിരയായവര്‍ക്കുവേണ്ടിയും അവര്‍ക്കു സഹായപ്രവര്‍ത്തനം നടത്തുന്ന എല്ലാവര്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കുന്നതായി പാപ്പാ അറിയിച്ചു.

തലേദിവസം, ശനിയാഴ്ച ബൊള്‍സാനോയില്‍ വാഴ്ത്തപ്പെട്ട പദവിയിലേയ്ക്കുയര്‍ത്തപ്പെട്ട കുടും ബസ്ഥനും കാത്തൊലിക് ആക്ഷന്‍ അംഗവുമായിരുന്ന  ജോസഫ് മായ്ര്‍-ന്യൂസ്സെര്‍ എന്ന രക്തസാ ക്ഷിയെക്കുറിച്ചു പരാമര്‍ശിച്ചു.  സുവിശേഷത്തോടുള്ള വിശ്വസ്തതയാല്‍ നാസികളാല്‍ വധിക്കപ്പെട്ട അദ്ദേഹം, അല്‍മായവിശ്വാസികള്‍ക്ക്, മാതൃകയാണ് പ്രത്യേകിച്ചും, യൗസേപ്പിതാവിന്‍റെ ഈ തിരു നാള്‍ദിനത്തില്‍ പിതൃദിനം ആചരിക്കുന്ന എല്ലാ പിതാക്കന്മാര്‍ക്കും മാതൃകയാണ് എന്ന് പ്രസ്താവി ച്ചു. നമുക്കു കൈയടിച്ച് എല്ലാ പിതാക്കന്മാര്‍ക്കും ആശംസ നേരാം എന്നു പറഞ്ഞപ്പോള്‍ വലിയ ആനന്ദത്തോടെ വിശ്വാസികള്‍ കരഘോഷമുയര്‍ത്തി.

റോമില്‍നിന്നും ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍നിന്നും എത്തിയിരിക്കുന്ന തീര്‍ഥാടകര്‍ക്കു പൊതു വായി ആശംസയര്‍പ്പിച്ച പാപ്പാ, അംഗോളയില്‍നിന്നും ലിത്വാനിയയില്‍നിന്നും ഉള്ള വിശ്വാസം പുതുതായി സ്വീകരിച്ച ഗ്രൂപ്പുകള്‍ക്കും വി. എജീദിയോയുടെ സമൂഹത്തിന്‍റെ, ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും നേതൃത്വനിരയില്‍പ്പെട്ട സംഘത്തിനും ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍നി ന്നെത്തിയ കുട്ടികളുടെ സംഘങ്ങള്‍ക്കും പ്രത്യേകമായ ആശംസകളര്‍പ്പിച്ചു.

നല്ല ഞായറാഴ്ച ആശംസിക്കുകയും തനിക്കുവേണ്ടി പ്രാര്‍ഥിക്കണമേ എന്ന പതിവുയാചന ആ വര്‍ത്തിക്കുകയും ചെയ്ത പാപ്പാ ഏവര്‍ക്കും നല്ല ഉച്ചവിരുന്നാശംസിച്ചു ഗുഡ്ബൈ പറഞ്ഞപ്പോള്‍ ഞായറാഴ്ചയിലെ ത്രികാലജപത്തോടനുബന്ധിച്ചുള്ള പരിപാടി സമാപിച്ചു.      
All the contents on this site are copyrighted ©.