2017-03-20 14:10:00

മാഫിയയ്ക്കെതിരെ മാര്‍പ്പാപ്പാ ഒരിക്കല്‍കൂടി


കുറ്റവാളികള്‍ സംജാതമാക്കുന്ന അവസ്ഥകളില്‍ നിന്നു വിമുക്തവും നീതി വാഴുന്നതുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതില്‍ എന്നും കൂടുതല്‍ വ്യാപൃതരാകാന്‍ ക്രൈസ്തവ-പൗരസമൂഹങ്ങള്‍ക്ക് മാര്‍പ്പാപ്പാ പ്രചോദനം പകരുന്നു.

മാഫിയയ്ക്ക് ഇരകളായവരുടെ കുടുംബാംഗങ്ങള്‍ തെക്കെ ഇറ്റലിയിലെ, ലോക്രിയില്‍ ചേര്‍ന്നിരിക്കുന്ന യോഗത്തിന് അയച്ച സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ പ്രോത്സാഹനം പകര്‍ന്നിരിക്കുന്നത്.

മാഫിയയക്കിരകളായവരെ മാര്‍ച്ച് 21ന് അനുസ്മരിക്കുന്നതിനോടനുബന്ധിച്ചു നടക്കുന്ന ഈ സമ്മേളനത്തില്‍ ഇറ്റലിയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ  കാര്യദര്‍ശി ബിഷപ്പ് നുണ്‍ത്സിയൊ ഗലന്തീനൊ ഈ സന്ദേശം വായിച്ചു.

പ്രത്യാശാഭരിതമായ ഒരു ഭാവിക്കായി യത്നിച്ചുകൊണ്ട് കുറ്റകൃത്യങ്ങള്‍, അഴിമതി തുടങ്ങിയ സാമൂഹ്യതിന്മകള്‍ക്കെതിരെ പോരാടുന്നവര്‍ക്ക് പാപ്പാ പ്രാര്‍ത്ഥനാ സഹായം ഉറപ്പു നല്കുന്നതായി അദ്ദേഹം അറിയിച്ചു.

മാഫിയയക്കിരകളായവരുടെ കുടുംബാംഗങ്ങളുടെ വിലാപവും വേദനയും സഹനവും അവരുടെ ഭവനങ്ങളില്‍ പൂട്ടിയിടപ്പെടരുതെന്നും, അങ്ങനെ പൂട്ടിയിടനാകില്ലയെന്നും ഈ വേദനകള്‍ക്കും സഹനങ്ങള്‍ക്കും കാരണക്കാരയവര്‍ക്ക്   അവ ശാസനയും ലജ്ജയും അപലപനവും ആയി പരിണമിക്കണമെന്നും ബിഷപ്പ് ഗലന്തീനൊ പറഞ്ഞു.
All the contents on this site are copyrighted ©.