2017-03-18 10:04:00

''അനുരഞ്ജനവേദി സുവിശേഷവത്ക്കരണവേദിയാണ്'': ഫ്രാന്‍സീസ് പാപ്പാ


ഒരു നല്ല കുമ്പസാരവൈദികനുവേണ്ട മൂന്നുകാര്യങ്ങള്‍ പങ്കുവച്ചുകൊണ്ട് ഫ്രാന്‍സീസ് പാപ്പാ

2017 മാര്‍ച്ച് 14 മുതല്‍17 വരെ റോമന്‍കൂരിയായുടെ ഒരു വിഭാഗമായ അപ്പസ്തോലിക് പെനിറ്റെന്‍ഷ്യല്‍കോടതി സംഘടിപ്പിച്ച ഇരുപത്തെട്ടാമത് കോഴ്സില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു പാപ്പാ. ഏതാണ്ട് എഴുനൂറുപേരടങ്ങിയ ഈ ഗ്രൂപ്പിന് പാപ്പായുമായുള്ള കൂടിക്കാഴ്ച രാവിലെ പതിനൊന്നരയ്ക്ക് പോള്‍ ആറാമന്‍ ശാലയില്‍ വച്ചായിരുന്നു.
അപ്പസ്തോലിക പെനിറ്റെന്‍ഷ്യറി കോടതി, കാരുണ്യത്തിന്‍റെ കോടതിയാണെന്നും അനുരഞ്ജനവേദി ഒരു സുദീര്‍ഘ പഠനശാലയാണ്, എന്നും പറഞ്ഞുകൊണ്ട് അനുരഞ്ജനവേദിയിലിരിക്കുന്ന ഒരു വൈദികനുവേണ്ട മൂന്നു പ്രധാന കാര്യങ്ങള്‍ പാപ്പാ വിശദീകരിച്ചു.
നല്ലിടയനായ യേശുവിന്‍റെ യഥാര്‍ഥമിത്രമാണ് ഒരു നല്ല കുമ്പസാരവൈദികന്‍.  ഈ സൗഹൃദമില്ലാതെ, അനുരഞ്ജനത്തിനുവേണ്ട ഒരു നല്ല പിതൃമനസ്സ് ഉണ്ടാവുകയില്ല. യേശുവിന്‍റെ മിത്രങ്ങളാകുക എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് എല്ലാറ്റിനുമുപരിയായി പ്രാര്‍ഥനയില്‍ വളരുക എന്നതാണ്. ദൈവത്തിന്‍റെ കാരുണ്യംതേടി വരുന്ന വിശ്വാസികള്‍ക്കുവേണ്ടിയുള്ള ദൗത്യം നിര്‍വഹിക്കുന്നതിന് അജപാലനപരമായ ഉപവി എന്ന ദാനത്തിനായി നിരന്തരം പ്രാര്‍ഥിക്കുന്ന വ്യക്തിയായിരിക്കണം കുമ്പസാരക്കാരന്‍.  പ്രാര്‍ഥിക്കുന്ന കുമ്പസാരക്കാരന്‍, ആദ്യം തന്നെത്തന്നെ പാപിയും എന്നാല്‍ ക്ഷമിക്കപ്പെട്ടവനുമായി അറിയുന്നവനാണ്.  രണ്ടാമതായി, അദ്ദേഹം ഒരു ആത്മീയമനുഷ്യനാണ്, വിവേചിച്ചറിയുന്ന മനുഷ്യന്‍. ഈ വിവേചിക്കലിന്‍റെ അഭാവമുള്ള സഭയായിരിക്കുക എത്ര മോശമാണ്! ദൈവാരൂപിയെ വിനയത്തോടെ ശ്രവിക്കുന്നതിലും ദൈവഹിതം തേടുന്നതിലും അടിസ്ഥാനമിടാത്ത പ്രവര്‍ത്തനങ്ങള്‍ ആത്മാക്കള്‍ക്ക് എത്ര ദോഷകരമാണ്! 
മൂന്നാമതായി പാപ്പാ കൂട്ടിച്ചേര്‍ത്തു, അനുരഞ്ജനവേദി സുവിശേഷവത്ക്കരണത്തിന്‍റെ യഥാര്‍ഥസ്ഥലമാണ്.  അവിടെ, വാസ്തവത്തില്‍, ദൈവത്തിന്‍റെ കാരുണ്യവുമായി കണ്ടുമുട്ടുന്ന ആധികാരിക സുവിശേഷപ്രഘോഷണം നടക്കുകയാണ്. കാരുണ്യത്തെ കണ്ടുമുട്ടുക എന്നുവച്ചാല്‍, യഥാര്‍ഥത്തില്‍ ദൈവത്തിന്‍റെ മുഖം കാണുകയാണ്, കര്‍ത്താവായ യേശു അവിടുത്തെ വെളിപ്പെടുത്തിയപോലെ.
നല്ല കുമ്പസാരക്കാരായിരിക്കുവാന്‍, ക്രിസ്തുവുമായുള്ള ബന്ധത്തില്‍ മുഴുകുന്നവരായിരിക്കാന്‍ നിങ്ങളെ ആശീര്‍വദിക്കുകയും അതിനുള്ള ആശംസകള്‍ നേരുകയും ചെയ്യുന്നു എന്നു പറഞ്ഞു കൊണ്ടാണ് പാപ്പാ തന്‍റെ സന്ദേശം അവസാനിപ്പിച്ചത്.

 
All the contents on this site are copyrighted ©.